Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; സിപിഎം വെട്ടില്‍

ജോബിന്‍സ് തോമസ് Published on 23 July, 2021
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ;  സിപിഎം വെട്ടില്‍
സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സിപിഎം കൂടുതല്‍ വെട്ടിലാകുന്നു. പോലീസ് പ്രതിചേര്‍ത്തിരിക്കുന്ന പ്രധാന വ്യക്തികളെല്ലാം തന്നെ സിപിഎം അംഗങ്ങളാണെന്നാണ് പുറത്തു വരുന്ന വിവരം. 

മാനേജര്‍ ബിജു കരീം, സെക്രട്ടറി ടീ.ആര്‍.സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്റ് സി.കെ ജില്‍സ്. എന്നിവരാണ് സിപിഎം അംഗങ്ങള്‍. ഇതില്‍ രണ്ടു പേര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. ബിജു കരീം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവും ടി.ആര്‍. സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. 

ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നായിരുന്നു സഹകരണ ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. 46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേയ്ക്ക് ട്രാന്‍സഫര്‍ ചെയ്തതായും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 13 അംഗ ഭരണ സമിതി പിരിച്ചു വിടുകയും ചെയ്തിരുന്നു. 

ബാങ്കില്‍ നിന്നും വന്‍കിട ലോണുകള്‍ കമ്മീഷന്‍ വ്യവസ്ഥയിലാണ് നല്‍കിയിരുന്നതെന്ന ആരോപണവുമായി ഇപ്പോല്‍ ബിജെപി രംഗത്തുവന്നിട്ടുണ്ട്. പത്ത് ശതമാനം കമ്മീഷനിലാണ് വായ്പ നല്‍കിയിരുന്നതെന്നും ഈ കമ്മീഷന്‍ തേക്കടിയിലെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. ഇതു സംബന്ധിച്ചും ഉടന്‍ അന്വേഷണം വന്നേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക