Image

വാട്സ്ആപ്പ് ഇല്ലാത്ത ലൈഫ് (രാജൻ കിണറ്റിങ്കര)

Published on 02 August, 2021
വാട്സ്ആപ്പ് ഇല്ലാത്ത ലൈഫ് (രാജൻ കിണറ്റിങ്കര)
രാവിലെ ആരും
പൂക്കൾക്കായി
ഗൂഗിൾ മുറ്റത്ത്
ഇറങ്ങുന്നില്ല

വീട്ടുകാരുടെ
മുഖവും
ഭക്ഷണ സമയവും
ആരും മറക്കുന്നില്ല

അടുപ്പത്ത് വച്ച
പരിപ്പ് കറി
കരിപ്പ് കറി ആകുന്നില്ല

മാതൃദിനവും
പിതൃദിനവും
വൃദ്ധ സദനങ്ങളിൽ
ആഘോഷിക്കപ്പെടുന്നില്ല

രാത്രി പത്ത് മണി കഴിഞ്ഞു
വീടുകളിൽ
വിളക്കുകൾ
അണയാതിരിക്കില്ല

വിരൽ തുമ്പാൽ
ഇഷ്ടങ്ങളും
പരിഭവങ്ങളും
പ്രകടിപ്പിക്കപ്പെടുന്നില്ല

തൊടികളും
പാടങ്ങളും
കുട്ടികളുടെ
കളിചിരികൾക്കായി
കാതോർത്തിരിക്കേണ്ടി
വരില്ല

അസമയങ്ങളിൽ
മുറികളുടെ
താഴുകൾ
കുറ്റിയിടേണ്ടി വരില്ല

കഴുത്തു വേദനക്കും
നട്ടെല്ല് വേദനക്കും
ചികിത്സ
തേടേണ്ടി വരില്ല

അയൽവാസിയെ
അന്യനെപ്പോലെ
പരിചയപ്പെടേണ്ടി
വരില്ല

മാവുകൾ
ഒരു കല്ലേറ്
കൊള്ളാൻ
കൊതിച്ച് നിൽക്കില്ല

പല പല
ദിനങ്ങളിൽ
ജന്മദിനങ്ങൾ
ആഘോഷിക്കപ്പെടില്ല

അമ്മയുടെ
മോനേ എന്നും
മോളേ എന്നുമുള്ള
വിളികൾ
അപരിഷ്കൃതമാകില്ല

ആരും
പൂവ് പിടിക്കേണ്ട
കൈയ്കളിൽ
ആയുധമെടുക്കുന്നില്ല

സ്നേഹം
നാട്യമാകുന്നില്ല
കരുതൽ
സ്മൈലികളാകുന്നില്ല



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക