Image

രാമായണത്തിലെ പ്ലോട്ട് (രാമായണം - 6: വാസുദേവ് പുളിക്കല്‍)

Published on 04 August, 2021
രാമായണത്തിലെ പ്ലോട്ട് (രാമായണം - 6: വാസുദേവ് പുളിക്കല്‍)
ഏതൊരു കൃതിയിലും വളരെ പ്രാധാന്യമുള്ളതാണ് പ്ലോട്ട്. പ്ലോട്ട് തയ്യാറായാല്‍ എഴുതുന്നത് അത്ര ആയാസമുള്ള കാര്യമല്ല. രാമായണത്തില്‍ പ്ലോട്ട് അവതരിപ്പിച്ച് വികസപ്പിച്ചെടുത്തിരിക്കുന്നത് രണ്ടാം അദ്ധ്യായത്തിലാണ്. അതുജൊണ്ടു പലരും രണ്ടാം അദ്ധ്യായത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

രാമായണം വായിക്കുമ്പോള്‍ ഒരു നോവല്‍ വായിക്കുന്ന പ്രതീതിയുളവാക്കത്തക്ക രീതിയിലാണ് അതിന്റെ രചനാവിധാനം. നോവല്‍ വായിച്ചു തുടങ്ങുന്നതു മുതല്‍ നോവലിലെ കഥാപാത്രങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നും നോവലിന്റെ അവസാനം എങ്ങനെ ആയിരിക്കുമെന്നുള്ള അകാംക്ഷ വായനക്കാര്‍ക്കുണ്ടാകും. കഥാതന്തു ലഭ്യമായാല്‍ അതു വികസിപ്പിച്ചെടുത്ത് നോവലിന് രൂപം കൊടുക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. നോവല്‍ വായിക്കുമ്പോള്‍ വായനക്കാരില്‍ ജിജ്ഞാസയുളവാക്കാന്‍ നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമാണ് രാമായണം. രമായണത്തില്‍ കാര്യങ്ങള്‍ കാലേകൂട്ടി അറിയത്തക്കവിധത്തിലാണ് സംഭവങ്ങള്‍ വിവരിച്ചിരിക്കുന്നത്. നിരൂപണാത്മകമായി സമീപിക്കുമ്പോള്‍ ഇത് രചനയില്‍ സംഭവിച്ച ഒരു വീഴ്ചയായിട്ടു വേണം വിലയിരുത്താന്‍. രാമന്റേയും സീതയുടേയും ജന്മോദ്ദേശ്യം നേരത്തെ തന്നെ വെളിപ്പെടുത്തുന്നു. "നാളെ വനത്തിനു പോകുന്നതുണ്ടു ഞാന്‍, നാളീകലോചനന്‍ പാദങ്ങള്‍ തന്നാണേ, സീതയെ കാരണ ഭൂതയാക്കിക്കൊണ്ടു യതുധാനാന്വയ നാശം വരുത്തുവന്‍ സത്യമിതെന്നരുള്‍ ചെയ്തു രഘുപതി''. ഇതില്‍ നിന്നും ആകാംക്ഷയുളവാക്കുന്ന ഒന്നും തന്നെ സംഭവിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന വായനക്കാര്‍ എങ്ങനെയാണ് രാവണവധം സാധ്യമാക്കുന്നത് എന്ന ചിന്തയോടെ കവിയുടെ ഭാവനാവനാവൈഭവം ആസ്വദിച്ചുകൊണ്ട് രാമായണം വായിക്കുന്നു. എന്നാല്‍ രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനുള്ള കോലാഹലങ്ങള്‍ നടക്കൂന്നു. രാമാഭിഷേകാര്‍ത്ഥമായ് എന്തെല്ലാം ഒരുക്കങ്ങള്‍ വേണമെന്ന് തീരുമാനിക്കുന്നു. ചേല്‍ക്കാണ്ണിമാരായ പതിനാറു കന്യകമാരെ പുലര്‍കാലേ ചമയിച്ചു നിര്‍ത്തണം, മത്തഗജങ്ങളെ പൊന്നണിയിക്കണം, രത്‌നങ്ങളമുഴ്ത്തിയ ആയിരം സ്വര്‍ണ്ണ കലശങ്ങള്‍ ഒരുക്കണം, വേണ്ടത്ര നര്‍ത്തജിമാരും ഗായജന്മാരും ഉണ്ടായിരിക്കണം, വാദ്യഘോഷങ്ങളും ദേവാലയങ്ങള്‍ തോറും ദീപാവലികളും മഹോത്സവങ്ങളൂം ഒരുക്കണം എന്നിങ്ങനെ അഭിഷേകം പൊടിപുരമാക്കാനുള്ള ഏര്‍പ്പാടുകള്‍ ഒരു വശത്ത് വസിഷ്ടന്റെ നിര്‍ദ്ദേശപ്രകാരം നടക്കുമ്പോള്‍ മറുവശത്ത് അഭിഷേകം മുടക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. "മന്ഥരയുടെ നാവിന്മേല്‍ ചെന്നു വസിച്ച് അവളെക്കൊണ്ട് പറയിപ്പിച്ച് കൈകേയിയെക്കൊണ്ട് അഭിഷേകം മുടക്കിക്കണമെന്ന് വാനവരെല്ലാം ഒത്തു ചേര്‍ന്ന് വാണീഭഗവതിയോട് അപേക്ഷിച്ചതനുസരിച്ച് അഭിഷേകം മുടങ്ങി. വാസ്തവത്തില്‍ അഭിഷേകം മുടങ്ങാന്‍ കാരണമായത് മന്ഥരയോ കൈകേയിയോ അല്ല സാക്ഷാല്‍ ഭഗവാന്‍ തന്നെയാണ്. ഈശ്വരനിശ്ചയമനുസരിച്ച് അഭിഷേകം മുടങ്ങി. "വാണീഭഗവതി മന്ഥരതന്‍ വദനാന്തരേ ചെന്നു വാണീടിനാള്‍ ദേവകാര്യാര്‍ത്ഥമായ്''.

രാമാഭിഷേകം അടുത്ത ദിവസം ഉണ്ടെന്ന് മന്ഥര അറിയിച്ചപ്പോള്‍ "പുത്രനാം രാമനെ സ്‌നേഹമെനിക്കേറും, രാമനും കൗസല്യാദേവിയെക്കാളെന്നെ പ്രേമമേറും' എന്നിങ്ങനെ കൈകേകി രാമനെ പുകഴ്തിക്കൊണ്ടിരുന്നപ്പാള്‍ മന്ഥര വീണ്ടും ഇടപെടുന്നു. "ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ? ത്വല്‍പുത്രനായ ഭരതനേയും ബലാല്‍ തല്‍പ്രിയനായ ശത്രുഘനനേയും നൃപന്‍ മാതുലനെ കാണാനയല്ലതും ചേതസി കല്പിച്ചുകൊണ്ടു തന്നേയിതും, രാജ്യാഭിഷേകം കൃതം രാമനെങ്കിലോ രാജ്യാനുഭൂതി സൗമിത്രിക്കു നിര്‍ണ്ണയം, ഭാഗ്യമത്രെ സുമിത്രക്കതും കണ്ടു നിര്‍ഭാഗ്യയായോരു നീ ദാസിയായ് നിത്യവും താപവും പൂണ്ടു ധരണിയില്‍ വീഴ്ചയില്‍ നല്ലൂ മരണമതിനില്ല സംശയം, കൗസല്യതന്നെ പരിചരിച്ചീടുക' എന്നൊക്കെ പറഞ്ഞ് മന്ഥര അഭിഷേകത്തിനു ഭംഗം വരുത്താനുള്ള കൈകേയിയുടെ വികാരങ്ങളെ തട്ടിയുണര്‍ത്തിക്കൊണ്ടിരുന്നു. "രാമനീരേഴാണ്ടു ജാനനവാസവും ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം, നാടടക്കം ഭരതനു വരുമതി പ്രൗഢജീര്‍ത്ത്യ നിനക്കും വസിക്കാം ചിരം''. അതിനുള്ള ഉപായവും മന്ഥര പറഞ്ഞു കൊടുക്കൂന്നു. പണ്ട് സുരാസുരയുദ്ധത്തില്‍ ദശരഥന്റെ രഥചക്രത്തിന്റെ ആണി ഊരിപ്പോയപ്പോള്‍ നീ നിന്റെ കൈവിരല്‍ ഇട്ട് യുദ്ധം ജഴിവോളം നിന്നതില്‍ സന്തുഷ്ടനായ ദശരഥന്‍ നിനക്കു തന്ന രണ്ടു വരത്തില്‍ ഒന്ന് ഭരതനെ രാജാവായി വാഴിക്കണമെന്നും മറ്റേത് രാമന്‍ പതിനാലുവര്‍ഷം വനവാസത്തിനു പോകണമെന്നുള്ള മന്ഥരയുടെ ഉപദേശം കൈകേയിക്ക് സ്വീകാര്യമായി. "ശോഭപൂണ്ടൊരു കാര്‍കൂന്തലഴിച്ചിട്ടു പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ ഭൂമിയില്‍ത്തന്നെ മലിനാബരത്തോടും കണ്ണുനീരാലോല മുഖവും മുലകളും നന്നായ് നനച്ചു കൊണ്ടര്‍ത്ഥിച്ചുകൊള്ളുക വരം' എന്ന് മന്ഥര ഉപദേശിച്ചതനുസരിച്ച് കൈകേയി ചെയ്തു.

"ശിഷ്ടനായുള്ളവനെന്നങ്ങിരിക്കിലും ദുഷ്ടസംഗംകൊണ്ടു കാലാന്തരത്തിനാല്‍ സജ്ജനനിന്ദ്യനായ് വന്നു കൂടും ദൃഢം. ദുര്‍ജ്ജന സംസര്‍ഗമേറ്റമകലവേ വര്‍ജ്ജിക്കവേണം പ്രയതേ്‌നന സല്‍പുമാന്‍, കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം' എന്ന ശ്രദ്ധേയമായ ഉപദേശം രാമായണം നല്‍കുന്നു. കൈകേയിയെ അന്തഃപുരത്തില്‍ കാണാതിരുന്നപ്പോള്‍ ദശരഥന്‍ അസ്വസ്ഥനായി. "മന്ദിരം തന്നില്‍ ഞാന്‍ വന്നു കൂടും വിധൗ മന്ദസ്മിതം ചെയ്തരികെ വരും പുരാ, സുന്ദരിയാമവളിന്നെങ്ങുപോയിനാള്‍? മന്ദമാകുന്നിതുന്മേഷമെന്മാനസേ''. കൈകേയി ദശരഥന്റെ ബലഹീതതയാണ്. കൈകേയിയെ പിരിഞ്ഞിരിക്കാന്‍ ദശരഥന് സാധിക്കുകയില്ല. ദാസിമാരോടു ചോദിച്ചപ്പൊള്‍ ദേവി ക്രോധാലയം പ്രാപിച്ച് കരഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതിന്റെ കാരണമറിയില്ലെന്നും ദേവിയുടെ മനോസുഖത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതാണുത്തമമെന്നുമുള്ള മറുപടി കേട്ട് ദശരഥന്‍ കൈകേയിയെ തഴുകിത്തലോടി സമാശ്വസിപ്പിച്ചു. "ശ്രീരാമനാനേ ഞാന്‍ അംഗനാരത്‌നമേ ചെയ്‌വ തവ ഹിതം' എന്ന ശപഥവും ചെയ്തു. ഇതു കേട്ട് സന്തുഷ്തയായ കൈകേയി വരങ്ങള്‍ ആവശ്വപ്പെട്ടു. "ഭൂമിപാലകനായി ഭരതനെയാക്കണം രാമനുഷസി വനത്തിന്നു പോകണം. എന്നീ രണ്ടു വരങ്ങളും നല്‍കുകിലിന്നു മരണമെനിക്കില്ല നിര്‍ണ്ണയം' എന്നു കൈകേയി പാറഞ്ഞതു കേട്ട് ദശരഥന്‍ മോഹാലസ്യപ്പെട്ട് തറയില്‍ വീണു. ഇത്തരം ദുസ്സഹവാക്കുകള്‍ കൈകേയിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. താന്‍ ദുസ്വപ്നം കാണുകയാണോ എന്ന് ദശ്രഥന്‍ സംശയിക്കാന്‍ തുടങ്ങി. "എന്തിവണ്ണം പറയുന്നു ഭദ്രേ നീ എന്തു നിന്നോടു പിഴച്ചിതു രാഘവന്‍? നിന്നുടെ പുത്രനു രാജ്യം തരാമല്ലോ ധന്യശീലേ രാമന്‍ പോകണമെന്നുണ്ടോ? രാമനാലേതും ഭയം നിനക്കുണ്ടാകാ ഭൂമീപതിയായ് ഭരതനിരുന്നാലും''. എന്നു കരഞ്ഞുപേക്ഷിച്ചിട്ടും കൈകേയി കുലുങ്ങിയില്ല. രാമന്‍ ഉഷസ്സിനു വനവാസത്തിനു പോയില്ലെങ്കില്‍ താന്‍.

ക്ഷീണിതനായി രാമരാമേതി ജപിച്ചിരിക്കയാണെന്നും അതുകൊണ്ട് ഉടന്‍ രാമനെ വരുത്തണമെന്നും കൈകേയി പറഞ്ഞെങ്കിലും സുമന്ത്രര്‍ രാജകല്പനക്കായി കാത്തുനിന്നു. "സുന്ദരനായൊരു രാജകുമാരനാം നന്ദനന്‍ തന്‍ മുഖം വൈകാതെ കാണണം'' സുമന്ത്രര്‍ രാജകല്പന പാലിച്ചു. രാമന്‍ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ രാമനെ ആലിംഗനം ചെയ്യാന്‍ കൈകള്‍ നീട്ടിയപ്പോള്‍ ദശരഥന്‍ ബോധരഹിതനായി തറയില്‍ വീണു. കൈകേയിയില്‍ നിന്നും രാമന്‍ പിതാവിന്റെ ദുഃഖത്തിനുള്ള കാരണം മനസ്സിലാക്കി വനയാത്രക്ക് പോകാന്‍ തയ്യാറായി. "ചെയ്യങിഷേകം ഭരതനു ഞാനിനി വൈകാതെ പോവന്‍ വനത്തിനു മാതാവേ എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു ചിന്തിച്ചു ദുഃഖിപ്പതിനെന്തു കാരണം? രാജ്യത്തെ രക്ഷിപ്പതിനുമതിയവന്‍, രാജ്യമുപേക്ഷിപ്പതിനു ഞാനും മതി'' എന്ന രാമന്റെ വാക്കുകള്‍ കേട്ട് കൈകേയി വളരെ സന്തോഷവതിയായി. പുത്രദുഃഖം അനുഭവിക്കാനുള്ള കാരണം എന്തെന്നാലോചിച്ചപ്പോള്‍ ദശരഥന്റെ ചിന്തകള്‍ പിറകോട്ടു പോയി. ഒരിക്കല്‍ ദശരഥന്‍ വനാന്തരത്തില്‍ നായാടിക്കൊണ്ടിരുന്നപ്പോള്‍ ഒരു താപസബാലന്‍ നദിയില്‍ നിന്ന് കുടത്തില്‍ വെള്ളം കോരിയെടുക്കുന്ന ശബ്ദം കേട്ട് ആന തുമ്പിക്കൈകൊണ്ട് വെള്ളം കോരിക്കുടിക്കുകയാണ് എന്ന് തെറ്റിദ്ധരിച്ച് അമ്പെയ്തു. അമ്പുകൊണ്ട ബാലന്റെ നിലവിളി കേട്ടപ്പോള്‍ ദശരഥന്‍ അമ്പരന്നു. ബാലന്റെ അടുത്തെത്തി തനിക്ക് അബദ്ധം പറ്റിയാതാണെന്നും താനൊരു ദോഷവും ആര്‍ക്കും ചെയ്തീല എന്നൊക്കെ പറഞ്ഞ് താപസബാലന്റെ കാല്‍ക്കള്‍ വീണ് മാപ്പപേക്ഷിച്ചു. എന്റെ മതാപിതാക്കള്‍ വാര്‍ദ്ധക്യമേറി ജരാനരയും പൂണ്ട് വെള്ളത്തിനായി കാത്തിരിക്കുന്നു. ദാഹം കെടുക്ക നീ തണ്ണീര്‍ കൊടുത്തിനി വൃത്താന്തമെല്ലാമവരോടറിയിക്ക, സത്യമെന്നാലവര്‍ നിന്നെയും രക്ഷിക്കും, എന്നുടെ താതനു കോപമുണ്ടാകിലോ നിന്നെയും ഭസ്മമാക്കിടുകറിക നീ'. ദശരഥന്‍ വൃദ്ധമ്പതിമാരുടെ അടുത്തെത്തി കാര്യങ്ങള്‍ പറഞ്ഞിട്ട് ജ്ഞാനിജളായ നിങ്ങളെല്ലാം ക്ഷമിക്കണമെന്നപേക്ഷിച്ചു. ബാലന്റെ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം ദശരഥന്‍ ചിതകൂട്ടി മൃതദേഹം ചിതയില്‍ വച്ചപ്പോള്‍ ആ ചിതയിലേക്ക് വൃദ്ധദമ്പതിമാരും ചാടി. പുത്രശോകത്താല്‍ മരിക്കെന്ന് ദശരഥനെ ശപിക്കുകയും ചെയ്തു. സാക്ഷാല്‍ തപസ്വികള്‍ ഈശ്വരന്മാരാണ്. അവരുടെ ശാപം ഫലിക്കാതിരിക്കില്ല എന്നു പറഞ്ഞ് ദശരഥന്‍ വീണ്ടും കരഞ്ഞു തുടങ്ങി. രാജീവനേത്രനെ ചിന്തിച്ചു ചിന്തിച്ചു "രാജാദശരഥന്‍ പുക്കു സുരാലയം''. പിന്നീട് ഭരത-ശത്രുഘ്‌നന്മാര്‍ എത്തുന്നതും അവര്‍ രാമനെ കൂട്ടിക്കൊണ്ടു പോരാന്‍ വനത്തിലേക്ക് പോകുന്നതും രാമനില്‍ നിന്നും മെതിയടി സ്വീജരിച്ച് സിംഹാസനത്തില്‍ വച്ച് രാജ്യം ഭരിച്ചതും മറ്റും ഈ അദ്ധ്യായത്തില്‍ തന്നെ വിവരിച്ച്് പ്ലോട്ട് പൂര്‍ത്തീകരിക്കുന്നതായി കാണാം. രമാഭിഷേകം മുടങ്ങുമെന്ന് തോന്നിയപ്പാള്‍ ലക്ഷ്മണന് നിയന്ത്രണം നഷ്ടപ്പെടുന്ന അവസരങ്ങളില്‍ രാമന്‍ ലക്ഷ്മണന് തക്കതായ ഉപദേശങ്ങള്‍ നല്‍കുന്നതായി കാണാം. അതിനുമുമ്പു തന്നെ സുമിത്ര മികവുറ്റതും കാര്യമാത്രപ്രസക്തവുമായ ഉപദേശം ലക്ഷ്മണന് നല്‍കുന്നുണ്ട്. "അഗ്രജന്‍ തന്നെപരിചരിച്ചെപ്പൊഴുമഗ്രേ നടന്നുകൊള്ളണം പിരിയാതെ. രാമനെ നിത്യം ദശരഥനെന്നുള്ളിലാമോദമോടു നിരൂപിച്ചുകൊള്ളണം. എന്നെ കനകാത്മജയെന്നുറച്ചുകൊള്‍, പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ. മായാവിഹീനമീവണ്ണമുറപ്പിച്ചു

പോയാലുമെങ്കില്‍ സുഖമായ് വരിക തേ'. സുമിത്ര ഏതാനം വാക്കുകളില്‍ നല്‍കിയ ഈ ഉപദേശത്തില്‍ രാജാവും രാജ്യവും രാജ്യസ്‌നേഹവും സേവനതല്‍പരതയും എല്ലാം അടങ്ങിയിരിക്കുന്നു. "മതൃവചനം ശിരസിധരികൊണ്ടാദരവോടു തൊഴുതു സൗമിത്രിയും തന്നുടെ ചാപശരാദികള്‍ കൈക്കൊണ്ടു ചെന്നു രാമാന്തികേ നിന്നു വണങ്ങിനാന്‍''. ലക്ഷ്മണന്‍ തന്റെ കര്‍ത്തവ്യനിര്‍വ്വഹണത്തിനു ഒരിക്കലൂം വീഘ്‌നം വരുത്തുന്നില്ല തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ രാമായണത്തില്‍ പ്ലോട്ട് വിജസിപ്പിച്ചെടുത്തിരിക്കുന്നത് രണ്ടാം അദ്ധ്യായത്തിലാണ്. അതിനോടനുബന്ധിച്ച കാര്യങ്ങളാണ് വായനക്കാര്‍ തുടര്‍ന്നു വായിക്കുന്നത്. പ്ലോട്ട് വിജസിപ്പിച്ചെടുത്താല്‍ അനുയോജ്യമായ ഭാഷ ഉപയോഗിച്ച് രചയിതാവ് തന്റെ ആശയപ്രപഞ്ചം തുറന്നിടുന്നു. സീതാപ്രിത്യാഗത്തെപറ്റി ഈ അദ്ധ്യായത്തില്‍ സൂചിപ്പിക്കാതിരുന്നത് സീതാപരിത്യാഗത്തെപ്പറ്റി പ്രതിപാദിക്കുന്നത് ഉത്തരരാമായണത്തിലായതുകൊണ്ടായിരിക്കാം. രാമഭക്തന്മാര്‍ യുദ്ധകാണ്ഡവും വായിച്ച്് അതിന്റെ അവസാനം കൊടുത്തിരിക്കുന്ന രാമായണ ഫലശ്രൂതി വായിച്ച് വായന അവസാനിപ്പിക്കുകായാണ് ചെയ്യുന്നത്. ഉത്തരരാമായണം വായിക്കാറില്ല. (തുടരും) ******



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക