Image

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

ജോബിന്‍സ് തോമസ് Published on 31 July, 2021
തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം
പ്രണയ നൈരാശ്യങ്ങളുടെ പേരില്‍ മുഖത്ത് ആസിഡൊഴിക്കുക, കത്തിക്കുത്ത് ഇത്തരം ക്രൂരകൃത്യങ്ങള്‍ കേരളം കണ്ടിട്ടുള്ളതാണ്. എന്നാല്‍ പക തീര്‍ക്കാന്‍ തോക്കെടുക്കുന്ന കേരളത്തില്‍ പരിചിതമല്ലാത്ത് രീതിയിലേയ്ക്ക് യുവതലമുറ മാറി ചിന്തിക്കുന്നു എന്നത് അപകടകരമാണ്. കോതമംഗലത്ത് ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം യുവാവ് സ്വയം വെടിവച്ചു മരിച്ച സംഭവത്തില്‍ തോക്കിന്റെ ഉപയോഗമാണ് പോലീസിനെ കൂടുതല്‍ കുഴയ്ക്കുന്നത്. യുവാക്കളിലേയ്ക്ക് ഇത്ര എളുപ്പത്തില്‍ തോക്കും ബുള്ളറ്റും എത്തുമെന്നതും ആശങ്ക ജനിപ്പിക്കുന്നു. 

ഏഴ് ബുള്ളറ്റുകള്‍ ഇടാവുന്ന പിസ്റ്റളാണ് രഖില്‍ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ചത്. വെടിവെച്ചതാകട്ടെ മൂന്നു തവണയും രണ്ടെണ്ണം മാനസയുടെ നേര്‍ക്കും ഒരെണ്ണം സ്വന്തം നേര്‍ക്കും മൂന്നും കത്യമായി. ഇത്ര സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ കൃത്യമായി വെടിവെയ്ക്കാന്‍ കഴിഞ്ഞു എന്നതും ഇക്കാര്യത്തില്‍ പരിശീലനം എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കണ്ണൂര്‍ മേലൂരിലാണ് രാഖിലിന്റെ വീട് . കണ്ണൂര്‍ കേന്ദ്രീകരിചച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ കൈവശം തോക്കുകളുണ്ട്. 

ഇതാണ് തോക്കുകള്‍ ലഭിക്കാനുള്ള ഒരു വഴി. മറ്റൊരു സാധ്യത പോലീസ് കാണുന്നത് മംഗലാപുരത്തു നിന്നുമാണ്. മംഗലാപുരം എളുപ്പത്തില്‍ തോക്കുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള ഒരു സ്ഥലമാണ്. ഇതല്ലെങ്കില്‍ ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബുകള്‍ വഴിയാകാം. അധോലോകം പോലെ പ്രവര്‍ത്തിക്കുന്ന ഇത്തരം വെബ്‌സൈറ്റുകളില്‍ നിന്നും തോക്കുകള്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ തോക്ക് വീട്ടിലെത്തിക്കണമെങ്കില്‍ 50,000 രൂപയോളം മുടക്ക് വരും.

എന്നാല്‍ രഖിലിന്‌ യാതൊരുവിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവുമില്ലെന്നാണ് ഇതുവരെയുള്ള വിവരം. ഇങ്ങനൊരാള്‍ക്ക് ഇവിടങ്ങളില്‍ നിന്നാണെങ്കില്‍ തന്നെ തോക്ക് ലഭിക്കാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും പ്രധാനമാണ്. എന്തായാലും തോക്ക് വന്ന വഴി കണ്ടെത്തുക പോലീസിന്റെ അന്വേഷണത്തില്‍ സുപ്രധാനമാണ്.

രഖിലിന്റെ ആദ്യ പ്രണയവും തകര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍. രഖിലിന്റെ സഹോദരനെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ആദ്യ പ്രണയം തകര്‍ന്നശേഷമാണ് മാനസയുമായി അടുപ്പത്തിലായതെന്ന് സഹോദരന്‍ പറഞ്ഞു.

എന്നാല്‍ മാനസയുമായുള്ള സൗഹൃദംകൂടി തകര്‍ന്നതോടെ രഖില്‍ വല്ലാത്ത മാനസീക പിരിമുറുക്കത്തിലായിരുന്നനുവെന്നും ജീവിതം തകര്‍ന്നെന്ന്  തനിക്ക മെസ്സേജ് അയച്ചതായും സഹോദരന്‍ പറയുന്നു. എന്നാല്‍ മാനസയുമായുള്ള സൗഹൃദം തകര്‍ന്നതില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വീട്ടുകാരുടെ മുന്നില്‍ വരുത്തിതീര്‍ക്കാന്‍ രഖില്‍ ശ്രമിച്ചിരുന്നു. 

ഇതിന്റെ ഭാഗമാണ് വിവാഹാലോചനകളെന്നാണ് കരുതുന്നത്. ഇതിനിടയില്‍ ഗള്‍ഫില്‍ പോയി പണമുണ്ടാക്കിയാല്‍ മാനസയുമായി വീണ്ടും അടുക്കാം എന്നു കരുതിയതിനാല്‍ ഗള്‍ഫില്‍ പോകാനുള്ള ശ്രമവും നടത്തി, ഇതും പരാജയപ്പെട്ടിരുന്നു. 

രഖിലിന്റെ അമ്മയും കുറച്ചു ദിവസമായി മാനസീക സംഘര്‍ഷത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നുണ്ട്. പോലീസ് അയല്‍വാസികളുടേയും മറ്റ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴിയെടുക്കും. മാനസയും രഖിലും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും പിരിഞ്ഞതിനെക്കുറിച്ചും അറിയാന്‍ മാനസയുടെ ഫോണുകള്‍ പരിശോധിക്കാനും പോലീസ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

സംഭവത്തിന് പിന്നാലെ രഖിലിന്റെ ചില അടുത്ത സുഹൃത്തുക്കള്‍ നാട്ടില്‍നിന്നും അപ്രത്യക്ഷരായതായും വിവരമുണ്ട്. ബാലസ്റ്റിക് വിദഗ്ധര്‍ വെടിവയ്പ്പ് നടന്ന സ്ഥലത്തെത്തി ഇന്നും പരിശോധന നടത്തും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക