Image

പുരുഷ ഹോക്കിയില്‍ ഇന്ത്യക്കിനി വെങ്കല പ്രതീക്ഷ

ജോബിന്‍സ് Published on 03 August, 2021
പുരുഷ ഹോക്കിയില്‍ ഇന്ത്യക്കിനി വെങ്കല പ്രതീക്ഷ
സുവര്‍ണ്ണ പ്രതീക്ഷകളുമായി ടോക്കിയോയില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം നടത്തിയ ജൈത്രയാത്രയ്ക്ക് തിരിച്ചടി. ഇന്ത്യക്കിനി അവശേഷിക്കുന്നത് വെങ്കല പ്രതീക്ഷ മാത്രം. സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരും ലോക രണ്ടാം നമ്പര്‍ ടീമുമായി ബെല്‍ജിയത്തിന് മുന്നിലാണ് ഇന്ത്യന്‍ ടീം മുട്ടുമടക്കിയത് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യ ഘട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ഇന്ത്യ വിജയപ്രതീക്ഷ പുലര്‍ത്തിയെങ്കിലും ബെല്‍ജിയത്തിന്റെ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നു. 

ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ രണ്ടാം മിനിറ്റില്‍  ലോയിക് ലൂയിപോര്‍ട്ട് നേടിയപ്പോള്‍ ഇന്ത്യക്കായി ഏഴാം മിനിറ്റില്‍ ഹര്‍മന്‍ പ്രീത് സിങും എട്ടാം മിനിറ്റില്‍ മന്‍ദീപ് സിങും ഗോളുകള്‍ നേടി. പെനാല്‍റ്റി കോര്‍ണറുകള്‍ക്ക് വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ബല്‍ജിയത്തിന്റെ നാല് ഗോളുകളും പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നായിരുന്നു. ബെല്‍ജിയത്തിനായി ഹാട്രിക് നേടിയ അലക്‌സാണ്ടര്‍ ഹെന്‍ട്രിക്‌സാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. 

19,49,53 മിനിറ്റുകളിലായിരുന്നു അലക്‌സാണ്ടര്‍ ഹെന്‍ട്രിക്‌സിന്റെ ഗോളുകള്‍. ഈ താരം ടോക്കിയോയില്‍ ഇതുവരെ 14 ഗോളുകളാണ് നേടിയത്. 59-ാം മിനിറ്റില്‍ ജോണ്‍ ദോമനാണ് ബല്‍ജിയത്തിന്റെ അഞ്ചാം ഗോള്‍ നേടിയത്. ഹോക്കിയില്‍ ഇതുവരെ എട്ടു സ്വര്‍ണ്ണമടക്കം 11 മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. ടോക്കിയോയിലെ സെമി പ്രവേശം ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ പഴയകാല പ്രൗഡിയുടെ ആവേശം നിറച്ചിരുന്നു.

ഈ തോല്‍വിയോടെ സ്വര്‍ണ്ണം , വെള്ളി പ്രതീക്ഷകളവസാനിച്ച ഇന്ത്യക്ക് ഇനി വെങ്കലത്തിനായുള്ള മത്സരമുണ്ട്. ഓസ്‌ട്രേലിയയും സ്‌പെയിനും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയില്‍ പരാജയപ്പെടുന്നവരോടായിരിക്കും ഇന്ത്യയുടെ വെങ്കല പോരാട്ടം. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് ടീം കാഴ്ച്ചവച്ചതെന്നും അടുത്ത മത്സരത്തില്‍ എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക