Image

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

Published on 28 July, 2021
 ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)
"ഇതൊന്ന് നോക്കിയേ ഔസേപ്പച്ചാ."
 
ഒരു കേസുകെട്ട് പോലെ പിന്നിൽ മടക്കിപിടിച്ചിരുന്ന കടലാസ് നിവർത്തി നീട്ടി സാറാ പറഞ്ഞു.
 
അയാൾ ഒന്നും മിണ്ടിയില്ല.
 
"അല്ലെങ്കിൽ ഞാൻ തന്നെ വായിച്ചു കേൾപ്പിക്കാം" അവൾ വായിച്ചു തുടങ്ങി.
 
"ബഹുമാനപ്പെട്ട സാർ,
 
അങ്ങയുടെ സ്റ്റനോ ആയിരുന്ന ഔസേപ്പച്ചൻ്റെ ഭാര്യയാണ് ഞാൻ. ഇങ്ങനെ ഒരു കത്തെഴുതാൻ ഈ ഒരു ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു.
 
മുൻപു എഴുതിയിരുന്നെങ്കിൽ നിയമത്തിനു മുന്നിൽ അത് കുറ്റമാകുമായിരുന്നല്ലോ. അങ്ങ് ഇന്നലെ റിട്ടയർ ചെയ്ത വാർത്ത ഇന്ന് പത്രത്തിൽ വായിച്ചു.
 
ഇപ്പൊൾ അങ്ങു ഔദ്യോഗികമായ ദൈവമല്ല. നമ്മൾ ഒരേപോലെ മനുഷ്യരാണ്. എന്റെ ഭർത്താവിന് അങ്ങു എന്നും ദൈവതുല്യനായിരുന്നു. പക്ഷെ, എനിക്ക്.
 
എനിക്ക് പറയാനുള്ളത് അങ്ങ് കേൾക്കണം
 
സാറ ഒന്നു കൂടി നിറുത്തി. കടലാസ്സിൽ നിന്നും മുഖമുയർത്താതെ തന്നെ അവൾ ഔസെപ്പച്ചന്റെ പ്രതികരണത്തിന് വേണ്ടി കാത്തു. അയാൾ അപ്പോഴും മൗനത്തിൽ ആയിരുന്നു.
 
സാറ പിന്നെയും വായിച്ചു.
 
"ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാക്കിയ ന്യായാധിപൻ എന്ന ഖ്യാതിയോടെയാണ് അങ്ങു വിരമിച്ചത്. അത് നല്ല കാര്യം. എന്നാൽ അതിനു വേണ്ടി തുലച്ച് കളഞ്ഞത് എൻ്റെ ജീവിതമാണ്, എൻ്റെ ഭർത്താവിൻ്റെ ആരോഗ്യമാണ്."
 
കോടതിയിൽ സ്‌റ്റെനോഗ്രാഫറായിരുന്നു,ഔസേപ്പച്ചൻ .... വർക്ക് ഹോളിക്കായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ.
 
ഉന്നതനായ ഒരാളുടെ  പ്രൈവറ്റ്‌ സെക്രട്ടറി. അയാളും അയാളുടെ ടൈപ്പ്  റൈറ്ററും സദാ ജോലി ചെയ്തു കൊണ്ടിരുന്നു.
 
ഇഷ്ടമുള്ളവരോടൊത്തു ഭൂമിയുടെ അറ്റം വരെ നടക്കാൻ സാറ എന്നും ഇഷ്ട്ടപ്പെട്ടിരുന്നു.
 
പക്ഷെ,ഔസേപ്പച്ചന് ഒന്നിനും നേരമുണ്ടായിരുന്നില്ലല്ലോ. വീട്ടിൽ വരുമ്പോഴുള്ള സാറയുടെ 'കലപില'കളോട് അയാളുടെ ടൈപ്പിംഗ് യന്ത്രത്തിന്റെ 'കട കട' ശബ്ദം മാത്രം എപ്പോഴും എതിരിട്ടുകൊണ്ടിരുന്നു.
 
"ഞാനിവിടെ ഏകാഭിനയം നടത്തുകയാണ്. ഞാനൊരു ഊമയായിപ്പോയിരുന്നെങ്കിൽ" എന്നെല്ലാം സാറ ഇടക്കിടെ പുലമ്പികൊണ്ടിരുന്നു.
 
"എന്റെ ജോലിയുടെ സ്വഭാവം സാറക്കെന്നല്ല ആർക്കും മനസ്സിലാവില്ല"എന്ന് ഔസേപ്പച്ചൻ നിസ്സഹായനായി. ആർഭാടങ്ങൾക്കോ പൊങ്ങച്ചങ്ങൾക്കോ വേണ്ടി അല്ല സാറ കലമ്പൽ കൂട്ടിയിരുന്നത് എന്നയാൾക്കറിയാമായിരുന്നു
 
കുറച്ചു കുസൃതികളും കുഞ്ഞു കനവുകളും മാത്രം ചേർന്ന് തിരക്കില്ലാത്ത സ്വച്ഛമായ ഒരു ജീവിതം മാത്രമായിരുന്നു അവൾ കൊതിച്ചിരുന്നത്. കുഞ്ഞുകുഞ്ഞു   കനവുകളാൽ ജീവിതം ഉല്ലാസഭരിതമാക്കാൻ അവൾ കൊതിച്ചു.
 
"ഈ നശിച്ച ടൈപ്പ് റൈറ്റർ എടുത്തു ഞാൻ ദൂരെകളയും," അവൾ പലപ്പോഴും ഭീഷണി മുഴക്കാറുണ്ട്.
 
"അന്നം തരുന്ന ജോലിയെ പഴി പറയല്ലേ സാറ. ഓരോ ജോലിക്കും ഓരോ സ്വഭാവമാണ് എന്ന് മനസ്സിലാക്ക്," ഔസേപ്പച്ചൻ ആശ്വസിപ്പിക്കാൻ  ശ്രമിച്ചു.അതവൾക്കറിയാഞ്ഞിട്ടല്ല. ഭർത്താവ് കുട്ടികൾ ചെടികൾ പുസ്തകങ്ങൾ ഇവക്കെല്ലാമായി 24 മണിക്കൂർ തന്നെ സാറക്കു തികയില്ലായിരുന്നു. എത്രയൊക്കെ കലഹിച്ചിരുന്നെങ്കിലും ആ ജീവിതത്തിന്റെ അഴകൊന്നു വേറെയായിരുന്നു. അതിനൊരു താളമുണ്ടായിരുന്നു. അവയ്ക്കിടയിൽ ഔസേപ്പച്ചന്റെ മൗനത്തിന്റെ വാചാലത അവൾ അറിഞ്ഞില്ല. അതില്ലാതായപ്പോൾ ആണ് സാറക്കു വാക്കുകളില്ലാത്ത വാചാലതയുടെ മൂല്യം മനസ്സിലായത്.
 
അന്നൊരിക്കൽ പള്ളിയിലേക്കുള്ള പടവുകൾ കയറുമ്പോഴാണ് ഔസേപ്പച്ചൻ തന്റെ മൗനത്തിൽ ഒളിപ്പിച്ചു വെച്ചിരുന്ന വാക്കുകളുടെ ധാരാളിത്തം  അവൾക്ക് മുന്നിൽ തുറന്നിട്ടത്. അന്ന് പടികൾ കയറി തീരാറായപ്പോൾ ഔസേപ്പച്ചൻ ഒരു കൊച്ചുകുട്ടിയേപോൽ ആകാശം ചൂണ്ടി പറഞ്ഞു, 'ആകാശത്തിന് നിനക്കേറ്റവും ഇഷ്ട്ടപ്പെട്ട രൂപമാണിപ്പോൾ. വെണ്മേഘങ്ങൾ പടർന്നുപന്തലിച്ചു മാറിമാറിക്കളിക്കുന്ന   കണ്ണെടുക്കാൻ തോന്നാത്തത്ര കാഴ്ചകളുടെ നീലാകാശം. മരിച്ചു കഴിയുമ്പോൾ എന്റെ ആത്മാവ് അതിലൊന്നിൽ ചേക്കേറും. എന്നിട്ട് ഒരു മഴത്തുള്ളിയായി നിന്റെ നെറുകയിൽ പതിക്കും."
 
ഇത്തരം ഭാവനകൾ ഒക്കെ വലിയ ഹരമായിരുന്നു സാറാക്ക്.
 
അതുകൊണ്ടുതന്നെ ആ നിമിഷങ്ങൾക്ക് ഇനിയൊരിക്കലും ചൂടാൻ കഴിയാത്ത മുല്ലപ്പൂവിന്റെ സൗരഭ്യമുണ്ടെന്നു അവൾക്കു തോന്നി.
 
ടൈപ്പറൈറ്ററും ഓഫീസും  മാത്രമായി സ്വന്തം കുടുംബജീവിതമത്രയും തുലച്ച ഈ മനുഷ്യന്റെ ഉള്ളിൽ തനിക്ക് തരണ്ടേ മുത്തുകൾ അത്രയും എടുക്കാനാവാത്ത കയങ്ങളിൽ പെട്ടുപോയ ദുര്യോഗമോർത്തു സാറ ഉച്ചത്തിൽ തേങ്ങിപ്പോയി. "കരയല്ലേ എന്നു വെറും വീണ് വാക്കുകൾ  പറയാൻ ആവില്ലെനിക്ക്. അവളുടെ മുഖം കൈക്കുടന്നയിലെടുത്ത് ഔസേപ്പച്ചൻ നിലാപ്പകർച്ചയായി.
 
 
"എനിക്കറിയാം ഞാനില്ലാതെ  ഈ ജീവിതം ഒറ്റക്ക് തുഴയാൻ നീ നന്നായി ബുദ്ധിമുട്ടും. സമൂഹം വല്ലാതെ ഒറ്റപ്പെടുത്തും
 
സുമംഗലി എന്ന 'കുലീന കിരീടം' നിന്നിൽ നിന്നെടുത്തു വലിച്ചെറിയും. പിടിച്ചു നിൽക്കാനാവില്ല എന്നു തോന്നുമ്പോൾ എന്റെ ടൈപ്പ്‌റൈറ്ററിൽ  മുഖം ചേർത്തു വെക്കണം. അതു വെറുമൊരു യന്ത്രമല്ലസാറ, എന്റെ പിരിമുറുക്കങ്ങളും കണ്ണീരും നിശ്വാസങ്ങളും അതിന്റെ ഓരോ തന്മാത്രയും ഏറ്റെടുത്ത്തിട്ടുണ്ട്. അത് നിനക്ക് സ്വാന്തനത്തിന്റെ  നിർവികാരമന്ത്രം പറഞ്ഞു തരും."
 
കിതച്ചും നിന്നും ധാരാളം സമയമെടുത്താണ് ഔസേപ്പച്ചൻ പടികൾ കയറി തീർത്തത്.
 
എങ്കിലും രോഗബാധിതൻ  ആയ ശേഷം ഇത്രയും ഉത്സാഹഭരിതനായി ഔസേപ്പച്ചനെ അവൾ കണ്ടിട്ടേയില്ല. സാറയുടെ കണ്ണീരത്രയും ഒപ്പിയെടുക്കാൻ താനൊരു മാന്ത്രിക കൈലെസ്സ്‌  ആയി മാറിയെങ്കിൽ എന്നൊക്കെ ഔസേപ്പച്ചൻ വീണ്ടും സാഹിത്യം പറഞ്ഞു.
 
"എന്റെ കുഞ്ഞിപ്പെണ്ണേ, ഞാനൊരു മിണ്ടാപൂതമാണ് എന്ന നിന്റെ പരാതി ഒക്കെ ഞാനിന്ന് തീർത്തുതരാം." പള്ളിമേടയിൽ എത്തുംവരെ അയാൾ അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
 
കണ്ണീർപൂക്കൾ ചൂടിയ ഒരു കാമുകിയാണ് താനെന്നവൾക്കു തോന്നി.
 
" നിനക്ക് കുഞ്ഞുകുഞ്ഞു കാര്യങ്ങൾപോലും പരസ്പരം പറഞ്ഞു നെയ്യപ്പം പങ്കിടുന്നത് പോലെ ജീവിതം രുചിച്ചു ദിവസങ്ങൾ മധുരതരവും ലളിതവും ആക്കണമായിരുന്നു, അല്ലേ," ഔസേപ്പച്ചൻ ചെറുചിരിയോടെ ചോദിച്ചു.
 
"മൃഗങ്ങളും ചെടികളും അവരുടേതായ  ഭാഷയിൽ എല്ലാം എന്നോട് പറയാറുണ്ട്. ഭാര്യാഭർത്താക്കന്മാർക്കും അങ്ങനെ സംസാരിച്ചു കൂടെ"
 
സാറ കുസൃതിയോടെ പ്രതിവചിച്ചു.
 
പറഞ്ഞ ഉടൻ അബദ്ധം സംഭവിച്ച മട്ടിൽ സാറ നാവു കടിച്ചു.
 
ഔസേപ്പച്ചനോട് വഴക്കു കൂടുന്നതിൽ മുൻപൊക്കെ സാറ യാതൊരു ഔചിത്യവും പാലിച്ചിരുന്നില്ല. രോഗബാധിതനായതിനു ശേഷം പക്ഷെ ആദ്യമായിട്ടാണ് അവൾ അയാളോട് എതിരു പറയുന്നത്.
 
"എന്താ സാറാ, നിർത്തിക്കളഞ്ഞേ. നിന്റെ ദേഷ്യവും വഴക്കും ഒക്കെ നന്നായി 'മിസ് 'ചെയ്യുന്നുണ്ട് എനിക്ക്. എന്റെ പെണ്ണേ, നീ ഒന്ന് അലറി ദേഷ്യപ്പെട്ടെ. ദേഷ്യം തണുക്കുബോൾ മുഖം വീർപ്പിച്ചിരിക്കുന്ന എന്നെ നീ ഒരു കുട്ടിയെപോലെ കെട്ടിപ്പിടിച്ചു കൊഞ്ചിക്കാറുണ്ടായിരുന്നല്ലോ..നിന്റെ സ്നേഹത്തിനും വെറുപ്പിനും  ഒന്നും ഒരു ഒളിവും മറയും ഇല്ലാതിരുന്നല്ലോ".
 
പടികൾ കയറി തീരാറായിരുന്നു.പക്ഷെ, ഇവ ഇപ്പോഴൊന്നും അവസാനിക്കല്ലേ എന്ന് സാറ കൊതിച്ചു പോയി. ഔസേപ്പച്ചന്റെ ഓരോ "പെണ്ണേ' വിളിയും അവളുടെ ഹൃദയത്തെ ആണ് ചുംബിച്ചു കൊണ്ടിരുന്നത്.
 
മറയാൻ പോകുന്ന സന്ധ്യ അവളുടെ കവിളുകളിൽ ആണോ ചേക്കേറിയത്?! അത്രക്ക് തുടുത്തിരുന്നുവല്ലോ അവ.
 
പകുതി ആത്മഗതമായി ഔസേപ്പച്ചൻ പറഞ്ഞു കൊണ്ടിരുന്നു.
 
"എന്നാലും എന്റെ സാർ  എന്നെ കാണാൻ വന്നില്ലല്ലോ? ഈ രോഗാവസ്ഥയിൽ എന്നെ ഓർത്തില്ലല്ലോ. ഒരു വേശ്യയുടെ അന്ത്യനാള്കളിലെ  വ്യഥ പോലെ അതെന്നെ വല്ലാതെ അലട്ടുന്നു. അദ്ദേഹത്തെ എന്റെ നോവ്‌ എന്നെങ്കിലും നീ അറിയിക്കണം."  ഓർമ്മകളുടെ കാട്ടിൽ സാറയുടെ
 
കൈകളിൽ വിടർത്തിപിടിച്ച കടലാസുകൾ വിറകൊണ്ടു.
 
അക്ഷരങ്ങൾ കാണാൻ കഴിയാത്തവിധം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കല്ലറയുടെ തണുത്ത മാർബിൾ പുതപ്പിനുള്ളിൽ ഔസേപ്പച്ചൻ നിർവികാരമായി അവ ഏറ്റെടുത്തു.
 
"അതെ, ഔസേപ്പച്ചാ, ഞാനത്‌ എഴുതി."
 
ചിതറി ശമിച്ച കണ്ണീർക്കണങ്ങൾക്കിടയിലൂടെ സാറ അക്ഷരങ്ങൾ പെറുക്കി എടുത്ത്  എഴുത്ത് പിന്നെയും വായിച്ചുകൊണ്ടിരുന്നു. 
 
"അങ്ങേക്കറിയുമോ, തീരെ അവശനായിരിക്കുമ്പോൾ പോലും എന്റെ ഭർത്താവ് അങ്ങയെ അന്വേഷിച്ചിരുന്നു. സാറയായ എന്നെയാണോ അദ്ദേഹത്തിന്റെ സാറിനെയാണോ വിളിക്കുന്നതെന്നു പലവട്ടം ഞാൻ സംശയിച്ചിട്ടുണ്ട്. ആദ്യമെല്ലാം അങ്ങയെ നേരിൽ  കണ്ട് രോഗാവസ്ഥയുടെ  കാഠിന്യം അറിയിക്കണമെന്ന വാശി ഔസേപ്പച്ചനുണ്ടായിരുന്നു.
 
രോഗത്തിന്റെ ആദ്യഘട്ടത്തിൽ ലീവെടുത്തപ്പോൾ വീട്ടിൽ ഇരുന്നു ജോലി ചെയ്യാമോ എന്നങ്ങു ചോദിച്ചിരുന്നല്ലോ. പക്ഷെ, ഔസേപ്പ ച്ചന് ഒട്ടും വയ്യായിരുന്നല്ലോ. ആദ്യമൊക്കെ എന്നോട് പോലും തുറന്നു പറയാതിരുന്ന ഒരാഗ്രഹം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു..ഒരിക്കൽ എങ്കിലും അങ്ങയെ ഒന്നു കാണണമെന്ന്. അതിനു കഴിഞ്ഞില്ലല്ലോ..
 
ആരോഗ്യം ക്ഷയിച്ചു രോഗത്തിനടിപ്പെടാൻ മാത്രം ജോലി എടുപ്പിച്ചതിൽ ഒരിക്കൽ പോലും അദ്ദേഹം അങ്ങയെ കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷെ,അങ്ങുന്ന് അദ്ദേഹത്തിന് ദർശന സൗഭാഗ്യം നൽകിയില്ല. അങ്ങാണ് ഔസേപ്പച്ചനെ ജോലി ചെയ്യിച്ചു  കൊന്നതെന്നു ഒരടക്കം പറച്ചിൽ പരക്കുന്നുണ്ടായിരുന്നു..അത് അങ്ങയുടെ ചെവിയിൽ എത്തിയിരുന്നോ പോലും!
 
ഔസേപ്പച്ചന്റെ ടൈപ്പ്റൈറ്റർ  ഇപ്പോഴും ശബ്ദം നിലച്ചു ഒരു വിങ്ങലായി ഇവിടിരുപ്പുണ്ട്."
 
ശ്മശാനത്തിന്റെ മൗന വിജനതയിൽ സാറയുടെ ശബ്ദം വല്ലാതെ ചിതറിത്തെറിച്ചു.
 
“ഇത്രക്കൊന്നും  വേണ്ടിയിരുന്നില്ല, സാറാ. ഒന്നും മന:പൂർവ്വമായിരിക്കില്ല. എന്തൊക്കെ ആയാലും അദ്ദേഹമെന്റെ സാറല്ലേ,” കല്ലറയിൽ നിന്നും ഔസേപ്പച്ചൻ പറഞ്ഞു കാണും- അവൾ അത് കേട്ടില്ല.
 
നിശ്ശബ്ദതയുടേതായ ആ ഒരു ഇടം ഒരു വീട് പോലെ ആരോ തനിക്കു വേണ്ടി തുറന്നു തരുന്നതായിട്ടാണ് സാറക്കു അവിടെ ചെല്ലുമ്പോൾ അനുഭവപ്പെടാറ്. ഇഷ്ട്ടം പോലെ ചിലവഴിക്കാൻ സമയവും സ്വാതന്ത്ര്യവും നൽകി ആ വീടിന്റെ ഉടമസ്ഥൻ സദാ മാറി നിൽക്കുന്നു. അവിടം വിട്ടു പോരുമ്പോൾ കതകുകൾ പിന്നിൽ അടയാറുള്ളത് പോലെ അവൾക്കു തോന്നും.
 
അവിടെ നിത്യസന്ദർശക ആയതു കൊണ്ട് ഇതിനകം താൻ ഉറങ്ങുന്ന വീടിനെക്കാൾ സുരക്ഷിതത്വം അവൾക്കവിടെ തോന്നുമായിരുന്നു.
 
നല്ല പ്രായത്തിൽ വിധവയായ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയും സമൂഹത്തോടുള്ള നീരസവും വിരസതയും അവിടെ എത്തുമ്പോൾ നേർത്തലിഞ്ഞില്ലാതാകുന്നു.
 
അപൂർവം ചിലപ്പോൾ ഉദിക്കുന്ന വിധവയുടെ മുഖപ്രസാദത്തിന് നേരെ ഉയരുന്ന പുരികങ്ങളെയും ദുഷ്ചോദ്യങ്ങളെയും അശ്‌ലീലച്ചിരികളെയും നേരിടേണ്ടാത്ത തികച്ചും നിർമലമായ ഒരിടം. അതുകൊണ്ട് തന്നെ അവിടെ എത്തുമ്പോൾ തനതായ വിശുദ്ധിയിൽ വിടർന്ന ഒരുകുഞ്ഞു മാലാഖപ്പൂവാണ് താനെന്ന് അവൾക്കു തോന്നി.
 
പുഞ്ചിരിയോടെ ഔസേപ്പച്ചന്റെ കല്ലറയിലേക്കു ചുണ്ടുകൾ ചേർത്തുവെച്ചു സാറ പതിവ് പോലെ മന്ത്രിച്ചു, ”ഇതാ നിന്റെ കുഞ്ഞുമാലാഖ വന്നിട്ടുണ്ട്”.
 
ശ്മശാനത്തിന്റെ കിഴക്കേ മൂലയിൽ ആയിരുന്നു ആ കല്ലറ.അവിടെ ഒരു കൊന്നമരമുണ്ടായിരുന്നു. പണ്ടൊരിക്കൽ ഔസേപ്പച്ചനും സാറയും നിത്യമായ ഒരു വീടിന് സ്ഥലം നോക്കാൻ എന്നപോലെ അവിടെ ചെന്നിരുന്നു. ഇരുട്ടും കുറ്റിക്കാടും നിറഞ്ഞു ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ഒരു മൂല ആയിരുന്നു അത്.
 
ഔസേപ്പച്ചൻ അന്ന് പറഞ്ഞു. ”സാറ,ഇന്ന് നമുക്ക് അച്ചനെ കണ്ടിട്ട് പോയാൽ മതി” അച്ചനെ കാണണമെങ്കിൽ സെമിത്തേരിയിൽ നിന്നും ധാരാളം പടികൾ കയറണമായിരുന്നു. അതു കൊണ്ടുതന്നെ താൻ പോകാമെന്ന് സാറ പറഞ്ഞു നോക്കി. ”ഇല്ല, എനിക്ക് തന്നെ അച്ചനോട് നേരിട്ട് ഒരു കാര്യം ചോദിക്കാനുണ്ട്.”
 
പടികൾ കയറി അച്ചന്റെ അടുത്തെത്തിയപ്പോഴേക്കും ഔസേപ്പച്ചൻ വീണുപോയി. സാറയുടെ മടിയിൽ തലവെച്ചു കിടന്ന് കിതച്ചുകൊണ്ടാണ് ഔസേപ്പച്ചൻ അച്ചനോട് ചോദിച്ചത്. സിമിത്തേരിയിൽ ആ കൊന്നമരത്തിനു താഴെ എനിക്കിത്തിരി  മണ്ണ് തരുമോ”? അച്ചൻ മറുപടി പറയുന്നതിന് മുൻപേ സാറയുടെ മടിയിൽ ഔസേപ്പച്ചന്റെ പ്രാണൻ അവസാനമായി ഒന്നു പിടഞ്ഞു. അവൾ അയാളെ നെഞ്ചോടു ചേർത്ത് കരച്ചിൽ അടക്കി. അന്നാണ് സാറ വിധവയായത്. അകാലത്തിൽ വിധവകളാകുന്ന സ്ത്രീകളുടെ ഉള്ളിലെ  ദുഃഖം  ഒന്നു കരയാൻ പോലും കഴിയാത്ത വിധം ഉറഞ്ഞ്‌, എടുത്തുമാറ്റാൻ ആകാത്ത ഒരു കല്ലുപോലെ ഉറയ്ക്കാറുണ്ട്  എന്നു  കേട്ടിട്ടുണ്ട്. ഇതങ്ങനെയല്ല പക്ഷെ. ഒരിക്കലും തോരാത്ത മഴയാണ് അകത്ത്. ആ കണ്ണീർ കുത്തൊഴുക്കിൽ താനെന്തേ ഒലിച്ചു പോകാത്തത് എന്നവൾ അത്ഭുതപ്പെടാറുണ്ട്. ശ്മശാനത്തിൽ കൊന്നമരത്തിനു താഴെ ഔസേപ്പച്ചന്റെ അടുത്തെത്തുമ്പോഴാണ് ഉൾമഴ കുറച്ചെങ്കിലും ശമിക്കാറ്‌.
 
കല്ലറയിൽ മുഖം ചേർത്തു സാറ കിടന്നു. ആലിപ്പഴം ഉള്ളിൽ കൊഴിയുന്നതു പോലെ അവൾക്കനുഭവപ്പെട്ടു. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരുൾപുളകത്താൽ അവൾ കോരിത്തരിച്ചു.
 
എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല. വെയിലിന് ചൂട് ഏറിവരുക ആയിരുന്നു. കല്ലറയുടെ ചൂട് പിടിച്ച മാർബിൾതറയിൽ നിന്നും കത്തിന്റെ ചിതറിപ്പോയ  താളുകൾ പെറുക്കി എടുത്ത് സാറ സിമിത്തേരിയുടെ പടി ഇറങ്ങുമ്പോൾ പിന്നിൽ കൊന്നമരത്തിൽ ഇരുന്ന് കാക്കത്തമ്പുരാട്ടി "അയക്കൂ,സാറ,അത് അയക്കൂ" എന്ന് ചിലച്ചു.
 
കത്തയച്ചു ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് സാറക്ക് അപ്രതീക്ഷിതമായി ഒരു മറുപടി കിട്ടിയത്.
 
പ്രിയപ്പെട്ട സാറാ,
 
സാറ അയച്ച കത്ത് ഞാൻ കണ്ടു. അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിയിൽ നിന്നുമാണ് കിട്ടിയത്.
 
പെൻഷൻ പറ്റി ഒരാഴ്ച തികഞ്ഞ ദിവസമാണ് അദ്ദേഹം മരിച്ചത്. മരിക്കുന്നതിന്റെ തലേന്നു രാത്രി ഒരു ദു:സ്വപ്നം കണ്ട് അദ്ദേഹം ഞെട്ടി എഴുന്നേറ്റു. കിതക്കുന്നുണ്ടായിരുന്നു
 
."എനിക്ക്  ശ്വാസം മുട്ടുന്നു. കഴുത്തിൽ കുരുങ്ങിയ ഈ റിബ്ബണ് ഒന്നു അഴിച്ചുമാറ്റൂ."എന്നദ്ദേഹം അലറിക്കരഞ്ഞു. ഉണർന്നപ്പോൾ അദ്ദേഹം പറഞ്ഞു. "ഔസേപ്പച്ചനെ ഞാൻ സ്വപ്നം കണ്ടു. അയാളുടെ കയ്യിൽ ഒരു പഴയ ടൈപ്പറൈറ്റർ ഉണ്ടായിരുന്നു. അതിന്റെ കറുത്ത റിബ്ബണുകൾ നീണ്ടുനീണ്ടു വന്നെന്റെ കഴുത്തിൽ ചുറ്റി മുറുകി. "സാരമില്ല.വെറും ഒരു സ്വപ്നമല്ലേ."ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "സ്വപ്നമായിരിക്കാം.പക്ഷെ..." അന്നു മുഴുവൻ അദ്ദേഹം ദുഃഖിതനായിരുന്നു.അന്ന് വളരെ നേരത്തെ ഉറങ്ങാൻ കിടന്ന അദ്ദേഹം പിറ്റേന്ന് ഉറക്കമെഴുന്നേറ്റില്ല, സാറ.ഇനിയെങ്കിലും നീ അദ്ദേഹത്തിന് മാപ്പു കൊടുക്കണം.. ഇപ്പോൾ നാം രണ്ടും ഒരേ പോലെ.വിധവകളാണ്."
 
അത്‌ വായിച്ച് സാറ നിർ വികാരമായി നിന്നപ്പോൾ 
സ്വീകരണമുറിയിലെ മേശമേൽ മങ്ങിയ നീലവിരിപ്പിനിടയിൽ ഇരുന്ന ടൈപ്പ്റൈറ്റർ 'കട,കട'എന്ന ശബ്ദം ഉണ്ടാക്കി.
________________________________
 
സുലേഖ മേരി ജോർജ്.
 
സ്വാതന്ത്ര്യ സമര സേനാനികൾ ആയ സി.എസ്.ജോർജ് ന്റെയും കൂത്താട്ടുകുളം മേരിയുടെയും മകൾ. ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'The breast milk' എന്നു പേരുള്ള ഒരു English നോവൽ ന്റെ രചയിതാവ്. കുടുംബത്തോടൊപ്പം മേവെള്ളൂരിൽ താമസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക