Image

കള്ളപ്പണ നിക്ഷേപം; ആരോപണം കുഞ്ഞാലിക്കുട്ടിയുടെ മകനിലേയ്ക്കും

ജോബിന്‍സ് തോമസ് Published on 25 July, 2021
കള്ളപ്പണ  നിക്ഷേപം; ആരോപണം കുഞ്ഞാലിക്കുട്ടിയുടെ മകനിലേയ്ക്കും
ഇക്കഴിഞ്ഞ മെയ്മാസം ആദായനികുതി വകുപ്പ് മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ നിന്നും കള്ളപ്പണമെന്ന പേരില്‍ കണ്ടുകെട്ടിയത് 110 കോടി രൂപയായിരുന്നു. ഈ പണത്തില്‍ മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപവും ഉണ്ടെന്ന വിവരങ്ങളാണ് ഇന്ന് ഒരു പ്രമുഖ മലായാളം ചാനല്‍ രേഖകള്‍ സഹിതം പുറത്തു വിട്ടത്. 

53 പേരുടെ നിക്ഷേപങ്ങള്‍ കൈമാറുന്നതും പിന്‍വലിക്കുന്നതും വിലക്കി കണ്ടുകെട്ടുന്നുവെന്നായിരുന്നു ആദായനികുതി വകുപ്പ് അറിയിച്ചത്. ഈ 53 പേരുടെ പട്ടികയിലെ ഒന്നാം പേരുകാരന്‍ ഹാഷിഖ് പാണ്ടിക്കടവത്താണ്. ഇത് കുഞ്ഞാലിക്കുട്ടിയുടെ മകനാണ്. ഇദ്ദേഹത്തിന്റെ മൂന്നരക്കോടി രൂപയാണ് കണ്ടു കെട്ടിയതെന്നാണ് പുറത്തു വരുന്ന വിവരം.

ഈ കേസില്‍ അന്വേഷണം ഇഴയുന്നതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പങ്ക് പുറത്ത് വരുന്നത്. എന്നാല്‍ ഇത് കള്ളപ്പണമല്ലെന്നും രേഖകള്‍ ചാര്‍ട്ടേട് അക്കൗണ്ടന്റ് മുഖേന ആദായ നികുതി വകുപ്പിന് മുന്നില്‍ ഹജരാക്കിയിട്ടുണ്ടെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 

എന്നാല്‍ പണം കണ്ടുകെട്ടുന്നതിന് മുമ്പ് എല്ലാവര്‍ക്കും രേഖകള്‍ ഹാജരാക്കാന്‍ ആദായനികുതി വകുപ്പ് അവസരം നല്‍കിയിരുന്നു.  ഇതില്‍ പരാജയപ്പെട്ടവരുടെ പണമാണ് കണ്ടുകെട്ടിയതെന്നാണ് വിവരം. സിപിഎം അംഗങ്ങള്‍ ഉള്‍പ്പെട്ട കൊടകര ബാങ്ക തട്ടിപ്പിന് പിന്നാലെ ലീഗ് നേതാവിന്റെ മകന്റെ കള്ളപ്പണവിവരം പുറത്ത് വന്നത് ഏറെ വിവാദമാകുമെന്നുറപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക