Image

ഓജോ ബോർഡ് - രാത്രി - മൂന്നുമണി മുതൽ നാലേമുക്കാൽ വരെ ( കവിത : നീത ജോസ്)

Published on 02 August, 2021
ഓജോ ബോർഡ് - രാത്രി - മൂന്നുമണി മുതൽ നാലേമുക്കാൽ വരെ ( കവിത : നീത ജോസ്)
ഉറക്കം കിറുങ്ങിയുണരുമ്പോൾ
മണി മൂന്ന്
കഥ പറയാൻ വന്ന  ആത്മാവ് 
കുടിച്ച് ലക്കുകെട്ട് 
അക്ഷരങ്ങൾക്കും 
അക്കങ്ങൾക്കുമിടയിൽ 
ചുരുണ്ടു കിടക്കുന്നു.
ഗ്ലാസിനുള്ളിലെ 
തണുത്ത ലഹരി
കൈതട്ടി വീണ് 
പതിവുപോലെ ഇന്നും  എഴുതിയതൊക്കെ 
മാഞ്ഞു പോയിരിക്കുന്നു
ആ കടലാസു ചുരുട്ടി 
മേശപ്പുറം വൃത്തിയാക്കണം 
മെഴുകുതിരികൾ 
ഉരുകിപ്പടർന്നത് 
ചുരണ്ടിക്കളയുന്നതൊരു 
മടുപ്പിക്കുന്ന പണിയാണ്
പട്ടണങ്ങളിൽ 
ചെന്നായ്ക്കളുടെ
ഓരിയിടൽ 
കേൾക്കാറില്ലെന്നു 
പറയുന്നവരെപ്പറ്റിയോർത്ത് 
ചിരി വരുന്നു
ഹോ
ബോർഡു മടക്കുന്നതിനു മുൻപതിൽ 
കിറുങ്ങിക്കിടക്കുന്നവളെ 
ഉരുട്ടിയെണീപ്പിച്ച് 
പറഞ്ഞു വിടണമല്ലോ .

നടക്കാത്ത
ദൂരങ്ങളെപ്പറ്റിയോർത്ത്
കാൽപ്പാദങ്ങൾ
വിണ്ടുകീറി വേദനിച്ചു 
മേശമേൽ ചോർന്നു വീണ 
എണ്ണ കുടിച്ചോ മറ്റോ 
ഉറുമ്പുകൾ 
ഓരോന്നായി 
ചത്തു കൊണ്ടിരുന്നു

നാലേമുക്കാലായി.
ഒന്നുറങ്ങാൻ സമയമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക