Image

ചെന്താമര (ഗാര്‍ഗി, കഥാമത്സരം -177)

Published on 02 August, 2021
ചെന്താമര (ഗാര്‍ഗി, കഥാമത്സരം -177)

കാറ് തെളിഞ്ഞിട്ടില്ല... പുലര്‍ച്ചെ തുടങ്ങിയ പെയ്ത്താണ്. കുളിച്ചു തുവര്‍ത്തി  മുറ്റത്തേക്കിറങ്ങാൻ കാത്ത് നേരമൊട്ടായി നില്‍ക്കുന്നു. വീടിനപ്പുറം വല്ല്യ പറമ്പാണ്. മനയ്ക്കലെ ശിവക്ഷേത്രവും കുളവും പന്ത് കളിക്കാനുളള സ്ഥലവും കടപ്ലാവും മാവും പാലയും പ്ലാവും ഒപ്പം തല കുനിച്ച് കുണുങ്ങി നില്‍ക്കുന്ന കറുകയും മുക്കുറ്റിയും നിലപ്പനയും തുമ്പയുമൊക്കെയായി നീളുന്ന പറമ്പിലെ ലതാസമ്പത്തും ഒക്കെ സജീവം.
    വീടകന്നു നിന്നുളള ദിനങ്ങളും, ദാ ഇപ്പോ ലോക്ക്ഡൌണും കാരണം, രാവിലെ അമ്പലത്തില്‍ നിന്നും തുയിലുണര്‍ത്താനെത്തുന്ന സുബ്ബലക്ഷ്മിയമ്മയുടെ ശബ്ദമാധുരി എനിക്ക് ഏറെക്കുറെ അന്യമായി മാറിയിരിക്കുന്നു. മഴ മാറുന്ന ലക്ഷണമില്ല. അച്ഛന്‍ പറമ്പില്‍ പണി ചെയ്യുമ്പോള്‍ വെക്കാറുളള വലിയ പച്ചത്തൊപ്പീം എടുത്ത് ഞാൻ കുളത്തിന്‍റെ പടവിലേക്ക് നടന്നു. അവിടെയാണ് ഇന്നലെ എന്നെ ഇളിച്ച് കാണിച്ച് നിന്നിരുന്ന ഇത്തിരി മുക്കുറ്റികളുടെ കൂട്ടമുളളത്. അതിലൊന്ന് നുള്ളാന്‍ കരുതി കടപ്ലാവിന്‍റെ ചുവട്ടിലൂടെ ഞാൻ നീങ്ങി. 
 “ കുട്ടി എങ്ക്ടാ ഈ പെരുംപെയ്ത്തില് എറങ്ങി നടക്കണത്? “ ഇന്നലെ വൈകുന്നേരം വീടിന്‍റെ മുന്നിലൂടെ ഒരു ചിരി പാസാക്കി കടന്നു പോയ ആ കറുത്ത കുറിയ രൂപം. ഏകദേശം ഏഴു ദശകം പിന്നിട്ടിരിക്കണം. ഒട്ടും പൊക്കമില്ല. വായിലൊറ്റ പല്ലുമില്ല. പക്ഷേ ഒരു നവജാതശിശുവിന്‍റേതു പോലെ അത്രയും നിഷ്ക്കളങ്കമായ ചിരി. ഞാനും തിരിച്ചൊരു പുഞ്ചിരി നല്‍കി പറഞ്ഞു. “ മുക്കുറ്റി ഇറുക്കാന്‍ പോവ്വാണ്, കല്‍പ്പടവിലേക്ക്, ഒരു തണ്ട് വേണോ ചെവിയില് വെക്കാന്‍?”.


“മുക്കുറ്റി നോക്കാനാണോ കുട്ടിയിപ്പോ അങ്ക്ട് പോണത്. ദേ ഈ ചുറ്റമ്പലത്തിന്‍റെ മതിലിനോട് ചാരി നിക്ക്ണ്ട് ഒരു നട. നെനക്ക് എന്തോരം വേണം?” 
“അതേയോ, ന്നാ ദാ വരണൂ.”    
ഞാന്‍ അവിടേക്ക് നടന്നു. ഇടതൂര്‍ന്നു നില്‍ക്കുന്ന, മഴത്തുള്ളികളുടെ തുടരെത്തുടരെയുളള പ്രഹരമേറ്റ് ചാഞ്ഞു വീണ, മുക്കുറ്റികളില്‍ നിന്നും നീരും മുറ്റുമുളള ഒന്നു വലിച്ചെടുത്തു. പാതി ഇറുത്ത് തലയില്‍ ചൂടി. ബാക്കി പിഴിഞ്ഞ് ചാറെടുത്ത് പൊട്ടിട്ടു. പച്ച പടര്‍ന്ന കൈവെളള നീട്ടിക്കാണിച്ച് ഞാനാ കുറിയ മനുഷ്യനോട് ചോദിച്ചു.
“ മുക്കുറ്റി ചാന്ത് വേണോ? “
ആയാസരഹിതമായി, കൂട്ടിയിട്ടിരിക്കുന്ന നാളികേരം ഒന്നൊന്നായി പൊതിക്കുകയായിരുന്നു അയാള്‍. ഉപ്പൂറ്റി മുഴുവനും ചളിയില്‍ കുതിര്‍ന്നതു കണ്ടാല്‍ വറ്റി വിണ്ട ഒരു സമതലത്തില്‍ ചളി കുത്തിയൊലിച്ച് വന്നതു പോലെയിരുന്നു. കൈ രണ്ടും ആഞ്ഞൊന്നു കുടഞ്ഞു കൊണ്ട് അയാള്‍ പറഞ്ഞു.
“ഏയ് ചാന്തു തൊട്ടാലും വെള്ളം മായ്ച്ച് കളയില്ലേ... ന്ക്ക് വേണ്ട, കുട്ടി പൊട്ടിട്ടോളൂ.. നല്ല ചന്തണ്ടാവും.“
“അല്ല എന്തിനാ ഈ മഴ മൊത്തം കൊളളണേ?  മഴ മാറിയിട്ട് പണിതാ പോരേ? ഇതിപ്പോ പൊതിക്കണ തേങ്ങേം ചകിരീം ഒക്കെ നനയില്ലേ?”
”അതൊന്നും നോക്കണ്ട..... പറഞ്ഞ സമയത്തിന് പണി തീര്ക്കണം ... അവനാണെങ്കി എന്നോടാ മദം കൂട്ടണേ ? ഞാനിണ്ടോ തോക്കണു.... ഇന്നീ നാള്യേരം മുഴുവനും പൊതിച്ചു തീരാണ്ട് ഞാന്‍ കേറണ പ്രശ്നം ഇല്ല്യ... ഇന്ന് പെലെര്ച്ചെ വീട്ടീന്നെറങ്ങുമ്പഴെ കണ്ടാര്ന്നു. ആ ചെറ്റമുക്കിന്‍റെ അപ്പറത്തെ വയലില് കാറ് വെക്കണത്.. അങ്ങെനെ ഇരുണ്ട് തിങ്ങി ഒരു കാട്ടാനേടെ പോലെ ഇണ്ടാര്‍ന്നു. നീയ്യ് കാലത്ത് മാനം കണ്ടിണ്ടായോ ?”
”ഇല്യ.. ഞാന്‍ കണ്ടില്ല്യ”  
”ആ കാണണ്ട ചേലാര്‍ന്നു. ഇതിന്ന് തോരില്യ. പക്ഷേ ഞാന്‍ തോറ്റു കൊടുക്കുന്നാ അവന്‍ വിചാരിച്ചേക്കണേ. അത് മാത്രം നടക്കില്ല്യ ”
”ആരുടെ കാര്യാ ഈ പറയണേ ?”  
”കുഞ്ഞാഞ്ഞയേ.... അവനെന്നോട് പൊരുതണത് കാണണില്യേ നീയ്യ്? ”
”ഏ.. കുഞ്ഞാഞ്ഞയോ ? അതാരാ ഞാനെങ്ങും കണ്ടീല്ലല്ലോ ?”
”അയ്യടാ, നെനക്ക് കുഞ്ഞാഞ്ഞയേ അറിയില്ലേ ? നീയെത്തറാം ക്ലാശ്ശിലാ പഠിക്കണത്? ”
”ഞാനോ, ഞാനിപ്പോ ഡിഗ്രിക്ക്”
”ഈ ഡിങ്കിറി പന്ത്രണ്ടും കയിഞ്ഞിട്ടുളളതല്ലേ....അപ്പോ നെനക്ക് നൂറ് കയിഞ്ഞ് എണ്ണാന്‍ അറിയോ ?”
”ഓ അറിയാലോ”
”അന്നാ നീ ഇത്തിരി കയിഞ്ഞ് ഇത്തേടം വരുവോ ?”
”ആ വരാം. ആട്ടെ ആരാ ഈ കുഞ്ഞാഞ്ഞാന്ന് പറയ്”
”അത് മനശ്ശിലാവാന്‍ ഞാനൊരു പാട്ടു പാടാം. പിടി കിട്ടോ നോക്ക്”
”അന്നാ പിന്നെ അങ്ങനെ ആവട്ടെ”

”മാനം കറുത്തെടാ കുഞ്ഞാഞ്ഞേ
തുള്ളി പെയ്യടാ കുഞ്ഞാഞ്ഞേ
താളം പോടെടാ കുഞ്ഞാഞ്ഞേ
മാനം വെളുത്തെടാ കുഞ്ഞാഞ്ഞേ
പോയി വരിനെടാ കുഞ്ഞാഞ്ഞേ.... ”
”ഇപ്പ മനശ്ശിലായോ ?”
”ഓ മഴയാലേ... ഇപ്പോ മനസ്സിലായീട്ടോ. പാട്ട് അസ്സലായിട്ട്ണ്ട്... ”
ഞാന്‍ കയ്യിലെ മുക്കുറ്റി ചാറ് മഴവെള്ളത്തില്‍ കഴുകികളഞ്ഞ് കയ്യടിച്ചു.
”അല്ല നെന്‍റെ പേരെന്താ കുട്ട്യേ ?”
”ലക്ഷ്മി. എങ്ങനെ നല്ല പേരാണോ ?”
”പിന്നെ തണ്ടാര്‍മാതിൻ തേവിയല്ലേ.....ശര്‍വ്വ ശോഭാഗ്യവും തരണ തേവീടെ പേരാത്.. ”
”അതേയോ, അല്ല അപ്പൊ അപ്പൂപ്പന്‍റെ പേരെന്താ ?” 
”ന്‍റെ പേരോ ? ഈ ശര്‍വ്വഭാഗ്യം തരണ തേവി ഇരിക്കണതെവിട്യാന്നറിയോ? എന്‍റെ മേലിലാ”
”ഏ..എന്ത്.. ? മനുഷ്യന്മാര്‍ക്ക് മനസ്സിലാവണ പോലെ ഒന്നു പറയ്വോ. ഇത് എവടേം തട്ടാതെ ഓരോന്ന് പറഞ്ഞാ എങ്ങന്യാ ?”
”പിന്നെ ഞാന്‍ തന്നെ പറയാം...ന്‍റെ പേരാണ് ചെന്താമര”
”ങേ, അത് പെണ്ണുങ്ങടെ പേരല്ലേ ?”
”അയ്ന് നീയ്യ് മുഴുവനും കേട്ടില്ലല്ലോ. ചെന്താമരാക്ഷൻ, എന്നെ അപ്പൂപ്പന്‍ന്നൊന്നും  വിളിക്കണ്ട. ആരോഗ്യം നോക്ക്യാല്‍ നെന്നെക്കാളും ചെറുപ്പം ഞാനാ. ”
”ഓ....ആയ്ക്കോട്ടെ, പിന്നെന്ത്ന്നാ വിളിക്കണ്ടേ ?”
”ന്നെ ല്ലാരും ചെന്താമരാന്നാ വിളിക്കല്”
”അന്നാ ചെന്താമരേ, ഞാന്‍ പോയിട്ട് ഇപ്പം വരാട്ടോ”
”അപ്പോ തേവിക്കുട്ട്യേ, തമ്പ്രാന്‍റെ നമ്പരിണ്ടോ നെന്‍റേല് ഒന്നു വിളിക്കാന്‍ ?”
”ആരെയാ രാമന്‍ നമ്പൂരിയെ ആണോ ?. ആള്‍ടെ നമ്പറില്ല. ഇല്ലത്തെ വേറൊരാള്‍ടെ  ഇണ്ട്. ഞാന്‍ വിളിച്ച് പറയാൻ പറയാം മനയ്ക്കലേക്ക്”

”ആന്നേ മതി. പെലര്‍ച്ചെ ഞാന്‍ പോരുമ്പോ തിരുമേനി പൂജ കയിഞ്ഞ് പോയി. എന്തോ എന്നോടരുളീത് എനിക്ക് തിരിഞ്ഞില്ല.പണി കഴിഞ്ഞ്  വിളിക്കാന്‍ പറഞ്ഞിണ്ടായി. ഒരു പന്തിരണ്ട് മണിക്ക് തീര്‍ത്തേക്കുംന്ന് പറയോ ?”
”ആ ഞാനിപ്പന്നെ വിളിച്ച് പറയാട്ടോ”
ചെന്താമര അടുത്ത നാളികേരം എടുത്ത് സര്‍വ്വ ശക്തിയുമെടുത്ത് പാരയില്‍ ആഞ്ഞു കുത്തി, ചകിരി വലിച്ചെടുത്തു. കുലുങ്ങി ചിരിച്ചു.എന്നിട്ടെന്നെ നോക്കി ചോദിച്ചു.
”അപ്പോ ആരാ ജയിക്ക്യാ, കുഞ്ഞാഞ്ഞയോ ചെന്താമരയോ ?”
”അതിപ്പെന്താ സംശയം, ചെന്താമര തന്നെ”
അയാള്‍ തലയാട്ടി മോണ കാട്ടി ചിരിച്ചു. മഴ പിന്നെയും കനത്തു.
മഴയൊന്നു തോര്‍ന്നു. മനയ്ക്കലേക്ക് വിളിച്ചിട്ട്, ഫോണും എടുത്തുകൊണ്ട് ഞാന്‍ വീണ്ടും ചുറ്റമ്പലത്തിനടുത്തേക്ക് പോയി.
”ചെന്താമരേ എത്രയെണ്ണം പൊതിച്ചു ?”
”വന്നോ.... അതെണ്ണി എടുക്കാനല്ലേ തേവിക്കുട്ട്യോട് വരാമ്പറഞ്ഞേ...... ഞാന്‍ പെറുക്കാം. കുട്ടി എണ്ണം പറയണട്ടോ. ഇന്നലെ തമ്പ്രാന്‍ നാനൂറ്റിയമ്പതാ എണ്ണ്യത്.ഇന്ന് കൊറച്ചേ ഉള്ളൂ”
”ആ... എന്തിനാ ചെന്താമര ഇപ്പഴും തമ്പ്രാനെന്ന് വിളിക്കണെ? രാമന്‍ നമ്പൂരീന്ന് വിളിച്ചാ പോരേ?. ചെന്താമരേനേക്കാട്ടിലും എത്ര വയസ്സ് ഇളയതാ രാമന്‍നമ്പൂരി. പഴേ ശീലങ്ങളൊക്കെ മാറ്റണ്ടേ.... അടിയാളത്തം ഒക്കെ കഴിഞ്ഞിട്ട് പതിറ്റാണ്ട്കളായില്ലേ”
ഇത്തിരി ഈര്‍ഷ്യയോടെ, ചെറുതെങ്കിലും എന്‍റെ ഉള്ളിലെ വിപ്ലവകാരി പുറത്തുചാടി. ചില നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി ആ സ്വത്വത്തെ ഞാൻ പുറത്തു വിടാതെ പൂട്ടിയിടാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്.പക്ഷേ, ഇടയ്ക്കിടെ അവള്‍ ചങ്ങല പൊട്ടിച്ചോടുന്ന പട്ടിയെ പോലെ കുരച്ചു ചാടും.
ചെന്താമര പതുക്കെ പറഞ്ഞു.
”അതൊക്കെ ഇപ്പഴല്ലേ കുട്ട്യേ ഇല്ലാണ്ടായത്. നന്ദികേട് കാട്ടാന്‍ പാടില്ല്യ. തിരുവുള്ളക്കേടൊണ്ടാക്കാണ്ട്, ആരുടേം വിരോധം വാങ്ങാണ്ട്, കഴിഞ്ഞു കൂടണം”
”അതെന്തോ ആവട്ടെ, തമ്പ്രാന്‍ വിളി നിര്‍ത്തിയാല് ഇണ്ടാവണ വിരോധം ആണെങ്കില് നമ്പൂരിക്ക് ഇപ്പോ നാട്ടാരോട് മുഴുവനും വിരോധിക്കാനേ നേരം കാണുള്ളൂ... ചെന്താമര അത് വിട്. ഞാനെനിക്ക് തോന്നിയ കാര്യം പറഞ്ഞൂന്നേ ഒള്ളൂ”
ചെന്താമര അടുത്തുളള കല്ലില്‍ ഇരുന്നു.
”നെനക്കറിയില്യ കുട്ട്യേ, പണ്ട്...പണ്ട്ന്ന് വെച്ചാല്‍ ഒരമ്പത് കൊല്ലം മുമ്പ്, എനിക്കപ്പോ ഏറിയാ ഇരുപത്തൊന്ന്, അന്ന് ഈ വയലായ വയലൊക്കെ വെള്ളം പൊങ്ങി,കായല് നെറഞ്ഞു,ഇതു പോലൊരു കര്‍ക്കിടകത്തില്‍, താണ്ഡവം കളിച്ചു അവന്‍. പൊരിഞ്ഞ വറുതി അല്ലേ.അന്നൊന്നും ഇന്നത്തെ പോലെ കേമ്പില്ലല്ലോ....നെന്‍റെ അപ്പാപ്പനും മുത്തിയമ്മമ്മേം ഒക്കെ ഒള്ള കാലത്താണ്, ഞങ്ങളൊക്കെ കോളിനടുത്തുളള ഏരിയിലാണ് കുടില് കെട്ടി പാര്‍ത്തിരുന്നത്. അന്ന് വെള്ളം കേറീപ്പോ മനയ്ക്കലെ പത്തായത്തിലാണ് ഞങ്ങള്‍ നിന്നത്. മഴ മാറി വെള്ളം എറങ്ങി. പക്ഷേ എല്ലാം നശിച്ചു. അന്ന് തമ്പ്രാട്ടിയാണ് കുടില് കെട്ടാന്‍ അണ തന്നത് എല്ലാര്‍ക്കും. അതൊക്കെ ഓര്‍ക്കുമ്പോ ഇപ്പളും നെഞ്ഞ് കത്തും കുട്ട്യേ. ഇപ്പോ തമ്പ്രാട്ടീം ഇല്ല. നെലോം ഇല്ല. കളപ്പുരയും കൊയ്ത്തും ഒന്നൂല്ല. പക്ഷേ എല്ലാര്ക്കും ടെറശ്ശ് വീട്, വണ്ടി ഒക്കെയായി”
”ചെന്താമരേ നമുക്കാ വിഷയം വിടാം. ഞാന്‍ ചെന്താമരേടെ ഒരു ഫോട്ടോ എടുത്തോട്ടെ.നല്ല രസണ്ട് ആ പല്ലില്ലാത്ത ചിരി”
”ഫോട്ടം പിടിക്കാണേല്‍ എണ്ണം തിട്ടപ്പെടുത്തി കഴിഞ്ഞു മതി. ഞാന്‍ ചേറൊക്കെ തുവര്‍ത്തികളഞ്ഞിട്ട്”
”എങ്കീ വാ നമുക്കെണ്ണാം”
”നെനക്കല്ലേ നൂറ് കയിഞ്ഞെണ്ണാന്‍ അറിയാ, തൊടങ്ങിക്കോ... ”
ആ..ഒന്ന്....രണ്ട്.....മൂന്ന്...................ഇരുന്നൂറ്റി പതിനാറ്
എണ്ണി കഴിഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ തിളങ്ങി.
”അയ്യടാ ഇപ്പോ ആരാ ജയിച്ചേ. ചെന്താമരയോ കുഞ്ഞാഞ്ഞയോ ? ”
”ചെന്താമര തന്നെ”
”അതേ ! കുഞ്ഞാഞ്ഞ തോറ്റു. അവന്‍ എത്ര ശക്തിയില്‍ പെയ്താലും എന്നെ തോല്‍പ്പിക്കാൻ പറ്റില്ലാ..... പിന്നെ, തേവിക്കുട്ട്യേ നെനക്ക് ഞാനൊരു കരിക്ക് ആ കടപ്ലാവിന്‍റെ ചോട്ടിലിട്ട്ണ്ട്. പൊതിച്ചിട്ടില്ല്യ, കൊണ്ടോയി ചെത്തിക്കുടിച്ചോട്ടാ.... ”
“ആഹാ കുറെ നാളായി കരിക്കിന്‍വെള്ളം കുടിച്ചിട്ട്,അതെന്തായാലും നന്നായി.  അല്ലാ ചെന്താമര ഇപ്പോ പോയിട്ട്, എന്നാ ഇനി ഈ വഴിക്കൊക്കെ വര്വാ?. അല്ലെങ്കി ചെന്താമരേടെ വീടെവട്യാ?  ഞാൻ  സൈക്കിളെടുത്ത്  ആ വഴിയേ വരാം ഇടയ്ക്ക്... ”
”ന്‍റെ വീട് ഏരീലെ ഇറക്കത്തീന്ന്  പടിഞ്ഞാട്ട് പോയിട്ട് ഒരു കല്ലുപാലം കടന്നിട്ടാ. പക്ഷെ എന്നെ തെരക്കി വീട്ടി വന്നാ കാണാന്‍ കിട്ടില്ല. ഞാന്‍ പണിയന്വേഷിച്ച് പോവും, അല്ലേല്‍ ഏതേലും തൊടിയിലോ പറമ്പിലോ ഒക്കെ റോന്തു ചുറ്റി നടക്കും. ചൂടായാലും കാറ്റൂതിയാലും കുഞ്ഞാഞ്ഞ വന്നാലും ഇരുട്ട് കനക്കാണ്ട് ചെന്താമര വീടണയില്ല” ചെന്താമര പറഞ്ഞു തീര്‍ക്കുമ്പോഴേക്കും ഞാൻ ഒന്നു രണ്ടു ഫോട്ടോ ക്ലിക്കു ചെയ്തു. അത് കണ്ടു ചെന്താമരയുടെ മുഖം പിന്നെയും വിടര്‍ന്നു. ഞാൻ എടുത്ത ഫോട്ടോ ചെന്താമരയ്ക്കു കാട്ടിക്കൊടുതതു. കൌതുകത്തോടെ കുറച്ചു നേരം നോക്കി നിന്നിട്ട്  പറഞ്ഞു.  ”ഇതു കൊള്ളാം....നീയ്യെന്നെ ഇതിന്‍റകത്ത് കേറ്റീല്ലേ അപ്പോ... നല്ല കതയായിണ്ട്. ഞാനീ സൂത്രം കണ്ടിട്ട്ണ്ട്. ന്‍റെ മോള്‍ടെ മോൻ മണിക്കുട്ടൻ, അവന്‍റേലിണ്ടിതു പോലത്തെ ഒരെണ്ണം....പക്ഷേ അയ്്ല് എന്‍റെ പടം ഒന്നൂല്ല ട്ടോ”
അയാള്‍ പോകാനൊരുങ്ങി. കവറിനുള്ളില്‍ വെച്ചിരുന്ന ഷര്‍ട്ടെടുത്തിട്ടു. പോക്കറ്റില്‍ ഉണ്ടായിരുന്ന അവസാനത്തെ ബീഡിയെടുത്തു പുകച്ചുകൊണ്ട് യാത്രയായി.
”അപ്പോ... ചെന്താമര പിന്നെ വരണ് ണ്ട് ഒരീസം, കുട്ട്യേ കാണാൻ....
കുഞ്ഞാഞ്ഞ വരും മുമ്പ് വീട്ടിപോയി കഞ്ഞി മോന്തണം. വേറെ ഒരു തൊടിയില് പണീണ്ട് ഉച്ചക്ക്. ഇനി അവടെ ചെന്നട്ട് കുഞ്ഞാഞ്ഞയോട് മല്ലിടണം.  അപ്പഴും ആരാ ജയിക്ക്യാ കുട്ട്യേ?”
” ചെന്താമര തന്നെ.......അല്ലാണ്ടാരാ ?”
”അതെന്നെ, തമ്പ്രാൻ വരുമ്പോ പറയണം ചെന്താമര സമയത്തിനു പണി തീര്‍ത്തൂന്ന്”
ഞാൻ തലയാട്ടി.
കടപ്ലാവിന്‍റെ ചോട്ടിലേക്ക് ചൂണ്ടിക്കാട്ടി, അരയില് തിരുകി വെച്ചിരുന്ന മാസ്ക്ക് എടുത്ത് കൈയ്യില്‍ പിടിച്ച്, ബീഡിയും പുകച്ചു കൊണ്ട് ആ വൃദ്ധന്‍ നടന്നകന്നു. കുളക്കടവ് കഴിഞ്ഞ് അമ്പലമതിലും കടന്ന് ആ രൂപം മറയും വരെ ഞാന്‍ അവിടെ നിന്നു. പിന്നെ കടപ്ലാവിന്‍ ചോട്ടിലെ കരിക്കും എടുത്ത് മഴ പെയ്യും മുമ്പെ വീട്ടിലേക്കോടി......ഞാൻ അകത്തേക്ക് കയറുന്നത് കണ്ടതും, അമ്മ അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു...... ” ഉച്ചയാവാറായി, രാവിലത്തെ കാപ്പി പാട കെട്ടിയിരിപ്പുണ്ട്...എന്തേലും എടുത്ത് കഴിച്ചിട്ട് സര്‍ക്കീട്ടടിക്കാം, ഇനി ഒന്നും കഴിക്കാണ്ട്പറമ്പിലെങ്ങാൻ തല കറങ്ങി വീണാല്‍ അവിടെ കിടക്കുകയേ ഉള്ളൂ... ”
സ്ഥിരം പല്ലവിയോടുളള വിമുഖത മാറ്റി ഞാൻ അടുക്കളയിലേക്കു ചെന്നു.
”അതൊക്കെ സമ്മതിച്ചു. അമ്മയ്ക്കറിയോ, ഈ ചെന്താമരക്കെന്താ പ്രത്യേകതാന്ന്? ”
”അത് വെള്ളത്തിലുണ്ടാകുന്ന പൂവാണ്”
”അതേ, പക്ഷേ വേറെന്താ പ്രത്യേകത ?”
”ആവോ, എനിക്കെങ്ങും അറിയില്ല... എനിക്കിവിടെ വേറെ നൂറു കൂട്ടം പണിയുണ്ട്... നീ ഒന്നു പോയേ കളിക്കാതെ”
”അമ്മേ ഈ ചെന്താമര ഉണ്ടല്ലോ എത്ര ചൂടു കൊണ്ടാലും വാടില്ല.  വെള്ളം കൂടിയാല്‍ ചീഞ്ഞു പോവുമില്ല. കാറ്റൂതിയാല് ഇതളു പൊഴിക്കേം ഇല്ല... അത്രേം ചെറുത്തു നില്‍ക്കും അറിയോ..... കുഞ്ഞാഞ്ഞ സര്‍വ്വശക്തിയുമെടുത്തുവന്നാലും ചെന്താമര തന്നെയേ ജയിക്കൂ”


”ഇതിപ്പോ എവിടുന്നാ ഇന്നത്തേക്കുളള വക കിട്ടിയത്. നിന്‍റെയീ കഥയൊന്നും എനിക്ക് പറഞ്ഞാ കേറില്ല....നീയത് എവിടേലും കുറിച്ച് വെക്ക്”
മാനം പിന്നെയും ഇരുണ്ടു...കാറ് കനത്തു.... എന്നാലും ചെന്താമര തന്നെയേ ജയിക്കൂ...
ആകാശത്തേക്ക് നോക്കി ഞാൻ ചൊല്ലി
”മാനം കറുത്തെടാ കുഞ്ഞാഞ്ഞേ
തുള്ളി പെയ്യടാ കുഞ്ഞാഞ്ഞേ
താളം പോടെടാ കുഞ്ഞാഞ്ഞേ
മാനം വെളുത്തെടാ കുഞ്ഞാഞ്ഞേ
പോയി വരിനെടാ കുഞ്ഞാഞ്ഞേ....”

 ***************************************
ഗാര്‍ഗി (ലക്ഷ്മി) 
തൃശ്ശൂര്‍ മണലൂര്  സ്വദേശിനി. 20 വയസ്സ് . നിലവില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനി. സ്ക്കൂള്‍ കലോല്‍സവങ്ങളിലും വിദ്യാരംഗം സാഹിത്യവേദികളിലും സജീവപങ്കാളിത്തം വഹിച്ചിരുന്നു. 2020ല്‍  വാതായനം എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 

 

Join WhatsApp News
Sambu 2021-08-10 16:40:04
🙌🏻
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക