Image

ഗവർണറായി കൊമോയ്ക്ക് തുടരാനാകുമോ? രാജിക്ക് സാധ്യതയുണ്ടോ?

Published on 04 August, 2021
ഗവർണറായി കൊമോയ്ക്ക് തുടരാനാകുമോ? രാജിക്ക് സാധ്യതയുണ്ടോ?
ന്യൂയോർക്ക് : ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോയ്‌ക്കെതിരെ ഉയർന്ന ലൈംഗീക ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന്  അറ്റോർണി ജനറൽ(എ ജി) ലെറ്റീഷ  ജെയിംസ് പ്രഖ്യാപിച്ചതോടെ അദ്ദേഹം രാജി വയ്ക്കണമെന്ന ആവശ്യം പരക്കെ ഉയർന്നു. മാരിസ്റ്റ്  അഭിപ്രായ വോട്ടിൽ 59  ശതമാനം ന്യു യോർക്കുകാരും  കോമോ ഒഴിയണമെന്ന് പക്ഷക്കാരാണ്.

പ്രസിഡന്റ് ജോ ബൈഡൻ, ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോ, സെനറ്റ്  മെജോറിറ്റി ലീഡർ ചക് ഷൂമർ എന്നിവർക്ക് പുറമേ ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫി, കണക്റ്റിക്കട്ട് ഗവർണർ നെഡ് ലാമോണ്ട്, പെൻസിൽവാനിയ ഗവർണർ ടോം വുൾഫ്, റോഡ് ഐലന്റ് ഗവർണർ ഡാൻ മക്കി എന്നിവരും രാജി ആവശ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു .  

11 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെ കോമോ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലാതായി തീർന്നെന്ന്   4 അയൽസംസ്ഥാനങ്ങളിലെയും ഗവർണർമാർ  ഒരേ സ്വരത്തിൽ പറഞ്ഞു. തുടർച്ചയായി മൂന്നാം തവണയും ഗവർണർ സ്ഥാനത്തിരിക്കുന്ന  ഡെമോക്രാറ്റായ ആൻഡ്രൂ കോമോയ്ക്കെതിരെ ശബ്ദം ഉയർത്തിയിരിക്കുന്ന ഗവർണർമാരും ഡെമോക്രാറ്റുകൾ തന്നെ. 

അനാവശ്യമായി കടന്നുപിടിച്ചു, കെട്ടിപ്പിടിച്ചു, ചുംബിച്ചു, അശ്ലീല ചുവയോടെ സംസാരിച്ചു എന്നിങ്ങനെ കൊമോയ്‌ക്കെതിരെ  11 സ്ത്രീകൾ ഉന്നയിച്ച  ആരോപണങ്ങളാണ് എ ജി റിപ്പോർട്ടിൽ സ്ഥിരീകരിച്ചത്. ഔപചാരികതയുടെ പേരിൽ അല്ലാതെ തെറ്റായ അർത്ഥത്തിൽ ആരെയും സ്പർശിച്ചിട്ടില്ലെന്ന് ഇക്കാര്യത്തിൽ ആവർത്തിച്ച് പ്രതികരിച്ച കോമോ, ഒരു ഘട്ടത്തിലും  രാജി സന്നദ്ധത അറിയിച്ചിട്ടില്ല. 

എ ജി റിപ്പോർട്ട് പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കോമോ  രാജിവയ്ക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടത്.

ന്യൂയോർക്ക് സംസ്ഥാനത്ത്  കൊറോണ വൈറസ് വ്യാപനം  കൈകാര്യം ചെയ്യുന്നതിൽ കൊമോയ്ക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നും നഴ്സിംഗ് ഹോമുകളിൽ മരണപ്പെട്ടവരുടെ യഥാർത്ഥ മരണസംഖ്യ പുറത്തുവിടാത്ത മറച്ചുവച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളുടെ പേരിൽ കൊമോയെ  ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ തുടർന്ന് ഈ വിഷയവും അന്വേഷിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ പുസ്തകം    "അമേരിക്കൻ ക്രൈസിസിന് "  ലഭിച്ച 5.1 മില്യൺ ഡോളറിന്റെ   ഇടപാടും നഴ്സിംഗ് ഹോം പോളിസിയെക്കുറിച്ചും  ബ്രൂക്ലിൻ യുഎസ് അറ്റോർണി ഓഫീസാണ്  
സ്വതന്ത്രമായ  അന്വേഷണം നടത്തുന്നത്.

എല്ലാവിധ തെളിവുകളും ലഭിച്ചാൽ ഉടൻ തന്നെ കോമോയ്ക്കെതിരെ  ഇംപീച്ച്മെന്റ്  അന്വേഷണത്തിലേക്ക്  കടക്കുമെന്ന് അസംബ്ലി സ്പീക്കർ കാൾ ഹീസ്റ്റീ വ്യക്തമാക്കി.

എന്നാൽ, ഇതൊന്നും കോമോ യുഗത്തിന് അന്ത്യം കുറിക്കുമെന്ന് കരുതാൻ ആകില്ല. രാഷ്ട്രീയരംഗത്ത് 38 വർഷത്തെ പ്രവൃത്തി പരിചയമുള്ള കോമോ ഇതിൽ തളരില്ല. ഹീസ്റ്റിയും അസംബ്ലിയിലെ മറ്റ് അംഗങ്ങളും സെനറ്റും അദ്ദേഹത്തിന് അനുകൂലമായി നിന്നാൽ  പ്രശ്നങ്ങൾ അവിടെ തീരും. 

ന്യൂയോർക്ക് ഡെമോക്രാറ്റിക്‌ പാർട്ടിയും അസംബ്ലി സ്പീക്കറും ഈ വിഷയത്തിൽ എടുക്കുന്ന തീരുമാനമാണ് നിർണായകം.

ഇഎംപീച്ച്മെന്റ് സാധാരണ വിജയിക്കാറില്ല. അസംബ്ലിയിൽ പാസായാലും സെനറ്റിൽ പാസാകണമെന്നില്ല. മാത്രവുമല്ല, ജനങ്ങൾക്കിടയിൽ കൊമോക്ക് ഇപ്പോഴും നല്ല പിന്തുണയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക