Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ് Published on 26 July, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-തിങ്കളാഴ്ച (ജോബിന്‍സ്)
ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനമായി തിരിച്ചെത്തിയ മീരാബായി ചാനുന് ഉജ്ജ്വല വരവേല്‍പ്പ്. മീരാബായിയെ മണിപ്പൂര്‍ എഎസ്പി പദവി നല്‍കി ആദരിക്കുമെന്ന് അറിയിച്ചു. മണിക്കൂര്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
**********
ടോക്കിയോ ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെളളിമെഡല്‍ നേടിയ മീരാബായി ചാനുവിന്റെ വെള്ളിമെഡല്‍ സ്വര്‍ണ്ണ മെഡല്‍ ആയി മാറാന്‍ സാധ്യത. സ്വര്‍ണ്ണം നേടിയ ചൈനയുടെ  താരം ഹൗ ഷിഹോയ്ക്ക് വീണ്ടും ഉത്തേജക മരുന്ന് പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതോടെയാണ് ഇന്ത്യക്ക് പ്രതീക്ഷയേറിയത്. ആദ്യ പരിശോധനയ്ക്ക് ശേഷം ചൈനീസ് താരത്തോട് ടോക്കിയോയില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 
**************************
കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തിന്റെ ആഘോഷവേദിയിലായിരുന്നു രാജി പ്രഖ്യാപനം. വികാരാധീനനായായിരുന്നു യെദ്യൂരപ്പയുടെ പ്രസംഗം. പ്രസംഗത്തിനിടെ യെദ്യൂരപ്പ വിതുമ്പി കരഞ്ഞു. സര്‍ക്കാരിനെതിരെ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കര്‍ണ്ണാടക ബിജെപിയിലെ യെദ്യൂരപ്പയുഗം അവസാനിപ്പിക്കാന്‍ വിമത നേതാക്കള്‍ നടത്തിയ ശ്രമത്തിന് ബിജെപി ദേശീയ നേതൃത്വത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് യെദ്യൂരപ്പ രാജിവച്ചത്. 
*********************************
കേരളത്തിലെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ്. ഇന്ന് 11,586 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10.59 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 109382 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 135 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
*****************************************
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തനപുരം അടക്കം പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു. ചില ജില്ലകളില്‍ കോവാക്‌സിന്‍ ലഭ്യമാണെങ്കിലും കോവിഷീല്‍ഡ് വാക്‌സിന്‍ ലഭ്യമല്ല. അടുത്തമാസം കേരളത്തിന് 60,00,000 ഡോസ് വാക്‌സിന്‍ ആവശ്യമായി വരുമെന്നും കേന്ദ്രത്തോട് നിരന്തരം വാക്‌സിന്‍ ആവശ്യപ്പെടുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 45 വയസ്സിന് മുകളിലുള്ളവരില്‍ 76 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 35 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളും ഇതിനകം നല്‍കിയതായും കേരളത്തിലെ വാക്‌സിനേഷന്‍ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും മന്ത്രി പറഞ്ഞു. 
***********************************
കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കൊടകരയിലെ കള്ളപ്പണമിടപാടില്‍ ബിജെപി പ്രവര്‍ത്തകന്‍ ധര്‍മ്മരാജനാണ് മുഖ്യപ്രതിയെന്നും ഇദ്ദേഹവും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായി നല്ല അടുപ്പമാണുള്ളതെന്നും പണം വന്നതെന്തിനാണെന്ന് സുരേന്ദ്രനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സൂത്രധാരന്‍ സാക്ഷിയാകുന്ന സൂത്രം മാത്രമേ പോലീസിന് അറിയുള്ളുവെന്നും ഇത് ഇങ്ങനെയെ അവസാനിക്കൂ എന്ന് അറിയാമായിരുന്നുവെന്നും റോജി എം ജോണ്‍ അടിയന്തര പ്രമേയത്തില്‍ ആരോപിച്ചു.
************************************
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, കല്‍ക്കട്ട ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരടങ്ങിയ കമ്മീഷനെ ഇതിനായി നിയോഗിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജിയുടെ പേരും ചോര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
*********************************
അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയേയും കുഞ്ഞിനേയും തിരികെയെത്തിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. നിമിഷയുടെ അമ്മ ബിന്ദുവാണ് ഈ ആവശ്യം ഉന്നയിച്ച്  കോടതിയെ സമീപിച്ചത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. ഇവരെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക