Image

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഫോറന്‍സിക് സ്ഥിരീകരണം

ജോബിന്‍സ് തോമസ് Published on 23 July, 2021
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഫോറന്‍സിക് സ്ഥിരീകരണം
ഇസ്രായേല്‍ ചാര സോഫ്‌റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന വിവാദം ഇന്ത്യയില്‍ കത്തിനില്‍ക്കെ ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി സ്ഥിരീകരിച്ച് ഫോറന്‍സിക് പരിശാധനാ ഫലം. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ട ദി വയര്‍ തന്നെയാണ് ഇക്കാര്യവും പുറത്തു വിട്ടത്. ചോര്‍ത്തപ്പെട്ടതായി സംശയിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള പത്ത് ഫോണുകളാണ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

എന്നാല്‍ ഈ ഫോണുകള്‍ ആരുടേതാണന്നോ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങളോ പത്രം പുറത്തുവിട്ടിട്ടില്ല. ഇത് ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ഫോണും ചോര്‍ത്തപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് ഇത് സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കും. വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു. 

ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്നും ഭീകരസംഘടനകള്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധമാണ് മോദി രാജ്യത്തിനെതിരെ ഉപയോഗിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വിഷയത്തില്‍ ഇന്നലെ രാജ്യസഭയില്‍ ഐടി മന്ത്രിയുടെ പ്രസ്താവന വലിച്ചു കീറിയെറിഞ്ഞായിരുന്നു തൃണമൂല്‍ അംഗം പ്രതിഷേധിച്ചത്. ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ മുമ്പിലും എത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക