ഭാഷയുടെ അതിരുകള്‍ ഭേദിച്ച കാവ്യ സപര്യ: അബ്ദുള്‍ പുന്നയൂര്‍ക്കുളം- ഇംഗ്ലീഷ് കവിത

Published on 02 March, 2020
ഭാഷയുടെ അതിരുകള്‍ ഭേദിച്ച കാവ്യ സപര്യ: അബ്ദുള്‍ പുന്നയൂര്‍ക്കുളം- ഇംഗ്ലീഷ് കവിത
അബ്ദുള്‍ പുന്നയൂര്‍ക്കുളം/ലഘു വിവരണം

ജനനം തൃശൂര്‍ ജില്ല, പുന്നയൂര്‍ക്കുളം. 1980 മുതല്‍ അമേരിക്കയില്‍. ബിരുദവും ബിരുദാനന്തര ബിരുദവും ഡിട്രോയിറ്റിലെ Marygrove College (BSW), Wayne State University (MSW). സോഷ്യല്‍ വര്‍ക്കര്‍. 2015ല്‍ റിട്ടയര്‍ ചെയ്തു.

2018, 2020 ലെ E-Malayalee പുരസ്‌കാരങ്ങള്‍ അടക്കം മറ്റു Literary Award ഉം അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

പുസ്തകങ്ങള്‍: മീന്‍കാരന്‍ ബാപ്പ, സ്നേഹസൂചി (കവിതാസമാഹാരം), Bouquet of Emotions (ഇംഗ്ലീഷ് കവിതാസമാഹാരം). എളാപ്പ: (കഥാസമാഹാരം)

ഭാര്യ, റഹ്മത്ത്. മക്കള്‍: മന്‍സൂര്‍, മുര്‍ഷിദ്, മൊയ്തീന്‍.

abdulpunnayurkulam65@gmail.com


ഇ മലയാളി പുരസ്‌കാര ജേതാവിന്റെ മറുപടി

1) അവാര്‍ഡ് ജേതാവിനു അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ വികാരം.

1. ഇ മലയാളി പുരസ്‌കാരം ലഭിച്ചേക്കുമെന്ന് സംശയിച്ചിരുന്നു. അവാര്‍ഡ് ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ കുറച്ചുകൂടെ തന്നെ അമേരിക്കന്‍ മാധ്യമം അംഗീകരിക്കുന്നുവെന്നും കുറച്ചുകൂടെ അഭിമാനിക്കാമെന്നും സ്വയം പറയാമെന്ന് തോന്നി.

2. ഇ-മലയാളി പതിവായി വായിക്കുന്നുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ.

2. അമേരിക്കയില്‍ ഉളളപ്പോള്‍ ഒരുദിവസം മൂന്നും നാലും തവണ ഇ മലയാളി നോക്കും, പലതും വായിക്കും. ഇ മലയാളിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വാര്‍ത്തയൊഴികെ, കഥ, കവിത, ലേഖനം, നീണ്ടകഥ തുടങ്ങിയ ഓരോ രചനകള്‍ക്കും പ്രത്യേക പംക്തി തയ്യാറാക്കുക. ആ ഭാഗത്ത് രചയിതാവിന്റെ പേരോ, രചനയുടെ പേരോ ടൈപ് ചെയ്താല്‍ അത് പെട്ടെന്നു പൊന്തിവരാന്‍ സാധിക്കും വിധം സംവിധാനം ഒരുക്കിയാല്‍ രചയിതാവിനും വായനക്കാര്‍ക്കും അത് എളുപ്പം വീണ്ടെടുക്കാനാകും. അല്പം അരോചകമായി തോന്നിയത് ചില ശ്രീമതികളുടെ ഫോട്ടൊ ദിവസങ്ങളോളം ഫ്ളാഷ് ചെയ്തു കൊണ്ടിരിക്കും. അതേസമയം, ശ്രീമാന്മാരുടെ ഫോട്ടൊ കഷ്ടിച്ചേ എടുത്തു കാട്ടുന്നുളളു.

3. അമേരിക്കന്‍ മലയാളസാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു. നിങ്ങളുടെ രചനകള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെ എങ്ങനെ സഹായിക്കും.

3. അമേരിക്കന്‍ മലയാള സാഹിത്യം ആരോഗ്യത്തോടെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. അതിനിയും വളര്‍ത്തണം. അത് അക്ഷര സ്നേഹികളായ ഓരോ അമേരിക്കന്‍ മലയാളിയുടെ ആവശ്യമായി കരുതുന്നു. എന്റെ ചില തീക്ഷ്ണ യാഥാര്‍ഥ്യങ്ങളുളള സൃഷ്ടികള്‍, അമേരിക്കന്‍ മലയാള സാഹിത്യത്തിനു ഒരു ലഘുവിഭവമാകട്ടെ എന്നാഗ്രഹിക്കുന്നു.

4. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ? ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ വിശ്വസിക്കുന്നോ? ഇ-മലയാളിയുടെ താളുകള്‍ അതിനു നിങ്ങള്‍ക്ക് സഹായകമായോ? അറിയപ്പെടുന്ന ഒരെഴുത്തുകാരന്‍ എന്നതാണോ നിങ്ങളുടെ സ്വപ്നം? എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു?

4. ഒരു എഴുത്തുകാരനാവുക എന്നത് എന്റെ ബാല്യകാല സ്വപ്നം അല്ലായിരുന്നുവെങ്കിലും, ഇരുപതിന്റെ മധ്യത്തോടെ എഴുത്തുകാരനാവണമെന്ന മോഹത്തിനു ശക്തി കൂടിവന്നു. ആ സ്വപ്നം ഇപ്പോള്‍ ഭാഗീകമായി സാക്ഷാത്കരിക്കപ്പെട്ടുവെന്നു തോന്നുന്നു. തീര്‍ച്ചയായും ഇ മലയാളിയുടെ താളുകള്‍ അതിനു പ്രചോദനം നല്‍കി വരുന്നു. നിശ്ചയമായും ഒരു അറിയപ്പെടുന്ന എഴുത്തുകാരനാവുക എന്നതു തന്നെയാണ് എന്റെയും സ്വപ്നം. ചിലത് പറയാനുണ്ടെന്ന തോന്നല്‍ നിരന്തരം മനസ്സില്‍ മഥിക്കുന്നത് കൊണ്ട് എഴുതുന്നു.

5. എഴുത്തുകാര്‍ക്ക് അവാര്‍ഡ്/അംഗീകാരം കൊടുക്കുന്നതിനെ അമേരിക്കന്‍ മലയാളികള്‍ എതിര്‍ക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്നുണ്ടല്ലോ? അതേക്കുറിച്ച് എന്ത് പറയുന്നു? പ്രസ്തുത മനോഭാവമുള്ള ഒരു സമൂഹത്തില്‍ ഇത്തരം അംഗീകാരങ്ങള്‍ നിരസിക്കണമെന്നു തോന്നിയിട്ടുണ്ടോ?

5. അപൂര്‍വ്വം ചില അരസികര്‍ അംഗീകാരം എതിര്‍ക്കുന്നത്, കുറുക്കന്‍ മുന്തിരിക്കു ചാടി കിട്ടാത്തതുപോലെയാണ്്. അത്തരം വിരസ മനോഭാവമുളളവര്‍ ഇപ്പോഴും അമേരിക്കയില്‍ ഉണ്ടോ എന്നുതന്നെ സംശയിക്കുന്നു. ഇനി അത്തരം അരോചകര്‍ സമൂഹത്തില്‍ ഉണ്ടെങ്കില്‍ തന്നെ അംഗീകാരങ്ങള്‍ ഒരിക്കലും നിരസിക്കണമെന്ന് തോന്നിയിട്ടില്ല.

6. ഒരെഴുത്തുകാരന്‍/കാരിയാകണമെന്ന് സ്വയം തോന്നിയതെപ്പോള്‍? ആദ്യത്തെ രചന എപ്പോള്‍ നടത്തി, എവിടെ പ്രസിദ്ധീകരിച്ചു ?

6. ഒരെഴുത്തുകാരനാവണമെന്ന് തോന്നിയത് ഇരുപതിന്റെ മധ്യത്തോടെയാണ്. ആദ്യത്തെ സഞ്ചാരസാഹിത്യം 80 കളില്‍ കൊല്ലത്ത് നിന്ന് വരുന്ന കേരളശബ്ദത്തില്‍ പ്രസിദ്ധീകരിച്ചു.

7. നിങ്ങള്‍ക്കിഷ്ടമുള്ള സാഹിത്യ കൃതി? ഏതു എഴുത്തുകാരന്‍? നിങ്ങളുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാളസാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പുരോഗതി എവിടെ എത്തിനില്‍ക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ആരുടെ രചനയൊക്കെ നിങ്ങള്‍ വായിച്ചിട്ടുണ്ട്. അവയില്‍ നിങ്ങള്‍ക്കിഷ്ടമായവ. ഒരു ദിവസത്തെ ആയുസ്സില്‍ അവയെല്ലാം വിസ്മരിക്കപ്പെട്ടുപോകാതെ എങ്ങനെ അവയെ അമേരിക്കന്‍ മലയാള സാഹിത്യ ഭണ്ടാരത്തില്‍ സൂക്ഷിക്കാം.

7. ഇഷ്ടമുളള സാഹിത്യകൃതിയേയും എഴുത്തുകാരനേയും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യം എന്നൊന്നില്ല. അമേരിക്കന്‍ മലയാളസാഹിത്യം എന്നൊന്ന് ഉണ്ടാവാനും പാടില്ല. കാരണം ലോകത്തിന്റെ ഏത് മൂലയിലിരുന്ന് ധ്യാനനിരതമായി എഴുതിയാലും ശ്രേഷ്ഠ സാഹിത്യം കൈവരും. പല അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ വായിച്ചതില്‍ സുധിര്‍ പണിക്കവീട്ടിലിന്റെയും സാം നിലമ്പളളിയുടെയും പേരുകള്‍ സ്മരണകളില്‍ തങ്ങി നില്ക്കുന്നു.

8. നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരന്‍. എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളില്‍ ഉണ്ടായി. ഇപ്പോള്‍ ആ സ്വാധീനത്തില്‍ നിന്നും മുക്തനായി സ്വതന്ത്രമായി ഒരു ശൈലി രൂപപ്പെടുത്തിയെടുത്തുവെന്ന് കരുതുന്നുണ്ടോ.

8. ഒരു പ്രത്യേക എഴുത്തുകാരന്‍ എന്നെ സ്വാധീനിച്ചതായി ഓര്‍മ്മയിലില്ല. എങ്കിലും സ്വതന്ത്രമായ ഒരു ശൈലിയുണ്ടെന്ന് കരുതുന്നു.

9. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടോ? അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.

9 എന്റെ രചനകളെക്കുറിച്ച് വായനക്കാര്‍ പ്രതികുല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഇനിയും പലതും ശ്രദ്ധക്കേണ്ടതുണ്ടെന്ന് തോന്നും. അനുകൂല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതെങ്ങനെ എഴുതി എന്ന് വിചാരിക്കും.

10. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ എഴുതണം. എങ്കില്‍ മാത്രമേ സാഹിത്യത്തില്‍ ഒരു സ്ഥാനം ലഭിക്കുവെന്ന ചില എഴുത്തുകാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളോട് യോജിക്കുന്നോ .

10, അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയാല്‍ മാത്രമേ സാഹിത്യത്തില്‍ ഒരു സ്ഥാനം ലഭിക്കുന്നുവെന്ന അഭിപ്രായത്തോട് യോജിപ്പില്ല. നാട്ടില്‍ ഒരു രചന പ്രസിദ്ധീകരിച്ചു എന്നുവെച്ച് ആ സൃഷ്ടി ഉന്നതമെന്നോ, സൃഷ്ടികര്‍ത്താക്കള്‍ ഉന്നതരെന്നോ പറയാന്‍ കഴിയില്ല; കാരണം സൃഷ്ടിയാണ് പ്രധാനം.

11. ഇതുവരെ എത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അല്ലെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ പൂര്‍ണ്ണസമയ എഴുത്തുകാരനോ/എഴുത്തുകാരിയോ അതോ സമയമുള്ളപ്പോള്‍ കുത്തിക്കുറിക്കുന്നയാളോ? എഴുത്തിനെ ഗൗരവമായി കാണുന്നുണ്ടോ? അതോ ജോലിത്തിരക്കില്‍ നിന്നും വീണുകിട്ടുന്ന സമയം സാഹിത്യത്തിനുപയോഗിക്കാമെന്ന ചിന്തയാണോ?

11. ഇതുവരെ നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. രണ്ടെണ്ണം മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും. ഇപ്പോള്‍ അമേരിക്കന്‍ ജീവിതം അടിസ്ഥാനമാക്കി എഴുതുന്ന ഒരു നോവലിന്റെ അവസാന മിനുക്ക് പണയിലാണ്. ഇപ്പോള്‍ പൂര്‍ണ്ണസമയം എഴുത്തിനുവേണ്ടി വിനിയോഗിക്കുന്നു. എഴുത്തിനെ കാര്യമായി കാണുന്നു.

12. പ്രതിദിനം അമേരിക്കന്‍ മലയാളികളില്‍ പുതിയ പുതിയ എഴുത്തുകാര്‍ ചിലരൊക്കെ അറുപതും എഴുപതും കടന്നവര്‍ പ്രത്യക്ഷപ്പെടുന്നു. അവരൊക്കെ ശരിക്കും സര്‍ഗ്ഗപ്രതിഭയുള്ളവരായിരിക്കുമോ? അത്തരക്കാരുടെ കടന്നാക്രമണം സാഹിത്യത്തെ ദുഷിപ്പിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും.

12. അമേരിക്കന്‍ മലയാളികളില്‍ അറുപതും എഴുപതും കഴിഞ്ഞ പുതിയ പുതിയ എഴുത്തുകാര്‍ വരുന്നത് ശ്ലാഘനീയമായി കരുതുന്നു. അവര്‍ വരുന്നതിന് കടന്നാക്രമണം എന്നോ, സാഹിത്യത്തെ ദുഷിപ്പിക്കുന്നു എന്നോ പറയുന്നത് എന്തിനെന്ന് ഒരിക്കലും മനസ്സിലാകുന്നില്ല! വെറും സര്‍ഗ്ഗവാസന യുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല; അധ്വാനിക്കാതെ. പ്രായമേറുന്നതോടെ പരിചയവും പക്വതയും വര്‍ദ്ധിക്കും, അതെഴുത്ത് സമ്പുഷ്ടമാക്കാനും അനുഭവത്തിന്റെ വെളിച്ചത്തിലുടെ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കാനും സഹായിച്ചേക്കാം.

13. നിങ്ങള്‍ ഒരു നല്ല വായനക്കാരനാണോ? ഒന്നില്‍ കൂടുതല്‍ പ്രാവശ്യം നിങ്ങള്‍ വായിച്ച കൃതിയേത്? ഒരു പുസ്തകത്തെപ്പറ്റി ഒരു നിരൂപകനും ഒരു കൂട്ടം വായനക്കാരും പറയുന്ന അഭിപ്രായം നിങ്ങളെ സ്വാധീനിക്കാറുണ്ടോ? അതോ നിങ്ങള്‍ നിങ്ങളുടേതായ അഭിപ്രായം രൂപീകരിക്കാറുണ്ടോ?

13, ഒരു നല്ല വായനക്കാരനാകാന്‍ ശ്രമിക്കുന്നു. ചങ്ങമ്പുഴയുടെ കാവ്യപുസ്തങ്ങള്‍ മുമ്പൊക്കെ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം വായിച്ചിട്ടുണ്ട്. പുസ്തത്തെപ്പറ്റി നിരൂപകനും ഒരു കൂട്ടം വായനക്കാരും പറയുന്ന അഭിപ്രായം സ്വാധീനിക്കാറുണ്ട്.

14. അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍, അനുമോദനങ്ങള്‍ ഇവ നേടിയവരെ മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നു. അതവര്‍ അര്‍ഹിക്കുന്നില്ല. അര്‍ഹിക്കുന്നവര്‍ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാര്‍ഡ്.

14 അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍, അനുമോദനങ്ങള്‍ നേടിയവരില്‍ വിരളം പേര്‍ അതിനു അര്‍ഹിക്കുന്നില്ല എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്.

15. ഇവിടത്തെ വെള്ളക്കാരുടെയും, കറുത്തവരുടെയും, സ്പാനിഷ്‌കാരുടെയും ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയെന്ന ഒരു ധാരണ മലയാളികള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അതേക്കുറിച്ച് പൊടിപ്പും, തൊങ്ങലും, വച്ച് എഴുതുന്നതാണോ അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതുന്ന കഥകള്‍. സംസ്‌കാരസംഘര്‍ഷമനുഭവിക്കുന്ന പുതിയ തലമുറയുടെ ധര്‍മ്മസങ്കടങ്ങള്‍ ഒരു എഴുത്തുകാരനോ അല്ലെങ്കില്‍ ഒരു ചിത്രകാരനോ അവരുടെ ഭാവനയില്‍ പകര്‍ത്താന്‍ മാത്രമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

15. ഇവിടത്തെ വെളളക്കാരുടെയും കറുത്തവരുടെയും സ്പാനിഷ്‌കാരുടെയും ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയെന്ന് വച്ചുപുലര്‍ത്തുന്നതില്‍ യോജിക്കുന്നില്ല. അത് അതാത് രാജ്യത്തെ ആചാരരീതി ആശ്രയിച്ചിരിക്കും. അത് പൊടിപ്പും തൊങ്ങലും വച്ച് എഴുതുന്നതിനേക്കാള്‍ അഭികാമ്യമായി തോന്നുന്നത് സംസ്‌കാര സംഘര്‍ഷഭവിക്കുന്ന പുതിയ തലമുറയുടെ ധര്‍മ്മസങ്കടങ്ങള്‍ എഴുത്തുകാരന്‍ ഭാവനയുടെയോ, അനുഭവത്തിന്റെയോ പരിവേഷം ചാര്‍ത്തി പകര്‍ത്തുന്നതിലാണ്. അത്തരം ഒരു കൃതിയാണ് എന്റെ നോവല്‍.

16. നിങ്ങള്‍ ആദ്യമെഴുതിയ രചന ഏതു, എപ്പോള്‍?. അതേക്കുറിച്ച് ചുരുക്കമായി പറയുക. ഒരു എഴുത്തുകാരനാകാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക.

16. ആദ്യമെഴുതിയത് '80കളില്‍ 27, 28ന്റെ അടുക്കെ പ്രായമുളളപ്പോള്‍ കേരളശബ്ദത്തില്‍ പ്രസിദ്ധീകരിച്ച സഞ്ചാരസാഹിത്യമാണ്. '70ന്റെ അന്ത്യത്തില്‍ ജോലി പരമായും അല്ലാതെയും പല ലോകരാഷ്ട്രങ്ങള്‍ സഞ്ചരിച്ചു. അന്ന് അബുദാബിയിലായിരുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ സഞ്ചാരസാഹിത്യം ഒരു വിജയമായിരുന്നില്ലെങ്കിലും, അന്നെനിക്ക് കിട്ടിയ പ്രസിദ്ധി അപാരമായിരുന്നു. അന്ന് കേരളശബ്ദത്തിനു ആഴ്ചയില്‍ ഒരു ലക്ഷം കോപ്പി ചെലവായിരുന്നു.

17. ഒരു എഴുത്തുകാരന്റെ വളര്‍ച്ചക്ക് അവന്റെ കുടുംബവും സമൂഹവും കൂട്ടുനില്‍ക്കണമെന്നു പറയാറുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ നിര്‍ദ്ദയം പുഛിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹം എഴുത്തുകാര്‍ക്ക് ദ്രോഹം ചെയ്യുന്നുവെന്ന് ചിന്തിക്കുന്നുണ്ടോ?

17. എഴുത്തുകാരുടെ വളര്‍ച്ചയ്ക്ക് അവരുടെ കുടുംബവും സമൂഹവും കൂട്ടുനില്ക്കണം. അമേരിക്കന്‍ മലയാളി എഴുത്തുകാരെ നിര്‍ദ്ദയം പുച്ഛിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹം എഴുത്തുകാര്‍ക്ക് ദ്രോഹം ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു.

18. എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു.

18, എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കന്നതില്‍ അഭിപ്രായമില്ലെങ്കിലും, ഒരു രചന ഒരു മാധ്യമത്തില്‍ കൊടുത്തശേഷം മറ്റു മാധ്യമത്തില്‍ കൊടുക്കുമ്പോള്‍ പറയും ഇത് മറ്റൊന്നില്‍ വന്നതാണല്ലോ എന്ന്? രചന സൃഷ്ടിക്കുന്ന ക്ലേശകരമായ അവസ്ഥ വച്ചുനോക്കുമ്പോള്‍ അതൊരു catch 22 സ്ഥിതിയിലാണ്.

19. അംഗീകാരങ്ങള്‍/ വിമര്‍ശനങ്ങള്‍/നിരൂപണങ്ങള്‍/ പരാതികള്‍/ അഭിനന്ദനങ്ങള്‍ ഇവയില്‍ ഏതാണു നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു എഴുത്തുകാരന് പ്രോത്സാഹനമാകുക. എന്തുകൊണ്ട്?

19. പരാതിയേക്കാളും വിമര്‍ശനങ്ങളേക്കാളും നിരൂപണ (Constructive criticism) ങ്ങളാണ് എഴുത്തുകാരനു പ്രചോദനം നല്‍കുക.

20. അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ കഥകള്‍ എഴുതണം. അവര്‍ വിട്ടിട്ട് പോന്ന നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വമല്ല എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ?

20. അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ കഥകള്‍ എഴുതണം എന്നതില്‍ യോജിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എന്റെ നോവല്‍ അമേരിക്കന്‍ പശ്ചാതലത്തില്‍ എഴുതുന്നത്. 

see also
ഭാഷയുടെ അതിരുകള്‍ ഭേദിച്ച കാവ്യ സപര്യ: അബ്ദുള്‍ പുന്നയൂര്‍ക്കുളം- ഇംഗ്ലീഷ് കവിത
Rafeeq Tharayil 2021-08-30 18:54:12
excellent sir, thank you for all your writing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക