Image

രുചിഭേദങ്ങള്‍: പരിപ്പുപായസവും കൊഞ്ചുതീയലും (ലേഖനം: സാം നിലമ്പള്ളില്‍)

Published on 23 July, 2021
രുചിഭേദങ്ങള്‍: പരിപ്പുപായസവും കൊഞ്ചുതീയലും (ലേഖനം: സാം നിലമ്പള്ളില്‍)
സദ്യ അസലായിരിക്കുന്നു,  വടക്കേടം എന്തുപറയുന്നു ?
നമുക്ക് അത്രക്കങ്ങ് പോതിച്ചില്ല, പരിപ്പുപായസത്തിന് മധുരം ലേശം കുറഞ്ഞുപോയില്ലേയെന്നൊരു സംശയം.

അതെയോ ? എന്നാല്‍ നമുക്കങ്ങനെ തോന്നിയില്ല. സാമ്പാറിലായിരുന്നു നമുക്കൊരു രുചിക്കേട് അനുഭവിച്ചത്., ശരിയായില്ലെന്നൊരു തോന്നല്‍,. പുളിയല്‍പം കൂടിപ്പോയോ എന്നൊരു ശങ്ക.
ശങ്കിക്കേണ്ട തെക്കേടം . പുളി കൂടുതല്‍തന്നെയായിരുന്നു.

 സദ്യ ഉണ്ടിറങ്ങിയ പണ്ടത്തെ നമ്പൂതിരിമാരുടെ അഭിപ്രായങ്ങളാണ് ഇങ്ങനെയൊക്കെ. ആഹാരത്തിന്റെ രുചിഭേദങ്ങളറിയാന്‍ അവരെപ്പോലെ വിദഗ്ധരായവര്‍ വേറെയില്ല. എല്ലാവരെയുംപോലെ അവരും ആഹാരപ്രിയരായിരുന്നു., ഇപ്പോഴും അങ്ങനെതന്നെ. അവരാണ് ആഹാരം ആസ്വദിച്ച് കഴിക്കുന്നവര്‍.
 നമ്പൂതിരിമാരെപറ്റി പറയുമ്പോള്‍ അവര്‍ക്ക് പ്രിയപ്പെട്ടവിഷയം ആഹാരവും ഫലിതവും അല്‍പം സ്ത്രീവിഷയും ഒക്കെയാണ്. മറ്റൊരു ജോലിയുമില്ലതെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന അവരുടെ ജീവിതംതന്നെ സുഹലോലുപത നിറഞ്ഞതായിരുന്നു. ജീവിതം ആസ്വദിച്ചിരുന്നവര്‍ അവരായിരുന്നു.

ആഹാരത്തിന് ഉപ്പും പുളിയും കൂടിപ്പോയെന്നും പായസത്തിന് മധുരം കുറഞ്ഞുപോയെന്നുമൊക്കെ കുറ്റംപറയാന്‍ സാധിക്കുന്നത് നമ്മുടെ നാക്കിന് രുചിയളക്കാനുള്ള കഴിവുകൊണ്ടാണ്. വായാടിത്തം പറയാനും നാക്ക് ഉപയോഗിക്കാറുണ്ട്., അത് വേറെവിഷയം. അതിനെപറ്റി പിന്നീട് പറയാം.
 
രുചികരമായ ആഹാരം ഉണ്ടാക്കാന്‍ കഴിയുകയെന്നുള്ളത് പ്രത്യേക കഴിവുതന്നെയാണ്. കൈപുണ്യമെന്ന് പറയും. നല്ല ഭക്ഷണമുണ്ടാക്കി ഭര്‍ത്താവിന്റെ സ്‌നേഹംപിടിച്ചുപറ്റുന്ന സ്ത്രീകളുണ്ട്. ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ളവഴി അവന്റെ വയറ്റില്‍കൂടിയാണന്ന് ഒരു സിനമയില്‍ ജയറാം പറഞ്ഞത് ഓര്‍ക്കുന്നു. ജോലികഴിഞ്ഞെത്തുന്ന ഭര്‍ത്താവ് പ്രതീക്ഷിക്കുന്നത് ഭാര്യ ഉണ്ടാക്കിവച്ചിരിക്കുന്ന രുചികരമായ ആഹാരംകഴിക്കാനാണ്. അവള്‍ ഉണ്ടാക്കിയിരിക്കുന്ന ആഹാരം കഴിക്കാന്‍ കൊള്ളാത്തതാണെങ്കില്‍ വീട്ടില്‍ സമാധാനം ഉണ്ടാകില്ല. ദേഷ്യംവന്ന ഭര്‍ത്താവ് പാത്രങ്ങള്‍ എറിഞ്ഞുടക്കുകയും ഭാര്യയെ മര്‍ദ്ദിക്കുന്നതിനുവരെ ഇടയാക്കുകയും ചെയ്യും.

സുന്ദരിയല്ലാത്ത ഭാര്യയെ അതിയായി സ്‌നേഹിക്കുന്ന എന്റെയൊരു സുമുഖനായ ബന്ധുവിനെപറ്റി ഒരിക്കല്‍  എഴുതുകയുണ്ടായി. അവരുടെ സ്‌നേഹത്തെ പരിഹസിച്ചുചിരിക്കുന്ന  മറ്റുചിലരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ അവരുടെ വീട്ടില്‍നിന്ന് ആഹാരംകഴിച്ചപ്പോഴാണ് അവരുടെ സ്‌നേഹത്തിന്റെ രഹസ്യം പിടികിട്ടിയത്. അത്ര രുചികരമായ ആഹാരം വളരെ അപൂര്‍വ്വമായിട്ടേ ഞാന്‍ കഴിച്ചിട്ടുള്ളു. ഭര്‍ത്താവിന്റെ വയറ്റില്‍കൂടിയാണ് ആ സ്ത്രീ അയാളുടെ ഹൃദയത്തിലേക്ക് കയറിപറ്റിയത്. രുചികരമായ ഭക്ഷണംമുണ്ടാക്കി കാത്തിരിക്കുന്ന ഭാര്യയെമറന്ന് പുരുഷന്‍ കള്ളുഷാപ്പില്‍പോകില്ല. ജോലികഴിഞ്ഞ് അവന്‍നേരെ വീട്ടിലേക്കുവരും.

ആഹരത്തിന് രുചിനല്‍കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളുടെ അനുപാതംകൊണ്ടാണ്. മലയാളികളുടെ കറികളില്‍ മല്ലി, മുളക്, മഞ്ഞള്‍ മുതലായവയാണ് പ്രധാനമായുള്ള ചേരുവരുകള്‍. തേങ്ങയാണ് മിക്കഭക്ഷണത്തിന്റെയും പ്രധാന ഘടകം. ഇതിലേതെങ്കിലുമൊന്ന് കൂടുകയോ കുറയുകയോ ചെയ്താല്‍ ഭക്ഷണത്തിന്റെ രുചിയിലും വ്യത്യാസം വരും. ക്ഷമയാണ് ഭക്ഷണംപാകംചെയ്യുമ്പോള്‍ വേണ്ടത്. ക്ഷമയില്ലെങ്കില്‍ സമ്പാറില്‍ മല്ലിപ്പൊടി കൂടിയെന്നിരിക്കും . അതിന്റെ ഫലമായിട്ടായിരിക്കും ഭര്‍ത്താവ് പാത്രമെറിഞ്ഞുടച്ചത്.

ചെറുപ്പത്തില്‍ നമ്മള്‍ കഴിച്ച ആഹാരത്തിന്റെ രുചി ഇപ്പോള്‍ കിട്ടുന്നില്ലെന്നപരാതി പരക്കെ കേള്‍ക്കുന്നതാണ്. കാരണം ആഹാരത്തിന്റേതാണന്ന് ഞാന്‍ വിചാരിക്കുന്നില്ല. പലവിധ ദുഃശീലങ്ങള്‍കൊണ്ട്, അതായത് പുകവലി, മദ്യപാനം മുതലായവ, മനുഷ്യന്റെ രുചിഭേദങ്ങള്‍ അളക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.. എരുവും പുളിയും ഉപ്പും അമിതമായുള്ള ആഹാരം കഴിക്കുന്നത് വായിലെ രുചിമുകുളങ്ങളെ നശിപ്പിക്കുന്നതാണ്. തല്‍ഫലമായി ഭാരുയുണ്ടാക്കിയ നല്ലഭക്ഷണവും ചവറായിട്ടേ തോന്നു. നിന്റെ വായിലെ രുചിമുകളങ്ങള്‍ നഷ്ടപ്പെട്ടതുകൊണ്ട് ഭാര്യക്ക് പഴികേള്‍ക്കേണ്ടിവരുന്നത് കഷ്ടമല്ലേ. ഭക്ഷണത്തിന്റെ രുചിപോലെതന്നെ പ്രധാനപ്പെട്ടതാണ് അതിന്റെ മണവും. അടുക്കളയില്‍ രജനിയുണ്ടാക്കുന്ന കൊഞ്ചുതീയലിന്റെ മണം ആസ്വദിച്ച് സിറ്റൗട്ടില്‍ സ്രിപ്റ്റ് വായിച്ചുകൊണ്ടിരുന്ന വേണുവിന് അവളുടെ സമീപത്തെത്താന്‍ മോഹം. അയാള്‍ വായനനിറുത്തിയിട്ട് അടുക്കളയിലേക്ക് നടക്കും. അമേരിക്കയിലാണെങ്കില്‍ സമ്മറില്‍ ഏതോവീടിന്റെ ബാക്ക്യാര്‍ഡില്‍ ബാര്‍ബിക്യു ഉണ്ടാക്കുന്നതിന്റെ മണം അന്തരീക്ഷംമൊത്തം വ്യാപിക്കുന്നത് ആസ്വദിക്കാറില്ലേ. വായില്‍ വെള്ളമൂറുന്നത് വിഴുങ്ങാനേ വഴിയുള്ളു.
ഫ്രാന്‍സിലെ ഒരു മന്ത്രിയുടെ കഥ കുട്ടികളെ പഠിപ്പിച്ചത് ഓര്‍മ്മവരുന്നു. മന്ത്രി ആഹാരം കഴിച്ചുകൊണ്ടിരിക്കയായിരുന്നു. അന്നേരമാണ് ഒരു ദൂതന്‍വന്ന് പ്രധാനമന്ത്രി എന്തോ അത്യവശ്യകാര്യത്തിന് വിളിക്കുന്നെന്ന് പറയുന്നത്.

ഞാന്‍ ആഹാരം കഴിച്ചകൊണ്ടിരിക്കയാണന്ന് അദ്ദേഹത്തോട് പോയിപ്പറയു.
എന്തോ പ്രധാനവിഷയം ചര്‍ച്ചചെയ്യാനാണ് അദ്ദേഹം വിളിക്കുന്നത്. ദൂതന്‍ വിടാന്‍ ഭാവമില്ല.
അതിലും പ്രധാനപ്പെട്ട കാര്യമാണ് ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജീവിതത്തിലെ അതിപ്രധാനമായ കാര്യമാണ് ആഹാരം കഴിക്കുകയെന്നുള്ളത്. അതിലും പ്രധനമായ കര്യം വേറെയില്ല. അദ്ദേഹം ആഹാരം കഴിച്ചുതീര്‍ത്തിട്ടാണ് പ്രധാനമന്ത്രിയെ കാണാന്‍ പോയത്..

രുചിതേടിപ്പോയ സായപ്പന്മാരാണ് ഇന്‍ഡ്യയിലും മറ്റ് ഏഷ്യന്‍രാജ്യങ്ങളിലും ചെന്നുപറ്റിയതും സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചതും. ആദ്യമൊക്കെ അറബികളായിരുന്നു സ്‌പൈസസ്സുകള്‍തേടി മലബാര്‍തീരങ്ങളില്‍ എത്തിയത്. അവരില്‍നിന്നാണ് പാശ്ചാത്യര്‍ ഇന്‍ഡ്യയെപറ്റി അറിയുന്നതും വാസ്‌ഗോഡിഗാമ കോഴിക്കോട്ട് എത്തുന്നതും. അവരുടെ പിന്നാലെയാണല്ലോ ബ്രിട്ടീഷുകാരും മറ്റ് യൂറോപ്യന്‍സും ഇന്‍ഡ്യയില്‍ വന്നത്. നമ്മള്‍ അവര്‍ക്കുവേണ്ട സ്‌പൈസസ്സ് അങ്ങോട്ട് എത്തിച്ചിരുന്നെങ്കില്‍ അവര്‍ സാമ്രാജ്യം സ്ഥാപിക്കാന്‍ ഇങ്ങോട്ട് വരില്ലായിരുന്നു. കടല്‍കടക്കുന്നത് പാപമാണെന്ന മരമണ്ടന്‍വിശ്വാസമാണ് ഇന്‍ഡ്യക്കാര്‍ കച്ചവടത്തിനായി വിദേശത്തേക്ക് പോകുന്നതിന് തടസ്സമായത്. നമ്മള്‍ വിദേശങ്ങളിലേക്ക് പോകാതിരുന്നതുകൊണ്ടാണ് അവര്‍ നമ്മെതേടിവന്നു. അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല., തെറ്റ് നമ്മുടേതാണ്.
മാതൃഭൂമിയില്‍ വായിച്ച ഒരുഫലിതം.

കുട്ടികള്‍ കിണറ്റില്‍വീണന്ന് കേട്ടപ്പോള്‍ ശാപ്പാട്കഴിച്ചുകൊണ്ടിരുന്ന നമ്പൂരിശ്ശന്‍ പറഞ്ഞത്രെ.
കുട്ടികള്‍ക്ക് കിണറ്റില്‍വീഴാന്‍കണ്ട നേരമേ.

സാം നിലമ്പള്ളില്‍
samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക