Image

ഇന്ത്യയിൽ നിന്നുള്ള  യാത്രാവിലക്ക് പിൻവലിക്കാനാകില്ലെന്ന് യു എസ് 

Published on 26 July, 2021
ഇന്ത്യയിൽ നിന്നുള്ള  യാത്രാവിലക്ക് പിൻവലിക്കാനാകില്ലെന്ന് യു എസ് 

കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റു രാജ്യക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്രാവിലക്ക്  ഉടൻ പിൻവലിക്കാൻ സാധിക്കില്ലെന്ന് വൈറ്റ് ഹൗസ് അധികൃതർ തിങ്കളാഴ്‌ച  വ്യക്തമാക്കി. ഉഗ്രവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം പടരുന്ന സാഹചര്യത്തിൽ വിലക്ക് നീക്കുന്നത് പ്രശ്നം സങ്കീർണമാക്കുമെന്നതാണ്  തീരുമാനത്തിന് കാരണം. 
യു എസ് പൗരന്മാർക്ക് ഒഴികെ യു കെ, ചൈന, ഇന്ത്യ എന്നീ  രാജ്യങ്ങളിൽ നിന്ന് അമേരിക്കയിൽ പ്രവേശിക്കുന്നതിനാണ് യാത്രാവിലക്ക് ബാധകമാവുക. 
വാക്സിൻ സ്വീകരിക്കാത്ത അമേരിക്കക്കാർക്ക്  ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.
ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക,ഇറാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ 14 ദിവസങ്ങൾ മുൻപ് യാത്രചെയ്തവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തും.
കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ ചൈനയിൽ നിന്നുള്ള യാത്രികർക്ക് മാത്രമായിരുന്നു വിലക്ക്. മറ്റു രാജ്യങ്ങളിലേക്കും രോഗം വ്യാപിച്ചതോടെ, അവയും പട്ടികയിൽ ഇടം നേടി. 
യു എസ് എയർലൈൻസ് മാസങ്ങളായി വൈറ്റ് ഹൗസിനോട് യാത്രാവിലക്ക് പിൻവലിക്കാൻ അഭ്യർത്ഥിച്ചുവരികയാണ്. രാജ്യത്തിന്റെ സുരക്ഷയെ കരുതിയാണ് വിലക്ക് ദീർഘിപ്പിക്കുന്നത്.
അന്താരാഷ്‌ട്ര യാത്രകളുടെ പ്രാധാന്യം ഭരണകൂടം മനസ്സിലാക്കുന്നുണ്ടെന്നും, എന്നാൽ  സുരക്ഷിതമായ അവസ്ഥയിലേക്ക് രാജ്യത്തെ സ്ഥിതിഗതികൾ മാറിയ ശേഷമേ വിലക്ക് നീക്കാനാകൂ എന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

അമേരിക്ക ശരിയായ ദിശയിലല്ല പോകുന്നതെന്ന് ഫൗച്ചി  

വാക്സിൻ സ്വീകരിക്കാത്ത ആളുകൾക്കിടയിൽ കോവിഡ് കേസുകൾ ഉയരുന്നതുകൊണ്ടുതന്നെ രാജ്യം ശരിയായ ദിശയിലൂടെയല്ല സഞ്ചരിക്കുന്നതെന്ന് ഡോ. ആന്റോണി ഫൗച്ചി അഭിപ്രായപ്പെട്ടു. അമേരിക്ക ഇതുവരെ നേരിട്ട സാഹചര്യങ്ങളിൽ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ പോകുന്നതെന്ന് കരുതേണ്ടതില്ലെങ്കിൽ കൂടി, ശരിയായ രീതിയിലല്ല രാജ്യത്തെ ആരോഗ്യരംഗത്തെ  നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം തീവ്രമാകുന്നത് തടുക്കാനും വ്യാപനം കുറയ്ക്കാനും ഫലപ്രദമായ ആയുധമാണ് വാക്സിൻ എന്ന് അറിഞ്ഞിരുന്നിട്ടും, അവ എല്ലാ പൗരന്മാരിലേക്കും ദ്രുതഗതിയിൽ എത്താത്തതിനെ ഫൗച്ചി വിമർശിച്ചു.
രാജ്യത്ത്  പൂർണമായും വാക്സിൻ നേടിയത് 50 ശതമാനം ആളുകൾ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡെൽറ്റ വകഭേദം പോലെ ഉഗ്രവ്യാപനശേഷിയുള്ള വൈറസ് പടരുന്ന സാഹചര്യത്തിൽ, ഈ നില തുടരുന്നത് ഭീഷണിയാകുമെന്നും ഫൗച്ചി വിശദീകരിച്ചു.
മുൻപ് പ്രവചിച്ചിരുന്ന മോഡലിലേത് പോലെ കോവിഡ് കേസുകൾ കുറച്ചുകൊണ്ടുവരാൻ സാധിക്കണമെങ്കിൽ എത്രയും വേഗം ആളുകളെ വാക്സിനേറ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
പുതിയ കോവിഡ് കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി നിരക്കിൽ 53  ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സിഡിസി വ്യാഴാഴ്‌ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 
നിലവിൽ അമേരിക്കയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ  തേടുന്നവരിൽ 97 ശതമാനവും മരണപ്പെടുന്നതിൽ 99.5 ശതമാനവും, വാക്സിൻ സ്വീകരിക്കാത്തവരാണ്. അതുകൊണ്ടുതന്നെ, ജനങ്ങൾ എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചുകൊണ്ട് സുരക്ഷ ഉറപ്പാക്കണമെന്നും ഫൗച്ചി അഭ്യർത്ഥിച്ചു.

വാക്സിന്റെ ഫലപ്രാപ്തിയെ സമൂഹമാധ്യമങ്ങളിലൂടെ കളിയാക്കിയ കാലിഫോർണിയ നിവാസി കോവിഡ്  ബാധിച്ച് മരിച്ചു  

കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ സമൂഹമാധ്യമങ്ങളിലൂടെ കളിയാക്കിയ കാലിഫോർണിയ നിവാസി  സ്റ്റീഫൻ ഹർമൻ(34) കോവിഡിന് കീഴടങ്ങി.  ലോസ് ആഞ്ചലസിനടുത്തുള്ള കൊറോണ റീജിയണൽ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ചയാണ് ഇയാൾ മരണപ്പെട്ടത്. ആശുപത്രിയിൽ ചികിത്സ തേടുന്നതിന് മുൻപ് നിരവധി തവണ കോവിഡ് വാക്സിനെ കളിയാക്കിക്കൊണ്ട് ട്വിറ്ററിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും ഇയാൾ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.  വീടുവീടാന്തരം എത്തി ഓരോ പൗരനെയും വാക്സിനേറ്റ് ചെയ്യുമെന്നുള്ള ബൈഡൻ ഭരണകൂടത്തിന്റെ ആഹ്വാനത്തെ വിമർശിച്ചും  പോസ്റ്റ് പങ്കുവച്ചിരുന്നു.
ന്യുമോണിയയ്ക്കുള്ള ചികിത്സയ്‌ക്കിടെയാണ് ഹർമന്റെ ഓക്സിജൻ ലെവൽ താഴുകയും നില വഷളാവുകയും ചെയ്തത്.മരണത്തിന് മൂന്ന് ദിവസം മുൻപ് , വെന്റിലേറ്ററിലേക്ക് തന്നെ മാറ്റുകയാണെന്നും ഏവരും പ്രാർത്ഥിക്കണമെന്നും ഫോട്ടോ സഹിതം ഇയാൾ പോസ്റ്റ് ഇട്ടിരുന്നു. 
വാക്സിൻ കൊണ്ട് കാര്യമില്ലെന്നും പ്രാർത്ഥന മതിയെന്നും പറയുന്ന വലിയൊരു വിഭാഗം ഇനിയും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തത് ഭീഷണിയായിരിക്കുകയാണ്. വാക്സിൻ സ്വീകരിച്ചിരുന്നെങ്കിൽ, അപകടനില  ഒഴിവാക്കാമായിരുന്ന ഹർമന്റേതുൾപ്പെടെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ച് ആരോഗ്യ അധികൃതർ എത്രയും വേഗം എല്ലാവരും സുരക്ഷ ഉറപ്പാക്കുന്നതിന് കുത്തിവയ്‌പ്പെടുക്കാൻ താക്കീത് നല്കിക്കൊണ്ടിരിക്കുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക