Image

പുറത്തേക്കാൾ സങ്കീർണ്ണമല്ലേ  അഹം (ഗീത രാജീവ്)

Published on 02 August, 2021
പുറത്തേക്കാൾ സങ്കീർണ്ണമല്ലേ  അഹം (ഗീത രാജീവ്)

ഞാന്‍ ലണ്ടനിൽ വന്നു ജോലിക്ക് പോയി തുടങ്ങിയ കാലം എന്റെ മാനേജർ ലേഡി രണ്ടര വയസുള്ള ഒരു കുഞ്ഞുമായി ആണു ജോലിക്ക് വരുന്നത് . അടുത്തുള്ള ചൈൽഡ്‌കെയർ സെനറ്ററിൽ കൊടുക്കും പോകുമ്പോൾ എടുത്തുകൊണ്ടുപോകും  . ഒരു ദിവസം വന്നപ്പോള്‍ കുഞ്ഞുണ്ടായില്ല. ഞാന്‍ ചോദിച്ചു കുഞ്ഞെവിടെ..? “ഇന്ന് എന്റെ ബോയ്ഫ്രണ്ടിന് അവധിയാ അവന്‍ നോക്കും” അവളുടെ ആ മറുപടി എനിക്ക് അത്രക്കങ്ങോട്ട് ദഹിച്ചില്ല. ഞാനൊരു മലയാളിയല്ലിയോ ബോയ്‌ഫ്രണ്ടന്നൊക്കെ കേട്ടപ്പോൾ വല്ലാത്തൊരു വെപ്രാളം ... എടുത്തവായില്‍ ഞാൻ ചോദിച്ചു  ..അപ്പോള്‍ ഭർത്താവ് ..?? ഞങ്ങൾ ഡൈവോഴ്സാ ...എനിക്കു പിന്നെയും ദഹനകേട് ..എൻറെ  അല്പത്തരം വീണ്ടും സടകുടഞ്ഞെഴുനേറ്റു. കടന്തല്‍ കുടു പൊട്ടിവന്നപോലെ ചോദ്യങ്ങള്‍  ഒന്നിനുപിറകെ ഒന്നായി എൻറെ ഉള്ളിലേക്ക് ഇരച്ചുകയറി  . എല്ലാചോദ്യങ്ങളും  ഉള്ളിലൊതുക്കിപറയാതെ പറഞ്ഞു അവളൊടോപ്പമുള്ള എൻറെ യാത്ര തുടർന്നു  ..ആറുമാസം കഴിഞ്ഞ് അവള്‍ മറ്റൊരു സ്ഥാപനത്തിലേക്ക് മാറിപോകുകയാണ്.  ഞാന്‍ ജോലിക്കു ചെല്ലുമ്പോൾ  അവളുടെ കുഞ്ഞ് ഒരു തടിയൻറെ  കു‌ടെ അവിടെയൊക്കെ ഓടി ചാടി നടക്കുന്നുണ്ട്.കുറച്ചു കഴിഞ്ഞ് അയാളുടെ കാറില്‍ കയറിപോയി .. ഞാന്‍ ഓടിചെന്ന് അവളോട്‌ പറഞ്ഞു .കുഞ്ഞു ദാ ഒരാളുടെ കു‌ടെ ...പറഞ്ഞു തീരും മുൻപേ  അവളു ചിരിച്ചുപോയി  ..” നീ വിഷമിക്കണ്ടാ  അതു കുഞ്ഞിൻറെ അച്ഛനാ  ,.” എനിക്ക് പിന്നെയും ദഹനകേട്‌ , അപ്പോ ..നീ പറഞ്ഞതോ ‘നീ ബോയ്‌ഫ്രണ്ടിൻറെ  കു‌ടെയാണന്ന് ..??’ അവൾക്കു  ചിരിയടക്കാൻ കഴിഞ്ഞില്ലാ... അതേ ഗീതാ .......”  ഞങ്ങള്‍ ഇപ്പോഴും നല്ല ഫ്രണ്ട്സ് ആയി തുടരുന്നു ,കുഞ്ഞിന് വേണ്ടി....” എന്റെ  തലക്ക് മുകളിലൂടെ ഒരു പരുന്ത് പറന്നു  പോയി....ഇടിവെട്ടിയവൻറെ  തലയിൽ പാമ്പു കടിച്ചു എന്നപോലത്തെ അവസ്ഥ...ഒരു ശരാശരി മലയാളിയുടെ പുരോഗമനം പുറമേക്കുമാത്രമാണ് ...
                     
 വെള്ളക്കാർ  കുടുംബ മഹിമ ഇല്ലാത്തവരാണന്ന് നാം വീമ്പിളക്കികൊണ്ടേ യിരിക്കും .എന്നാല്‍ ഒരേ സമയം ഒന്ന് എന്നതാണ് അവരുടെ പോളിസി. നിലവിലുള്ളതിനെ ഉപേക്ഷിച്ചിട്ടാണ് അവർ മറ്റൊന്നിലേക്ക് പോകുന്നത്.  വിവാഹകച്ചവടം എന്ന ഏർപ്പാടുമില്ല. സ്ത്രീധനത്തിന്റെയും കുടുംബ മാഹാത്മ്യത്തിന്റെയും പേരിൽ സ്ത്രീ യെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുമില്ല.
പലപ്പോഴും കാലങ്ങള്‍ ഒന്നിച്ച് ജീവിച്ച് അതിൽ കുട്ടികളും  ഉണ്ടായികഴിയുമ്പോള്‍ ചിലർ വിവാഹം കഴിക്കുന്നു  ചിലര്‍  പാതിവഴിയില്‍ പിരിയുന്നു...അതിലുണ്ടായ കുട്ടിയെ അച്ഛനോ അമ്മയോ എറ്റെടുക്കുന്നു. അവർക്കു  ‌ രണ്ടുപേർക്കും   എന്തെങ്കിലും കാരണവശാൽ സാധിക്കാതെവന്നാൽ ഗവൺമെൻറ്  ആ ഉത്തരവാദിത്വം എറ്റെടുക്കുന്നു . നീ എന്തിനാ പ്രേമിക്കാന്‍ പോയതെന്നൊന്നും അവരോട് ആരും ചോദിക്കുന്നില്ല .ഗർഭത്തിലെ  കൊച്ചിനെ നശിപ്പിച്ചുകളയാനും വഴിയോരങ്ങളിൽ വലിച്ചെറിയാനും ഒന്നും ഇവിടെ നിയമം അനുവദിക്കുന്നില്ല. ലിവിംഗ് ടുഗെദർ   ഒക്കെ നമ്മളും ആംഗീകരിച്ചുകഴിഞ്ഞു.   എന്നാല്‍ അതിലുണ്ടാകുന്ന കുട്ടികൾക്ക്   എന്ത് സാമൂഹ്യമാനമാണ് സുരക്ഷിതത്വമാണുള്ളതെന്ന് ആരും ചർച്ചചെയ്തു  കണ്ടില്ലാ...കുട്ടികൾ  നമുക്കൊരു വിഷയമേയല്ല .ചെറുതും വലുതുമായ ഒട്ടേറെ പ്രശ്നങ്ങളിലൂടെ ഏതൊരു വ്യക്തിയും കടന്ന് പോകുന്നത് . മൈക്ക് ‌വെച്ചുകെട്ടി ചാനലുകാർക്ക് സാക്ഷ്യം പറഞ്ഞല്ല കുടുംബപ്രശ്നങ്ങൾ പരിഹരിക്കേണ്ടതും . സംമ്പന്നരാജ്യം എന്നാല്‍ അവിടെ ജീവിക്കുന്നവരെല്ലാം സ്നേഹസംമ്പന്നര്‍ എന്നാണോ...??അല്ലാ .. മലയാളികളെല്ലാം ഇവിടെവന്നു സംസ്കാരസമ്പന്നരായി എന്നുമാണോ ..??   മനുഷ്യന്‍ എവിടെയും ഒന്നുതന്നെയാണ്.....അവൻ്റെ വിചാരവിചാരങ്ങൾക്കും ആവലാതികൾക്കും  ഒക്കെ ഒരേ മാനമാണ് . മനുഷ്യനെ നിയന്ത്രിക്കാന്‍ കഴിയുന്ന ജീവനും സ്വത്തിനും സംരക്ഷണം  നല്കുന്ന ഒരു ഭരണസംവിധാനം ഇവിടെ  നിലനില്ക്കുന്നു എന്നുമാത്രമാണ്.   ഇത്തരുണത്തിലൊക്കെ നോക്കുമ്പോൾ ഇവിടെ ഒരു സാധാരണക്കാരന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്‌ . സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരോട് നീതിപുലർത്തുവാൻ  അവർക്ക്   കഴിയുന്നു.പഞ്ചായത്തു തലംമുതൽ മന്ത്രിതലം വരെ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേടില്ല . അതിനെയാണ് നാം സിവിലൈസേഷൻ എന്നു പറയുന്നത് .ആ ഒരു മാറ്റമാണ് അടുത്തതലമുറയിലെങ്കിലും നാം  ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കേണ്ടതും . അല്ലാതുള്ള പുരോഗമനങ്ങൾ തൊലിപ്പുറത്തെ വെള്ളപൂശൽ മാത്രമാണ് .... .

രണ്ട് ‌വ്യക്തികൾ ഭാര്യയോ ഭർത്താവോ  കാമുകനോ കാമുകിയോ ആരുമായികൊള്ളട്ടെ , പിരിയണമെന്ന് തീരുമാനിക്കുന്നത്‌ പരസ്പരം പൊരുത്തകേടുകള്‍ സംഭവിക്കുമ്പോഴാണ് അവിടെ സൌഹാർദ പരമായ  ഒരു വിടപറച്ചിലിന് നമുക്ക് കഴിയാറില്ല . പിന്നീട്  പരസ്പരം നോക്കുന്നത് ശത്രുക്കളെപോലെയാണ് . കുട്ടികളെപോലും പരസ്പരം അടിച്ചു പിരിപ്പിക്കുന്നു.... നാം സക്ഷരരാണന്ന് തെളിയേണ്ടത്‌ ഇവിടെയോക്കെയല്ലേ.? ഒരിക്കല്‍ നാം ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയുടെ വിഴുപ്പുകൾ പരസ്യമായി അലക്കപ്പെടേണ്ടിവരുന്നത് എത്ര പരിതാപകരം..?  അങ്ങനെ വന്നാൽ എവിടെയാണ് തുല്യലിംഗപദവി സംരക്ഷിക്കപ്പെടുക..?? ജനാധിപത്യമെന്നത് വിയോജിപ്പോടു കൂടിയ യോജിപ്പല്ലേ..?
 ഇവിടെ ഒരു ബന്ധങ്ങളും അറത്തുമുറിക്കേണ്ടതായിട്ടില്ല. നാം സ്വതന്ത്രരകേണ്ടത് നമ്മുടെ തന്നെ ദീർഘവീക്ഷണമില്ലായ്മയിൽ നിന്നും തെറ്റായമുൻവിധികളിൽ നിന്നും തിരക്കിട്ടെടുക്കുന തീരുമാനങ്ങളിൽ നിന്നുമാണ് .

     പിരിഞ്ഞുപോകുമ്പോള്‍ അത്രസുഖകരമൊന്നുമല്ല അവസ്ഥ. മരണത്തിലേക്ക് ഉതിർന്നുവീണു പോയേക്കാം.....

ലോകത്തില്‍ തന്നെ എറ്റവും കൂടുതൽ ആത്‌മഹത്യ നടക്കുന്ന സ്ഥലം കേരളമാണന്നും അതിൽ കൂടുതലും  സ്ത്രീധനവുമായി ബന്ധപ്പെട്ട് സ്ത്രീ കളിൽ ആണെന്നും ലീലാമേനോൻറെ  ഒരു പഠന റിപ്പോർട്ട് .  ഡൈവോഴ്സിലും ഇന്ത്യയിൽ‍ സാക്ഷരകേരളം ഒന്നാം സ്ഥാനത്ത്... അതുകൊണ്ടു തന്നെ  മലയാളികൾ പുറത്തുപോയാലും അതു തന്നെ ആവർത്തിക്കുന്നു .അവൻറെ സദാചാരബോധം അത്രമേൽ കുട്ടികാലം മുതൽ കണ്ടീഷൻ ചെയ്തതാണ് .   നമ്മുടെ വിദ്യാഭ്യാസം ജീവിക്കാൻ പഠിപ്പിക്കുന്നില്ല . ജീവിതത്തിന്‌ പുറത്തുള്ളതെല്ലാം പഠിപ്പിക്കുന്നു . ആരോഗ്യപരമായ സ്ത്രീപുരുഷ സൈഹൃദങ്ങളുടെ ഇടങ്ങളായി വിദ്യാലയങ്ങൾ  മാറുന്നില്ല . വീടൊരു സോഷ്യൽ ഇൻസ്‌റ്റിറ്റ്യൂഷൻ , സ്‌കൂൾ മറ്റൊരു സോഷ്യൽ ഇൻസ്റിറ്റ്യൂഷൻ രണ്ടിനുമിടയിൽ നട്ടം തിരിയുന്ന കുഞ്ഞുങ്ങൾ .മാതാപിതാക്കളുടെ സോഷ്യൽ സ്റ്റാറ്റസ് നിലനിർത്തുന്ന ഇരകൾ കൂടിയാണ് പലപ്പോഴും കുഞ്ഞുങ്ങൾ എന്ന യാഥാർഥ്യത്തെ മറച്ചുവെയ്ക്കാനാവില്ല  .
 
മാതൃത്വവും പിതൃത്വവുമൊക്കെ വെറുമൊരാചാരമോ ആവേഷമോ ഒക്കെയായി മാറികൊണ്ടിരിക്കുന്നു. യതിയുടെ ഒരു പ്രസംഗം ഓർത്തുപോയി  “ മക്കൾ ഉണ്ടാവുകയല്ല  ഉണ്ടായിപോവുകയാണ്....”
തൊലിയിൽ പൊതിഞ്ഞു  ആണും പെണ്ണുമായി നമ്മൾ കാണപ്പെടുന്നു. ഒരാള്‍ മറ്റൊരാളുടെ പിന്നാലെ ആർത്തി പിടിച്ചോടുകയാണ്. പ്രാണന്‍ നിലക്കുമ്പോൾ തൊലിവെടിയുന്നു. ലിംഗഭേദം മറയുന്നു. ഉയർച്ചതാഴ്ചകളില്ലാതാവുന്നു .നാം താലോലിക്കുന്ന ഈ തൊലിക്കിടയില്‍ വേറുമൊരുപിടി എല്ലുകളെയുള്ളൂ .ഉയർന്നതും  താഴ്ന്നതും ,കുട്ടിയും , വയസനും ഒക്കെ ഒന്നു തന്നെ. മരിച്ചുകഴിഞ്ഞാൽ പിന്നെ നാം  ഒരിടത്തും ഒന്നുമല്ല .

പരാജയപ്പെടുന്നിടത്തുനിന്നുമാണ് സ്നേഹിക്കാനുള്ള വഴികള്‍ നമുക്കുതുറന്നുകിട്ടുന്നതും.....
.ഒറ്റപ്പെട്ടു പോകുമായിരുന്ന ജീവിത ദുരിതങ്ങൾക്കും സങ്കടങ്ങൾക്കുമിടയിൽ നമ്മൾ  പണിത നന്മയുടെ പാലങ്ങളിപ്പോൾ മൗനങ്ങളും ഏകാന്തതയുമായി  ഹൃദയത്തില്‍ കോറിയിടുകയാണ് ...ഉള്ളിലേക്ക് നോക്കേണ്ടതാണ് നമ്മളോരോരുത്തരും  ഉള്ളിലെ സ്നേഹത്തിന്റെ ആഴം എത്രയെന്ന്.....!! തുറന്ന സാംസ്കാരിക ഇടങ്ങള്‍ ചുരുങ്ങി വരുകയും അടഞ്ഞ ഏകശിലാരൂപങ്ങളായ  സമൂഹൃസങ്കല്പങ്ങൾ  മേൽകോയ്മ  നേടുകയും ചെയ്തുകൊണ്ടിരിക്കുന്നു ....

തെളിഞ്ഞആകാശത്ത് ചന്ദ്രൻ തിളങ്ങുമ്പോൾ ഇരുണ്ടലോകത്ത് നാം തപ്പിതടയുകയാണ്.ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾക്കു  മരുന്നുണ്ട്. മനസ്‌ നഷ്ടപ്പെട്ടു പോകുന്ന സാംസ്കാരിക ഹീനതക്ക് മരുന്നില്ല . അതു കൊണ്ടു നാരായണഗുരു പറയുന്നുണ്ട് :
“ആസുരം ലോകമൊന്നുണ്ട്
കൂരിരുട്ടാലതാവൃതം
മോഹമാർന്ന ആത്‌മഹന്താക്കൾ  
പോകുന്നുമൃതുരായതില്‍”                                                            

Join WhatsApp News
Sudhir Panikkaveetil 2021-08-03 13:15:46
മലയാളിയുടെ സദാചാര ബോധം അവന്റെ ഷണ്ഡത്തത്തിൽ നിന്നും ഉടലെടുത്തതാണ്. ആൺകുട്ടികളെ ആരോഗ്യമുള്ളവരായി വളർത്തുക അതെ മാർഗമുള്ളൂ സ്ത്രീകൾക്ക് നേരേയുള്ള അവരുടെ അക്രമങ്ങൾ ഒഴിവാക്കാൻ. ഷണ്ഡൻ എപ്പോഴും സ്ത്രീകളെ ഉപദ്രവിക്കും. നാട്ടിൽ കാണുന്നത് അതാണ്. അമേരിക്ക/യൂറോപ്പ് എന്നിവിടങ്ങളിലെ സംസ്കാരങ്ങൾ വച്ച് നോക്കുമ്പോൾ ആർഷ ഭാരത സംസ്കാരം വെറും ആ ഭാ സം തന്നെ. നല്ല എഴുത്തു ഗീത മാഡം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക