Image

ഓണ്‍ലൈന്‍ പഠനം, വാക്‌സിനേഷന്‍: പത്തനംതിട്ട ജില്ല സമ്പൂര്‍ണത കൈവരിക്കണമെന്ന് മന്ത്രി

Published on 04 August, 2021
ഓണ്‍ലൈന്‍ പഠനം, വാക്‌സിനേഷന്‍: പത്തനംതിട്ട ജില്ല സമ്പൂര്‍ണത കൈവരിക്കണമെന്ന് മന്ത്രി
പത്തനംതിട്ട: ഓണ്‍ലൈന്‍ പഠന സൗകര്യത്തിലും വാക്‌സിനേഷനിലും ജില്ല സമ്പൂര്‍ണത കൈവരിക്കാന്‍ പരിശ്രമിക്കണമെന്നു മന്ത്രി വീണാ ജോര്‍ജ്. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വാക്‌സീന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിലെ കാര്യങ്ങള്‍ കലക്ടറുടെ ടാസ്ക്‌ഫോഴ്‌സിനു തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബറോടെ കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഐഐടി കാണ്‍പൂരിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി കെ. ജയവര്‍മ പറഞ്ഞു. നവോത്ഥാന നായകനായ ചട്ടമ്പി സ്വാമികളുടെ പേരില്‍ സാംസ്കാരിക സമുച്ചയം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റി രൂപീകരിക്കണം. റിസര്‍വ് വനമേഖലയില്‍ നിന്ന് മരം വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്തനംതിട്ട കോടതി സമുച്ചയത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ് കുമാര്‍, പ്രമോദ് നാരായണന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ സാബു സി.മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  യോഗത്തില്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക