America

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

Published

on

അലക്ഷ്യമായി വഴുതി വീഴുന്ന വാക്കുകൾ പൊള്ളിക്കുന്ന ഒരു വനിതാ ജയിലിലാണ് ഈ  കഥ നടക്കുന്നത് . നിശ്വാസങ്ങളിൽ നിരാശ കൂടിക്കലർന്ന് ചൂടുപിടിച്ച ഒരു ഇരുട്ടു വരാന്തയുടെ മൂലയിലാണ് സെൽ റൂം . 

ഏഴുവർഷത്തിനു ശേഷം ഒരു വധശിക്ഷ നടപ്പാക്കുന്നതിൻ്റെ ഉത്ക്കണ്ഠ വരാന്തയിലും ചുവരുകളിലും പോക്കുവെയിലായി തളം കെട്ടിയിരിക്കുന്നു. സെല്ലിനകത്തുനിന്ന് പുറത്തേക്ക് നോക്കുമ്പോൾ ഒരു വരാന്ത ലോപിച്ച് നഷ്ടമാവുന്ന കാഴ്ച കാണാം. അന്തിവെയിലിൻ്റെ അലക്ഷ്യമായ കൈകൾ ചുവരുകളിൽ എഴുതുന്ന ലിപികളെ വായിച്ച് തിളക്കമുള്ള രണ്ടു കണ്ണുകൾ സെല്ലിൽ നിന്നും പുറത്തേക്ക് നോക്കി .നിർവികാരമായ ഒരു ഭാഷ ആ കണ്ണുകളിൽ കൊത്തിയാഴ്ത്തിയിരിക്കുന്നു .കറുത്ത കൺതടങ്ങളിൽ  അനുഭവിച്ചു തീർന്ന വേദനകളുടെ കറുപ്പ് ആഴ്ന്നിറങ്ങിയിരിക്കുന്നു . ചുവപ്പു മങ്ങിയ ചുണ്ടുകളിൽ കെട്ടഴിച്ചു വീണ ഒരു കാമപ്പശി വരണ്ടുണങ്ങിയിരിക്കുന്നു .വാൽസല്യത്തിൻ്റെ മൃദുചുംബനം മറന്ന് നീണ്ടു വളഞ്ഞ മൂക്കിൽ ക്ലിയോപാട്രയുടെ വശ്യത. 

ഏതാനും വെള്ളിവരകൾ വീണ മുടിയിഴകളിൽ കറുത്തകാലത്തിൻ്റെ  നിബിഢവനം. ചെത്തിയൊരുക്കിയ താടിയെല്ലിൽ നെടുകേയുള്ള ഒരു കറുത്ത മറുക് . ഏതാനും വരകൾ വീണ് പ്രായം പറയുന്ന കഴുത്ത് . ശ്വാസത്തിനൊപ്പം നിറഞ്ഞു കവിയുന്ന മാറിടം. ഒതുങ്ങിയ വയറുള്ള അഞ്ചരയടിയുള്ള വെളുത്ത  മേനിയിൽ ശാഖയായ കൈകളും വേരുകളായ് പടർന്ന വിരലുകളുമുള്ള മദ്ധ്യവയസ്ക. 

നമ്മുടെ നായികയുടെ പേര് റീത്ത .ഒരു കാഥികൻ്റെ അവതരണഗാനത്തിലൂടെ മദാലസയായി 202 നമ്പർ സെല്ലിൽ കഴിഞ്ഞ 7 വർഷമായി കഴിയുന്ന തടവുകാരി. പൈശാചികമായതും അപൂർവ്വമായതുമായ കുറ്റകൃത്യം ചെയ്തതിനാൽ വിചാരണക്കോടതി വധശിക്ഷ വിധിച്ച പ്രതി .ആ വിധി മേൽക്കോടതികൾ അംഗീകരിക്കുകയും പ്രസിഡൻ്റിന് നൽകിയ ദയാഹർജി നിരസിക്കപ്പെടുകയും ചെയ്ത മരണവാറണ്ട് നൽകപ്പെട്ട പ്രതി. 

ചിതറിപ്പോയ സൂര്യവെളിച്ചത്തിൻ്റെ അകമ്പടിയിൽ  പതിവ് മെഡിക്കൽ ചെക്കപ്പിനായി Dr .ശ്രീഹരി വന്നപ്പോൾ അവളുടെ കൺകോണുകളിൽ മരണത്തിൻ്റെ കുസൃതി .

മരണത്തിൻ്റെ പശ്ചാത്തലത്തിനെ നേർപ്പിച്ച്  ഒരു പുഞ്ചിരിക്കീറ് വാരിപ്പുതച്ച് Dr .ശ്രീഹരി അവളുടെ മുഖത്തേക്ക് നോക്കി. കണ്ണുകളിലെ കൗശലവും ചുണ്ടുകളിലെ മാന്ത്രികതയും വാരിപ്പുതച്ച് റീത്ത ചിരിച്ചു . ആ രംഗത്തിൻ്റെ അസ്വഭാവികത വനിതാ വാർഡനായ രാജത്തിൻ്റേയും അസിസ്റ്റൻ്റ് വാർഡൻ മേരിയുടേയും കണ്ണുകളിൽ തീപ്പൊരിയായി. തൂക്കുകയറിനും തീർക്കാനാവാത്ത ഒരു തരം പക അവരുടെ കണ്ണുകളിൽ കുരുക്കളായി പൊട്ടിയൊലിച്ചു. ബൂട്ടുകൾ തറയിലേക്ക് അമർത്തിച്ചേർത്ത് പല്ലുകൾ ചേർത്തുരച്ച് അവർ പതിവ്രതകളും പെറ്റവയറുകളുമായി.

" റീത്താ, താങ്കൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ?"

"നാളെ തൂക്കിക്കൊല്ലുന്നവളുടെ ആരോഗ്യം നന്നാക്കുന്ന മനസ്സുകളെ ചികിൽസിക്കൂ ഡോക്ടർ "

" ഈ പരിശോധന വെറും ക്ലീഷേയാണോ റീത്താ "

" ക്ലീഷേയല്ല ഡോക്ടർ, മനുഷ്യൻ്റെ കാപട്യം "

" ജീവജാലങ്ങളിൽ ഏറ്റവും കാപട്യമുള്ള വംശം നമ്മളല്ലേ റീത്താ "

" സ്വന്തം കാപട്യത്തിനെ ഭയന്ന് ജീവിതമായ ജീവിതമെല്ലാം ഒളിച്ചോടുന്ന കള്ളൻ. അതല്ലേ ഡോക്ടർ മനുഷ്യൻ."

" റീത്താ നിനക്ക് സുഖമാണോ? "

" കഴിഞ്ഞ ഏഴു വർഷമായി ഓൺലൈൻ മാധ്യമങ്ങളും മാസികകളും എൻ്റെ സുഖങ്ങൾ വിചാരണ ചെയ്യുകയല്ലേ .കഴിഞ്ഞ ഏഴുവർഷമായി സുഖമില്ലാതെ ഞാൻ ജയലിൽ ഒറ്റപ്പെട്ട് ഒരു സെല്ലിൽ മരണം കാത്തു കിടക്കുന്നതിൽ എല്ലാ ശീലാവതികളും മര്യാദാപുരുഷോത്തമന്മാരും സന്തോഷിക്കുകയല്ലേ. ഡോക്ടർ എൻ്റെ സുഖവും സുഖക്കേടും അവരോട് ചോദിക്കുക ."

"എങ്കിലും റീത്താ എൻ്റെ കടമയല്ലേ ആ ചോദ്യം .പൂർണ്ണ ആരോഗ്യവതിയായി സന്തുഷ്ടയായി റീത്തയെ  ആരാച്ചാർക്ക് വിട്ടുകൊടുക്കുകയല്ലേ എൻ്റെ ധർമ്മം"

" എന്നെ പൂർണ്ണ സന്തോഷത്തിലെത്തിക്കുവാൻ ഡോക്ടർക്ക് കഴിയുമോ?"

റീത്തയുടെ ധ്വനി തിരിച്ചറിഞ്ഞ വാർഡൻ്റെ നാവിൽ ഒരു തെറി പൂവിട്ടു. ഡോ. ശ്രീഹരി വാർഡൻ രാജത്തിൻ്റെ മുഖത്തേക്ക് നോക്കി.

" മാഡം രാജം താങ്കൾക്ക് ഇത്രയും പ്രായമായിട്ടും വൃത്തിയുള്ള ഒരു തെറി കണ്ടെത്താനായില്ലേ, ഒരു മാതിരി ലോറി പാത്തുമ്മയുടെ നാവും ശീലാവതിയുടെ മേക്കപ്പും "

" ഡോക്ടർ, താങ്കൾ ഈ വേശ്യയ്ക്കായി എന്നോട് മര്യാദവിട്ട് സംസാരിക്കണ്ട ."

"ഡോക്ടറുടെ മുന്നിൽ വച്ച് നാളെ തൂക്കേണ്ടുന്ന പ്രതിയെ ഇത്തരം വാക്കുകളിൽ വിളിക്കുന്നതിനെ എനിക്ക് സഹിക്കാനാവില്ല വാർഡൻ. മങ്ങിയ ഈ ഇടനാഴികളിൽ നമ്മൾ വിരുന്നു വിളിച്ച മരണം ഒളിച്ചു നിൽക്കുകയാണ്. ആ മരണത്തെ പരിഹസിക്കുവാൻ നാം തയാറാകരുത്. "

" ഡോക്ടർ ഇതും ഇതിലപ്പുറവും പറയും. ഡോക്ടറുടെ അവസാനത്തെ നോവലും ഞാൻ വായിച്ചിട്ടുണ്ട് . ഡോക്ടർ, വായിക്കുന്നവനെപ്പോലും നാണിപ്പിക്കുന്ന ഈ തെറി വാക്കുകൾ, ഒരു ഡോക്ടറായ താങ്കൾക്ക് എങ്ങനെ എഴുതാൻ പറ്റുന്നു."

" സംസർഗ്ഗ ദൂഷ്യം വാർഡൻ. കഴിഞ്ഞ പതിനാറു വർഷമായി ഞാൻ ജയിൽ ഡോക്ടറല്ലേ "

" കുറ്റവാളികളുമായുള്ള സമ്പർക്കം കുറ്റവാസനയുള്ള മനസ്സും വാക്കുകളും സൃഷ്ടിക്കും ഡോക്ടർ "

" ശരിയാണ് വാർഡൻ , കോടതി ശിക്ഷിക്കാത്ത കുറ്റവാളികളും കോടതി ശിക്ഷിച്ച നിരപരാധികളും എന്നെ ചീത്തയാക്കി "

" ഡോക്ടറോട് തർക്കിക്കാൻ ഞാനില്ല. എൻ്റെ duty time തീർന്നു. ഡോക്ടർ പെട്ടെന്ന് തന്നെ ഫോർമാലിറ്റി തീർക്കുമെങ്കിൽ ഞാൻ നിൽക്കാം .ഇങ്ങനെ തുടരാനാണെങ്കിൽ , sorry sir എനിക്ക് പറ്റില്ല .മേരിയുടെ പ്രസൻസിൽ തീർക്കുക .ഒരു പക്ഷേ മേരിക്ക് താങ്കളെ സഹിക്കാനാവും "

" മിസിസ് വാർഡൻ, നാളെ മരണവാറൻ്റ് നടപ്പാക്കുന്ന ഒരു ജയിലിൽ നിന്നും ഫോർമാലിറ്റി തീർക്കാതെ നിങ്ങൾക്ക് പോകാനാവില്ല "

" ഈ വേശ്യയോട് സഹതപിക്കുന്ന താങ്കളോടൊപ്പം ഒരു നിമിഷവും എനിക്ക് നിൽക്കാനാവില്ല. "

" മിസിസ് വാർഡൻ, വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. വികാരത്തിന്‌ അടിമപ്പെട്ട് വിവേകം നശിപ്പിക്കാതിരിക്കുക "

"കാമുകനുമായി രമിക്കുവാൻ പന്ത്രണ്ടുകാരിയായ മകളെ  കൊന്നു തള്ളിയ ഈ വേശ്യയെ ശീലാവതിയെന്ന് വിളിക്കുവാൻ ഡോക്ടർ എന്നെ നിർബന്ധിക്കരുത്. എനിക്ക് ഇന്നും ഒരു പക്ഷേ തൂക്കിലേറ്റിയ ശേഷം നാളെയും, ഇവളോട് എനിക്ക് ക്ഷമിക്കാനാവില്ല .ഇവളോട് ക്ഷമിച്ചാൽ എന്നെത്തന്നെ ഞാൻ വെറുത്തു പോകും ഡോക്ടർ."

" മിസിസ് രാജം, മാഡത്തിന് പോകാം, എന്നാൽ എനിക്ക് കുറേക്കൂടി സമയം വേണ്ടിവരും. തൂക്കിലേറ്റപ്പെടുന്ന വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഡോക്ടറുടെ ലക്ഷ്യം."

" നന്ദി ,Dr .ശ്രീഹരി, എന്നെ ഈ പ്രതിസന്ധിയിൽ രക്ഷിച്ചതിന് .ഡോക്ടർക്ക് മേരി എല്ലാ പിന്തുണയും തരും "

മരണകൊക്കയിൽ നിന്നും ജീവിതത്തിലേക്ക് നടന്നു കയറുന്ന കാലടികളുമായി രാജം നീളൻ വരാന്തയ്ക്കപ്പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങി.

സെല്ലിന് മുന്നിലെ വായു കുറേക്കൂടി നിർമ്മലവും സ്വച്ഛവുമായി. ഞാനും മേരിയും റീത്തയുടെ ഭാരവും ചൂടും BP യും രേഖപ്പെടുത്തി. അവളുടെ ചൂടുള്ള കൈപ്പത്തിയിൽ അമർത്തി നാഡിമിടിപ്പിനെ തിരിച്ചറിഞ്ഞു. കൺപോളകൾ മൃദുവായി വിടർത്തി അനീമിയ പരിശോധിച്ചു .

 റീത്തയുടെ പുറകിൽ ഒരു LED ബൾബിൻ്റെ വെളിച്ചം. അവളുടെ മുന്നിൽ ഞാനും മേരിയും .ഞങ്ങൾക്ക് പുറകിലെ വാരാന്തയിൽ പഴയ ഒരു ട്യൂബ് ലൈറ്റ്. ലൈറ്റിന്‌ ചുറ്റും സ്വയം കുരുതി കഴിക്കുവാൻ പറന്നിറങ്ങുന്ന ഈയലുകൾ. എവിടെയോ കനക്കുന്ന മഴയുടെ പെരുക്കങ്ങൾ. എൻ്റെ നിഴലും മേരിയുടെ നിഴലും റീത്തയിലേക്ക് ചാഞ്ഞ് ചേരുന്നു .കണ്ണുകൾ കൊണ്ട് ഒരു കുസൃതി കാട്ടി റീത്തയോട് ഞാൻ ചോദിച്ചു.

" റീത്താ, നിൻ്റെ മകളുടെ പേര്?"

" ബിയാട്രീസ് "

" അവളുടെ അച്ഛൻ?"

" യേശുദാസൻ "

" കാമുകൻ "

" കാമുകന്  ഒരു സ്ത്രീയും  ഒരു പേരും കൊടുക്കില്ല .എല്ലാ സുന്ദരമായ പേരും എല്ലാ സുന്ദരമായ മുഖവും വാക്കും കാമുകൻ "

" എങ്കിലും ഒരു പേര് പറയൂ റീത്താ ?"

"Dr .ശ്രീ ഹരി"

ഞാൻ ചിരിച്ചു , മേരിയുടെ മുഖം ലേശം ചുളിഞ്ഞു .

" റീത്താ ,വെറുതേ ഭ്രാന്തു പറയണ്ട "

" മേരീ , റീത്ത ബുദ്ധിയുള്ളവളും  നർമ്മമുള്ളവളും "

" എന്നിട്ടാണോ ഡോക്ടർ നാളെ ഇങ്ങനെ മരിക്കേണ്ടി വരുന്നത് "

" റീത്താ ,നിൻ്റെ compliment എനിക്ക് സുഖിച്ചു .എന്നാൽ നീ എന്നോട് ചിലത് തുറന്നു പറയണം "

" പറയാം ഡോക്ടർ , ചോദിക്കൂ ? "

" നിൻ്റെ ചോരയിൽ ജനിച്ച നിൻ്റെ പൊന്നോമനയായ മകളെ കൊല്ലാൻ തീരുമാനിച്ചപ്പോൾ നിനക്ക് നൊന്തില്ലേ?"

" ഇല്ല , എന്നിൽ മരവിപ്പായിരുന്നു .എന്നെ വേട്ടയാടുന്ന നിഴലുകളിൽ നിന്നും ഒളിച്ചോടാനുള്ള ത്വര "

" അവൾ ഒരു ദൃക്സാക്ഷിയായിരുന്നോ? "

"കണക്കുകൂട്ടലുകൾ പിഴച്ചു . അവൾ തന്നെ സാക്ഷിയായി . അവിടെ എന്നിലെ അമ്മയും അവളിലെ മകളും മരിച്ചു "

" ഒരു മരണം അനിവാര്യമായി    മാറി , അല്ലേ റീത്താ "

" അതേ ഡോക്ടർ "

" എങ്കിൽ നിനക്ക് ആ മരണം തിരഞ്ഞെടുത്ത് വിജയിച്ചു കൂടായിരുന്നോ? "

"എൻ്റെ ഉള്ളിലെ പെണ്ണിനായി ഞാൻ തോറ്റു കൊടുത്തു "

" ആ പെണ്ണും തോറ്റില്ലേ "

" ഇല്ല ഡോക്ടർ ,ആ പെണ്ണ് ഏഴു വർഷം ജീവിച്ചു .നാളെ മരിക്കും , ഏഴു വർഷത്തെ ഓർമ്മയുമായി "

" എന്ത് വിഡ്ഢിത്തമാണ് റീത്താ നീ പറയുന്നത് , മരണശിക്ഷ വിധിച്ച് സെല്ലിൽ കിടക്കുന്ന ഏകാന്ത തടവുകാരിക്ക് എന്ത് ജീവിതം?"

"ഡോക്ടറും വിഡ്ഢി .എല്ലാ പുരുഷന്മാരും വിഡ്ഢി .സ്ത്രീയെ തിരിച്ചറിയുന്നവർക്ക് മനസ്സിലാവും ഈ ഏകാന്തതയിലും എന്നിലെ സ്ത്രീ ജീവിതം ....."

ഞാൻ മേരിയുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു .വേദനയാണോ സന്തോഷമാണോ എന്ന് തിരിച്ചറിയാനായില്ല.

ഞാൻ ഫയലുകൾ പൂർത്തിയാക്കി .

റീത്ത എന്നോട് എന്തോ പറഞ്ഞു

" ഡോക്ടർ എൻ്റെ വിരലിൽ ഒന്ന് തൊടുമോ "

അവൾ ചൂണ്ടു വിരലും നടുവിരലും നീട്ടി കാണിച്ചു .ഞാൻ ചൂണ്ടു വിരലിൽ തൊട്ടു . എനിക്ക് ശ്വാസം മുട്ടുന്നതായി തോന്നി . മനസ്സ് ഒരു മല പോലെ ഇടിഞ്ഞ് എന്നെ മൂടുന്നതായി തോന്നി.

 റീത്തയെ നോക്കാതെ വരാന്തയിലേക്ക് നടന്നു .ചിറകു കൊഴിഞ്ഞ ഈയലുകൾ പല്ലിയുടെ വായിലിരുന്ന് ജീവിതം വായിക്കുന്നത് കണ്ടപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു.

 രാത്രിയിൽ അത്താഴം കഴിക്കാൻ തോന്നിയില്ല .പൊറോട്ടയും പോത്ത് ഫ്രൈയും മേശപ്പുറത്തു തന്നെ കിടന്നു . അലാറവും സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു .

 ആ രാത്രിയിൽ  ന്യായീകരണത്തിൻ്റെ പല വിധിന്യായങ്ങളും റീത്ത വായിച്ചു തീർത്തു .

 അലാറം ഉണർത്തി .ഞാനും കുളിച്ചു. പ്രാർത്ഥിച്ചു . മരണ വാറൻ്റ് കിട്ടിയ തടവുകാരനെപ്പോലെ തൂക്കുതറയിലേക്ക് നടന്നു . ആരാച്ചാർ കുരുക്കുകൾ മുറുക്കി .കഴുത്ത് റീത്തയുടേയോ എൻ്റേയോ എന്ന് ഞാൻ പോലും സംശയിച്ചു .  

 മരണം സ്ഥിരീകരിക്കുവാനായി  ഞാൻ അവളുടെ നെഞ്ചിൽ കാതുകൾ ചേർത്തു .അവൾ ഇക്കിളി കൊണ്ടു . ഞാൻ തൊട്ട ചൂണ്ടു വിരൽ ഉയർത്തിപ്പിടിച്ച് എന്നോട് കിന്നരിച്ചു.

"കള്ളൻ , തൂക്കുകയറായി പ്രേമിക്കുന്ന കള്ളക്കാമുകൻ "

അപ്പോഴും മേരിയുടെ കണ്ണുകൾ നനഞ്ഞൊലിച്ചു .രാജം സ്വയം പഴിച്ച് മൂക്കും പിഴിഞ്ഞ് തിരിഞ്ഞിരുന്നു.
--------------------------

അനിൽ കുമാർ .S. D
ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും കവിതയും കഥയും എഴുതുന്നു . 4 കവിതാ സമാഹാരങ്ങളും 2 കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .കവിതയ്ക്ക് 2019 ലെ കാവ്യനീതി പുരസ്കാരം കറുത്ത സൂര്യൻ എന്ന കവിതാ സമാഹാരത്തിനും കഥയ്ക്ക് UA ഖാദർ പുരസ്കാരം 2020ൽ രാമൻ്റെ സംശയങ്ങൾ എന്ന കഥാസമാഹാരത്തിനും ലഭിച്ചു .2021 ൽ വ്യാപാരി കേരളം വാരികയുടെ കഥാ രചനാ മത്സരത്തിൽ സമ്മാനം കിട്ടി. 
അടൂർ Mount Zion മെഡിക്കൽ കോളേജിൽ ഓർത്തോ വിഭാഗം പ്രഫസറായി വർക്ക് ചെയ്യുന്നു .തിരുവനന്തപുരത്ത് താമസം. Dr. ശ്രീ കല ഭാര്യ 

Facebook Comments

Comments

  1. Bindu Ravi

    2021-08-16 02:28:12

    മരണത്തിൻ്റെ പശ്ചാത്തലത്തിനെ നേർപ്പിച്ച് ഒരു പുഞ്ചിരിക്കീറ് വാരിപ്പുതച്ച് Dr .ശ്രീഹരി അവളുടെ മുഖത്തേക്ക് നോക്കി. And later " ഡോക്ടർ എൻ്റെ വിരലിൽ ഒന്ന് തൊടുമോ " അവൾ ചൂണ്ടു വിരലും നടുവിരലും നീട്ടി കാണിച്ചു .ഞാൻ ചൂണ്ടു വിരലിൽ തൊട്ടു . So whose point of view does the story take? Confused

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

A light blue sky (Poem:Lebrin Paruthimoottil)

പുളവയുടെ തീർപ്പ് (ഇളപറഞ്ഞ കഥകൾ -അധ്യായം 8: ജിഷ.യു.സി)

മര്‍ഡര്‍ ഇന്‍ മാള്‍ട്ട -6 (അവസാന ഭാഗം: ജോസഫ് ഏബ്രഹാം)

കോവിഡോണം (ഇബ്രാഹിം മൂർക്കനാട്, കവിത)

മാനസം (ജാനി, കവിത)

തീർത്ഥയാത്ര..(കഥ: നൈന മണ്ണഞ്ചേരി)

പാമ്പും കോണിയും: നിർമ്മല - നോവൽ - 65

വി. അന്തോണീസ് പുണ്യാളന്റെ കൃപ [കഥ: സിസിൽ മാത്യു കുടിലിൽ]

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ -15

ഓർമ്മയിലെ ഓണം (നജാ ഹുസൈൻ, അഞ്ചൽ)

ഓണത്തിന്നോർമ്മകൾ കുമ്മിയടിക്കുമ്പോൾ (രജനി ഹരിദാസ്-കഥ)

ഓണപ്പൊട്ടൻ (മധു നായർ-കവിത)

മൃതിയുടെ ചിരി (കവിത: അശോക് കുമാര്‍.കെ)

മനസ്സറിയാതെ (കഥ : രമണി അമ്മാൾ)

യാത്രാന്ത്യം : (കവിത : സലാം കുറ്റിച്ചിറ )

വായിക്കാത്ത കത്ത്: (കഥ, നജാ ഹുസൈൻ)

ആകാശമെന്ന വാക്ക് (കവിത: സിന്ധു ഗാഥ)

കാലമിങ്ങനെ (കവിത: ഡോ.എസ്‌.രമ)

പ്രിന്റർ (കഥ: അജയ്)

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ- 5: ജോസഫ് ഏബ്രഹാം)

ഇരുട്ട് (കവിത : ജിത്തു ധർമ്മരാജ് )

കാത്തിരിപ്പ് (കവിത: ഇയാസ് ചുരല്‍മല)

പാമ്പും കോണിയും : നിർമ്മല - നോവൽ - 64

ജാലകചില്ല് (കവിത: സണ്ണി ചെറിയാൻ, വെണ്ണിക്കുളം)

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 14

സീതായനം (കഥ: സരിത സുനിൽ)

ഒരു പ്രണയം (ഇള പറഞ്ഞ കഥകൾ-7: ജിഷ.യു.സി)

പെങ്ങൾ (കഥ: പി. ടി. പൗലോസ്)

മരണം (കവിത-ബീന ബിനിൽ, തൃശൂർ)

ശബ്ദം ! (കവിത : മീര കൃഷ്ണൻകുട്ടി,ചെന്നൈ )

View More