Image

നാദിര്‍ഷായുടെ കച്ചവട തന്ത്രം

ജോബിന്‍സ് Published on 04 August, 2021
നാദിര്‍ഷായുടെ കച്ചവട തന്ത്രം
ഇശോ (not from bible), കേശു ഈ വീടിന്റെ നാഥന്‍, ഇങ്ങനെ നാദിര്‍ഷാ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളാണ് കേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തുന്നത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് not from bible എന്ന ടാഗ് ലൈന്‍ പിന്‍വലിക്കാന്‍ നാദിര്‍ഷാ തയ്യാറിയിട്ടുണ്ട്. 

ലോകരക്ഷകനായ ദൈവമെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്ന ഈശോയുടെ പേര് തന്നെയാണ് ആദ്യത്തെ ചിത്രത്തിന് കൊടുത്തിരിക്കുന്നത്.  സാധാരണ ക്രൈസ്തവ വീടുകളില്‍ കാണുന്ന ഒരു ബോര്‍ഡാണ് യേശു ഈ വീടിന്റെ നാഥന്‍. ഇതാണ് പരിഹാസ ചുവയോടെ കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. 

ശരിയാണ് ഇന്ത്യ ജനാധിപത്യ രാജ്യമാണ് . ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ആവോളം ഉണ്ട്. അതുകൊണ്ട് തന്നെ എന്തുപേരും തന്റെ കലാസൃഷ്ടിക്കിടാന്‍ നാദിര്‍ഷാ എന്നല്ല ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ മറ്റൊരാളുടെ മതവികാരത്തെ വൃണപ്പെടുത്തിയാല്‍ കേസെടുക്കാന്‍ വകുപ്പുള്ള രാജ്യത്ത് ഇത് നിയമവിരുദ്ധം തന്നെയാണ്. 

ഒരു പക്ഷെ സിനിമയില്‍ മതവികാരത്തെ വൃണപ്പെടുത്തുന്ന ഒന്നും ഇല്ല എന്ന് നാദിര്‍ഷാ പറയുന്നത് ശരിയായിരിക്കാം. എന്നാല്‍ രണ്ടു സിനിമകള്‍ക്ക് അടുപ്പിച്ച് ഒരു മതവിഭാഗത്തെ തന്നെ ലക്ഷ്യംവച്ചുള്ള പേരിട്ടതിനെ യാദൃശ്ചികം എന്നു പറയാന്‍ കഴിയില്ല.

ഇനി സിനിമയില്‍ ഒന്നും ഇല്ലെങ്കില്‍ തന്നെ സിനിമയിലെ പേരിലൂടെ ഒരു വിഭാഗത്തെ വേദനിപ്പിച്ച് അതിലൂടെ പബ്ലിസിറ്റിയെടുത്ത് സിനിമകാണാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്ന നാലാംകിട കച്ചവട തന്ത്രമാണ് നാദിര്‍ഷ എന്ന കലാകാരന്‍ നടപ്പിലാക്കുന്നത് എന്ന് പറയേണ്ടിവരും. 

പ്രതിഷേധങ്ങള്‍ വാര്‍ത്തകളായി മാറുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ വരുമ്പോള്‍ എന്തുവന്നാലും പേര് മാറ്റില്ല എന്ന് അദ്ദേഹം തന്നെ കിട്ടാവുന്ന വേദികളിലെല്ലാം ആവേശത്തോടെ പറയുമ്പോള്‍ ഇതിലെ കച്ചവട തന്ത്രം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. ക്രിസ്ത്യന്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധമാണ് ഈ വിഷയത്തില്‍ ഉയര്‍ത്തുന്നത്. 

ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കുന്ന വിധത്തില്‍ അടുപ്പിച്ച് രണ്ട് സിനിമകള്‍ എടുക്കാന്‍ ഉള്ള പണത്തിന്റെ ഉറവിടവും പരിശോധിക്കപ്പെടേണ്ടതാണ്. നാദിര്‍ഷാ എന്ന കലാകാരന്‍ ഇന്നത്തെ നിലയിലെത്തിയത് ആബേലച്ചന്റെ കളരിയിലൂടെയാണെന്നതും അദ്ദേഹം മറക്കരുതായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക