Image

ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)

Published on 31 July, 2021
ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)
3.ജോസഫോവ്
                                                                             
പ്രാഗ്  സന്ദർശനത്തിനിടെ പണ്ട് ജൂതന്മാരുടെ ചേരിപ്രദേശ(Ghetto))മായിരുന്ന,  ഇന്ന് “ജോസഫോവ് “എന്നറിയപ്പെടുന്ന, ഇടം രണ്ട് പ്രാവശ്യം സന്ദർശിക്കാനിടയായി. ആദ്യം ഒരു വാക്കിംഗ് ടൂറിന്റെ ഭാഗമായി അവിടെയെത്തിയെങ്കിലും, അത് ഒരു ഓട്ട പ്രദക്ഷിണം പോലെ തോന്നിയത് കൊണ്ടു് ഒന്നു കൂടി എല്ലാo വിശദമായി കാണാൻ വേണ്ടി വീണ്ടും അവിടെയെത്തി.  വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഓൾഡ് ടൗൺ സ്ക്വയറിന്റെയും വ്ലാട്ടാവാ(Vlatava) നദിയുടെയും ഇടയിലാണ് ഈ പ്രദേശം. 1781ൽ പ്രാഗ് ഭരിച്ചിരുന്ന ജോസഫ് രണ്ടാമൻ രാജാവാണ് ജൂതന്മാർക്ക് വിമോചനം നൽകി കൊണ്ടുള്ള നിയമം പാസാക്കിയത്. ഇദ്ദേഹത്തിനോടുള്ള കൃതജ്ഞതാ സൂചകമായിട്ടാണ് ഈ പ്രദേശത്തിന് ജോസഫോവ് എന്ന് പേരു നൽകിയത്. തുടർന്ന് ഇവർക്ക് പട്ടണത്തിന്റെ മറ്റു ഭാഗങ്ങളിലും താമസിക്കാനുള്ള അവകാശം ലഭിച്ചു. അതിന് ശേഷം കാലക്രമേണ ഇവിടെ താമസിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു; യാഥാസ്ഥിതികരും പാവപ്പെട്ടവരും മാത്രം  ജോസഫോവിൽ ബാക്കിയായി.

പത്താം നൂറ്റാണ്ടിലെ യാത്രികനായിരുന്ന ഇബ്രാഹിം ഇബിൻ യാക്കൂബ് പ്രാഗിലെ ജൂത സമൂഹത്തെപ്പറ്റി തന്റെ യാത്രാകുറിപ്പുകളിൽ പറഞ്ഞിട്ടുണ്ട്. ഇവരെ പറ്റിയുള്ള ആദ്യത്തെ ചരിത്രരേഖ അദ്ദേഹത്തിന്റേതാണ്. അഷ്കിനാസി (മദ്ധ്യ കാലത്തു യൂറോപ്പിൽ ജീവിച്ചിരുന്ന  യാഥാസ്ഥിതികരായ ജൂതന്മാർ) വിഭാഗത്തിൽപ്പെട്ട ജൂതന്മാരാണ് ഇവിടെ പ്രധാനമായും താമസിച്ചിരുന്നത്. പല പ്രാവശ്യം ഇവിടെ നിന്ന് പുറത്താക്കലിനു  വിധേയരായിട്ടുണ്ടെങ്കിലും ഭരണം മാറുന്നതനുസരിച്ച് ഓരോ പ്രാവശ്യവും മടങ്ങി വന്ന് ഒരു പ്രബല സാമ്പത്തിക ശക്തിയായി മാറാൻ ഇവർക്ക് കഴിഞ്ഞിരുന്നു. 16-17 നൂറ്റാണ്ടുകളിലെ മാക്സ്മില്യൻ രണ്ടാമന്റെയും റഡോൾഫ് രണ്ടാമന്റെയും ഭരണം കാലം ഇവരുടെ സുവർണ കാലമായി കരുതപ്പെടുന്നു. അക്കാലത്ത് ഇവിടുത്തെ ജനസംഖ്യയിൽ  നാലിൽ ഒരു ഭാഗം ജുതന്മാരായിരുന്നു. സമീപ രാജ്യങ്ങളായ മൊറേവിയ, സ്പെയിൻ, ആസ്റ്റ്രിയ എന്നിവിടങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെട്ടവർ ഇവിടേക്ക് കുടിയേറിയ  ഇക്കാലത്ത് അവർക്ക് സ്വന്തമായ കൊടിയും അതു ഉയർത്താൻ ഉള്ള അവകാശവും നൽകപ്പെട്ടു. ചുവന്ന പശ്ചാത്തലത്തിൽ മഞ്ഞ നിറത്തിലുള്ള ഡേവിഡിന്റെ നക്ഷത്രമാണ് ഇവരുടെ കൊടി.

കുറേക്കാലത്തിന് ശേഷം നഗരശൂചികരണത്തിന്റെ ഭാഗമായി സിനഗോഗുകളും സെമിത്തേരിയും അതുമായി ബന്ധപ്പെട്ട ഒന്നോ രണ്ടോ  കെട്ടിടങ്ങൾ ഒഴികെ, എല്ലാം പൊളിച്ചു മാറ്റപ്പെട്ടു. പഴയ ടൗൺ ഹാൾ  ഇന്ന് ഇവരുടെ ചരിത്രമ്യൂസിയമായി പ്രവർത്തിക്കുന്നു. അധികം താമസിയാതെ, ഈ പ്രദേശത്തെ, പാരീസിലെ തെരുവുകളുടെ മാതൃകയിൽ “പരിഷ്ക സ്ട്രീററ്” എന്ന പേരിൽ,  ആർട്ട് നൂവോ സ്റ്റൈലിൽ പുനർനിർമിക്കപ്പെട്ടു. ഇപ്പോൾ ഏറ്റവും വില കൂടിയ ഫാഷൻ ബ്രാൻഡുകൾ വില്ക്കുന്ന കടകളാണ്  ഈ തെരുവിൽ നിറയെ. പഴയ കാലത്തെ ഒറ്റ വീട് പോലും ബാക്കിയില്ല!

ഇവരുടെ പഴയ  സേമിത്തേരി സന്ദർശകരുടെ പ്രിയപ്പെട്ട ഇടമാണ്. 1439 മുതൽ 1787 വരെ ഇവിടെ ശവസംസ്കാരം നടന്നതിന് തെളിവുകളുണ്ട്. ഈ കാലത്തിനിടക്ക് 2 ലക്ഷം പേരെയെങ്കിലും ഇവിടെ മറവ്  ചെയ്തിട്ടുണ്ട്. സ്ഥല   പരിമിതി മൂലം ഒന്നിന് മുകളിൽ ഒന്നായിട്ടാണ് ശവമടക്കിയിരുന്നത്. ഇങ്ങനെ 12 അടുക്കുകൾ ഇത്തരത്തിൽ ഇവിടെ ഉണ്ടത്രേ!  ഇതു മൂലം സ്മാരകശിലകൾ എല്ലാം വളരെ തിങ്ങി ഞെരുങ്ങിയാണ് കാണപ്പെടുന്നത്. ഹീബ്രു ഭാഷയിലാണ് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. നാസികളുടെ ഭരണകാലത്തു് ഈ  പ്രദേശം  സംരക്ഷിക്കണമെന്ന് ഹിറ്റ്ലുടെ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. എല്ലാ ജൂതന്മാരെയും ലോകത്ത് നിന്ന് തുടച്ച് നീക്കി  കഴിഞ്ഞ ശേഷം  അവരെപ്പറ്റിയുള്ള ഒരു മ്യൂസിയമായി ഇവിടം മാറ്റണമെന്നായിരുന്നു അയാളുടെ ഉദ്ദേശം. പ്രസിദ്ധരായ പലരും ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. ഫ്രാൻസ് കാഫ്ക, മഹ്റാൽ(ജൂതമതപണ്ഡിതൻ), പവേൽ ടിഗ്രിഡ്(പ്രശസ്ത ചെക്ക് എഴുത്തുകാരൻ) തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടും. പ്രസിദ്ധയായ അമേരിക്കൻ  സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മാഡലിൻ ആൾബ്രെറ്റ് പ്രാഗിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ്.
                                                                     
ജോസഫോവിലെ പ്രധാന റോഡിൽ നിന്ന് നോക്കിയാൽ,  സെമിത്തേരിയുടെ മതിൽ വളരെ പൊക്കത്തിൽ കാണാം. അതിനകത്ത് ആയിരക്കണക്കിന് സ്മാരകശിലകളും അവയ്ക്ക് കൂട്ടിരിക്കുന്ന കുറേ വയസ്സൻ മരങ്ങളുമുണ്ട്. ഈ മതിൽക്കെട്ടിനടുത്ത് താഴെ ഇവരുടെ മാത്രം പ്രത്യേകമായ  കരകൗശല വസ്തുക്കൾ, ജപമാലകൾ, തൊപ്പികൾ അവരുടെ പരമ്പരാഗത വേഷങ്ങളണിഞ്ഞ പാവകൾ, ആരാധനക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ തുടങ്ങിയവ വില്ക്കുന്ന കുറേ ചെറിയ കടകൾ കാണാം. അവിടെ ഫോട്ടോ എടുക്കരുതെന്ന് എഴുതി വച്ചിട്ടുണ്ട്.   അതുകൊണ്ട് ദൂരെ നിന്ന് ക്ലിക്ക് ചെയ്യാൻ മാത്രമേ കഴിഞ്ഞുള്ളു.

ഇവിടുത്തെ സന്ദർശനത്തിന്റെ അവസാനം ഞങ്ങൾ ഒരു ഭാഗത്തിരുന്നു വിശ്രമിക്കുമ്പോൾ പ്രായമുള്ള ഒരു സ്ത്രീ ഞങ്ങളുടെ അടുത്ത് വന്ന് സംസാരിക്കാൻ തുടങ്ങി. പേരു് ബെറ്റി. അവർ അടുത്തുള്ള സ്കൂളിൽ ഇംഗ്ലീഷും ജോഗ്രഫിയും പഠിപ്പിച്ചിരുന്നു. റിട്ടയർ ചെയ്ത ശേഷം 400 അമേരിക്കൻ ഡോളറിന് തുല്യമായ ക്രോണ(ചെക്ക് കറൻസി)യാണ് അവരുടെ ഒരു മാസത്തെ പെൻഷൻ. ഈ തുക ചിലവിന് മതിയാകാത്തത് കാരണം അവർ വിനോദ സഞ്ചാരികൾക്കായി ഫ്ളൂട്ട് വായിക്കുന്നു. മുന്നിൽ വച്ചിരിയ്ക്കുന്ന പാത്രത്തിൽ കാണികൾ  ഇട്ട് കൊടുക്കുന്ന  പണം അവരുടെ ജീവിതം കുറച്ചു കൂടി എളുപ്പമാക്കുന്നു. അവർ ഇന്ത്യയിൽ മൂന്ന് പ്രാവശ്യം വന്നിട്ടുണ്ട്.

കേരളത്തിനെപ്പറ്റി എത്ര പറഞ്ഞിട്ടും അവർക്ക് മതി വരുന്നില്ല. അതിന് ഒരു പ്രത്യേക കാരണവും ഉണ്ടു്. കേരള സന്ദർശനത്തിനിടെ ഒരിടത്ത് വച്ച് മാങ്ങ പോലെ ഒരു പഴം കണ്ടു അവർ കഴിയ്ക്കാനൊരുങ്ങി എന്നും അടുത്തു കൂടെ പോയ ഒരു പത്തുവയസ്സുകാരൻ അത് മാങ്ങയല്ലെന്നും അത് കഴിച്ചാൽ അവർ മരിച്ചു പോകും എന്നും പറഞ്ഞു അവരെ തടഞ്ഞു. മാങ്ങയുടെ ആകൃതിയുള്ള ഒതളങ്ങ എന്ന വിഷക്കായ ആയിരിക്കാം അതെന്ന് കേട്ടപ്പോൾ തോന്നി. ‘ഞാൻ ഇന്നും അവന്റെ മുഖം വ്യക്തമായി ഓർക്കുന്നു. അവൻ എന്റെ ജീവൻ രക്ഷിച്ചു” ഈ സംഭവം വളരെ സന്തോഷത്തോടെ വിശദമായാണ് അവർ പറഞ്ഞത്.  ഇത്രയും വർഷങ്ങൾക്ക് ശേഷവും അവർക്ക് കേരളത്തിലെ  സ്ഥലനാമങ്ങളും കായലും ഒക്കെ നല്ല ഓർമ്മകളാണ്! ഇനിയും എന്തെങ്കിലും കുറച്ചു പണം എനിക്ക് ബാക്കി വയ്ക്കാൻ കഴിഞ്ഞാൽ തനിക്ക് ഇന്ത്യയിലേക്ക് പോകണമെന്നുണ്ടു് എന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങൾ അവരുടെ പാത്രത്തിലേക്ക് ഇട്ട പണം വളരെ നിർബന്ധിച്ചപ്പോഴാണ് അവർ  സ്വീകരിച്ചതു്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഭൂരിപക്ഷം ജൂതന്മാരും ഹോളോകാസ്റ്റിൽ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ ഭയന്ന് ഓടിപ്പോയി. അങ്ങനെ കുറേക്കാലം ഒരു ജൂതൻ പോലും ഇവിടെയില്ലാതിരുന്ന ഒരു കാലവും ജോസഫോവിനുണ്ടു്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബൊഹീമിയയിലെ ജൂതന്മാരുടെ ചരിത്രവുമായി  ബന്ധപ്പെട്ട വില പിടിച്ച വസ്തുക്കൾ സുരക്ഷിതമായി വയ്ക്കാനായി പ്രാഗിലേക്ക് കൊണ്ട് വന്നിരുന്നു. ഒരു പക്ഷേ വംശ നാശം സംഭവിക്കനിടയുള്ള ഒരു സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും ഭാവി തലമുറകൾക്ക് വേണ്ടി സൂക്ഷിക്കാനായി ഒരു മ്യൂസിയം ഉണ്ടാക്കണമെന്ന ഉദ്ദേശവും ഇതിന്റെ പുറകിൽ ഉണ്ടായിരുന്നിരിക്കാം. അങ്ങനെ ഇവിടെ എത്തിയ വസ്തുക്കളെല്ലാം കൂടിച്ചേർത്താണ്  ഇവിടുത്തെ ജൂത മ്യൂസിയം നിർമ്മിച്ചിരിയ്ക്കുന്നതു്.

ഓൾഡ്-ന്യൂ സിനഗോഗ്, പേരു് സൂചിപ്പിയ്ക്കുന്നതു്  പോലെ പഴയതും പുതിയതുമാണ്. 1270ൽ നിർമ്മിക്കപ്പെട്ട ഇത് യൂറോപ്പിലെ ഏറ്റവും  പഴയ സിനഗോഗാണ്. തീ പിടിത്തം, ചേരിനിർമ്മാർജന പദ്ധതികൾ തുടങ്ങിയവയെ അതിജീവിച്ച ഈ മന്ദിരം പിന്നീട് പുതുക്കി പണിയുകയുണ്ടായി പലപ്പോഴും ചുറ്റു പാടുമുള്ള പലരും ഇതിനെ അഭയകേന്ദ്രമായും ഉപയോഗിക്കാറുണ്ടായിരുന്നു. ഇത്രയും വർഷം പഴക്കമുള്ള  ഇവിടെ ഇന്നും ആരാധന നടക്കുന്നുണ്ട് എന്നുള്ളത് ഒരു അത്ഭുതമാണ്.

യഹൂദ മത പണ്ഡിതനും പ്രത്യേക മന്ത്രശക്തി വശമുള്ള ആളുമായിരുന്ന റാബി ലോവു്(മഹറാൽ) നിർമ്മിച്ച “ഗോല”ത്തിന്റെ കഥ കേൾക്കാതെ ആരു ഇവിടെ നിന്ന് മടങ്ങാറില്ല. പതിനാറാം  നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ഇദ്ദേഹം ചളി കൊണ്ട് ഒരു ‘മനുഷ്യ രൂപം ഉണ്ടാക്കിയശേഷം,ചില പ്രാർത്ഥനകൾ എഴുതിയ ഒരു ചെറിയ കല്ലിൻ  കഷണം അതിന്റെ വായിൽ വച്ചതോടെ അതിന് ജീവൻ വച്ചു.  ഗോലം എന്നാണ് ഇതിനു അദ്ദേഹം നൽകിയ പേരു്. ഗോലം  ആഴ്ചയിൽ  6 ദിവസവും അദ്ദേഹത്തിന്റെ പരിചാരകനായി ജോലി ചെയ്യും. വെള്ളിയാഴ്ച രാത്രി ഈ കല്ലിൻ  കഷണം വായിൽ നിന്ന് മാറ്റുന്നതോടെ അതിന്റെ ജീവൻ നഷ്ടപ്പെടും. ഗോലം ഉൽപ്പടെ എല്ലാവരും ശനിയാഴ്ച വിശ്രമിക്കും. ഇങ്ങനെ കാര്യങ്ങൾ നന്നായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഗോലം വളരെ അസാധാരണമായി പെരുമാറാൻ തുടങ്ങി. വളരെ പണിപ്പെട്ടു അതിന്റെ വായിൽ നിന്ന് കല്ല് നീക്കം ചെയ്തതോടെ അത് നിശ്ചലമായി. ഇന്നും അതിന്റെ ഭൗതിക ശരീരം ഓൾഡ്-ന്യൂ സിനഗോഗിന്റെ മുകൾത്തട്ടിൽ  ഉണ്ടെന്നാണ് കഥ. പക്ഷേ പുനർനിർമ്മാണ സമയത്ത് അവിടെ ഇത്തരമൊരു വസ്തുവിനെ ആരുo കണ്ടിട്ടില്ല എന്ന്  അവിടെ ജോലി ചെയ്തവർ  രേഖപ്പെടുത്തിയിട്ടുണ്ട് .

മറ്റൊരു ജൂതപ്രാർത്ഥനാമന്ദിരമായ “സ്പാനിഷ് സിനഗോഗ്” നില്ക്കുന്ന സ്ഥാനത്ത് പതിനൊന്നാം നൂറ്റാണ്ടിൽ ഒരു സ്കൂൾ കെട്ടിടം ആയിരുന്നു. ഇന്ന് കാണുന്ന മന്ദിരം പത്തൊൻപതാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. മൂറിഷ് കെട്ടിട നിർമാണ ശൈലിയുടെ പ്രകടമായ സ്വാധീനം അകത്തും പുറത്തും കാണാം. വളരെ നിറപ്പകിട്ടോട് കൂടിയ ഭിത്തിയിലെയും മുകൾത്തട്ടിലേയും അലങ്കാരങ്ങൾ സ്പെയിനിലെ അൽ ഹംറ പാലസിന്റെ ഓർമിപ്പിക്കുന്നു. സ്പാനിഷ് സിനഗോഗ് എന്ന് പേരു വരാൻ  കാരണം ഇതാണ്. പിങ്കാസ് സിനഗോഗ് 1479 ൽ സ്ഥാപിച്ചു. ഇപ്പോൾ  ഇത് ടെറെസിൻ കോൺസെൻട്രേഷൻ ക്യാമ്പിൽ കൊല്ലപ്പെട്ട ചെക്കോസ്ലവാക്കിയൻ ജൂതന്മാരുടെ സ്മാരകമാണ്. ഇത്തരത്തിൽ മൃത്യുവിനെ പുൽകിയ എല്ലാവരുടെയും പേരുകൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ടെറസിൻ, പ്രാഗിൽ നിന്ന് 70 കിലോ മീറ്റർ ദൂരയുള്ള ഒരു പട്ടണമാണ്  ഈ സ്ഥലവും ക്യാമ്പും നാസികൾ അവരുടെ പ്രചാരണ ആയുധമായി ഉപയോഗിച്ചു. ഇവിടെ താമസിയ്ക്കുന്ന ആളുകൾ എല്ലാത്തരം സൗകര്യങ്ങളോടെയും സന്തുഷ്ടരായാണ് ജീവിക്കുന്നത് എന്ന് തെളിയിയ്ക്കാനായി, അത്തരം സന്ദേശങ്ങൾ നൽകുന്ന ചെറിയ ഡോക്കുമെന്ററികൾ നിർമ്മിച്ചു. പിന്നീട് ഇവ  റെഡ്ക്രോസിനെ സമാധാനിപ്പിക്കാനും അവരിൽ നിന്ന് നല്ല റിപ്പോർട്ടുകൾ ലഭിക്കാനും വേണ്ടി ഉപയോഗിച്ചു.

പക്ഷേ സത്യം വളരെ വ്യത്യസ്ഥമായിരുന്നു. കുപ്രസിദ്ധമായ ഓഷ്വവിറ്റ്സിലെ  ഗ്യാസ് ചേബറിലേക്ക് ഇരകളെ മാറ്റുന്നതിന് മുൻപുള്ള ഇടത്താവളമായാണ് ഇതു് ഉപയോഗിച്ചത്. 1917ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിന് കാരണമായ ആസ്റ്റ്രിയൻ ആർച്ച്  ഡൂക്ക് ഫെർഡിനിനന്റിന്റെയും ഭാര്യയുടെയും കൊല നടത്തിയ ഗവ്റിലോ പ്രിൻസിപ് എന്ന സെർബിയൻ വിദ്യാർത്ഥിയെ ഇവിടെയാണ് പാർപ്പിച്ചത്. അയാൾക്ക് അന്നത്തെ നിയമം അനുസരിച്ച് പ്രായപൂർത്തിയെത്താത്തത് കാരണം മരണശിക്ഷ നൽകാൻ കഴിഞ്ഞില്ല. ജീവപര്യന്തത്തിന് കാത്ത് കിടന്ന അയാൾ ക്ഷയരോഗം മൂലം മരണമടയുകയായിരുന്നു. അവിടുത്തെ പീഢനങ്ങൾ സഹിക്കാതാവാതെ അയാൾ സയനൈഡ് ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും പറഞ്ഞു കേട്ടു. ഇയാൾ താമസിച്ചിരുന്ന മുറി പിന്നീട് ഡെത്ത് ചേമ്പറായി മാറ്റി. ഈ മുറി  പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. 157000 മനുഷ്യർ ഇവിടേക്ക്  കൊണ്ടു വരപ്പെട്ടു; ഇവരിൽ ജൂതന്മാർ, കമ്മ്യണിസ്റ്റുകാർ, ജിപ്സികൾ  തുടങ്ങി  നാസികൾക്ക് അനഭിമതരായ പലരും  ഉൾപ്പെട്ടിരുന്നു.  

ടെറെസിനിലേക്ക് പ്രാഗിൽ നിന്നും ഒരു  ദിവസത്തേക്കുള്ള ടൂർ  ഉണ്ട്. ഇവിടെ നമുക്ക് ഒരു സ്വന്തം ഗൈഡ് ഉൾപെട്ട ബസ്ട്രിപ്പ് ബുക്ക് ചെയ്യാം. ഒരാൾ അവിടെ അന്തേവാസിയായി എത്തി കഴിഞ്ഞാൽ എന്തൊക്കെ ചിട്ടവട്ടങ്ങളിലൂടെ കടന്ന് പോകണമെന്ന് അവർ പോയ വഴികളിലൂടെ എല്ലാം നടന്ന് വിശദീകരിക്കും. ആദ്യം തന്നെ പുതുതായി വരുന്ന ആളുകളുടെ റെജിസ്റേഷന് വേണ്ടിയുള്ള ക്യൂ ആണ്. ഇത് ചിലപ്പോൾ 2-3  മണിക്കൂർ നീളും. ഇതോടൊപ്പം കയ്യിലുള്ള എല്ലാ വില പിടിച്ച വസ്തുക്കളും അധികാരികളെ ഏൾപ്പിക്കണം. അതിന്  ശേഷം ഇവരെ ‘വൃത്തിയാക്കുന്ന’തിനായി ഒരു ഹാളിലേക്ക് കൊണ്ട് പോകും. വസ്ത്രങ്ങളഴിച്ച് ഒരു വലിയ സ്റ്റീമറിന് അകത്തേക്ക് എറിയണം. പേനിനെയും മുട്ടയേയും നശിപ്പിക്കാനാണ്  ഇതെന്നാണ് ഉദ്ദേശം. പക്ഷേ കെമിക്കലുകൾ ഒന്നും ഉപയോഗിയ്ക്കാത്തതിനാൽ വെറും ആവി കൊണ്ടു മാത്രം ഉദ്ദേശിക്കുന്ന കാര്യം നടക്കാറില്ല. അടുത്തത് കുളിയാണ്. ഒരു ഷവർ അഞ്ചു പേർ ചേർന്ന്  ഉപയോഗിക്കണം. അഞ്ച് മിനിറ്റ് ഈ ഷവർ ഉപയോഗിക്കാം. ആദ്യം സ്ത്രീകളും കുട്ടികളും, പിന്നെ പുരുഷന്മാർ, ഏറ്റവും അവസാനം ജൂതന്മാർ അവർ വരുമ്പോഴേയ്ക്കും ചൂട് വെള്ളം ഉണ്ടാവില്ല. പച്ച വെള്ളം പോലും കഴിയാറായിട്ടുണ്ടാവും! ഇത് കഴിഞ്ഞാൽ 1.6  മീറ്റർ നീളത്തിലുള്ള ഒരു അള പോലെ ഒരു ചെറിയ സ്ഥലം താമസിക്കാനായി നൽകും. സന്ദർശകന് ഇത്തരം മുറികളും ടെറെസിനിലെ അവരുടെ സെമിത്തേരികളും ഒക്കെ നടന്ന് കാണാം, ആ ദുരിതത്തിന്റെ കഥകൾ കേൾക്കുകയും ആവാം.
         
        
ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക