EMALAYALEE SPECIAL

അഞ്ചാം പ്രസവം; സ്റ്റൈപെൻഡുമായി രൂപതകള്‍ മത്സരിക്കുന്നു (ഉയരുന്ന ശബ്ദം - 39: ജോളി അടിമത്ര)

Published

on

സ്ത്രീയ്ക്കുനേരെ കടുത്ത മനുഷ്യവകാശ ലംഘനവുമായി വീണ്ടും  ക്രിസ്തീയ സഭ രംഗത്തെത്തിയിരിക്കുന്നു. ഭാര്യഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ലൈംഗികതയിലും സന്താനോത്പാദനകാര്യത്തിലും വിദഗ്‌ദോപദേശവുമായി   വീണ്ടും പുരോഹിതരും മെത്രാന്‍മാരും കടന്നു കയറുന്നു.ഒരു കുടുംബത്തെ എങ്ങനെ  സന്താനപുഷ്ടിയുള്ളവരായി നയിക്കാമെന്നതില്‍ പഠനം നടത്തി മാര്‍ഗനിര്‍ദ്ദേശം തരുന്നത് അവിവാഹിതരായ പുരോഹിതരാണെന്നത് രസകരം. ഇടയലേഖനമെന്നപേരിലുള്ള വാറോല പള്ളികളില്‍ വായിക്കുന്നതോടെ കുഞ്ഞാടുകള്‍ കണ്ണുംപൂട്ടി അനുസരിക്കുമെന്ന മൂഢസ്വര്‍ഗത്തിലാണ് ഇക്കൂട്ടര്‍ .മനുഷ്യര്‍ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടല്‍ക്കരയിലെ മണല്‍ പോലെയും പെറ്റുപെരുകട്ടെ എന്ന യഹോവയുടെ കല്‍പ്പന ഉണ്ടാവുമ്പോള്‍ ഭൂതലം ജനവാസമില്ലാത്ത അവസ്ഥയിലായിരുന്നു എന്ന് മറന്നുപോകുന്നു. .ഇന്ന് ഭൂമി ജനപ്പെരുപ്പംകൊണ്ട് പൊറുതി മുട്ടിയ സ്ഥിതിയിലാണെന്ന്്  ഓര്‍മിക്കാതെ പോയത്  ഒരു മെത്രാനാണ്.കത്തോലിക്ക സഭയുടെ പാലാ രൂപതയിലെ പിതാവിന്റെ കല്‍പ്പനപ്രകാരം സ്ത്രീകള്‍ കുറഞ്ഞത് അഞ്ചെങ്കിലും പ്രസവിക്കണം.നാലാമത്തേതു മുതലുള്ള  പ്രസവച്ചെലവ് ഫ്രീ.അതു കഴിഞ്ഞാല്‍,എന്നുവെച്ചാല്‍ അഞ്ചാമത്തെ   കുട്ടിയുടെ കാര്യം സഭ ഏറ്റെടുത്തുകൊള്ളും.
 

് അഞ്ചാമത്തെ കുട്ടിക്ക് ഭയങ്കര ഇളവുകളാണ്.ഒരോ മാസവും 1500 രൂപ വീതം .പഠനം സഭാവക ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍.നഴ്‌സിംഗ്,എഞ്ചിയറിംഗ് ,ഹോട്ടല്‍മാനേജ്‌മെന്റ് കോഴ്‌സിന് സീറ്റ് ഉറപ്പ്.ഫീസ് സൗജന്യം.അഞ്ചിലധികം കുട്ടിയുണ്ടോ ,പാലായിലെ മാര്‍ സ്‌ളീബ മെഡിസിറ്റിയില്‍ ജോലി ഉറപ്പ്.എന്താ വിശാല മനസ്‌കത !.ഒന്നെടുത്താന്‍ ഒന്നു ഫ്രീയെന്ന വിപണനതന്ത്രം !.

140 കോടി ജനങ്ങളുള്ള ഭാരതത്തെ കൂടുതല്‍ മുടിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു.അഞ്ചാമത്തെ കുട്ടിയുടെ വരവ് ഒരു കുടുംബത്തില്‍ രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കുകയാവില്ലേ  എന്നത്  ഗൗരവകരമായ സംശയമാണ്.നാലു കുട്ടികളും അപ്പാവികള്‍.എന്നു വച്ചാല്‍ അവര്‍ക്കുള്ള പ്രസവച്ചെലവും  ഫീസും പഠനവും  എല്ലാം മാതാപിതാക്കളുടെ വക.അഞ്ചാമന്‍ മെത്രാന്റെ നിര്‍ദ്ദേശപ്രകാരം ഉദ്പാതിക്കപ്പെട്ടവന്‍.അവന് സൗജന്യങ്ങളേറെ.18 വര്‍ഷം കഴിഞ്ഞ് കുട്ടി അഡ്മിഷന് പ്രോഫഷനല്‍ കോളജില്‍ ചെല്ലുമ്പോള്‍ കൈമലര്‍ത്തുമോ എന്ന് കാത്തിരുന്ന് കാണണം.പഠിച്ചു പാസ്സായി വന്നാല്‍ സഭാവക സ്ഥാപനങ്ങളില്‍ ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്.അപ്പോഴേക്കും വാറോല പുറപ്പെടുവിച്ച മെത്രാന്‍ പരലോകത്തെത്തിയിട്ടുണ്ടാവുമല്ലോ .ഈ നിര്‍ദ്ദേശം തന്നെ അന്നു രേഖകളിലുണ്ടാവുമോയെന്ന് കാത്തിരുന്ന് കാണണം.ഇല്ലെങ്കില്‍  ആ കുട്ടിയ്ക്ക് എവിടെനിന്ന് നീതി കിട്ടും.
 

ഇപ്പോള്‍ത്തന്നെ ബിഎഡ്ഡും എംഎഡ്ഡം കഴിഞ്ഞ നൂറുകണക്കിന് കത്തോലിക്ക സഭാംഗങ്ങളായ കുട്ടികള്‍ ജോലി കാത്തിരിക്കയാണ്.ഒരു ബിഷപ്പും അവരോട് കരുണ കാണിക്കുന്നില്ല.

അഞ്ചാം പ്രസവം ഫ്രീയാക്കുമ്പോള്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട.കേരളത്തിലെ സ്വകാര്യ ആസ്പത്രികളുടെ കണക്കെടുത്താല്‍ കത്തോലിക്ക സഭയ്ക്കാണ് ഏറെ ആസ്പത്രികള്‍ ഉള്ളത്.സാധാരണക്കാരന്റെ പക്കല്‍നിന്ന് നോര്‍മല്‍ പ്രസവത്തിന് സഭാവക ആസ്പത്രികള്‍ ഈടാക്കുന്നത് ഏകദേശം അമ്പതിനായിരം രൂപയോളമാണ്.സിസേറിയനാണെങ്കില്‍ കഥ പറയാനില്ല.എന്നിട്ടാണ് അഞ്ചാമത്തെ പ്രസവത്തിന്  ഫ്രീ പരിരക്ഷ.അത്രയ്‌ക്കൊക്കെ നഷ്ടം സഹിച്ച്  എന്തുകൊണ്ട് കുട്ടികളെ ജനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നു എന്നത് സാധാരണക്കാരന്റെ മനസ്സിലെ ഒരു സംശയം മാത്രമാണ്.  ജനിക്കുന്ന കുട്ടി രോഗിയാണെങ്കില്‍ ആയുഷ്‌കാലം ഫ്രീ ചികിത്സ നല്‍കുമോ.വസ്ത്രം ,ഭക്ഷണം തുടങ്ങിയ കാര്യത്തെപ്പറ്റിയും മിണ്ടാട്ടമില്ല.ഒരു രൂപതയില്‍പ്പെട്ട ഭാര്യാഭര്‍ത്താക്കന്‍മാരെല്ലാം ചേര്‍ന്ന് കുടുംബവര്‍ഷത്തിലെ മെത്രാന്റെ ഇടയലേഖനത്തെ ബഹുമാനിക്കാമെന്നു വച്ചാല്‍ ഒറ്റ വര്‍ഷംകൊണ്ട് കേരളത്തിന്റെ ജനസംഖ്യ എത്രകണ്ടുയരുമെന്നത് നമ്മളെ വല്ലാതെ പേടിപ്പെടുത്തുന്നു.

ഒരു വീട്ടില്‍ത്തന്നെ രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കുകയാണ് ഫലത്തില്‍ സംഭവിക്കുക.ഒരു സാധാരണക്കാരന്റെ കുഞ്ഞുങ്ങള്‍ സാധാരണ സ്‌കൂളിലാവും പഠിക്കുക.മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തില്‍ കൊടുക്കാവുന്ന ഫീസില്‍ ഒതുങ്ങുന്ന വിദ്യാഭ്യസം.പക്ഷേ മെത്രാന്‍കുഞ്ഞുങ്ങള്‍ക്ക് പള്ളിവക ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ ഫീസില്ലാതെ പഠിക്കാം.അവന്‍ ടൈയ്യും യൂണിഫോമുമൊക്കെയിട്ട് രാവിലെ പുറപ്പെടുമ്പോള്‍ മൂത്തകുട്ടികളുടെ 'കോംപ്‌ളക്‌സ് ' ഊഹിക്കാവുന്നതേയുള്ളു.

അഞ്ചാമത്തെ കുട്ടിക്ക്   1500 രൂപ ,' സ്റ്റൈപ്പന്‍ഡ് ' രൂപത കൊടുക്കുന്നുണ്ടല്ലോ.ഈ 1500 രൂപ ഇന്നത്തെ കാലത്ത് എന്തിനു തികയുമെന്നത് കുടുംബവും കുഞ്ഞുങ്ങളുമില്ലാത്ത അച്ചന്‍മാര്‍ക്കും മെത്രാന്‍മാര്‍ക്കും അറിയില്ലല്ലോ.അഞ്ചു കുട്ടികളുള്ള വീട്ടില്‍ ഒരു കൂട്ടിക്കു മാത്രമായിഒരു ഗ്‌ളാസ്സ് പാലു  കുടിക്കാന്‍  കൊടുക്കാന്‍ ഒരു നല്ല അമ്മയ്ക്കു മനസ്സുവരില്ല.ഒരു ലിറ്റര്‍ പാലിന് കൊടുക്കണം 50 രൂപ .30 ദിവസമാകുമ്പോള്‍ പാലിനു മാത്രം 1500 രൂപ പോയി.ബാക്കി ചലവുകളോ ?പോഷകാംശമുള്ള ഭക്ഷണം കുട്ടിക്ക് ആരു കൊടുക്കും.അഞ്ചാംകുഞ്ഞ് പെണ്‍കുഞ്ഞായിപ്പോയാല്‍ കെട്ടിച്ചുവിടാനുള്ള ചെലവുകള്‍ സഭ വഹിക്കുമോ ? കേവലം 1500 രൂപയ്ക്കുവേണ്ടി എടുത്താല്‍ പൊങ്ങാത്ത ഭാരങ്ങള്‍ ഏറ്റു വാങ്ങാന്‍ ആരാണ് തയ്യാറാവുക എന്നത് മറ്റൊരു കാര്യം.

പക്ഷേ ഇതൊന്നുമല്ല പാലാ പിതാവിന്റെ പുതിയ വാറോലയ്ക്കു പിന്നിലെന്ന് സമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.പ്രധാനമായും ജനസംഖ്യനുപാത സ്‌കോളര്‍ഷിപ്പ് ആണ് ഒരു കാരണം.അത് വീതം വച്ചുപോകുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ല.ഇതര ക്രിസ്തീയ വിഭാഗങ്ങളാണെങ്കില്‍പ്പോലും അവ തട്ടിപ്പറിച്ചുകൊണ്ടുപോകുന്നത് നോക്കി നില്‍ക്കാനാവുമോ.അപ്പോള്‍ സ്വന്തം രൂപതക്കാര്‍ക്ക് കൂടുതല്‍  കുഞ്ഞുങ്ങളുണ്ടാവാന്‍ നിര്‍ദ്ദേശിക്കുകയാണ് എളുപ്പമാര്‍ഗ്ഗം.ആ സ്‌കോളര്‍ഷിപ്പ് ഈ കുട്ടികള്‍ക്ക് വാങ്ങിയെടുക്കാമല്ലോ.
   
ക്രൈസ്തവരുടെ ജനസംഖ്യാനിരക്ക് നന്നേ കുറയുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.അത് ചിന്തിപ്പിക്കുന്ന കണക്കുതന്നെയാണ്.സര്‍ക്കാരിന്റെ 2012-ലെ ഔദ്യോഗിക കണക്കു പ്രകാരം 18.6 % ആയിരുന്നു ക്രിസ്ത്യാനികള്‍.മുസ്‌ളിം സമുദായം 31.9 %.ഹിന്ദുക്കള്‍ 38.9%.എന്നാല്‍ 2018-ലെ കണക്കുപ്രകാരം ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞു.14.3%.  4.3% കുറവ്. ഹിന്ദുക്കളുടെ കണക്ക് 40 %.വെറും രണ്ടു ശതമാനം വര്‍ധനവ്. മുസ്‌ളിം സമുദായം 43.74 % !.അതായത്  12 %വര്‍ധനവ്.

ക്രിസ്ത്യാനികള്‍ 14 ശതമാനം മാത്രമായിരിക്കെ  ജനസംഖ്യനുപാത സ്‌കോളര്‍ഷിപ്പ് പങ്കു വയ്ക്കുന്ന മറ്റൊരു സമുദായത്തിന്റെ ജനനനിരക്ക് കുത്തനെ കയറുന്നത് അവരെ അസഹ്യപ്പെടുത്തുന്നതില്‍ അത്ഭുതമില്ലല്ലോ.സ്‌കോളര്‍ഷിപ്പും അവര്‍ തട്ടിയെടുക്കും,ജനസംഖ്യയിലും ഒന്നാം സ്ഥാനം അടിച്ചെടുക്കുമെന്ന് മനപ്രയാസം വല്ലാതെ അലട്ടുന്നുണ്ടാവണം.

ക്രിസ്ത്യന്‍ ജനസംഖ്യ കുറയാനുള്ളതിന്റെ  കാരണവും ചെന്നു നില്‍ക്കുന്നത് പുരോഹിതരിലേക്കാണ്.കുടുംബത്തിന്റെ സാമ്പത്തികനില മെച്ചപ്പെടാന്‍ പെണ്‍മക്കളെ നഴ്‌സിംഗിനു വിടാന്‍ ഉപദേശം നല്‍കിയതുപോലും പുരോഹിതരായിരുന്നു.ആദ്യകാലങ്ങളില്‍ വിദേശത്തേക്ക് നഴ്‌സ്്മാരെ റിക്രൂട്ട് ചെയ്തു വിട്ടിരുന്നതുപോലും ചില അച്ചന്‍മാരായിരുന്നെന്നത് പരമാര്‍ത്ഥം മാത്രം..ഒരുപാടു കുടുംബങ്ങള്‍ രക്ഷപ്പെടുകയും ചെയ്തു.പള്ളിയും വീടും അഭിവൃദ്ധിപ്പെട്ടു.പക്‌ഷേ പോയവരാരും തിരിച്ചെത്തിയില്ല.അവരൊക്കെ ചെന്നുപെട്ട സമ്പന്നരാജ്യങ്ങളില്‍ കുറ്റിയടിച്ചു.ചെന്ന രാജ്യങ്ങളിലെ പൗരന്‍മാരായി ,മക്കളും കൊച്ചുമക്കളുമൊക്കെയായി സസുഖം കഴിയുന്നു.മാത്രമല്ല അവിടെല്ലാം പള്ളികളും രൂപതകളുമുണ്ടാവുകയും ചെയ്തു.പക്ഷേ നാട്ടിലെ ജനസംഖ്യ കുറഞ്ഞുപോയതാണ് ഇപ്പോള്‍ വലിയ കുറ്റമായത്.അന്യ രാജ്യങ്ങളിലേക്ക് കുടിയേറിയ ക്രിസ്ത്യാനികളുടെ കണക്കെടുത്താല്‍ ഞെട്ടിപ്പോകുമെന്നത് വേറൊരു കാര്യം.
 
അഞ്ചാം കുഞ്ഞിനു പിന്നിലെ ഗൗരവതരമായ മറ്റൊരു കാര്യം സഭയുടെ നിലനില്‍പ്പാണ്.കുടുംബാസൂത്രണംവഴി രണ്ടു കുട്ടികളില്‍ ഒതുങ്ങിയപ്പോള്‍  കുറ്റിയറ്റുപോകുന്നത് അച്ചന്‍മാരുടെയും കന്യാസ്ത്രീകളുടെയും വംശമാണ്.മകനും മകളുമായി ആകെ രണ്ടുകുട്ടികളുള്ള വീട്ടില്‍നിന്ന് ഒരാളെ കന്യസ്ത്രീയാക്കാന്‍ വിടുമോ.കോണ്‍വെന്റിലെ കിണറ്റില്‍ വീണു മരിക്കുന്ന കന്യാസ്ത്രീകളുടെ എണ്ണം കൂടുകയുമാണ്്.ബോധമുള്ള ഒറ്റ മാതാപിതാക്കളും മകളെ മരണത്തിലേക്ക് പറഞ്ഞു വിടുമോ.ആകെയുള്ള മകനെ അച്ചന്‍ പട്ടത്തിനു വിട്ടാല്‍ വംശം കുറ്റിയറ്റുപോകുകയും ചെയ്യും.ചിന്തിക്കുന്ന മാതാപിതാക്കള്‍ മക്കളെ നന്നായി പഠിപ്പിച്ച സ്വന്തം കാലില്‍ നിര്‍ത്തി ഇഹത്തിനു കൊള്ളാവുന്നവനായി വളര്‍ത്തുന്നു.
 

പിന്നെ പള്ളികളെങ്ങങ്ങനെ മുന്നോട്ടു പോകും.ഇടവക ആരു നയിക്കും.സഭയുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാകാന്‍ അധികകാലമില്ല.പണ്ടൊക്കെ പത്തുംപതിനാറും മക്കളുള്ള കാലത്ത് നാലും അഞ്ചും മക്കളെ പള്ളിക്ക്  നേര്‍ച്ചയായി നല്‍കിയിരുന്നത് ഓര്‍ത്തപ്പോഴാണ് എല്ലാത്തിനും കാരണം സര്‍ക്കാറിന്റെ സന്താനനിയന്ത്രണമാണല്ലോ എന്ന ബോധോദയം ഉണ്ടായത്.എന്നാപ്പിന്നെ അതങ്ങു തകര്‍ത്തേക്കാം.സന്താനനിയന്ത്രണം കത്തോലിക്കര്‍ക്ക്് നിഷിദ്ധമായിരുന്നു ഒരുകാലത്ത്.ദൈവം തരുന്നത് രണ്ടുകൈയ്യും നീട്ടി വാങ്ങിക്കോണമെന്നായിരുന്നു സഭയുടെ കാഴ്ചപ്പാട്.സര്‍ക്കാര്‍ വക ബോധവത്ക്കരണവും ജീവിതച്ചെലവും കൂടുയപ്പോള്‍ ഇടയ്ക്ക് എങ്ങനെയോ  അതൊക്കെ വഴിമാറിപ്പോയി.ഇനി ഒന്നേന്നു തുടങ്ങണം.

സ്ത്രീയ്ക്കു നേരെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണ് ,മതത്തിന്റെ പേരിലായാലും അവളെ പീഡിപ്പിക്കുന്നത്. ഓരോ പ്രസവവും ഓരോ മരണ യാത്രയാണ്.അതിലേക്ക് വാഗ്ദാനങ്ങള്‍ നല്‍കി നിര്‍ബന്ധിതയാക്കുന്നത് അത്യന്തം കുറ്റകരമാണ്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റവും കുറ്റകരമാണ്.കുട്ടികളുണ്ടാകരുതെന്നോ ഉണ്ടവണമെന്നോ സ്ത്രീയെ നിര്‍ബന്ധിക്കാന്‍ പുറത്തുള്ള ഒരാള്‍ക്കും അവകാശമില്ല.അത് ഭാര്യയും ഭര്‍ത്താവും ചേര്‍ന്നെടുക്കുന്ന കൂട്ടായ തീരുമാനമാണ്.ലൈംഗികതയുടെ കാര്യവും അങ്ങനെ തന്നെയാണ്.അപ്പോഴാണ് കൂടുതല്‍ രതിയും കൂടുതല്‍ കുട്ടികളുമെന്ന ഫോര്‍മുലയുമായി മെത്രാന്റെ കടന്നുവരവ്.
 

പാലരൂപതയിലെ സ്ത്രീകളെ  സന്താനഉത്പാദനയന്ത്രങ്ങളായി മാത്രമാണോ രൂപത കാണുന്നതെന്ന പരിഹാസ്യ ചോദ്യം സോഷ്യല്‍ മീഡിയകള്‍ ആഘോഷിക്കയാണ്.അപ്പോഴതാ അടുത്ത രൂപതയും പാലായ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നു.സിറോ മലങ്കര പത്തനംതിട്ട രൂപതയാണ് പാലയെ തോല്‍പ്പിക്കാനെത്തിയിരിക്കുന്നത്.നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപയാണ് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.നാലാം കുഞ്ഞിന്റെ പ്രസവച്ചെലവു മാത്രമല്ല സഭാസ്ഥാപനങ്ങളിലെ നിയമനങ്ങളിലും മുന്‍ഗണനയുണ്ട്.കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിനാണ് ഇത്തരം നടപടികളെന്ന് രൂപത അധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് ശനിയാഴ്ച പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. റോമനും മലങ്കരയും  ' സ്‌റ്റൈഫന്റ് ' പ്രഖ്യാപിച്ച് രംഗത്തെത്തിയ സ്ഥിതിയ്ക്ക് ഇനി അടുത്ത ഊഴം ലത്തീന്‍കാര്‍ക്കാണ്.പാവപ്പെട്ട കുഞ്ഞാടുകള്‍ പള്ളിക്കു കൊടുക്കുന്ന നേര്‍ച്ചപ്പണമാണ് കൂടുതല്‍ പ്രസവിക്കുന്നവര്‍ക്കായി  മെത്രാന്‍മാര്‍  വാഗ്ദാനം ചെയ്യുന്നത്.

ഒരു മനുഷ്യന്‍ ജീവിതകാലത്ത് സഭയോടുമാത്രമല്ല കൂറു പുലര്‍ത്തേണ്ടത്.  ജീവിതത്തില്‍  ഓരോ പൗരനും അവലംബിക്കേണ്ട ചില ഉത്തരവാദിത്തങ്ങളുണ്ട്.അത് സ്വന്തം സമൂഹത്തോടും  രാജ്യത്തോടുമുള്ള കൂറാണ്.140 കോടി ജനങ്ങളുള്ള ഭാരതം ജനപ്പെരുപ്പത്തില്‍ പൊറുതിമുട്ടിയിരിക്കയാണ്. നോര്‍ത്തിന്ത്യയില്‍ സന്താനനിയന്ത്രണം കര്‍ശനമാക്കിത്തുടങ്ങി.അപ്പോഴാണ്  നാലാമത്തെയും അഞ്ചാമത്തെയും കുഞ്ഞുങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുള്ള സഭയുടെ പടപ്പുറപ്പാട്.സമുദായങ്ങള്‍ പരസ്പരം മത്സരിച്ച് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുമ്പോള്‍ കാല്‍ ചവിട്ടിനില്‍ക്കുന്ന ഭൂമിക്ക് വഹിക്കാവുന്നതിലധികം ഭാരം കുടഞ്ഞിടുകയാണെന്ന സത്യം മറക്കുന്നു.ഇക്കണക്കിനു പോയാല്‍ ഇന്ദിരാഗാന്ധിയുടെ കാലത്തെ  കുപ്രസിദ്ധ വന്ധ്യംകരണം തിരിച്ചെത്താന്‍ വൈകില്ലെന്നു മറക്കരുത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

View More