Image

പ്രൈമറിയില്‍ വിജയിച്ച പി.കെ. സോമരാജന് ഫൊക്കാനയില്‍ അനുമോദനം

സുധാ കര്‍ത്താ Published on 31 July, 2021
പ്രൈമറിയില്‍ വിജയിച്ച പി.കെ. സോമരാജന് ഫൊക്കാനയില്‍ അനുമോദനം
മെയ് മാസത്തില്‍ നടന്ന പെന്‍സില്‍വാനിയ പ്രൈമറി ഇലക്ഷനില്‍ അപ്പര്‍ഡാബിയിലെ മില്‍ബോണ്‍ ബൊറോയില്‍ കോണ്‍സ്റ്റബിളായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. സോമരാജന് ഫൊക്കാന അനുമോദനം അര്‍പ്പിക്കുന്നു.

ന്യൂയോര്‍ക്ക് മാരിയറ്റ് ഹോട്ടലില്‍ അരങ്ങേറുന്ന സുധാ കര്‍ത്താ അധ്യക്ഷനായുള്ള ഫൊക്കാനയുടെ ഏകദിന കണ്‍വന്‍ഷനില്‍ വച്ചാണ് സോമരാജനെ അനുമോദിക്കുന്നത്.

അപ്പര്‍ഡാബിയിലെ ഏക മലയാളി സംഘടനയായ മേളയുടെ സ്ഥാപകനായ ഇദ്ദേഹം കഴിഞ്ഞ രണ്ടു തവണകളായി പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു. മേളയുടെ തുടക്കംമുതല്‍ ഫൊക്കാനയില്‍ അംഗത്വമുണ്ട്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം, കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങി വിവിധ പ്രാദേശിക കൂട്ടായ്മകള്‍ക്ക് പലതവണ നേതൃത്വം നല്‍കിയിട്ടുണ്ട്.

അപ്പര്‍ഡാബിയിലേക്ക് കുടിയേറുന്ന ഏതൊരു മലയാളികള്‍ക്കും ആശ്വാസമാണ് സോമരാജന്‍. ജോലി കണ്ടെത്തുക, പാര്‍പ്പിടം ഒരുക്കുക, യാത്രാസൗകര്യങ്ങള്‍ ഒരുക്കുക, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുക തുടങ്ങി എല്ലാ അവശ്യ മേഖലകളിലും കുടിയേറ്റക്കാരുടെ തുണയാണ് മൂന്നു പതിറ്റാണ്ടുകളായി ഇവിടെ താമസമാക്കിയ പി.കെ. സോമരാജന്‍.

മുമ്പ് കൊല്ലം ജില്ലയിലായിരുന്ന കോന്നിയിലാണ് ജനനം. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സംഘടനകളിലൂടെ കറയാര്‍ന്ന രാഷ്ട്രീയ നേതൃത്വം വാര്‍ത്തെടുത്തു. പത്തനാപുരം, കോന്നി മേഖലയില്‍ രാഷ്ട്രീയ മേഖലയിലും, സാമൂഹ്യ നേതൃത്വത്തിലും ഒരുപോലെ തിളങ്ങി നിന്നു. രണ്ടു സഹകരണ സൊസൈറ്റികളുടെ സ്ഥാപക സെക്രട്ടറിയായിരുന്നു.

എസ്.എന്‍.ഡി.പിയിലും സോമരാജന്‍ സജീവമായിരുന്നു. കോന്നി യൂണീറ്റിന്റെ സെക്രട്ടറിയായി ഒമ്പത് വര്‍ഷം, പത്തനംതിട്ട യൂണിയന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, നിലവില്‍ എസ്.എന്‍.ഡി.പി യോഗം ശാഖ 4135 (ഫിലഡല്‍ഫിയ) പ്രസിഡന്റ് ഇങ്ങനെ പോകുന്ന സാമൂഹിക ബന്ധങ്ങള്‍. വെള്ളാപ്പള്ളി നടേശന്‍ ദീര്‍ഘകാല സുഹൃത്താണ്.

ഫര്‍ണിച്ചര്‍, തീപ്പെട്ടി, തേയിലത്തോട്ടം തുടങ്ങിയ വിവിധ വ്യാപാര മേഖലകളില്‍ പരിചയമുണ്ട്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, എം.എം ഹസന്‍, തലേക്കുന്നില്‍ ബഷീര്‍, വി.എം സുധീരന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുമായി ഇന്നും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നു. നല്ല വാക്‌സാമര്‍ത്ഥ്യം, നേതൃത്വ പരിചയം, സേവന മനസ്ഥിതി എന്നിവ സോമരാജന് സ്വന്തം.

അമേരിക്കയിലേക്ക് കുടിയേറിയിട്ട് മുപ്പതു വര്‍ഷം. ഭാര്യ: ഭാസുരാംഗി സോമരാജന്‍. ഏക മകന്‍ ശ്രീകാന്ത് സോമരാജന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക