Image

വെളുത്തേടൻ (മിന്നാമിന്നികൾ-8: അംബിക മേനോൻ)

Published on 05 August, 2021
വെളുത്തേടൻ (മിന്നാമിന്നികൾ-8: അംബിക മേനോൻ)
ചിലപ്പോഴൊക്കെ മാത്രമേ ദേവൂട്ടിക്ക് കൂട്ടുകാരോടൊത്ത് സ്‌കൂളിൽ പോകാനും തിരിച്ചുവരാനും സാധിക്കാറുള്ളൂ. ചേച്ചമ്മയുടെ കൂടെയാണ് സ്കൂളിൽ പോകാറുള്ളത്. കൂട്ടുകാരൊത്ത് പാട്ടുപാടിയും പൊട്ടിച്ചിരിച്ചും സ്കൂളിൽ നിന്നും ഒരു വരവുണ്ട്. മഴവെള്ളത്തിൽ തുള്ളിച്ചാടി ഉടുപ്പൊക്കെ നനച്ചും,
നിറഞ്ഞൊഴുകുന്ന കനാലിൽ കുടയെ ഒരു മീൻവലയാക്കി മീൻ പിടിച്ചും, വീട്ടിൽ തിരിച്ചെത്താൻ ചിലപ്പോഴൊക്കെ വൈകിപ്പോകും. കളിച്ചു രസിച്ച് നടക്കുന്നതിനിടയിൽ പുറകിൽ നിന്നുo ഒരു വിളി,
" ദേവൂട്ടിമോളേ..., ഇന്നെന്താ ടീച്ചറില്ലേ കൂടെ?"

തിരിഞ്ഞു നോക്കിയപ്പോൾ നാരേണനും ദേവോമ്മയും. വീട്ടിലെ തുണികളെല്ലാം അലക്കുന്നവർ. നാരേണൻ സൈക്കിളിന്റെ പുറകിൽ അലക്കിയ തുണികളുടെ വലിയൊരു ഭാണ്ഡം കെട്ടിവെച്ചിട്ടുണ്ട്. ദേവോമ്മയുടെ തലയിലും വലിയൊരു ഭാണ്ഡമുണ്ട്. അവർ ആ ദേശത്തിലെ അലക്കുകാരാണ് - വെളുത്തേടർ.വീടുവീടാന്തരം കയറിയിറങ്ങി അഴുക്കു തുണികളെല്ലാം ഭാണ്ഡo കെട്ടിയെടുത്ത്, പുഴയിൽ കൊണ്ടുപോയി അലക്കിയെടുത്ത് രണ്ടാഴ്ച കഴിയുമ്പോൾ അലക്കിത്തേച്ച് തിരികെ വീടുകളിൽ എത്തിക്കും.

 " ഇല്ല നാരേണ.., ചേച്ചമ്മക്ക് ശ്വാസംമുട്ടാ, ഇന്ന് സ്കൂളിൽ വന്നില്ല."
'അത്യോ..! ഈ ടീച്ചറുടെ കാര്യം കഷ്ടം തന്നെ."
"നാരേണൻ ഞങ്ങളുടെ വീട്ടിൽ പോകുന്നുണ്ടോ?"
'പിന്നെ..! ഈ വലിയ കെട്ടു മുഴുവൻ ദേവൂട്ടിയുടെ വീട്ടിലെയും അതിനടുത്തുള്ളവരുടെതുമാണ്. മോള് നാരേണന്റെ സൈക്കിളിൽ കയറുന്നോ? ഞാൻ മോളെ വീട്ടിൽ കൊണ്ടു വിടാം."
"ആണോ..! ന്നാൽ ശരി. "

ദേവൂട്ടി നാരേണന്റെ സൈക്കിളിന്റെ മുന്നിൽ കയറിയിരുന്ന് ക്ണീ.. ക്ണീന്ന് ബെല്ലടിച്ചു. നാരേണൻ മെല്ലെ സൈക്കളോടിച്ചു.പുറകെ ദേവോമ്മ  നടന്നു വരുന്നുണ്ടായിരുന്നു.

വീടിന്റെ പടിയെത്തിയപ്പോൾ നാരേണൻ പറഞ്ഞു, "ഇനി മോള് ഇറങ്ങിക്കോളൂ.,, ഞങ്ങൾക്ക് ഇവിടെ അടുത്തൊക്കെ നാലഞ്ചു വീട് കയറിയിറങ്ങാനുണ്ട്, അത് കഴിഞ്ഞ് മോൾടെ വീട്ടിൽ വരാം,തങ്കമ്മോട് അലക്കാനുള്ള തുണിയൊക്കെ എടുത്തു വെക്കാൻ പറഞ്ഞോളൂ."
"ശരി നാരേണ."
ദേവൂട്ടി പടി കടന്ന് ഓടി വീട്ടിലെത്തി. കയ്യും കാലും മുഖവുമൊക്കെ കഴുകി വേഗം ചേച്ചമ്മയുടെ മുറിയിൽ ചെന്നു.
" ചേച്ചമ്മേ, ശ്വാസoമുട്ട് കുറവുണ്ടോ? കഞ്ഞി കുടിച്ചോ?"
"ഇപ്പൊ ഇത്തിരി കുറവുണ്ട് മോളെ. കഞ്ഞി കുടിച്ചു.
എണീറ്റിരിക്കാമെന്നായിട്ടുണ്ട്. മോള് ചെല്ല്, അടുക്കളേ പോയി വല്ലതും കഴിക്ക് ".

നാലുമണിക്ക് സ്ക്കൂൾ വിട്ട് വരുമ്പോഴേക്കും കഴിക്കാനായ് അമ്മ എന്തെങ്കിലുമൊക്കെ ഉണ്ടാക്കിവെക്കും.ചുടുചുടാന്നുള്ള കൊള്ളിപ്പേരി(കപ്പ)യും ചുടുചായയും! ആവി പറക്കുന്ന ഉപ്പേരി വാഴയിലയിൽ വിളമ്പിത്തരും. എന്ത് സ്വാദാണെന്നോ അത് കഴിക്കാൻ! ദേവൂട്ടി സ്കൂളിൽനിന്നെത്തി കഴിയുമ്പോഴേക്കും കുഞ്ഞ്യേച്ചിയും ഓപ്പയും സ്കൂളിൽ നിന്നെത്തും.

ചായ കുടിക്കുന്നതിനിടയിൽ ദേവൂട്ടി പറഞ്ഞു," അമ്മേ, വെളുത്തേടൻ നാരേണനേം ദേവോമ്മയേയും കണ്ടു. അലക്കിയ തുണിയുമായി അവരിപ്പോൾ എത്തും."
"ഉം.., ന്നാൽ അലക്കാൻ കൊടുക്കാനുള്ള വസ്ത്രങ്ങളൊക്കെ എടുക്കട്ടെ."
"തങ്കമ്മേ, നാരേണൻ വന്നിട്ടുണ്ട് ട്ടോ", പുറത്തുനിന്നുo ശബ്ദം കേട്ടു.
ദേവൂട്ടി വേഗം ഉമ്മറത്തേക്ക് ചെന്നു.

" കുട്ടി സ്കൂളീന്ന് വന്നിട്ട് വല്ലതും കഴിച്ചോ?"
"ഉവ്വ് നാരേണ, ദാ പ്പൊ കഴിച്ചു കഴിഞ്ഞേ ള്ളൂ".
അമ്മ കുറേ മുഷിഞ്ഞ തുണികളുമായി ഉമ്മറത്തേക്ക് വന്നു.

"ഈ അലക്കിയ തുണികളൊക്കെ അങ്ങ്ട് എടുത്തോളൂ തങ്കമ്മേ. ടീച്ചർക്ക് വയ്യാന്ന് മോള് പറഞ്ഞു, എങ്ങിനെ, ഇപ്പോൾ കുറവുണ്ടോ?"
"ഇപ്പൊ ഇത്തിരി ഭേദാ.., ഇന്നലെ രാത്രി മുഴുവൻ എണീറ്റിരുന്ന് ശ്വാസംമുട്ടി വലിക്കായിരുന്നു. ഏട്ടത്തിക്ക് വയ്യാതായാൽ പിന്നെ ഞാനും തളർന്നുപോകും."
"ഒക്കെ വേഗം മാറും തങ്കമ്മേ".

അമ്മ ഉള്ളിൽ പോയി ഒരു കണക്ക് പുസ്തകം എടുത്തോണ്ടുവന്നു.അതിൽ, ചേച്ചമ്മ തുണികളുടെ കണക്കെല്ലാം എഴുതി വെച്ചിട്ടുണ്ട്. അമ്മ അതെടുത്ത് വായിച്ചു," മല്ലുമുണ്ട് - 5, കോടിമുണ്ട് - 6, ജാക്കറ്റ് - 4 ,പുതപ്പ് - 2, തോർത്ത് - 5"

നാരേണൻ ആ കണക്കിനനുസരിച്ച് ഓരോ വസ്ത്രങ്ങളും കിഴിയിൽ നിന്നും പുറത്തെടുത്ത് അടുക്കി വെച്ചു. അലക്കി, കഞ്ഞീം നീലോം പിഴിഞ്ഞ് മടക്കുമടക്കായി വെച്ചിരിക്കുന്ന വസ്ത്രങ്ങൾക്ക് ഒരു പ്രത്യേക മണമാണ്. എല്ലാം എണ്ണി തിട്ടപ്പെടുത്തി ഒരു മുണ്ടിൽ പൊതിഞ്ഞ് അമ്മക്ക് കൊടുത്തു. പിന്നീട് മുഷിഞ്ഞ തുണികൾ ഒന്നൊന്നായി എണ്ണി തിട്ടപ്പെടുത്തി. അതെല്ലാം അമ്മ കണക്കു പുസ്തകത്തിൽ കുറിച്ചിട്ടു. ഇറയത്ത് ഒരു പുതപ്പ് വിരിച്ച് അതിലേക്കാണ് ഓരോന്നായി എണ്ണിയിടുന്നത്. അപ്പോൾ ദേവൂട്ടി ആ തുണികൾക്കിടയിൽ കിടന്ന് കുത്തിമറയും. അതു കാണുമ്പോൾ നാരേണൻ പറയും," വേണ്ട മോളേ.., മോളേം ഈ തുണിക്കെട്ടിലാക്കി നാരേണൻ അലക്കാൻ കോണ്ടുപൊയ്ക്കോട്ടെ?"
" ങ്ഹാ.., ശരി, എന്നാൽ കൊണ്ടോയ്ക്കോളൂ", ദേവൂട്ടി ഒരു പുതപ്പിനുള്ളിൽ
ഒളിച്ചു കിടന്നു കൊണ്ട് പറയും.
"ദേ..,നാരേണൻ ഭാണ്ഡം കെട്ടാൻ പോകാ, മോള് അതിനുള്ളിൽത്തന്നെ കിടന്നോ, അടുത്താഴ്ച അലക്കിയ തുണികൊണ്ടു വരുമ്പോൾ മോളേയും അലക്കിത്തേച്ച് കൊണ്ടൂ വരാം".

"അയ്യോ.. വേണ്ട.., ദാ ഞാൻ പുറത്തേക്ക് വന്നേ..." എന്ന് പറഞ്ഞ് പുതപ്പെല്ലാം മാറ്റി ദേവൂട്ടി ഭാണ്ഡക്കെട്ടിൽ നിന്നും വേഗം പുറത്തേക്ക് വരും.

വസ്ത്രങ്ങൾ അലക്കുന്നതിന് പൈസ കൊടുക്കുന്നതു കൂടാതെ, ചിലപ്പോഴൊക്കെ അമ്മ അവർക്ക് ഇടങ്ങഴി അരിയും, നേന്ത്രക്കായേo,എണ്ണേം മറ്റും കൊടുക്കുന്നതു കാണാം.

ചേച്ചമ്മയുടെ മുണ്ടുകളെല്ലാം ഒരു മരപ്പെട്ടിക്കകത്താണ് ഒതുക്കി വെക്കുക. ആ പെട്ടി തുറക്കുമ്പോൾ കൈതപ്പൂ മണമാണ്. പിന്നെ ലക്സ് സോപ്പിന്റേയും. വീട്ടുവളപ്പിൽ തന്നെ കൈതപ്പൂ വളരുന്നുണ്ട്. മുണ്ടുകൾക്കിടിയിൽ ഒരു ഓല കൈതപ്പൂവെക്കും. എന്തിനാ സോപ്പ് വെച്ചിരിക്കുന്നത് എന്ന് ചോദിച്ചാൽ ചേച്ചമ്മ ചിരിച്ചു കൊണ്ട് പറയും ചേച്ചമ്മയ്ക്ക് ലക്സിന്റെ വാസന ഇഷ്ടമാണെന്ന്.ദേവൂട്ടി കല്യാണം കഴിഞ്ഞ് നാട്ടിൽ നിന്ന് പോയിട്ടും ഓരോ ലീവിൽ നാട്ടിൽ വരുമ്പോഴും ചേച്ചമ്മക്ക് ഒരു ലക്സ് സോപ്പ്
കൊണ്ടുകൊടുക്കുമായിരുന്നു.. ചേച്ചമ്മ സന്തോഷത്തോടെ അത് വാങ്ങി, അലമാരിയിൽ
വസ്ത്രങ്ങളുടെ ഇടയിൽ സൂക്ഷിക്കുമായിരുന്നു.

വർഷങ്ങൾ എത്ര കടന്നു പോയിരിക്കുന്നു. നാരേണനും ദേവോമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെ മക്കളൊക്കെ നല്ല നിലയിലായി. കുലത്തൊഴിലായ അലക്കുപണിയെല്ലാം നിർത്തി. അറിയാതെയാണെങ്കിലും മനസ്സിന്നകത്തളത്തിലേക്ക് എത്തിനോക്കുമ്പോൾ അവിടെ കാണാം പല മനുഷ്യരൂപങ്ങൾ! മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയ ചില മുഖങ്ങൾ! അവക്ക് മരണമില്ല.ദേവൂട്ടീടെ ജീവിതകാലം മുഴുവനും അവരെല്ലാം ദേവൂട്ടീടെ കൂടെത്തന്നെ ജീവിക്കും.

ചിലപ്പോഴെല്ലാം സങ്കടം തോന്നാറുണ്ട്.കൂടെ ഉണ്ടായിട്ടും ദേവൂട്ടിയെ അറിയാതെപോയ ചില മുഖങ്ങൾ! അരികിലുണ്ടായിട്ടും ദേവൂട്ടിയെ കാണാൻ ശ്രമിക്കാത്ത, ദേവൂട്ടിയെ മനസ്സിലാക്കാൻ ശ്രമിക്കാത്ത ചില മുഖങ്ങൾ! ജീവിതം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതല്ലേ! അതിനിടയിൽ കുശുമ്പും
വഴക്കും തെറ്റിദ്ധാരണകളും നിറക്കുന്നതെന്തിന്? പുണ്യമായി കിട്ടിയ ഈ മനുഷ്യ ജീവിതം സന്തോഷമായി, സമാധാനമായി ജീവിച്ചു കൂടെ?
Join WhatsApp News
Rajesh Babu 2021-08-08 16:02:15
ടീച്ചറുടെ മാസ്റ്റർപീസ്! തുളസിക്കതിർ കാറ്റിലാടുമ്പോലെ. അത്രക്കും നിർമ്മലം. 😍 ആ കാലഘട്ടത്തിന്റെ പ്രത്യേകതകളെല്ലാം ഉൾക്കൊള്ളുന്ന രചന❤
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക