Image

പ്രണയായുസ്സുകള്‍(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 05 August, 2021
പ്രണയായുസ്സുകള്‍(കവിത: രാജന്‍ കിണറ്റിങ്കര)
ആദ്യം
പ്രണയം തുടങ്ങിയത്
ക്ഷേത്രനടയില്‍
വച്ചായിരുന്നു
അന്നതിന്
ദേവശില പോലെ
ഉറപ്പും ഈടും
ദൈവികതയും
ഉണ്ടായിരുന്നു

പിന്നെയത്
സ്‌കൂളിലും 
കേളേജിലും
വച്ചായി .
അദ്ധ്യയനവര്‍ഷം പോലെ
ജൂണില്‍ തുടങ്ങി
മാര്‍ച്ചില്‍
ഒടുങ്ങുന്ന
ക്ഷണിക പ്രണയം

കാലാന്തരങ്ങളില്‍
പ്രണയം
ഫേയ്‌സ്ബുക്കിലൂടെയായി
പുസ്തകത്താളു പോലെ
ഒരു കാറ്റിലെവിടേക്കോ
പറന്നു പോകുന്ന
വിസ്മൃതി പ്രണയം.

അന്ന് പ്രണയ സമ്മാനം
റോസാ പൂവ്
അത് വെയിലിലും
മുള്ളിലും
പുഷ്പിച്ചു നിന്നു

ഇന്നാദ്യ സംഗമം
ഐസ് ക്രീം പാര്‍ലറില്‍
ഞൊടിയിടയില്‍
ഉരുകിയൊലിച്ചു പോയി
ഐസുപോലെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക