Image

രാമായണത്തിലെ 'മനുഷ്യനായ' രാമന്‍ (പ്രസാദ്‌ പഴുവില്‍, രാമായണ ചിന്തകൾ 17)

Published on 01 August, 2021
രാമായണത്തിലെ 'മനുഷ്യനായ' രാമന്‍ (പ്രസാദ്‌ പഴുവില്‍, രാമായണ ചിന്തകൾ 17)

ആദികവിയായ വാല്മീകി രചിച്ച രാമായണം, ലഭ്യമായതില്‍ ഏറ്റവും പഴയ ലക്ഷണമൊത്ത കാവ്യം എന്ന അര്‍ത്ഥത്തില്‍, ആദികാവ്യമായാണ് കണക്കാക്കപ്പെടുന്നത്. രാമായണം രചിക്കപ്പെടുന്നതിനു മുന്‍പും ദേശാന്തരങ്ങളില്‍ രാമന്‍റെ കഥകള്‍ വിവിധ ഭാഷകളില്‍ വാമൊഴിയായി പ്രചരിച്ചിരുന്നുവത്രേ. ദേവനാഗരി ലിപിയില്‍, സംസ്കൃത ഭാഷയില്‍,  രചിക്കപ്പെട്ട രാമായണം എഴുതപ്പെട്ടവയില്‍ ആദ്യത്തേതും, അത്യന്തം ശ്രേഷ്ഠവുമായ ഇതിഹാസ കാവ്യമായാണ് വാഴ്ത്തപ്പെടുന്നത്.

രാമായണത്തിന്‍റെ തര്‍ജ്ജമകളും വ്യാഖ്യാനങ്ങളും മൂലഗ്രന്ഥവുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത സ്വതന്ത്ര കൃതികളുമൊക്കെയായി വിവിധ ദേശങ്ങളില്‍ വിവിധ ഭാഷകളിലും വാമൊഴികളിലുമായി മൂന്നുറില്‍പ്പരം രാമായണങ്ങള്‍ പ്രചാരതിലുണ്ടെന്ന് കരുതപ്പെടുന്നു. ടിബറ്റ്, ബര്‍മ്മ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി വിവിധ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ രാമായണത്തിന്‍റെ ആദിമ വാമൊഴി രൂപങ്ങള്‍ അവശേഷിക്കുന്നുണ്ടത്രേ. ഹിന്ദു മതത്തിന്‍റെ ഇതിഹാസകാവ്യമായ വാല്മീകി രാമായണത്തിന്‍റെ മൂല കഥയുടെ സ്രോതസ്സ് ബൌദ്ധദശരഥജാതകത്തിലാണെന്നു വിശ്വസിക്കുന്ന പണ്ഡിതന്മാര്‍ നിരവധിയാണ്. ജൈന രാമായണം മാപ്പിള രാമായണം തുടങ്ങിയവ ഹിന്ദുമതത്തിനു പുറത്തുള്ള രാമായണ ഭേദങ്ങളാണ്.

വേദങ്ങള്‍, ഉപനിഷത്തുകള്‍, സ്മൃതികള്‍ എന്നിവ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായതു കൊണ്ടാണ് കഥകളുടെ രൂപത്തില്‍ പുരാണേതിഹാസങ്ങള്‍ എഴുതപ്പെട്ടത് എന്നുവേണം അനുമാനിക്കാന്‍. പുരുഷാര്‍ത്ഥങ്ങളായ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ നേടാന്‍ സധാരണമനുഷ്യരെപ്പോലും പ്രാപ്തരാക്കുന്നതിനാണ് അവരുടെ ഇടയില്‍ ജീവിക്കുന്ന ഉത്തമ മനുഷ്യരുടെ ജീവിത കഥകളിലൂടെ അവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നത്. മോക്ഷമാണ് പരമപ്രധാനമായ പുരുഷാര്‍ത്ഥമെങ്കിലും ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യം ധര്‍മ്മത്തിനാണെന്നാണ് രാമായണവും മഹാഭാരതവും പറഞ്ഞുവെക്കുന്നത്. ധര്‍മ്മത്തിന്‍റെ മൂര്‍ത്തിമദ്ഭാവമായ രാമനെ അവതരിപ്പിക്കുന്നതിലൂടെ ധര്‍മ്മത്തിന്‍റെ മഹത്വം ലോകത്തിന് വെളിവാക്കിക്കൊടുക്കുകയാണ് വാല്മീകി മഹര്‍ഷി ചെയ്യുന്നത്. “രാമോ വിഗ്രഹവാന്‍ ധര്‍മ്മ:” (ധര്‍മ്മം ആള്‍രൂപമെടുത്തതാണ് രാമന്‍) എന്നാണ് രാമനെ കവി വാഴ്ത്തുന്നത്.

മനുഷ്യനായിപ്പിറന്ന പുരുഷോത്തമനായ രാമനെ ദൈവമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വാല്മീകി രാമായണത്തിനു ശേഷം ഉണ്ടായവയാണെന്നാണ് പണ്ഡിതരുടെ അഭിപ്രായം. വിവിധ രാമായണങ്ങളില്‍ ധാരാളമായ് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുള്ളതായും അവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വാല്മീകി രാമായണത്തില്‍ത്തന്നെ ബാലകാണ്ഡവും ഉത്തരരാമായണവും പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഭക്തകവിയായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ രാമന്‍ സാക്ഷാല്‍ നാരായണന്‍ തന്നെയാണ്. സര്‍വ്വഗുണങ്ങളും തികഞ്ഞ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിട്ടുണ്ടോ എന്ന വാല്മീകി മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി നാരദ മഹര്‍ഷി ശ്രീരാമ കഥ പറഞ്ഞു കൊടുത്തു എന്നാണ് വിഷ്ണു പുരാണത്തിലെ കഥ.  

കോസലരാജ്യതിന്‍റെ മഹാരാജാവും അയോദ്ധ്യാധിപതിയും  ഇക്ഷാകുവംശജനുമായിരുന്ന ദശരഥന്‍റെ പുത്രനായ രാമനെ, ഭഗവാന്‍ വിഷ്ണുവിന്‍റെ മനുഷ്യാവതാരമാണെന്ന സൂചനകള്‍ നല്‍കുന്നുവെങ്കിലും, തന്‍റെ കുലധര്‍മ്മങ്ങളും കടമകളും കര്‍ത്തവ്യങ്ങളും യഥാവിധി നിറവേറ്റാന്‍ ബാധ്യസ്ഥനായ ഭൂലോകവാസിയായ സാധാരണ മനുഷ്യനായാണ് വാല്മീകി രാമായണത്തില്‍ അവതരിപ്പിക്കുന്നത്‌. രാമനിലൂടെ ആദികവി മുന്നോട്ടു വെക്കുന്ന പുരുഷോത്തമന്‍ എന്ന ആശയം വെല്ലുവിളിക്കപ്പെടുന്ന ധാരാളം കഥാസന്ദര്‍ഭങ്ങള്‍ രാമായണത്തിലുണ്ടെന്ന് വിമര്‍ശകര്‍ അവകാശപ്പെടുന്നുണ്ട്. ശൂര്‍പ്പണഖയുടെ വിവാഹ അഭ്യര്‍ത്ഥന, ബാലിവധം, സീതാപരിത്യാഗം എന്നീ കഥാസന്ദര്‍ഭങ്ങള്‍ രാമന്‍ എന്ന വ്യക്തിയുടെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്ന പ്രധാന സംഭവങ്ങളായി അവര്‍ വിലയിരുത്തുന്നു. എന്നാല്‍  ദേവകള്‍ക്കു പോലും പ്രാപ്തമല്ലാത്ത സര്‍വ്വോത്തമം എന്ന അവസ്ഥ മര്യാദാപുരുഷോത്തമനെങ്കിലും കേവലം മനുഷ്യനായ രാമന് പ്രാപിക്കാന്‍ കഴിയാത്തതില്‍ രാമനെ വിമര്‍ശിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? അപൂര്‍ണ്ണനായ മനുഷ്യനില്‍ പരിപൂര്‍ണ്ണനായ ഈശ്വരനെ തേടുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌. വിശപ്പു സഹിക്കാതെ വേട്ടയാടുന്ന മൃഗത്തിനും തന്‍റെ ജീവരക്ഷയ്ക്കു വേണ്ടി കുതിക്കുന്ന ഇരയ്ക്കും തുല്യ നീതി നല്‍കുകയെന്നത് മനുഷ്യ സാധ്യമല്ല തന്നെ.

തന്‍റെ കുലധര്‍മ്മവും പുത്രധര്‍മ്മവും രാജധര്‍മ്മവും പാലിക്കുന്നതിനിടയില്‍ രാമന് പലപ്പോഴും മറ്റു പലര്‍ക്കും അഹിതങ്ങളായ കാര്യങ്ങള്‍ ചെയ്യേണ്ടി വരികയെന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. ക്ഷത്രീയര്‍ക്ക് യുദ്ധവും ശത്രുവധവും അവരുടെ കര്‍ത്തവ്യവും ധര്‍മ്മമാണ്. സീതാപരിത്യാഗത്തില്‍, ഭര്‍തൃധര്‍മ്മത്തെക്കാള്‍ രാജധര്‍മ്മത്തിന് പ്രാധാന്യം കൊടുക്കുന്നതിലൂടെ തന്‍റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെ ജയിക്കുകയല്ലേ രാമന്‍ ചെയ്യുന്നത്? അതോടൊപ്പം രാമന്‍ പലപ്പോഴും നിസ്സഹായനായ ഒരു സാധാരണ മനുഷ്യന്‍ മാത്രമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ ദിവ്യശക്തികളൊന്നും പ്രാപ്തമല്ലാത്ത കേവലം മനുഷ്യനായ രാമന്‍ പരാജയപ്പെടുകയല്ല ചെയ്യുന്നതെന്ന കാര്യം സുവ്യക്തമാണ്. തന്‍റെ വ്യക്തി താല്‍പര്യങ്ങളും വ്യക്തി ധര്‍മ്മങ്ങളും കൂടുതല്‍ മഹത്വമുള്ള ധര്‍മ്മങ്ങള്‍ക്കു വേണ്ടി ബലികഴിക്കുന്നതിലൂടെ രാമന്‍റെ മഹത്വം വര്‍ദ്ധിക്കുക മാത്രമാണ്  ചെയ്യുന്നത്. സീതാപരിത്യാഗത്തിലൂടെ എല്ലാ പഴികളും സ്വയം ഏറ്റുവാങ്ങി  സീതയെ പരിശുദ്ധയായി നിലനിര്‍ത്തുകയാണ് ശ്രീരാമന്‍ ചെയ്തതെന്ന് കരുതുന്ന പണ്ഡിതരും ഉണ്ട്. അത്തരമൊരു പ്രവൃത്തി നിസ്വാര്‍ത്ഥ പുരുഷോത്തമാനുമായ ഒരു മനുഷ്യനു മാത്രം ചെയ്യാന്‍ കഴിയുന്ന  ത്യാഗമത്രേ.

(ആശയങ്ങള്‍ക്ക് വിവിധ ഗ്രന്ഥങ്ങളോട് കടപ്പാട്.) 

Join WhatsApp News
രാജീവ് പഴുവിൽ 2021-08-03 03:35:37
വ്യത്യസ്തമായ ഒരു വായന പ്രദാനം ചെയ്തു. ചില കാര്യങ്ങൾ പുതിയ അറിവാണ്. വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതുക..സസ്നേഹം..രാജീവ് പഴുവിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക