Image

ദി വയറിന്റെ ഓഫീസില്‍ പോലീസ് പരിശോധന

ജോബിന്‍സ് തോമസ് Published on 24 July, 2021
ദി വയറിന്റെ ഓഫീസില്‍ പോലീസ് പരിശോധന
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തല്‍ നടത്തുന്ന മാധ്യമ കൂട്ടായ്മയിലെ ഇന്ത്യന്‍ പങ്കാളിയായ ദ വയറിന്റെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. ഓണ്‍ലൈന്‍ വിഭാഗം മേധാവി സിദ്ധാര്‍ഥ് വരദരാജനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഫീസുകളില്‍ സാധാരണഗതിയില്‍ പോലീസ് നടത്തുന്ന പരിശോധന മാത്രമാണിതെന്നാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.

ഓഫീസിലെത്തിയ പോലീസുകാര്‍ ചില മാധ്യമപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചതായും വയര്‍ ജിവനക്കാര്‍ പറഞ്ഞു. എന്നാല്‍ ഓഫീസിനു മുമ്പില്‍ ദി വയര്‍ എന്ന ബോര്‍ഡ് ഇല്ലായിരുന്നുവെന്നും മുറി വാടകയ്ക്ക് എന്ന ബോര്‍ഡ് മാത്രമാണ് വച്ചിരുന്നതെന്നും ഇതിനാലാണ് പരിശോധന നടത്തിയതെന്നും പോലീസ് പറഞ്ഞു. 

ഇസ്രായേല്‍ ചാരസോഫ്റ്റ്‌വയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയില്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെന്ന വിവരങ്ങള്‍ ദി വയറാണ് പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ വിവരങ്ങളാണ് ഇവര്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റിലടക്കം കേന്ദ്രസര്‍ക്കാരിനെ ഈ വിഷയത്തില്‍ പ്രതിപക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലെ പോലീസ് പരിശോധനയ്ക്ക് ഏറെ പ്രസക്തിയുണ്ട്. 

കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലെ പ്രമുഖ പത്രങ്ങളിലൊന്നായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ചകള്‍ തുറന്നു കാട്ടിയ പത്രമായിരുന്നു ദൈനിക് ഭാസ്‌കര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക