Image

മനുഷ്യകടത്ത് അപകടങ്ങളില്‍ ഇരകളാവുന്നവരില്‍ വാഹനം ഓടിക്കുന്നവരും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 26 July, 2021
മനുഷ്യകടത്ത് അപകടങ്ങളില്‍ ഇരകളാവുന്നവരില്‍ വാഹനം ഓടിക്കുന്നവരും (ഏബ്രഹാം തോമസ്)
ഒരിക്കല്‍ യു.എസിന്റെ മണ്ണില്‍ കാല് കുത്തിക്കഴിഞ്ഞാല്‍ നിങ്ങളെ തിരിച്ചയയ്ക്കുകയില്ല', കൊയോട്ടികള്‍(ചെന്നായ്ക്കള്‍) എന്നറിയപ്പെടുന്ന മനുഷ്യക്കടത്ത് ഏജന്റുമാര്‍ തങ്ങളുടെ ചെറിയ വാഹനങ്ങളില്‍ കുത്തിനിറച്ച  മനുഷ്യരുമായി യാത്രതിരിക്കുന്ന വാഹന ഡൈവര്‍മാരോട് പറയുന്നത് ഇങ്ങനെയാണ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് കാര്‍ഗോ കയറ്റി യുഎസിന്റെ പല ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ഓടിക്കുന്നവരും വാഹനത്തിന് ഉള്ളിലുള്ള മറ്റുള്ളവരെ പോലെ നിയമവിരുദ്ധമായി അമേരിക്കന്‍ മണ്ണില്‍ എത്തുവാനുള്ള ശ്രമത്തിലാണ്. ചെന്നായ്ക്കളുടെ ഉറപ്പിന് ഒരു വിലയും ഇല്ലെന്ന് യാത്രാ മദ്ധ്യേ ഉണ്ടാകുന്ന ഏറ്റുമുട്ടലുകളില്‍ നിന്നോ യു.എസില്‍ പിടിക്കപ്പെടുമ്പോഴോ ഇവര്‍ മനസ്സിലാക്കുന്നു. ചിലര്‍ യാത്രയില്‍ കുറ്റാക്കുറ്റ് ഇരുട്ടില്‍ വാഹനം ഓടിച്ച് തകര്‍ക്കുമ്പോള്‍ ഒപ്പം അവരുടെ ജീവനും നഷ്ടപ്പെടുത്തുന്നു.

രക്ഷപ്പെടുന്നവരും യാത്ര മുഴുമിപ്പിക്കുന്നവരും കാത്ത് നില്‍ക്കുന്ന ബോര്‍ഡര്‍ പെട്രോള്‍മാരുടെ വലയില്‍ പെടുന്നു. യാത്രക്കാരെ പിന്‍തുടരുന്ന പെട്രോള്‍കാറുകളുടെ നീലവെളിച്ചം കാണുമ്പോള്‍ പരിഭ്രാന്തരായി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ ധാരാളം. ഇവരെ പിടികൂടി തിരിച്ചയയ്ക്കുകയാണ് പതിവ്.
ഈ വര്‍ഷം മാര്‍ച്ചിനും ജൂലൈയ്ക്കും ഇടയില്‍ 2,000 അറസ്റ്റുകള്‍ ഉണ്ടായി. 48,100 കുടിയേറ്റക്കാരെ തടഞ്ഞുവെച്ചു. 455 വാഹനങ്ങള്‍ പിന്തുടര്‍ന്നു. കണക്കുകള്‍ ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോലീസ് സര്‍വീസസിന്റെതാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ പിടിക്കപ്പെട്ടത് സതേണ്‍ ഡിസ്ട്രിക്ട് ഓഫ് ടെക്‌സസില്‍ നിന്നും വെസ്റ്റേണ്‍ ഡിസ്ട്രിക്ട് ഓഫ് ടെക്‌സസില്‍ നിന്നും ആണെന്ന് യു.എസ്. സെന്റന്‍സിംഗ് കമ്മീഷന്‍ പറയുന്നു.

ഒരു 'കൊറിയന്‍' വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാതെ ശിക്ഷ (മൂന്ന് വര്‍ഷവും അഞ്ച് മാസവും) ഏറ്റുവാങ്ങിയത് ഒരു ഫോര്‍ട്ട് വര്‍ത്ത് കോടതിയില്‍ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് സവാരി നല്‍കി എന്ന കുറ്റത്തിനാണ്. 22കാരനായ ഇയാള്‍ ഫ്രാന്‍സിസ് കോസാഞ്ചെസ് ഡെല്‍ഗാഡോ 10 കുടിയേറ്റക്കാരെ ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, കടത്തുകയായിരുന്നു. തന്റെ യാത്രക്കാരെപോലെ ഇയാളും നിയമവിരുദ്ധമായാണ് യു.എസിലേയ്ക്ക് യാത്ര ചെയ്തത്. യാത്രക്കാരില്‍ 8 പേര്‍ മെക്‌സിക്കോയില്‍ നിന്നും 2 പേര്‍ ഗോട്ടിമാലയില്‍ നിന്നും ആയിരുന്നു. 2004 ലെ ഒരു നിസാന്‍ അര്‍മെഡയില്‍ ഉണ്ടായിരുന്നവരില്‍ 2 പേര്‍ കാര്‍ഗോ ഏരിയായില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഹോര്‍ട്ട് വര്‍ത്തില്‍ എത്തിക്കുന്നതിന് ഓരോരുത്തരില്‍ നിന്നും 100 ഡോളര്‍ വീതം വാങ്ങി എന്ന് ഡെല്‍ഗാഡോ പറഞ്ഞു.

വര്‍ഷാരംഭത്തില്‍ ഫെഡറല്‍ അധികാരികള്‍ 5 പിക്കപ്പുകളുടെ കാരവന്‍ വെസ്റ്റ് ടെക്‌സസില്‍ നിന്ന് പിടികൂടി. 80 നിയമവിരുദ്ധ കുടിയേറ്റക്കാരെ കസ്റ്റഡിയില്‍ എടുത്തു. മെയ് മദ്ധ്യത്തില്‍ 13 മനുഷ്യക്കടത്ത് ശ്രമങ്ങള്‍ പിടികൂടി. 100 പേരെ തടവിലാക്കി. 11 അനധികൃത കുടിയേറ്റക്കാരുമായി ഒരു ഫോര്‍ഡ് പിക്കപ്പ് മാര്‍ച്ച് 16ന് പിടികൂടി. നോയെലിറെന്റേറിയ(23കാരി) മഹാമാരി മൂലം ജോലി നഷ്ടപ്പെട്ടതിന്റെയും കുറെ യാത്രക്കാര്‍ക്ക് ലിഫ്റ്റ് നല്‍കിയാല്‍ വേഗത്തില്‍ പണം സമ്പാദിക്കാം എന്ന് കള്ളക്കടത്തുകാര്‍ തന്നെ വിശ്വസിപ്പിച്ചതിന്റെയും കഥകള്‍ പറഞ്ഞു. വെസ്റ്റ് ടെക്‌സസ് അതിര്‍ത്തിയില്‍ നിന്ന് ഡാലസില്‍ എത്തിക്കുകയായിരുന്നു ഏറ്റെടുത്ത ജോലി. കൂലി 2,000 ഡോളറും. ഇവര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. 5 വര്‍ഷത്തോളം തടവ് ലഭിച്ചേക്കാമെന്ന് ഇവരുടെ അഭിഭാഷകര്‍ റസല്‍ ലോര്‍ഫിംഗ് പറഞ്ഞു. ഇപ്പോള്‍ സാധാരണയായി യുവാക്കളെയാണ് കയോട്ടികള്‍ മനുഷ്യകടത്തിന്റെ വാഹനചാലകരായി ഉപയോഗിക്കുന്നത്. ഈ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തങ്ങള്‍ ചെയ്യുന്നത് എന്താണെന്നറിയില്ല. ഇത് വളരെ സുരക്ഷിതമാണെന്നും വലിയ കാര്യമല്ലെന്നും യഥാര്‍ത്ഥത്തില്‍ ഇവര്‍ ദരിദ്രരായവരെ സഹായിക്കുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. എത്ര പേരാണ് യാത്രക്കാരായി ഉണ്ടാവുക എന്നു പറയില്ല. മിക്കവാറും മോഷ്ടിച്ച വാഹനമാണ് ഇവരെ ഏല്‍പിക്കുക. അനുഭവസമ്പത്തില്ലാത്ത ഇവര്‍ പോലീസ് വാഹനം പിന്തുടരുന്നത് കാണുമ്പോള്‍ തങ്ങളുടെ വാഹനം ഉപേക്ഷിച്ച് ഓടിക്കളയുകയോ വാഹനം കാടുകളിലൂടെ ഓടിക്കുകയോ ചെയ്യും. ഇങ്ങനെയാണ് കൂടുതലും അപകടം ഉണ്ടാകുന്നത്. പലപ്പോഴും വാഹനം ഓടിച്ചിരുന്നയാള്‍ കൊല്ലപ്പെടുന്നു. ലോര്‍ഫിംഗ് തുടര്‍ന്നു.

18 നിയമവിരുദ്ധ കുടിയേറ്റക്കാരെയും കയറ്റി വന്ന പുഗ മൊറീനോ കോര്‍പ്പസ് ക്രിസ്റ്റിക്കടുത്ത് പോലീസിന് കീഴടങ്ങിയില്ല. യാത്രക്കാരുടെ മുറവിളി അവഗണിച്ച് ഇയാള്‍ വേഗതകൂട്ടി ഓടിച്ച് തന്റെ എസ് യുവി ചവറ്റുകൂനയിലും ഡ്രെയിനേജ് ഡിച്ചിലും കയറ്റി ഇറക്കി. യാത്രക്കാരില്‍ പലര്‍ക്കും ഗുരുതരമായ പരിക്ക് ഉണ്ടായി. ഇപ്പോള്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നു.
പ്രസിഡന്റ് ട്രമ്പിന്റെ വാക്‌ധോരണിയില്‍ അനധികൃത കുടിയേറ്റക്കാര്‍ വിശ്വസിച്ച് യു.എസി.ലേയ്ക്ക് കടന്നു കയറുവാന്‍ മടിച്ചുനിന്നു. പ്രസിഡന്റ് ബൈഡന്റെ ഏവരെയും സ്വാഗതം ചെയ്യുന്ന പ്രഖ്യാപനം കുടിയേറ്റക്കാര്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കാം. അവരില്‍ വീണ്ടും പ്രതീക്ഷകള്‍ ചിറക് വിരിച്ച് യു.എസിലേയ്ക്ക് പറക്കുകയാവാം.

മനുഷ്യകടത്ത് അപകടങ്ങളില്‍ ഇരകളാവുന്നവരില്‍ വാഹനം ഓടിക്കുന്നവരും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക