Image

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

Published on 30 July, 2021
ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)
നഗരത്തിലെ പ്രശസ്തമായ അശ്വിനി ഹോസ്പിറ്റലിന്റെ
സെക്സോളജി വിഭാഗം
സന്ദർശക മുറിയിലിരിക്കുകയാണ് 
ഞാനും മഹേഷും.
ഡോക്ടർ ബസന്തിന്റെ
കൺസൽറ്റിങ് റൂമിലേക്ക് അഭിജിത്തും ജനനിയും
കയറിപ്പോയിട്ടുണ്ട്. 
അലോപ്പതിയിൽ സെക്സോളജി എന്നൊരു വിഭാഗം പ്രത്യേകമായി ഉണ്ടെന്നു ഞാനറിയുന്നത് തന്നെ ഇപ്പോഴാണ്..
അഭിഷേകും ജനനിയും വിവാഹിതരായിട്ട്  പത്തുദിവസമായിട്ടേയുളളൂ.
 ജനിക്ക്  ആദ്യമായി വന്ന കല്യാണാലോചന അഭിഷേകിന്റേതായിരുന്നു. 
അഭി, കാണാൻ സുന്ദരൻ.
അരോഗദൃഢഗാത്രൻ.
ഗൾഫിൽ കമ്പനിയിൽ
ഉയർന്ന ഉദ്യോഗം..
നല്ല കുടുംബ പശ്ചാത്തലം.
ബി.എഡ്. കഴിഞ്ഞ് ഏതെങ്കിലും സ്കൂളിൽ
ജോലിക്കു കയറിയിട്ടു മതി
തനിക്കു കല്യാണം,
എന്നായിരുന്നു ജനിക്ക്.
"വിവാഹം കഴിഞ്ഞും കുട്ടിക്കു തുടർന്നു പഠിക്കാം.."..എന്നുകൂടി കേട്ടപ്പോൾ....
എല്ലാ പൊരുത്തവും ഒത്തുവന്ന
സന്തോഷം എല്ലാവരിലും..
കല്യാണം ഉറപ്പിച്ചു ...
നാടടങ്കം ക്ഷണിച്ച് അതിഗംഭീരമായിരുന്നു കല്യാണം..
മഹേഷിനേക്കാൾ പത്തുവയസ്സിനിളപ്പമുണ്ട് ജനനിക്ക്....
അവൾക്കു  നാലുവയസ്സുളളപ്പോൾ
അവരുടെ അച്ഛൻ മരിച്ചതാണ്. അമ്മ അധ്യാപികയായിരുന്നു.
എഞ്ചിനീയറിംഗ് കഴിഞ്ഞയുടനേ
മഹേഷിനു
പഠിച്ച കോളേജിൽത്തന്നെ
ജോലി കിട്ടി.
മഹേഷിന്റെ ഭാര്യയായി 
ആ വീട്ടിലേക്കു 
കയറിവന്ന നാൾ മുതൽ
ജനനി എന്റേയും കുഞ്ഞനിയത്തിയായി ,കൂട്ടുകാരിയായി.
അമ്മയേപ്പോലെ ഒരു ടീച്ചറാവണം.. ബി.എഡിനു 
ചേരാനിരുന്നതും അതുകൊണ്ടാണ്.വിവാഹം കഴിഞ്ഞ്
വീട്ടിലേക്കുളള ആദ്യ വരവിൽ ജനിയുടെ മുഖത്തൊരു മ്ളാനത ഞാൻ ശ്രദ്ധിച്ചു...
പുതിയ ജീവിതവുമായി
പൊരുത്തപ്പെടുന്നതിന്റേതാവും എന്നു കരുതി.
അവൾക്ക്
തന്നോടെന്തോ പറയാനുളളതുപോലെ..
തന്റെ തോന്നലാവും..
"ലീവുതീരുന്നതിനുമുൻപ്
ബന്ധുവീടുകളിലൊക്കെ
ഒന്നു തലകാണിക്കണം.
ആ ചടങ്ങുംകൂടി തീർത്തിട്ട്
ഞങ്ങളിങ്ങു വരാം..ഇവിടുത്തെ ബന്ധുവീടുകളിൽ അപ്പോഴാകട്ടെ.." അഭി പറഞ്ഞു. പിറ്റേന്ന്
ഉച്ചയൂണും കഴിഞ്ഞ്
അവരിറങ്ങി..
ജനിയുടെ
നിഴലുപോലെ  അഭിയെപ്പൊഴുമുണ്ടായിരുന്നതുകൊണ്ടാവും
അവൾ പുതിയ വിശേഷങ്ങളൊന്നും 
പറയാതിരുന്നത് ... 
അങ്ങോട്ടുമിങ്ങോട്ടും ഫോണിൽ സംസാരിച്ചപ്പോഴും അഭിയുടെ സാമീപ്യം അവൾക്കരികെയുണ്ടെന്നു തോന്നിച്ചു. 
ഫോൺ റിംഗു 
ചെയ്യുന്നതു കേട്ട്
ഓടിവന്നപ്പോഴേക്കും കട്ടായ കോൾ
ജനനിയുടേതായിരുന്നു. തിരികെ വിളിച്ചു.
"ചേച്ചീ......അഭിക്ക് എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു ...
ആൾക്കെന്നെ ജീവനാണ്...
പക്ഷേ... ഒരു ഭർത്താവെന്ന നിലയിൽ
അഭിക്ക് ഒന്നിനും പറ്റുന്നില്ല..ഞാനിപ്പോഴും പഴയതുപോലെ തന്നെയാണു ചേച്ചീ.."
"ഇത്രയും ദിവസങ്ങളായിട്ടും..?"
ഉരുണ്ടുകൂടിയ ചോദ്യങ്ങളെ ഞാൻ മനസ്സിലമർത്തി.
"ചിലർക്ക് ആദ്യമൊക്കെ
അങ്ങനെയാണു മോളെ....എല്ലാം ശരിയാവും.." 
അഭി വരുന്നുണ്ട്..
അവൾ
ഫോൺ കട്ടുചെയ്തു..
ഉറങ്ങാൻ കിടന്നപ്പോഴാണ്
മഹേഷിനോട് 
കാര്യങ്ങൾ സൂചിപ്പിച്ചത്.
മഹി ഒന്നും മിണ്ടാതെ
എഴുന്നേറ്റുപോയി
ലാപ്ടോപ്പിലെന്തോ പരതുന്നതു കണ്ടു..
രണ്ടു ദിവസം കഴിഞ്ഞിട്ടേ
ഞാൻ ജനനിയെ വിളിച്ചുളളൂ.. "എങ്ങനെയുണ്ടു മോളെ..?
"അങ്ങനെ തന്നെ ചേച്ചീ...ചേട്ടനോടു പറഞ്ഞോ.."
"അഭിയോട് എങ്ങനെയിതു ചോദിക്കുമെന്നാ ചേട്ടന്..
ഈ ലോകത്ത് എന്തു പ്രശ്നങ്ങൾക്കും പ്രതിവിധിയുണ്ടു മോളെ....നീ വിഷമിക്കാതെ..
എന്തെങ്കിലും നിസ്സാര സൈക്കോളജിക്കൽ പ്രോബ്ളമായിരിക്കും.."
"അഭിയാകെ ടെൻഷനിലാണു ചേച്ചീ..
തിരികെപ്പോകാനും അടുത്തുവരികയല്ലേ..?
മഹേഷ് അഭിയോടു സംസാരിച്ചു..
ഡോക്ടറെ കൺസൾട്ടു ചെയ്യുന്നതിനേക്കുറിച്ചും.
ഡോക്ടറുടെ അപ്പോയ്മെന്റ് കിട്ടിയത്
തിങ്കളാഴ്ചത്തേക്ക്..
ഞായറാഴ്ച ഞാനും
അഭിയും തൃശൂരേക്കു പോയി..
അഭിയുടെ വീട്ടീന്ന് അധികം ദൂരമില്ല അശ്വിനി ഹോസ്പ്പിറ്റലിലേക്ക്..
രണ്ടുപേരേയും ഒന്നിച്ചിരുത്തിയും ഒറ്റയ്ക്കും  സംസാരിച്ചതിനുശേഷം
ജനനിയോടു പുറത്തിരിക്കാൻ പറഞ്ഞു. 
അവളുടെ മനസ്സു 
സ്വസ്ഥമല്ല..  
ഏകദേശം ഒരുമണിക്കൂർ
കഴിഞ്ഞേ അഭി പുറത്തേക്കു വന്നുളളൂ.
"ചേട്ടനോട് ചെല്ലാൻ പറഞ്ഞു.." 
മഹിയോടൊപ്പം ഞാനും എഴുന്നേറ്റു.
"കുട്ടിയുടെ
ബ്രദറല്ലേ....!
പയ്യൻ സെക്ഷ്വൽ ലൈഫിന് ഇപ്പോൾ സജ്ജമല്ല...ശാരീരികവും മാനസികവുമായ ചില പ്രശ്നങ്ങളുണ്ട്...
"അവനിതു നേരത്തെ
അറിയാമായിരുന്നോ ഡോക്ടർ..."
അറിയാമായിരുന്നിരിക്കും.
വിവാഹം ഒരു പരിഹാരമായി കരുതിയതാവണം..
കാലക്രമത്തിൽ അവസ്ഥയ്ക്കു മാറ്റമുണ്ടായേക്കാം..
മെഡിസിനും ചില
വ്യായാമ മുറകളും തുടരേണ്ടതുണ്ട്.
വിദേശത്തല്ലേ ജോലി.
ട്രീറ്റുമെന്റിന്റെ ഫലം കണ്ടുതുടങ്ങാൻ  ആറുമാസമെങ്കിലുമെടുക്കും. അതുകഴിഞ്ഞ് 
എന്നെ വന്നു കാണൂ.."
മുഖത്ത് എടുത്തണിഞ്ഞ
ചിരിയുമായി ഞങ്ങൾ.  
" പോകുവല്ലേ നേരെ വീട്ടിലേക്ക്. .
"ഇതൊക്കെ സാധാരണയാണഭീ.. വിഷമിക്കാനൊന്നുമില്ല.
നീ പോയിട്ടു വാ..
എല്ലാം ശരിയാവും.."  
മഹേഷിന്റെ 
ചിന്തകൾ കാടു കയറുകയറുന്നതിനിടയിലും അഭിയെ സമാധാനിപ്പിച്ചു..
അഭിക്ക് എപ്പോൾ വേണമെങ്കിലും നാട്ടിലെത്താം... ആറുമാസം
തികയാൻ കാത്തുനില്ക്കാതെ അവൻ വരും..സ്വയം സമാധാനിക്കുകയും ചെയ്തു.
അഭി ഇടയ്ക്കൊക്കെ മഹിയെ 
വിളിക്കാറുണ്ടെങ്കിലും
പ്രശ്നത്തെ സംബന്ധിക്കുന്ന യാതൊന്നും ചോദിക്കയോ പറയുകയോ ചെയ്തില്ല.
"അവൻ ഹാപ്പിയാണ്..ശുഭാപ്തി വിശ്വാസമുണ്ട്..
അത്രമേൽ
സ്നേഹിക്കയാൽ മറിച്ചൊന്നും സംഭവിക്കില്ല.."
ജനനി ബി.എഡിനു ചേർന്നു..
അഭിയുടെ അമ്മയ്ക്ക്
യഥാർതഥത്തിലെന്താണ് അഭിക്കെന്നറിയില്ല...
ദിവസങ്ങൾ വേഗത്തിലാണ് പായുന്നത്. 
നല്ലതു തന്നെ..അഭി വേഗം നാട്ടിലെത്തുമല്ലോ. ഇനിയാണു തങ്ങളുടെ
മധുവിധുകാലം..
"കമ്പനിയിൽ എന്തോ വലിയ പ്രശ്നം..ആർക്കും
ലീവനുവദിക്കുന്നില്ല..
എന്തു ചെയ്യാം... പ്രശ്നങ്ങൾ
തീർക്കാനുളള ശ്രമത്തിലാണു മാനേജുമെന്റ്.."
അഭിയുടെ ഓരോ വിളിയും "ലീവനുവദിച്ചു, നാട്ടിലേക്കു പുറപ്പെട്ടു" എന്നായിരിക്കണേയെന്ന..
പ്രാർത്ഥനയോടെ ജനി കാത്തിരുന്നു..
" അഭിക്ക് ഒരു മാറ്റവും വന്നിട്ടുണ്ടാവില്ല ചേച്ചീ...അല്ലെങ്കിൽ എങ്ങനെയാണേലും വന്നേനെ..."
അവളുടെ കണ്ണുകൾ
സജലങ്ങളായി..
" ഉടനേ  നാട്ടിലെത്തണമെന്നു
സീരിയസ്സായി പറയാൻ
മഹേഷിനോടു ഞാൻ
നിർബന്ധിച്ചു..
ഒരു വിവാഹം
കൊണ്ടുദ്ദേശിക്കുന്നതെന്താ...
അവൾക്കുമില്ലേ അമ്മയാകണമെന്നും 
പ്രസവിക്കണമെന്നു
മൊക്കെ . 
സ്നേഹത്തിന്റെ
പേരും പറഞ്ഞ് ബലിയാടാവാനോ 
പെണ്ണിന്റ ജീവിതം.. അവന്റേതു മാറാ വ്യാധിയാണെങ്കി ഡിവോഴ്സിനേപ്പറ്റി
ആലോചിക്ക്. അവനോടു സംസാരിക്ക്..
എന്തിനുവേണ്ടിയാണീ കാത്തിരിപ്പ്. എത്രനാള്..."
ജനനി  വീട്ടിൽ നിന്നാണ് പഠിക്കാൻ പൊയ്ക്കൊണ്ടിരിക്കുന്നത്.
"എനിക്കു കുടുംബ ജീവിതം
നിഷേധിച്ചിരിക്കയാണ് വിധി.. ചേട്ടാ ഒന്നും മനപ്പൂർവ്വമായിരുന്നില്ല..
എന്റെ കുറവുകൾ ഞാനറിഞ്ഞില്ല.
എല്ലാവരും
ഇങ്ങനെയായിരിക്കുമെന്നു 
കരുതി..പക്ഷേ ഒരു പെണ്ണിന്റെ സാമീപ്യം എന്നിലെ പുരുഷനെ ഉണർത്തുന്നില്ല.
അവളെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു..
ഒന്നിനും കൊളളാത്ത എന്നെ അവൾക്കെന്തിനാ..
മ്യൂച്വൽ ഡിവോഴ്സ് സമ്മതമാണ്.."
പിന്നെയെല്ലാം പെട്ടെന്നായിരുന്നു..
ജനനിക്കു സങ്കടം തന്നെയായിരുന്നു കുറച്ചുനാളത്തേക്ക്..
ഇതിനിടയ്ക്കു പഠിത്തം കഴിഞ്ഞ് അടുത്തുളള
എൻ.എസ്.എസ് വക സ്കൂളിൽ
അധ്യാപികയായി...
കല്യാണാലോചനകൾ
വിരളമായിരുന്നു. 
ആദ്യ ഭർത്താവിന്റെകൂടെ ജീവിച്ചിട്ടില്ലെങ്കിലും പുനർവിവാഹമല്ലേ..
സ്കൂളും കുട്ടികളുമാണ്
അവളുടെ ഇപ്പോഴത്തെ ലോകം...
വിവാഹക്കാര്യം 
പറയുമ്പോഴേ കേൾക്കാൻ
താല്പര്യമില്ലാതെ ഒഴിഞ്ഞുമാറും..
മൂന്നു വർഷമായി. അവൾ ഏകാകിയായി.

ഞായറാഴ്ച പത്രത്തിലെ വിവാഹ പരസ്യങ്ങൾ നോക്കുന്നതിനിടെ ജനിക്ക് ചേരും എന്ന് എനിക്കുറപ്പുള്ള
ഒന്നുകണ്ടു. ഇത് നടക്കും എന്ന് ഉള്ളിൽ ആരോ തീർച്ച പറയുമ്പോലെ.
പത്രവുമായി ഞാൻ മഹേഷിന്റെയടുത്തേക്ക്ചെന്നു..."  ഞാൻ ഈ നമ്പരിലേക്ക് ഒന്നു വിളിക്കട്ടേ മഹീ...."
പത്രം കയ്യിൽവാങ്ങിച്ച്
മഹേഷ് എന്നേയും പിന്നെ
പത്ര പരസ്യത്തിലേക്കും നോക്കി. 
' ജനിയോടു ചോദിച്ചിട്ട് വിളിക്ക്...'
എന്നും പറഞ്ഞ് മഹേഷ് മുഖം പത്രത്തിലേക്കൊളിപ്പിച്ചു. 
ഇത് നടക്കണം എന്ന് വിചാരിച്ച് ഞാൻ ജനിയുടെ മുറിയിലേക്ക് പോയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക