Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 04 August, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)
സംസ്ഥാനത്ത് ഇന്ന് 22414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11.37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 108 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 197092 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഒമ്പത് ജില്ലകളിലും 1000 ന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. 
*************************************
സംസ്ഥാനത്ത് ഏറെ വിമര്‍ശനമുയര്‍ന്ന ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ ചട്ടങ്ങള്‍ മാറി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് പകരം ആയിരത്തില്‍ എത്രപേര്‍ക്ക് രോഗം എന്നതടിസ്ഥാനമാക്കിയായിരിക്കും ഇനി ഇളവുകളും നിയന്ത്രണങ്ങളും. പ്രതിവാര കണക്കായിരിക്കും എടുക്കുക. ആയിരത്തില്‍ പത്ത്  രോഗികളില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പിലാക്കും. മറ്റു സ്ഥലങ്ങളില്‍ ഞായറാഴ്ച മാത്രമാകും ലോക്ഡൗണ്‍. കടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെ പ്രവര്‍ത്തിക്കാം. വിവാഹം,മരണം എന്നിവയ്ക്ക് 20 പേരാവാം ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതിയുണ്ട്. 

*********************************
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ കേരളത്തില്‍ വലിയ വീഴ്ചയുണ്ടായെന്ന് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം. സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക വിലയിരുത്തല്‍ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന് കൈമാറി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കണ്ടെയിന്‍മെന്റ് സോണുകളില്ല. ഗാര്‍ഹിക നിരീക്ഷണവും ചികിത്സയും സംസ്ഥാനത്ത് ഫലപ്രദമല്ല. സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
********************************
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസില്‍ ആഗസ്റ്റ് ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കോഴിക്കോട് ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് കൈമാറിയത്.
********************************
പാര്‍ലമെന്റില്‍ പെഗാസസ് ചാരക്കേസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരില്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനാണ് നടപടി. ഡോള സെന്‍, നദീമുള്‍ ഹക്ക്, അബീര്‍ രഞ്ജന്‍ ബിശ്വാസ്, മൗസം നൂര്‍, ശാന്ത ഛേത്രി, അര്‍പിത ഘോഷ് എന്നിവര്‍ക്കെതിരേയാണ് നടപടി.
********************************
ടോക്കിയോയില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. ബോക്സിംഗില്‍ ലവ്ലീന ബോര്‍ഗോഹെയ്നാണ് വെങ്കലമെഡല്‍ നേടിയത്. വനിതകളുടെ 69 കിലോഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലീനയുടെ നേട്ടം . ടോക്യോ ഒളിമ്ബിക്‌സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി സെമിഫൈനലില്‍ ഇന്ത്യയുടെ രവി കുമാര്‍  ഫൈനലില്‍ പ്രവേശിച്ചു . ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍ പരാജയപ്പെട്ടു ഇനി വെങ്കലമെഡലിനായി ബ്രിട്ടനുമായി ഏറ്റുമുട്ടും. 
********************************
കേരളത്തിലേയ്ക്ക്  സ്ലീപ്പര്‍ സെല്ലുകള്‍ വഴി ഭീകരര്‍ ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ  മുന്നറിയിപ്പ്. കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന സംഘങ്ങളെല്ലാം ഭീകര സംഘടനകളുടെ ഭാഗമായിട്ടുള്ളവരാണ്. കേരളത്തിലും പാക് ചാരസംഘടനയായ ഐ.എസ്ഐ. സജീവമാണെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിഗമനം.
*********************************
മുസലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതരെ ഗുരുതര ആരോപണവുമായി കെ ടി ജലീല്‍. വി.കെ ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തീക ഇടപാടുകള്‍ ദുരൂഹമാണെന്നും കെ.ടി ജലീല്‍ ആരോപിച്ചു. എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ മകന് എന്‍.ആര്‍.ഐ അക്കൗണ്ടാണുള്ളതെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ജലീല്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക