Image

ഡെൽറ്റ വേരിയന്റിനെ നേരിടാൻ  ന്യൂയോർക്ക് സിറ്റി പുതിയ തന്ത്രങ്ങൾ മെനയുന്നു 

Published on 04 August, 2021
ഡെൽറ്റ വേരിയന്റിനെ നേരിടാൻ  ന്യൂയോർക്ക് സിറ്റി പുതിയ തന്ത്രങ്ങൾ മെനയുന്നു 

ന്യൂയോർക്ക്, ഓഗസ്റ്റ് 4 :  പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ചതിന്റെ രേഖ കൈവശം വയ്ക്കുന്നവർക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട് ഡെൽറ്റ വേരിയന്റിനെ നേരിടുന്നതിനുള്ള പുതിയ മാർഗരേഖകൾ മേയർ ബിൽ ഡി ബ്ലാസിയോ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ന്യൂയോർക്ക് സിറ്റിയിലെ റെസ്റ്റോറന്റുകൾ, ഷോകൾ, ജിമ്മുകൾ എന്നിങ്ങനെയുള്ള പൊതു ഇടങ്ങളിൽ വരുന്നവർ ആഗസ്റ്റ് 16 മുതൽ കുറഞ്ഞത് ഒരു ഡോസ് വാക്സിൻ 
സ്വീകരിച്ചതിന്റെ രേഖ കാണിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ഘട്ടം ഘട്ടമായി കൂടുതൽ ഇടങ്ങളിൽ ഇത് നിർബന്ധമാക്കും.
ഡെൽറ്റ വേരിയന്റ് ഉയരുന്ന സാഹചര്യത്തിൽ ഇത്തരം നടപടി കൈക്കൊള്ളുന്ന  യുഎസിലെ ആദ്യത്തെ വലിയ നഗരമാണ്  ന്യൂയോർക്ക്.
വാക്സിനേഷൻ നില എന്തുതന്നെ ആയാലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ,സാൻ ഫ്രാൻസിസ്കോയിലും രാജ്യത്തിന്റെ പടിഞ്ഞാറൻ അറ്റത്തെ കൗണ്ടികളിലും പുനഃസ്ഥാപിച്ചതും ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ വേണ്ടിയാണ്.
 തെക്കൻ സംസ്ഥാനങ്ങളിൽ പോലും, സ്കൂളുകളിലും കോളേജുകളിലും ഉൾപ്പെടെ ഇൻഡോറിലും മാസ്ക് മാൻഡേറ്റ് തിരികെ കൊണ്ടുവന്നിട്ടുണ്ട്.
ഇതുവരെ അമേരിക്കയിൽ  70 ശതമാനം പേർക്ക്  കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 30 ദിവസങ്ങളിൽ കോവിഡ്  കേസുകൾ 6 മടങ്ങ് വർദ്ധിച്ചതായാണ്  ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
ഫ്ലോറിഡയിലെ ആശുപത്രികൾ കവിഞ്ഞൊഴുകുകയാണ്. ചൊവ്വാഴ്ച സംസ്ഥാനത്തെ രോഗികളുടെ എണ്ണം 11,000  കടന്നു.

നിലവിൽ  രാജ്യത്തെ ശരാശരി പ്രതിദിന കേസുകളുടെ എണ്ണം  85,000 എന്ന തോതിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മരണനിരക്കും ഉയർന്നു.കഴിഞ്ഞ രണ്ട് ആഴ്‌ചകൊണ്ട്  254 ൽ ആയിരുന്ന ശരാശരി മരണനിരക്ക്  386ൽ എത്തി.
ആശുപത്രിയിൽ കഴിയുന്നവരും  മരണപ്പെടുന്നതുമായ ആളുകളിൽ  95 ശതമാനത്തിലധികം വാക്സിൻ എടുക്കാത്തവരാണെന്ന് വൈറ്റ് ഹൗസ്  അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യത്തിന്റെ പേരിൽ  മാസ്ക്മാൻഡേറ്റ്  തടയുന്ന റിപ്പബ്ലിക്കൻ  ഗവർണർമാരോട് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്ന്  പ്രസിഡന്റ് ജോ ബൈഡൻ ശാസിച്ചു. കോവിഡ് -19 ബാധിച്ച് അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണം 614,000 കടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക