Image

പ്രതിപക്ഷ ഐക്യത്തിന് ഊര്‍ജ്ജം പകര്‍ന്ന് പെഗാസസ്

ജോബിന്‍സ് Published on 03 August, 2021
പ്രതിപക്ഷ ഐക്യത്തിന് ഊര്‍ജ്ജം പകര്‍ന്ന് പെഗാസസ്
പെഗാസസ് വെളിപ്പെടുത്തലുകള്‍ ഒരര്‍ത്ഥത്തില്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെ ഫോണുകള്‍ പോലും ചോര്‍ത്തപ്പെട്ടെങ്കില്‍ നാളെ അത് തങ്ങള്‍ക്കു നേരെ ഉറപ്പായും ഉണ്ടാകാം എന്ന ഭീതിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്ന പ്രധാന ഘടകം.

പെഗാസസ് മാധ്യമ വെളിപ്പെടുത്തലുകളും ഉടന്‍ തന്നെ പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്നതും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശവും എല്ലാം പ്രതിപക്ഷത്തെ പതിനഞ്ച് പാര്‍ട്ടികളയെങ്കിലും ഒന്നിച്ച് ഒരു കുടക്കീഴിലാക്കാന്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 

പതിവിന് വിപരീതമായി രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് പ്രതിപക്ഷ പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നുമുണ്ട്. ഇന്ന് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ എല്ലാ എംപിമാര്‍ക്കും രാഹുല്‍ വിരുന്നൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് തവണ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ രാഹുല്‍ കാണുകയും ചെയ്തു. 

ഇപ്പോള്‍ ഒന്നിച്ചു നില്‍ക്കുന്ന കക്ഷികളില്‍പ്പെടാത്ത എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബിജെപി സഭയ്ക്കകത്തും പുറത്തും പലവിധ സമ്മര്‍ദ്ദങ്ങളിലൂടെ ഈ ഐക്യം തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തുണ്ടെങ്കിലും പാര്‍ട്ടികള്‍ വഴങ്ങാത്തതിന് പിന്നില്‍ രാഹുലും മമതയും അടക്കമുള്ള നേതാക്കളുടെ നീക്കങ്ങളാണ്. 

2024 ല്‍ പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രതിപക്ഷത്തിന്റെ ഒന്നിക്കലിന് ഇന്ധനം പകാരാന്‍ പെഗാസസിന് സാധിച്ചു എന്നുതന്നെ പറയാം. വിഷയത്തില്‍ അമിത് ഷാ വിശദീകരണം നല്‍കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമുള്ള പ്രതിപക്ഷാവശ്യങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുക കൂടി ചെയ്താല്‍ ഇപ്പോളത്തെ സഖ്യനീക്കങ്ങള്‍ക്ക് അത് കൂടുതല്‍ കരുത്തു പകരുമെന്നുറപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക