Image

ആ ഓട്ടമത്സരത്തിൽ ശരിക്കും എന്താണ് ഉണ്ടായത് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും ( മൃദുമൊഴി 19: മൃദുല രാമചന്ദ്രൻ)

Published on 01 August, 2021
ആ ഓട്ടമത്സരത്തിൽ ശരിക്കും എന്താണ് ഉണ്ടായത് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും ( മൃദുമൊഴി 19: മൃദുല രാമചന്ദ്രൻ)
മുയൽ പതുക്കെ ആമയും ആയുള്ള ഓട്ട മത്സരം തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള ആരംഭസ്ഥാനത്തേക്ക് നടന്നു.ആമ അവിടെ ആദ്യമേ എത്തി കാത്തു നിൽക്കുന്നുണ്ടായിരുന്നു.ഒരു പക്ഷെ, ആമ ഇന്നലെ തന്നെ അവിടെ വന്ന് ഇരുപ്പ് തുടങ്ങിയിട്ടുണ്ടാകാം എന്ന് മുയലിന് തോന്നി.എടുത്ത് നിൽക്കുന്ന പരുക്കൻ തോടിന്റെ ഉള്ളിൽ നിന്ന് തെറിച്ചു നിൽക്കുന്ന ശിരസിലെ ഉരുണ്ട കണ്ണുകളിലേക്ക് മുയൽ ഒന്ന് പാളി നോക്കി.ഈറൻ മൂടിയ, നിർവികാരമായ കണ്ണുകൾ.

ഇന്നലെ ഈ നേരത്ത് ആകും  പുൽമേട്ടിൽ വെച്ചു കണ്ടപ്പോൾ, ഒന്നും രണ്ടും പറഞ്ഞു തുടങ്ങിയ ഒരു തമാശ തർക്കമാണ് ഇന്ന് ഈ മത്സരത്തിൽ കലാശിച്ചത്.ഒരു ആവേശത്തിനു നടത്തിയ വെല്ലുവിളി, വിട്ട് കൊടുക്കാൻ സമ്മതിക്കാത്ത വാശി, വായിൽ നിന്ന് വീണ് പോയ വാക്കുകളെ പിൻവലിക്കാനുള്ള മടി....എല്ലാം ചേർന്ന് ഇതാ ഒരു മത്സരത്തിന്റെ ആരംഭത്തിൽ എത്തിയിരിക്കുന്നു.

കാഴ്ചക്കാരായി അധികം പേരില്ല.  അല്ലെങ്കിൽ തന്നെ എന്താണ് കാണാൻ ഉള്ളത് ? ഓട്ടക്കാരനായ മുയൽ, മെല്ലെപ്പോക്കുകാരൻ ആയ ആമയുമായി ഓടി മത്സരിച്ചാൽ , മത്സരഫലം എന്തായിരിക്കും എന്ന് ആർക്കാണ് ഊഹിച്ചു കൂടാത്തത് ? എന്നാലും പ്രത്യേകിച്ചു വേറെ പണിയില്ലാത്ത ചിലർ ഒക്കെ വേരിലും, കൊമ്പിലും ഒക്കെയായി ഒരു കൗതുകത്തിന്റെ പേരിൽ ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ട്.

നോക്കിയാൽ കാണുന്ന അകലത്ത് വള്ളികൾ കെട്ടി തിരിച്ചിട്ട ലക്ഷ്യ സ്ഥാനം കാണാം. തനിക്ക് അവിടെ എത്താൻ ആറോ, ഏഴോ കുതിപ്പ് മതി, കുറച്ചു നിമിഷങ്ങൾ. ആമ ഏതാനും അടി വയ്ക്കുന്ന നേരം കൊണ്ട് താൻ ഓടി ലക്ഷ്യം കണ്ടിരിക്കും.

തൊട്ടടുത്ത് ആമ തല ഉയർത്തി തന്നെയാണ് നിൽക്കുന്നത് എന്ന് മുയൽ കൺകോണിലൂടെ കണ്ടു. ഏതാനും നിമിഷങ്ങൾക്കകം താൻ തോൽക്കും എന്ന് ഉറപ്പുണ്ടായിട്ടും തല ഉയർത്തി നിൽക്കുന്ന ആമയോട് അന്നോളം തോന്നാത്ത ഒരു ബഹുമാനം മുയലിന് തോന്നി.ഏതാനും കുതിപ്പുകൾ കൊണ്ട് തനിക്ക് എത്തി ചേരാവുന്ന ആ ദൂരം,ആമക്ക് എത്രയെത്രയോ അകലെയാണ് ....

ആരോ മത്സരം ആരംഭിക്കാം എന്ന അർത്ഥത്തിൽ മരോട്ടികായ്കൾ എറിഞ്ഞു പൊട്ടിച്ചു, മരച്ചില്ലകൾ കൂട്ടിയിടിച്ചു.ആ ശബ്ദം കേട്ടതും, സ്വാഭാവികമായ ശീലം കൊണ്ട് മുയൽ ആഞ്ഞു കുതിച്ചു.മൂന്ന്-നാല് കുതിപ്പിന് അപ്പുറം, പാതി ദൂരം പിന്നിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു പൊട്ട് പോലെ ആമയെ കാണാമായിരുന്നു.തുടക്കത്തിൽ നിന്ന് ഒന്നോ, രണ്ടോ അടി ദൂരം അത് മുന്നേറിയിട്ടുണ്ടാകും.പക്ഷെ അത് കഴിയാവുന്നത്ര വേഗത്തിൽ അപ്പോഴും നടക്കുക തന്നെയാണ് എന്നത് മുയലിനെ വീണ്ടും അത്ഭുതപ്പെടുത്തി.ഇലകൾക്കും, പുല്ലുകൾക്കും ഇടയിൽ നിന്ന് കളിയാക്കി ചിരികളും, കൂക്കലും ഉയർന്നു.

ഒരു നിമിഷത്തിൽ പിന്നിടാവുന്ന മത്സരത്തിന്റെ പാതി ദൂരത്തെയും, തന്റെ കുഞ്ഞിക്കാലുകൾ ആകാവുന്നത്ര ആയത്തിലും, വേഗത്തിലും പെറുക്കി വച്ചു മറുപാതിയിൽ നിന്ന് നടന്ന് വരുന്ന ആമയെയും മുയൽ മാറി, മാറി നോക്കി.മുയലിന് ഉടൽ തരിച്ചു, കണ്ണു നിറഞ്ഞു, ഹൃദയം വിങ്ങി...

കരയിലും, വെള്ളത്തിലും കൂടി കഴിയാൻ വിധിച്ചിട്ടുള്ള ഒരു സാധു ജീവി, തന്നെക്കാൾ വലിയ ഒരു പുറംതോടിന്റെ കനം സദാ പേറുന്നത്, ഏതാണ്ട് എപ്പോഴും ആ തോടിന്റെ ഉള്ളിലെ നനവുള്ള ഇരുട്ടിൽ ജീവിക്കുന്നത്, തലയൊന്ന് പുറത്തേക്ക് ഇട്ടാൽ ഉടനെ ആരെങ്കിലും കളിയാക്കും- "കല്ലു താങ്ങി മെല്ലെപ്പോക്കുകാരൻ" എന്ന്.അത് കേട്ടാൽ ഉടനെ കാഴ്ച്ച കാണാനും, കൂട്ട് കൂടാനും ഉള്ള മോഹം ഒക്കെ അടക്കി തല പിന്നെയും തോടിനുള്ളിലേക്ക് വലിക്കും.ആ തോടിനുള്ളിലെ നനവിൽ, ആരും കാണാതെ അതിന്റെ കണ്ണീർ എത്ര കലർന്ന് ഒഴുകിയിട്ടുണ്ടാകും.

ഒരു നിമിഷത്തിൽ  അനായാസേന നേടാവുന്ന വിജയം കൊണ്ട് താൻ എന്താണ് സ്ഥാപിക്കാൻ പോകുന്നത് ? ആമയെ ഓടി തോൽപ്പിക്കാൻ മുയലിന് കഴിയും എന്നോ? ആ മുഴുവൻ സാഹചര്യത്തെയും കുറിച്ചോർത്തു മുയലിന് തന്നോട് തന്നെ പുച്ഛം തോന്നി.

തനിക്ക് യാതൊന്നും നഷ്ടപെടാനില്ലാത്ത ഈ ഒരു നിമിഷത്തിൽ എടുക്കുന്ന ഒരു തീരുമാനം ആമയുടെ ജീവിതത്തെ എന്നേക്കും ആയി മാറ്റും.തല തോടിനുള്ളിലേക്ക് വലിക്കാതെ അതിന് അൽപ്പനേരം സൂര്യ വെളിച്ചത്തെയും, ചിത്രശലഭങ്ങളെയും കാണാൻ പറ്റും.മുയൽ അടിമുടി കരുണയായി.

ഒരു നേർത്ത ചിരിയോടെ അടുത്തുള്ള പുല്ലിൽ ചെരിഞ്ഞു  കിടന്ന് ഉറക്കം നടിക്കുമ്പോൾ തന്റെ ഉള്ളിൽ ജ്ഞാനം ഉറവ് പൊട്ടുന്നത് മുയൽ അറിഞ്ഞു.ഏറെ നേരം കഴിഞ്ഞ് ആമ തന്നെ കടന്ന് പോകുന്നത്, പിന്നെയും ഏറെ നേരം കഴിഞ്ഞ് കാട് പൊട്ടിത്തെറിക്കുന്ന പോലെ ഒരു കരഘോഷം ഉയരുന്നതും മുയൽ അറിഞ്ഞു.

ഉറക്കത്തിൽ നിന്ന് അപ്പോൾ ഉണർന്ന ഒരാളെ പോലെ ,ഓടിയണച്ചു എത്തുമ്പോൾ, ഓട്ടമത്സരത്തിന് ഇടക്ക് ഉറങ്ങിപ്പോയ മുയലിനെ ആമ തോൽപ്പിച്ച കാഴ്ച കാണാൻ കാട് മുഴുവൻ ഝടുതി പിടിച്ച് ഓടി കൂടിയിട്ടുണ്ട്. ആമയെ ആരൊക്കെയോ തോളിൽ എടുത്ത് ഉയർത്തിയിട്ടുണ്ട്.ഒരു നിമിഷം കണ്ണുകൾ കൂട്ടി തൊട്ടപ്പോൾ ആമക്കണ്ണിൽ നിറച്ചും ചിരിയും,തിളക്കവും കണ്ടു .

ആമയോട് ഓടി മത്സരിക്കുന്നതിന് ഇടയിൽ മടിയും, അഹങ്കാരവും മൂത്ത് ഉറങ്ങിപ്പോയ മുയലിന്റെയും,അശാന്ത പരിശ്രമം ചെയ്ത് വിജയിച്ച ആമയുടെയും കഥ ഇപ്പോഴും മനുഷ്യർ പറയുന്നുണ്ട്.

മത്സരപന്തിയുടെ പാതിയിൽ വച്ച് തന്റെ ഹൃദയത്തിൽ നിറഞ്ഞ അലിവും, കനിവും അവർക്ക് എങ്ങനെ അറിയാൻ ?ലോകം തോൽവി എന്ന് കരുതുന്നത് തന്റെ വലിയ ജയമായിരുന്നു- അഹന്തയുടെയും, സ്വാർത്ഥതയുടെയും മേലുള്ള ജയം.ഇറുക്കി പിടിക്കുന്നതിനെക്കാൾ ഭംഗിയുണ്ട് അയച്ചു കൊടുക്കുന്നതിന് എന്നറിഞ്ഞ ദിവസം.

ആമക്ക് മുൻപിൽ തോറ്റ മടിയൻ മുയൽ ആ ഓട്ട മത്സരത്തിന്റെ പാതിയിൽ വച്ചേ ജയിച്ചു...ആകാശത്തെ തൊടുന്ന കൊമ്പുകളിൽ ആരും കാണാത്ത പൂക്കൾ വിടർത്തി കാട് ആ വിജയം വിളംബരം ചെയ്തു.


ആ ഓട്ടമത്സരത്തിൽ ശരിക്കും എന്താണ് ഉണ്ടായത് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും ( മൃദുമൊഴി 19: മൃദുല രാമചന്ദ്രൻ)
Join WhatsApp News
J 2021-08-01 17:41:08
https://www.youtube.com/watch?v=KuHuhQUngfs
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക