EMALAYALEE SPECIAL

പ്രാഗ് -പുരാതന നഗര ഭാഗങ്ങൾ (ബൊഹീമിയൻ ഡയറി-2 ഡോ. സലീമ ഹമീദ്)

Published

on

2. പ്രാഗ് -പുരാതന  നഗര ഭാഗങ്ങൾ

അടുത്ത ദിവസം പ്രാതൽ ഹോട്ടലിൽ തന്നെയായിരുന്നു. ഇന്നാട്ടുകാരുടെ  തനതു ഭക്ഷണം  കൂടാതെ ധാരാളം അന്താരാഷ്ട്ര വിഭവങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. പാൻ കേക്ക്, വാഫിൾ എന്നിവ അപ്പോൾ തന്നെ ഫ്രഷ് ആയി ഉണ്ടാക്കി തരുന്നുണ്ട്. കൂടാതെ ചോറും  ഒരു ഭാഗത്ത് കണ്ടു, ഏഷ്യൻ  ടൂറിസ്റ്റുകൾക്ക് വേണ്ടി  ഒരുക്കിയതായിരിക്കണം. അ ന്ന് രാവിലെ ഖത്തറിൽ നിന്ന്  എത്തിയ എന്റെ ബ്രദർ ഇൻലോ ഡോ.നസീറും ഭാര്യ ഡോ .ബിന്ദുവും ഞങ്ങളുടെ  ടീമിൽ ചേർന്നു.  എല്ലാവരും  ചേർന്ന് സിറ്റി സെൻറിലേക്ക് നടന്നു  പോകാമെന്ന് തീരുമാനിച്ചു. പട്ടണം കാണുന്നതിന് അതാണല്ലോ നല്ലത്.

കുറച്ചു ദൂരം നടന്നപ്പോൾ ഞങ്ങൾ ഓൾഡ് ടൗൺ സ്ക്വയറിൽ എത്തി. പട്ടണത്തിന്റെ  ഏറ്റവും  പഴയ ഭാഗമാണിത്.  ഇവിടെ പല തരത്തിലുള്ള വേഷങ്ങൾ കെട്ടിയ  കുറെ മനുഷ്യരെ കണ്ടു. പ്രതിമയുടെ രൂപത്തിൽ  വസ്ത്രം ധരിച്ച് സ്വർണനിറത്തിലുള്ള പെയിൻറ് പൂശി നിൽക്കുന്ന കുറെപേരുണ്ട് കൂട്ടത്തിൽ . മുൻപിലൊരു പാത്രം ഉണ്ടാകും. താല്പര്യമുള്ളവർക്ക് പോയി കൂടെ  നിന്നു ഫോട്ടോ എടുക്കാം; അതിനായി ഒരു ചെറിയ ഫീസ് നൽകണമെന്ന് മാത്രം. ധാരാളം പഴയ മോഡലിലുള്ള തുറന്ന കാറുകൾ ഇവിടെ സന്ദർശകർക്ക് യാത്രയ്ക്കായി റെഡിയാക്കിയിട്ടിട്ടുണ്ട്. ഈ കാറിൽ നഗരം കാണലും  ഫോട്ടോ എടുക്കലും  നടത്താം. ധാരാളം കുതിര വണ്ടികളും അവിടവിടെയായി കണ്ടു.

 

Phot: Cloak of conscience by Anna Cromy

ഒരു മദ്ധ്യകാല നഗരത്തിൽ കൂടി സഞ്ചരിക്കുന്ന അനുഭവമാണ് ഓൾഡ് ടൗൺ സ്ക്വയർ സമ്മാനിക്കുന്നത്. ഇവിടേക്ക് എത്തുന്നതും, ഇവിടെ നിന്ന് പുറപ്പെടുന്നതും ആയ വളഞ്ഞു പുളഞ്ഞ ചെറിയ റോഡുകളും, അതിലെ ചെറിയ മൂലകളും, വിടവുകളും മറ്റും പുരാതനശൈലിയിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്. ഇവരുടെ ഏറ്റവും പ്രതാപവാനായ രാജാവായ  ചാൾസ് നാലാമൻ രാജാവിന്റെ  കാലത്ത് എങ്ങനെയായിരുന്നോ പ്രാഗ്, ഏകദേശം അതു പോലെ ഇതിന്റെ പ്രധാന ഭാഗങ്ങൾ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് ഗൈഡിന്റെ  ഭാഷ്യം. അക്കാലത്ത് പട്ടണത്തിന് നല്ല ഉറച്ച ചുറ്റുമതിലും, കോട്ടയും, അതിനു ചുറ്റുമുള്ള വെള്ളം നിറഞ്ഞ കിടങ്ങുകളും ഉണ്ടായിരുന്നു. അതിൻറെ ഉള്ളിലായിരുന്നു ഭരണ സിരാകേന്ദ്രമായിരുന്ന സിറ്റി ഹാളും പ്രധാന മാർക്കറ്റ് നിലനിന്ന ഭാഗവും. രാജാവിന്റെ താമസസ്ഥലമായിരുന്ന പ്രാഗ് കാസിൽ ഇതിനടുത്താണ്.

പതിനൊന്നാം നൂറ്റാണ്ടിൽ ഈ ഭാഗം ഒരു ചന്ത ആയിരുന്നുവെന്ന് പറയപ്പെടുന്നു. 1338ൽ  ജോൺ അലക്സാൻഡർ ഒഫ് ലക്സംബർഗ് ഇവിടെ ഒരു ടൗൺഹാൾ പണിയാനായി അനുവാദം നൽകി. അന്ന് മുതൽ ഇങ്ങോട്ട് ഈ നാടിൻറെ ചരിത്രത്തിൽ നാഴികക്കല്ലുകളായി തീർന്ന പല സംഭവങ്ങൾക്കും ഈ നഗര ചത്വരം സാക്ഷ്യം വഹിച്ചു. 1621ൽ  ഇവിടെ വെച്ച് ഹാപ്സ്ബർഗ് രാജാക്കന്മാർക്ക് എതിരായി ഗൂഢാലോചന ആരോപിച്ചു പ്രഭുക്കന്മാരും സാധാരണ മനുഷ്യരും ഉൾപ്പെട്ട 27 പേരെ ഇവിടെ വെച്ച് മരണശിക്ഷയ്ക്ക്   വിധേയരാക്കുകയുണ്ടായി. ഇതിൽ 24 പേരുടെ വധശിക്ഷ നടപ്പിലാക്കിയത് ഒരു വ്യക്തിയാണ്. ഇതിൻറെ ഓർമ്മയ്ക്കായി  ഓൾഡ് ടൗൺഹാളിന്റെ മുന്നിൽ ഇവരുടെ പേരുകൾ എഴുതിയ  ഫലകം സ്ഥാപിച്ചിട്ടുണ്ട്. അവിടെ 27 പേരുടെ നാമം ആലേഖനം ചെയ്ത തറയോടുകൾ കൊണ്ട്  നിർമ്മിച്ച കുരിശിന്റെ രൂപം കാണാം.1948ൽ ചെക്കോസ്ലോവാക്യ സ്വയം  ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചത് ടൗൺ സ്ക്വയറിൽ കിൻസ്കി(Kinski)പാലസ് ബാൽക്കണിയിൽ നിന്നായിരുന്നു. കിൻസ്കി കൊട്ടാരം പിന്നീട് ഒരു ആർട്ട് മ്യൂസിയമാക്കി  മാറ്റി.


മിനുട്ടി ഹൗസ് - കാഫ്കയുടെ കുട്ടിക്കാലം ഇവിടെയാണ് ചില വഴിച്ചത്

23000 സ്ക്വയർ മീറ്റർ വലിപ്പമുള്ള ഓൾഡ് ടൗൺ സ്ക്വയറിനെ അതിരിടുന്ന മന്ദിരങ്ങൾ പല തരം പ്രത്യേകതകളുള്ള കെട്ടിടനിർമ്മാണ ശൈലിയുടെ മാതൃകകളാണ്. പതിനാലാം നൂറ്റാണ്ടു മുതൽ ഇവിടെയുള്ള ‘അവർ ലേഡി ബി ഫോർടിൻ’(Our Lady  Before  Tyn)പള്ളി, അസ്റ്റ്രോണോമിക്കൽ(Astronomical )ക്ലോക്ക്, പഴയ ടൗൺഹാൾ, ആർട്ട് മ്യൂസിയം, കിൻസ്കി പാലസ്, സെൻറ് നിക്കോളാസ് കത്തീഡ്രൽ എന്നിവയാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടവ. ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ കത്തീഡ്രൽ പട്ടാളത്തിന്റെ  ആസ്ഥാനമായി ഉപയോഗിച്ചിരുന്നു. ഞങ്ങൾ അവിടെ  എത്തുമ്പോൾ ഒരു നവവരനും വധുവും പള്ളിയുടെ മുൻപിൽ നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.

സ്ക്വയറിന്റെ പടിഞ്ഞാറ് ഭാഗം ഇരുപതാം നൂറ്റാണ്ടിൽ വളരെയധികം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഓൾഡ് ടൗൺഹാളിന്റെ  തൊട്ടു പുറകിൽ കാണുന്ന സ്ഥലം ജർമ്മനിയുടെ ആക്രമണത്തിൽ തകർന്ന ശേഷം വൃത്തിയാക്കി എടുത്തതാണ്. നടന്നു ക്ഷീണിച്ച വിനോദസഞ്ചാരികൾക്ക് ഇരുന്നു വിശ്രമിക്കാനുള്ള സ്ഥലമായി ഇപ്പോൾ  ഉപയോഗിച്ചു വരുന്നു. ഓൾഡ് ടൗൺ സ്ക്വയറിൽ ക്രിസ്തുമസ്, ഈസ്റ്റർ കാലങ്ങളിൽ നടക്കുന്ന ചന്തകൾ മദ്ധ്യ കാലചന്തകളുടെ തൽസ്വരൂപം ആണ്. ഇവിടെ നടക്കാറുള്ള ക്രിസ്തുമസ് മാർക്കറ്റ് ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിപ്പമേറിയതാണ്.  ഈ നാട്ടിലെ മാത്രമല്ല ജർമ്മനി, റഷ്യ, ഇറ്റലി, ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നുള്ളവർ സാധാരണയായി ക്രിസ്തുമസ് ഷോപ്പിംഗിനായി ഇവിടെ എത്താറുണ്ട്. ഇത്തരം മാർക്കറ്റുകളിൽ ലോകത്തിലെ ആദ്യത്തെ പത്തിൽ ഒന്നായി സിഎൻഎൻ  ചാനൽ ഇതിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

‘ചർച്ച് ഓഫ് അവർ ലേഡി’യുടെ നിർമ്മാണം  1365ലാണ് ആരംഭിച്ചത്. 80മീറ്റർ ഉയരമുണ്ട് ഈ പള്ളിക്ക്. ഹുസൈറ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനം ശക്തമായിരുന്ന കാലത്ത് ഈ പള്ളി ഹുസൈറ്റുകളുടെ ആരാധനയുടെയും പ്രവർത്തനങ്ങളുടെയും ഒരു പ്രധാന കേന്ദ്രമായിരുന്നു. ക്രിസ്തുമതത്തിൽ പുരോഗമന പരമായ പരിവർത്തനങ്ങൾക്കു തുടക്കം കുറിച്ച ആളാണ്  മദ്ധ്യകാലത്ത് ജീവിച്ചിരുന്ന തത്വചിന്തകനായ ജോൺ ഹ്യൂസ്; ഇദ്ദേഹത്തിന്റെ അനുയായികളാണ് ഹുസൈറ്റുകൾ. പള്ളിക്കും മതത്തിനും എതിരായി  പ്രവർത്തിച്ചു എന്ന് ആരോപിച്ചു കൊണ്ട് ഇദ്ദേഹത്തെ തീ കൊളുത്തി കൊല്ലുകയായിരുന്നു. കത്തിയെരിയുന്ന തീ ജ്വാലകളുടെ നടുവിൽ ഇരിക്കുന്നു ജോൺ ഹ്യൂസിന്റെ വളരെ വലുപ്പമുള്ള ഒരു പ്രതിമ ഇവിടെ ഒരു ഭാഗത്ത് കാണാം. അത് 1915 ജൂലൈ ആറിന് അദ്ദേഹത്തിന് മരണത്തിന്റെ  അഞ്ഞൂറാം വാർഷികം ആചരിക്കുന്ന സമയത്ത് നിർമ്മിക്കപ്പെട്ടതാണിത്.

അസ്ട്രൊണോമിക്കൽ ക്ലോക്ക്

ജോൺ ഹ്യൂസ് രക്തസാക്ഷിത്വം വഹിച്ച ജൂലായ് 6 ഇന്നും ഇവിടെ പൊതു അവധി ദിവസമാണ് എന്നുള്ളത് അദ്ദേഹത്തിൻറെ തത്വശാസ്ത്രങ്ങളെ  ഈ നാട് എത്രത്തോളം മാനിക്കുന്നു എന്നുള്ളതിന് തെളിവാണ്. പ്രാഗ് മെറിഡിയൻ ഈ ചത്വരത്തിന്റെ ഒരിടത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കത്തോലിക്കർക്ക് കൈ മാറിയ ഈ  പളളി ഇന്നും അവരുടെ കീഴിൽ തന്നെ തുടരുന്നു.1620വരെ ബൊഹീമിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഹുസൈറ്റ് പള്ളി   ആയി ഇത് നില കൊണ്ടു. ഇതിൻറെ ഏറ്റവും ആകർഷകമായ ഭാഗം വളരെ ഉയരത്തിൽ പൊങ്ങിനിൽക്കുന്ന ഗോപുരങ്ങളാണ്. രണ്ട് പ്രധാന ഗോപുരങ്ങൾ ഉണ്ടെങ്കിലും ഒരെണ്ണം വലുതും മറ്റേത് അൽപം ചെറുതുമാണ്. യഥാക്രമം ഇത്  ആദമിനെയും ഹവ്വയെയും പ്രതിനിധീകരിയ്ക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഓൾഡ് ടൗൺഹാളിന്റെ അകത്തു കയറി ഉള്ളിലെ കാഴ്ചകൾ  കാണാൻ സാധിക്കും. അവിടെ  പ്രദർശിപ്പിച്ചിരിക്കുന്ന പുരാതനമായ ചിത്രത്തിരശ്ശീലകൾ  സുന്ദരങ്ങളാണ്. കുത്തനെയുള്ള പടികൾ കയറി ടവറിന് മുകളിലെത്തിയാൽ ഈ പട്ടണത്തിന്റെ  നല്ലൊരു വിഹഗവീക്ഷണം ലഭിക്കും. ഇതിനു സമീപത്താണ് മിനുട്ടി ഹൗസ് എന്ന പ്രസിദ്ധമായ മന്ദിരം. ഇവിടെയാണ് കുട്ടിക്കാലത്ത് ഫ്രാൻസ് കാഫ്ക കുറേക്കാലം കുടുംബത്തോടൊപ്പം ജീവിച്ചത്. കൂടാതെ ഭിത്തികളിലും സെറാമിക് പാത്രങ്ങളിലും പെയിന്റ് ചെയ്യുന്ന സ്ഗ്രഫീറ്റോ(Sgraffito)  എന്ന നവോത്ഥാനകാല  കലാരൂപത്തിന് ഒരു ഉത്തമം ദൃഷ്ടാന്തവും കൂടിയാണ് ഈ മന്ദിരത്തിന്റെ പുറം കാഴ്ചകൾ .

പ്രാഗിലെ അസ്ട്രോണോമിക്കൽ ക്ലോക്ക് ഓൾഡ് ടൈം സ്ക്വയറിന്റെ  അരികിലുള്ള  പഴയ ടൗൺഹാളിന് ഒരു വശത്തായി കാണാം. 1410ൽ   സ്ഥാപിക്കപ്പെട്ട ഇത് പഴയതു പോലെ ഇന്നും അതിന്റെ  കർമ്മം നിർവഹിച്ചു കൊണ്ടേയിരിക്കുന്നു. ഇതിനു മൂന്ന് പ്രധാന ഭാഗങ്ങളുണ്ട്. അസ്ട്രോണമിക്കൽ ഡയൽ എന്ന ഭാഗം സൂര്യന്റെയും ചന്ദ്രന്റെയും അവസ്ഥകളെ കാണിക്കുന്നു. രണ്ടാമത്തേത് കാത്തലിക് മതത്തിലെ പുണ്യാളന്മാരുടെ ഒരു നിരയാണ്; ഇവർ ഡയലിന്റെ ഇരുവശത്തായി സ്ഥാനം പിടിച്ചിരിക്കുന്നു. ഓരോ മണിക്കൂറിന്റെയും   അവസാനം ഈ പുണ്യാളന്മാർ ഒന്നിനു പുറകെ ഒന്നായി കാഴ്ചക്കാരന്റെ  മുമ്പിലൂടെ നടന്നു പോകുന്നു. മരണത്തിനെ പ്രതിനിധീകരിച്ചു കൊണ്ട് ഒരു അസ്ഥികൂടത്തെ അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്; അത് ഓരോരുത്തരുടെയും കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ ലോകത്തെ സമയത്തെപ്പറ്റി കാഴ്ചക്കാരനെ ഓർമ്മപ്പെടുത്തുന്നു. കലണ്ടർ ഡയലിൽ മാസങ്ങളും സോഡിയാക് രാശികളും അടയാളപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ സമയവും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാലു രൂപങ്ങൾ, അക്കാലത്ത് മനുഷ്യരിലുള്ള വെറുക്കപ്പെട്ട 4 സ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്നു  ഒന്നാമത്തേത്  പൊങ്ങച്ചം-കണ്ണാടി നോക്കി സ്വന്തം രൂപത്തിൽ അഭിരമിക്കുന്ന ഒരാളിന്റെ  രൂപമാണ് അവിടെയുള്ളത്. രണ്ടാമതായി പിശുക്കൻ- സ്വർണ്ണനാണയങ്ങൾ നിറച്ച  ഒരു സഞ്ചി അയാൾ കയ്യിൽ പിടിച്ചു മുൻപോട്ട് പോവുകയാണ്; ഇത് അത്യാഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. മറുവശത്ത് മരണത്തിനെ  പ്രതിനിധീകരിച്ചുകൊണ്ട് ഒരു അസ്ഥികൂടം അവസാനം മണിയടിക്കുന്നു. നാലാമത്തെ പ്രതിമ ആസക്തിയെ പ്രതിനിധാനം ചെയ്യുന്നു. ഓരോ മണിക്കൂറിലും അസ്ഥികൂടം ഒരു മണിയടിക്കുന്നു അപ്പോൾ തന്നെ മറ്റു മൂന്നു പേരും തലകുലുക്കി, പോകാനുള്ള സമ്മതം അറിയിക്കുകയാണ്. കൂടാതെ ഓരോ മണിക്കൂറിലും 12 അപ്പോസ്തലന്മാർ ക്ലോക്ക് ഡയലിന്റെ  ഏറ്റവും മുകൾ ഭാഗത്ത് കൂടി ഒരു പരേഡ് നടത്തും. ഈ പരേഡിന് അവസാനം ക്ലോക്ക് ടവറിന് ഏറ്റവും മുകളിൽ നിന്ന് ജീവനുള്ള ഒരു മനുഷ്യൻ, ഒരു ട്രമ്പറ്റ് ഊതി സമയം അറിയിക്കും. പണ്ട് ആ ജോലി ചെയ്തിരുന്ന ആൾ ധരിച്ചിരുന്ന അതേ തരം വേഷവിധാനങ്ങളോടെ കൂടിയാണ് 600 കൊല്ലങ്ങൾക്കു ശേഷവും ഇന്നും അയാൾ ജോലി ചെയ്യുന്നത്. ഓരോ മണിക്കൂറിലും ഇതെല്ലാം ആവർത്തിക്കും

 
എസ്റ്റേറ്റ് തീയേറ്റർ

ഓരോ മണിക്കൂറിന്റെ അവസാനവും ഈ കാഴ്ച കാണാൻ നൂറുകണക്കിനാളുകളാണ് ക്ലോക്കിന് മുന്നിൽ തടിച്ചുകൂടുന്നത്. അത് ഇവിടത്തെ മറ്റൊരു കാഴ്ച! 1490ൽ  ഇത് നിർമ്മിച്ച ആളിനെ  രാജശാസന പ്രകാരം അന്ധനാക്കി എന്നാണ് ഐതിഹ്യം. ഇതുപോലെ വേറൊരെണ്ണം അയാൾ നിർമ്മിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതത്രെ! ഇന്നാട്ടുകാരുടെ വിശ്വാസം അനുസരിച്ച് ഈ ക്ലോക്ക്  പ്രവർത്തിച്ചു  കൊണ്ടിരിക്കേണ്ടത് പ്രാഗിൻറെ നിലനിൽപ്പിന്  അത്യന്താപേക്ഷിതമാണ്. ഒരുപക്ഷേ ഈ വിശ്വാസമായിരിക്കാം ഇത്രയും വർഷങ്ങൾ കഴിഞ്ഞതിനുശേഷവും ഈ ക്ലോക്ക് ഇന്നും പഴയത്  പോലെ പ്രവർത്തിക്കുന്നതിന് കാരണം.

പിന്നീട് ഞങ്ങൾ വാക്കിങ് ടൂറിനൊപ്പം ചേർന്നു. ഒരു ഗൈഡ് സന്ദർശകരോടൊപ്പം നടന്നു പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണിച്ചു തരികയും  ചരിത്രം വിശദീകരിച്ചു പറയുകയും  ചെയ്യും. മിക്കവാറും എല്ലാ യൂറോപ്യൻ പട്ടണങ്ങളിലും ഇത്തരം വാക്കിങ്  ടൂറുകൾ  സാധാരണയാണ്. അവസാനം അയാൾക്ക് എന്തെങ്കിലും ഒരു  ചെറിയ തുക കൊടുക്കണം. സ്റ്റീഫൻ എന്നായിരുന്നു ഞങ്ങളുടെ ഗൈഡിന്റെ പേര്. ഇവിടെ  അക്കൗണ്ടൻറ് ആയി ജോലിചെയ്യുന്നു. അയാൾ ആദ്യം തന്നെ ഈ രാജ്യത്തിലെ ചരിത്രവും സ്ക്വയറിനെ അതിരിടുന്ന എല്ലാ പ്രധാന കെട്ടിടങ്ങളെപ്പറ്റിയും വിശദീകരിച്ചു. മദ്ധ്യകാലം  മുതലുള്ള രാജാക്കന്മാരുടെ ചരിത്രത്തിൽ  തുടങ്ങി, ഹാപ്സ്ബർഗുകൾ, ഹിറ്റ്ലർ, സോവിയറ്റ് കമ്മ്യൂണിസ്റ്റുകൾ തുടങ്ങിയവരുടെ ഭരണകാലങ്ങളെപ്പറ്റി സ്റ്റീഫൻ  ചുരുക്കിപ്പറഞ്ഞു. കലങ്ങി മറിഞ്ഞ വളരെ വേദനാപൂർണമായ  ചരിത്രം ഉള്ള നാടാണിത്.

യൂറോപ്പിലെ ഏറ്റവും ആദ്യത്തെ യൂണിവേഴ്സിറ്റിയും ലോകത്തിലെ ഏറ്റവും പഴയ യൂണിവേഴ്സിറ്റികളിൽ ഒരെണ്ണവും ആയ ചാൾസ് യൂണിവേഴ്സിറ്റി ക്യാമ്പസ് വഴിയരികിൽ കണ്ടു. 1348ൽ ചാൾസ് നാലാമൻ സ്ഥാപിച്ചതാണിത്. ലോകചരിത്രത്തിൽ  തങ്ങളുടെ നാമം എഴുതിച്ചേർക്കപ്പെട്ട കുറെ മഹാന്മാരെ വാർത്തെടുത്ത ഇടമാണിത്. ജോൺ  ഹ്യൂസ്(1415), ജോൺ കാഫ്ക(1906), മിലൻ കുന്ദേര, കാഫ്ക്കയുടെ അടുത്ത സുഹൃത്തായ മാക്സ് ബ്രോഡ്, അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രമ്പിന്റെ . ഭാര്യയായിരുന്ന ഇവാന്ന ട്രംപ്(1949), ആൽബർട്ട് ഐൻസ്റ്റീൻ(1911), ജാൻ പലക്(1969)  എന്നിവർ ഇവിടെ വിദ്യാർത്ഥികൾ  ആയിരുന്നു.1989ലെ ഭരണമാറ്റത്തിനു  പ്രധാന കാരണക്കാരായ വിദ്യാർത്ഥികൾ അക്കാലത്ത് യൂണിവേഴ്സിറ്റി കയ്യടക്കി. മെഡിസിൻ, നിയമം, എൻജിനീയറിങ്ങ്, ഹ്യൂമാനിറ്റീസ്,  ഫിസിക്സ് , തിയോളജി, ഫാർമസി തുടങ്ങി17 വകുപ്പുകൾ പ്രവർത്തിക്കുന്ന ഇവിടം ഇന്നും ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഈറ്റില്ലമാണ്. ഈജിപ്റ്റോളജി, ആസക്തികളെ(addiction)   പറ്റിയുള്ള പഠനങ്ങൾ, കാലാവസ്ഥാവിജ്ഞാനീയം(climatology) എന്നിവയിൽ   ഡിഗ്രി കോഴ്സുകൾ ഉള്ള ലോകത്തിലെ തന്നെ അപൂർവ യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ഇവിടം.

യൂറോപ്പിലെ യൂണിവേഴ്സിറ്റികളിൽ ഏഴാമത്തെ സ്ഥാനമാണ് ഇതിനുള്ളത്. ധാരാളം എക്സ്ചേഞ്ച് സ്റ്റുഡൻസ് ഇവിടെ വന്നു പോകാറുണ്ട്. 7000 വിദേശവിദ്യാർത്ഥികൾ   ഇവിടെ ഏത് സമയവും ഉണ്ടാവും. ഈ രാജ്യത്തെ അനവധി മ്യൂസിയങ്ങളും 2ബൊട്ടാണിക്കൽ ഗാർഡനുകളും  യൂണിവേഴ്സിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്.  ഇതിൻറെ നിർമ്മാണത്തിന് കാരണഭൂതനായ ചാൾസ് നാലാമന്റെ 1848ൽ സ്ഥാപിച്ച പ്രതിമ അവിടെ കണ്ടു. ഇന്ന് പട്ടണത്തിന്റെ പല ഭാഗങ്ങളിലായി ഈ യൂണിവേഴ്സിറ്റിക്ക് കുറെ ക്യാമ്പസുകൾ ഉണ്ട്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഏറ്റവും പഴയ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ(Carolinum Old Town square)   ഭരണപരമായ കാര്യങ്ങളും ബിരുദദാനവും മാത്രമേ നടക്കുന്നുള്ളു.

 ഓൾഡ് ടൗൺ സ്ക്വയറിൽ നിന്ന് ഞങ്ങൾ പോയത് ഡോൺ ജിയോവാനി എന്ന പ്രസിദ്ധമായ ഓപ്പറ ആദ്യമായി അവതരിപ്പിക്കപ്പെട്ട എസ്റ്റേറ്റ് തിയേറ്ററിന്റെ മുൻപിലേക്കാണ്. എസ്റ്റേറ്റ് തിയേറ്റർ എന്നും   വിളിക്കപ്പെടുന്ന ഓപ്പറ തിയേറ്റർ ഇവിടുത്തെ സാംസ്കാരിക പരിപാടികളുടെ ഒരു പ്രധാന സ്റ്റേജ് ആണ്.  ആദ്യ കാലത്ത് ഇതിനെ “നാഷനൽ തിയറ്റർ ഓഫ് ബൊഹീമിയ” എന്നാണ് വിളിച്ചിരുന്നത്. നാഷണൽ തിയേറ്റർ അഗ്നിക്കിരയായ ശേഷം  പ്രാഗിലെ ജനങ്ങൾ പണപ്പിരിവ് നടത്തി, പുനർനിർമ്മിക്കുകയായിരുന്നു. സുപ്രസിദ്ധ സംഗീതജ്ഞനായ മൊസാർട്ട് വിയന്നയിൽ  നിന്നും പ്രാഗിലേക്ക് വന്നശേഷം  ആദ്യമായി അവതരിപ്പിച്ച “ഡോൺ ജിയോവാനി”എന്ന ഓപ്പറ,1787 ഒക്ടോബർ 29നു ആദ്യമായി സ്റ്റേജിൽ അവതരിപ്പിച്ചത് ഇവിടെ വച്ചായിരുന്നു. മുഴുവൻ സദസ്സും എഴുന്നേറ്റു നിന്നു, 13മിനിറ്റ് നീണ്ട കരഘോഷത്തോടെയാണ്  ഈ  കലാസൃഷ്ടിയെ   ആദരിച്ചത്. ഇതിൻറെ സ്മാരകമായി ജിയോവാനിയുടെ മുഖമില്ലാത്ത ശരീരം,  ഒരു പുതപ്പിൽ പൊതിഞ്ഞ രൂപത്തിലുള്ള  ലോഹപ്രതിമ ഈ തിയേറ്ററിനു  പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. ധാരാളം പേരെ ആകർഷിയ്ക്കുന്ന ഇത്, മുഖമില്ലാത്ത ഒരാളിന്റെ  ശരീരം മുഴുവൻ ഒരു പുതപ്പു കൊണ്ട് പൊതിഞ്ഞിരിക്കുന്ന രൂപത്തിലാണ്. പുതപ്പു മാത്രമേ നമുക്ക് കാണാനാവുന്നുള്ളൂ. പക്ഷെ, അതിനുള്ളിലെ  അസന്നിഹിതനായ വ്യക്തിയാണ് നമ്മുടെ മനസ്സിലേക്ക് സഞ്ചരിക്കുന്നത്! ഇത് ഓരോ മനുഷ്യന്റെയും ജീവിതത്തോടു ചേർത്തു വയ്ക്കാവുന്ന സത്യമാണ്. പ്രശസ്ത ശില്പിയായ അന്ന ക്രോമി (Anna Chromy) ആദ്യം മാർബിളിൽ നിർമിച്ച “The Cloak of Conscience” എന്ന പേരിലുള്ള ശിൽപ്പത്തിന്റെ പുനരാവിഷ്കാരമാണിത്. 2008ൽ  ശില്പികളുടെ നോബൽ സമ്മാനം  എന്ന പേരിൽ  അറിയപ്പെടുന്ന ‘പ്രിമിയോ മൈക്കലാഞ്ചലോ’ എന്ന പുരസ്കാരം അവർക്കു  ലഭിക്കുകയുണ്ടായി. ആദ്യമായാണ്  ഒരു വനിതയ്ക്ക് ഈ അവാർഡ് ലഭിക്കുന്നത്.

ഈ  നാടിന്റെ കലയുടെയും സംഗീതത്തിന്റെയും ചരിത്രം എഴുതുമ്പോൾ ഡോൺ ജിയോവാനിയുടെയും ഈ മന്ദിരത്തിന്റെയും  പേര് ഒഴിവാക്കാനാവില്ല. ഇതിലെ സംഗീതം ലോകം മുഴുവൻ പല തരത്തിൽ ഇന്നും പുനരാവിഷ്കരിക്കപ്പെടുന്നു. മ്യൂസിക്കൽ, സിനിമ, നാടകം, പാവക്കൂത്ത് എന്നിങ്ങനെ പല രൂപത്തിൽ ഇത് പുനർജനിച്ചിട്ടുണ്ട്. മൊസാർട്ടിന്റെ കാൽപ്പാടുകൾ പതിഞ്ഞ ആ മന്ദിരത്തിന്റെ   മുന്നിൽ നിൽക്കുമ്പോൾ  ആനന്ദവും അഭിമാനവും കൊണ്ട് മനസ്സ് നിറഞ്ഞു. 1724ലാണ് പ്രാഗിലെ ആദ്യത്തെ പബ്ലിക് തിയേറ്ററായി ഇത് പ്രവർത്തനമാരംഭിക്കുന്നത്. ഈ നാട്ടിലെയും യൂറോപ്പിലെയും ലോകപ്രശസ്തരായ പല കലാകാരന്മാരും ഇവിടെ തങ്ങളുടെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ചെക്ക് ഓപ്പറ ആയ “The Tinker” 1826ൽ  ഇവിടെ ആദ്യമായി സ്റ്റേജിൽ അവതരിപ്പിച്ചു. ഇതിലെ ഒരു ഗാനമായ “Where is my Home?” വർഷങ്ങൾക്ക്  ശേഷം  സ്വാതന്ത്ര്യം പ്രാപിച്ച ശേഷം ചെക്ക് ദേശീയ ഗാനമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഈ നാട്ടുകാരുടെ അധിക മദ്യപാനശീലത്തെ  കളിയാക്കിക്കൊണ്ട് പലരും “Where is my home?”(എവിടെയാണ് എന്റെ വീട്?)  എന്ന പാട്ട് ഉപയോഗിക്കാറുണ്ട്. മദ്യപിച്ച് ബോധം കെട്ട് ‘എവിടെയാണ് എൻറെ വീട്’ എന്ന് അന്വേഷിച്ചു നടക്കുന്ന ഒരുകൂട്ടം ആളുകളല്ല തീർച്ചയായും ഈ നാട്ടിലെ മനുഷ്യർ!

1791ൽ മൊസാർട്ടിന്റെ  തന്നെ La Clemenza di Tito എന്ന  ഓപ്പറ എംപറർ ലിയോപോൾഡ് രണ്ടാമന്റെ  കിരീടധാരണത്തോട് ബന്ധപ്പെട്ട് അവതരിപ്പിക്കുകയുണ്ടായി. മൊസാർട്ട് പരിപാടി അവതരിപ്പിച്ച തിയേറ്ററുകളിൽ ഇന്ന് ബാക്കിയുള്ളത് പ്രാഗിലെ നാഷണൽ തിയേറ്റർ മാത്രമാണ്. ഈ കെട്ടിടത്തിന് നേരെ എതിർവശത്താണ് ബോക്സ് ഓഫീസ് .

പ്രാഗിലെ  പഴയ കെട്ടിടങ്ങളുടെ മുൻഭാഗത്തുള്ള ഭിത്തിയിൽ ചില പ്രത്യേക തരത്തിലുള്ള അടയാളങ്ങൾ  സ്ഥാപിച്ചിരിക്കുന്നത്  ഗൈഡ്  കാണിച്ചു  തന്നു. കരടികൾ, ആട്, ഒട്ടകപക്ഷി തുടങ്ങിയവയായിരുന്നു  അവിടെ  കണ്ടത്. മിക്കവാറും ആ വീട്ടിൽ താമസിക്കുന്ന കുടുംബത്തിന്റെ  ജോലി, പദവി, വിശ്വാസം, എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും ഈ അടയാളം.  വീട്ടുനമ്പറുകൾ ഇല്ലാതിരുന്ന കാലത്ത് ഒട്ടകപക്ഷിയുടെ തൂവൽ കച്ചവടം ചെയ്തിരുന്ന ആളിൻെറ  വീടിനെ എളുപ്പത്തിൽ തിരിച്ചറിയാൻ ഉള്ള അടയാളം ആയി  ഇത് വർത്തിച്ചു. പുതിയ വീടുകൾക്ക്  പുറത്തു  ഇടതുവശത്തായി  നീല നിറത്തിലെ ചതുരത്തിൽ  ഒരു നമ്പറും വലതുവശത്തു ചുവന്നചതുരത്തിൽ മറ്റൊരു നമ്പറും  കാണാം. ഇതിൽ നീല ആ പ്രത്യേക തെരുവിലെ    വീടുകളുടെ നമ്പറും  ചുവന്നത്   സ്ഥലത്തിന്റെ  റെജിസ്ട്രേഷൻ  നമ്പറും  ആണ് .

പബ്ലിക്ടോയ്ലറ്റുകൾ  ഫുട് പാത്തിൽ  അവിടവിടെ കാണാം. നാണയം ഇട്ടുകഴിഞ്ഞാൽ അകത്തുകയറി ആവശ്യങ്ങൾ നിർവഹിക്കാം. പക്ഷേ 3 മിനിറ്റിൽ കൂടുതൽ അകത്ത് ചിലവഴിക്കാൻ പറ്റില്ല. വാതിൽ താനെ തുറക്കും. ചില ഭാഗങ്ങളിൽ  വളർത്തുമൃഗങ്ങളുടെ വിസർജ്ജ്യം ശേഖരിച്ചു  കളയുവാൻ വേണ്ടിയിട്ടുള്ള ബ്രൗൺ പേപ്പർ കവറുകൾ  വച്ചിട്ടുണ്ട് .ആവശ്യമുള്ളവർക്ക് ഇതെടുത്ത് തങ്ങളുടെ മൃഗങ്ങളുടെ  വിസർജ്യം അതിനകത്തിട്ട്  വേസ്റ്റ്  ബാസ്ക്കറ്റിൽ നിക്ഷേപിക്കാവുന്നതാണ്. വലിയ ടാങ്കറിൽ വെള്ളം കൊണ്ടുവന്നു വാഹനത്തിൽ തന്നെയുള്ള ഏണിയിൽ കയറി നിന്നുകൊണ്ട് തൂണുകളുടെ മുകളിൽ ഉള്ള പൂച്ചട്ടിയിൽ വളരുന്ന ചെടികൾ നനക്കുന്നത് കണ്ടു. ഇതൊക്കെ  കണ്ടപ്പോൾ ഈ പട്ടണം ഇത്ര വൃത്തിയായും  ഭംഗിയായും  ഇരിക്കുന്നതിൽ ഒരു അത്ഭുതവുമില്ല എന്ന് തോന്നി. എല്ലാ പാഴ്വസ്തുക്കളും വേണ്ട രീതിയിൽ ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഗവൺമെൻറ് തന്നെ ചെയ്തിട്ടുണ്ട്. അവ ഏറ്റവും നന്നായി ഉപയോഗിക്കുന്ന ജനങ്ങളെ  മനസ്സ് കൊണ്ട്  അഭിനന്ദിച്ചു.

വാക്കിങ് ടൂറിനിടയിൽ വളരെ പഴയ ഒരു റസ്റ്റോറന്റിൽ  ഞങ്ങളെ കൊണ്ടുപോയി അവിടെ പാരമ്പര്യ രീതിയിലുള്ള ഭക്ഷണം ആവശ്യമുണ്ടെങ്കിൽ ഓർഡർ ചെയ്യാം എന്ന് പറഞ്ഞു പക്ഷേ ഞങ്ങൾ ഒരു കോഫിയിൽ ഓർഡർ ഒതുക്കി. ജോസഫോവ് എന്നറിയപ്പെടുന്ന ജൂതന്മാരുടെ താമസസ്ഥലം ആയിരുന്ന  ഭാഗത്തേക്കാണ് പിന്നീട് പോയത്.
(തുടരും)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

View More