Image

ഒളിമ്ബിക്‌സ്; വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു

Published on 04 August, 2021
 ഒളിമ്ബിക്‌സ്; വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു
ഒളിമ്ബിക്‌സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീം സെമിഫൈനലില്‍ പുറത്തായി. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയത്. ഇന്ത്യ മത്സരത്തില്‍ ആദ്യം ലീഡ് നേടിയെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ ഭേദിച്ച്‌ രണ്ട് തവണ അര്‍ജന്റീന ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ 1-2 എന്ന സ്‌കോറിന് ഇന്ത്യ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ബ്രിട്ടനെ 5-1ന് പരാജയപ്പെടുത്തിയ നെതര്‍ലന്‍ഡ്‌സാണ് അര്‍ജന്റീനയുടെ ഫൈനലിലെ എതിരാളികള്‍. ഇന്ത്യ ബ്രിട്ടനുമായി വെങ്കല മത്സരത്തില്‍ ഏറ്റുമുട്ടും.

ഒളിമ്ബിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനല്‍ പ്രവേശനം നേടിയത്. 1980 ഒളിമ്ബിക്‌സില്‍ നാലാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നെങ്കിലും അന്ന് ഗെയിംസില്‍ ആറ് ടീമുകള്‍ മാത്രമാണ് മത്സരിച്ചിരുന്നത്. ഇത്തവണ കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലിലേക്ക് മുന്നേറിയത്. 

നേരത്തെ ഇന്ത്യയുടെ പുരുഷ വിഭാഗം ടീം ഫൈനല്‍ കാണാതെ പുറത്തായിരുന്നു. സെമിഫൈനലില്‍ 2-5 എന്ന സ്‌കോറിന് ഇന്ത്യ ബെല്‍ജിയത്തോട് പരാജയപ്പെടുകയായിരുന്നു. സൂപ്പര്‍ താരം അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് നേടിയ ഹാട്രിക്കാണ് ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഈ തോല്‍വിയോടെ സ്വര്‍ണമോ വെള്ളിയോ നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷയാണ് അസ്തമിച്ചത്. ഇനി വെങ്കല മെഡലിന് വേണ്ടി ഇന്ത്യയ്ക്ക് മത്സരമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക