Image

മനസാക്ഷി മരവിക്കുമ്പോൾ (ബാബു പാറയ്ക്കൽ)

Published on 07 August, 2021
മനസാക്ഷി മരവിക്കുമ്പോൾ (ബാബു പാറയ്ക്കൽ)
ഡൽഹിയിൽ 9 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി കൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അവളുടെ മാതാവ് പറയുന്നത് ആ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു മൃഗീയമായി കൊല്ലപ്പെട്ടു എന്നാണ്. ദളിത് വിഭാഗത്തിൽ ഉൾപ്പെട്ട ഈ പെൺകുട്ടി താമസിച്ചിരുന്ന സ്ഥലത്തു കുടിവെള്ളം ലഭ്യമല്ലാതിരുന്നതിനാൽ അതിനടുത്തുള്ള മൃതദേഹങ്ങൾ ദഹിപ്പിക്കാൻ മാത്രമായുള്ള ഒരു ശ്‌മശാനത്തിലുള്ള വാട്ടർ കൂളറിൽ നിന്നും കുടിക്കാൻ അല്പം വെള്ളം എടുക്കുവാൻ പോയി. വളരെ വൈകിയിട്ടും മകൾ വരാതിരുന്നത്തിൽ ആശങ്കപ്പെട്ടു തിരക്കിയിറങ്ങിയ ആ അമ്മയുടെ ചെവിയിൽ ഒരു വർത്തയെത്തി. ആ ക്രിമറ്റോറിയത്തിലെ പൂജാരിയാണ് ആ വാർത്ത പുറത്തു വിട്ടത്. ആ പെൺകുട്ടി ആ ക്രിമറ്റോറിയത്തിൽ വൈദ്യുതാഘാതമേറ്റു കൊല്ലപ്പെട്ടു എന്നായിരുന്നു ആ വാർത്ത. ആ മാതാവ് അലറിവിളിച്ചുകൊണ്ട് ആ ക്രിമറ്റോറിയത്തിലേക്കോടി. അവിടെ അവർ കണ്ടത് ആ പെൺകുട്ടി ഒരു ബെഞ്ചിൽ ജീവനറ്റു കിടക്കുന്നതാണ്. അവർ അവളെ സൂക്ഷിച്ചു നോക്കി.ഒറ്റനോട്ടത്തിൽ തന്നെ ആ അമ്മയ്ക്ക് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായി. അവളുടെ കവിളും ചുണ്ടും കരുവാളിച്ചു കിടക്കുന്നു. കൈകളിൽ പലയിടത്തും ചെറിയ മുറിപ്പാടുകൾ. ഒരു കയ്യിലെ തൊലി ആരോ ചീന്തി വലിച്ചത് പോലെ തൂങ്ങി കിടക്കുന്നു. വസ്ത്രങ്ങൾ ആകെ നനഞ്ഞിട്ടുണ്ട്.
 
കൂലിപ്പണിക്ക് പോയിരുന്ന പിതാവിനെ വിവരം അറിയിക്കാൻ ആള് പോയിട്ടുണ്ട്. അദ്ദേഹം വരാനായി അവർ കാത്തിരുന്ന ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ആ ശ്മാശാനത്തിലെ പൂജാരി അവളുടെ മരണാനന്തര ക്രിയകൾക്കുള്ള മന്ത്രോച്ചാരണങ്ങൾ ഉരുവിടാനാരംഭിച്ചു. ആ കുട്ടിയുടെ പിതാവ് വന്നു കണ്ടിട്ടു കാര്യങ്ങൾ തീരുമാനിക്കാം എന്നവർ ആവർത്തിച്ചു പറഞ്ഞിട്ടും അവർ ചെവിക്കൊണ്ടില്ല. പൂജാരിയും മറ്റു മൂന്നു പേരും കൂടി ധൃതഗതിയിൽ ആ അമ്മയെ തട്ടി മാറ്റി ബലമായി ആ പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി ദഹിപ്പിക്കാനാരംഭിച്ചു. അവിടെ കൂടിയിരുന്ന ഏതാനും പോലീസുകാർ ആ ദഹിപ്പിക്കൽ തടസ്സപ്പെടുത്തിയില്ല. ആ പെൺകുട്ടിയുടെ പിതാവും ഏതാനും കൂട്ടുകാരും കൂടി ഓടി വന്നപ്പോഴേക്കും ദഹിപ്പിക്കൽ ഏതാണ്ട് പൂർത്തിയായി. പിതാവിനെയും കൂട്ടരെയും പോലീസുകാർ അകത്തേക്കു കടത്തിവിട്ടില്ല. ആ മാതാവിന്റെയും പിതാവിന്റെയും ഹൃദയം പൊട്ടിയുള്ള  ആർത്തനാദം ആ ചിതയിൽ നിന്നും ഉയർന്ന പുകച്ചുരുളുകളിലൂടെ കൈലാസത്തിലേക്കു യാത്രയായ കാര്യം ഇന്ദ്രപ്രസ്ഥത്തിന്റെ അകത്തളങ്ങളിൽ സുഖസുഷുപ്തിയിലായിരുന്നവർ കേട്ടില്ല.ശ്മാശനത്തിലേക്കു കൂടുതൽ ആളുകൾ എത്തിത്തുടങ്ങി. കൂടുതൽ പോലീസും. ഇത്രയും ധൃതിയിൽ അച്ഛനെ പോലും കാണിക്കാതെ അവളുടെ മൃതദേഹം ദഹിപ്പിച്ചതെന്തിന് എന്ന ചോദ്യത്തിന് പൂജാരി കൊടുത്ത മറുപടി, "നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ യാചകരാണ്. നിങ്ങൾ എന്താ പോലീസിൽ കേസ് കൊടുക്കുമോ? കോടതിയിൽ വക്കീലിനെ വച്ച് വാദിക്കുമോ?" എന്ന മറുചോദ്യമായിരുന്നു. അതുകേട്ടു പോലീസും ചിരിച്ചതല്ലാതെ ആരുടെ പേരിലും ഒരു നടപടിയും ഉണ്ടായില്ല. കാമാർത്താരായ പൂജാരിയും മറ്റു മൂന്നു പേരും കൂടി ആ പിഞ്ചു ബാലികയെ ലൈംഗികമായി ചൂഷണം ചെയ്തു പിച്ചിച്ചീന്തിയതാണെന്നു മൃതശരീരം നേരിൽ കണ്ട ആ മാതാവ് ആവർത്തിച്ചു പറഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.ഡൽഹിയിലെ പോലീസ് നരേന്ദ്ര മോദിയുടെ അധികാരത്തിന് കീഴിലുള്ളതാണ്. മരിച്ചത് ദളിത് പെണ്കുട്ടിയായതുകൊണ്ടു പ്രത്യേകിച്ച് ഒരന്വേഷണമോ നടപടിയോ ഉണ്ടാകുമെന്നു കരുതുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അഞ്ചു ദിവസം പിന്നിട്ടിട്ടും മറിച്ചു ചിന്തിക്കാൻ ഒന്നും കാണുന്നുമില്ല.
 
ഇന്ത്യയിൽ 20 കോടിയിലധികം ദളിതരുണ്ട്. എന്നും അവഗണനയുടെ പാരമ്യത്തിൽ അധിക്ഷേപിക്കപ്പെട്ടു കഴിയാൻ വിധിക്കപ്പെട്ടവർ. ചാതുർവർണ്യവും ജാതിഉപജാതി കീഴ്‌വഴക്കങ്ങളുമെല്ലാം സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണം ഒരു പൗരന്റെ മൗലികാവകാശങ്ങളിൽ പെട്ടവയാണ്.അത് പാലിക്കുവാൻ ഉറപ്പുവരുത്തേണ്ടവർ ആയിരിക്കണം അധികൃതർ. ഇവിടെ വേലിതന്നെ വിളവു തിന്നുകയാണ് പലപ്പോഴും. നൂറ്റാണ്ടുകളായി തുടർന്ന് വന്ന ദുരാചാരങ്ങൾ പലതും ഇന്നു ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. മതവും ജാതിയും ഉപജാതിയുമെല്ലാം മനുഷ്യ സൃഷ്ടിയാണെന്നും വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം അതിനെ നിലനിർത്താൻ മനുഷ്യർ തന്നെ ഉണ്ടാക്കിയിരിക്കുന്ന വരുമാന ശ്രോതസ്സുകളാണെന്നുമുള്ള തിരിച്ചറിവ് കൊറോണ എന്ന ഗുരു മനുഷ്യരെ പഠിപ്പിച്ചു. സമൂഹത്തിന്റെ നാനാതുറയിലുമുള്ള പ്രഗത്ഭരായി വിരാജിച്ച പലരുംപ്രജ്ഞയറ്റ്‌ ഒരു കൂന ചാരമാകുന്നതു ദിവസേന കാണുന്ന ശ്‌മശാന അധികൃതർക്കു പോലും ആ പിഞ്ചു ബാലികയെ ഉപദ്രവിച്ചു കത്തിച്ചു കളയാൻ മനഃസാക്ഷിക്കുത്തുണ്ടായില്ല എന്ന് പറയുമ്പോൾ സംഹാരതാണ്ഡവമാടിയ കൊറോണപോലും ലജ്ജിച്ചുപോയിട്ടുണ്ടാകും. ഇപ്പോഴും ജാതിമത വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് ആ മതങ്ങളുടെയെല്ലാം ദൈവങ്ങൾ ഒന്നിച്ചിരുന്നു ചിരിക്കുന്നുണ്ടാകും.
 

ഇന്ത്യയിൽ മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ സ്ത്രീകൾക്കു പാവനമായ സ്ഥാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും 'ഏട്ടിലെ പശു പുല്ലു തിന്നുകയില്ലെ'ന്നു പറയുന്നതുപോലെ അവർ മുന്പിൽ വന്നു പെട്ടാൽ മറ്റൊന്നും പിന്നെ പ്രശ്നമല്ല. ലംഗികാസക്തി തലയ്ക്കു പിടിച്ചു ഭ്രാന്തു കയറി നടക്കുന്ന ഇവർക്ക് വേണ്ടി, സാധാരണ  സ്ത്രീകൾക്കു മാന്യമായി ജീവിക്കാൻ വേണ്ടി, പഞ്ചായത്തടിസ്ഥാനത്തിൽ ലൈസൻസ് നൽകി വേശ്യാലയങ്ങൾ സ്ഥാപിക്കണം. ആരോഗ്യപരമായ അതിന്റെ നടത്തിപ്പ് സർക്കാർ മേൽനോട്ടത്തിൽ ആയിരിക്കണം. ബിവറേജസിൽ നിന്ന് കിട്ടുന്നതുപോലെ നല്ല ഒരു തുക നികുതിയിനത്തിൽ സർക്കാരിന് കിട്ടും. പെട്രോളിന്റെ വില അനുദിനം കൂട്ടുന്നതുപോലെ ഇതിന്റെയും നിരക്കു സർക്കാരിനു നിശ്ചയിക്കാവുന്നതാണ്. പറഞ്ഞാൽ അംബാനിയോ അദാനിയോ മറ്റോ ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്യും. ഇത് നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ലെന്നു പറയുന്നവർ സ്ത്രീകളുടെ സുരക്ഷിതാർദ്ധം അവർക്കു ധരിക്കുവാൻ പറ്റിയ പടച്ചട്ട പോലെ എന്തെങ്കിലും ഉണ്ടാക്കി നൽകണം. അതുമല്ലെങ്കിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കർശനമായി ലിംഗഛേദം നടത്തി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം.ഇനിയുമെങ്കിലും  ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ!


Join WhatsApp News
Sudhir Panikkaveetil 2021-08-07 12:40:58
മെക്കാളെ പ്രഭു ഇന്ത്യക്കാരായ അടിമകൾക്കുവേണ്ടി എഴുതിവച്ച നിയമങ്ങൾ മാറ്റി എഴുതേണ്ട കാലം കഴിഞ്ഞു. ഇന്ത്യക്കാർ ഇപ്പോഴും ബ്രിട്ടീഷ്കാരുടെ അടിമകൾ തന്നെ. അതുകൊണ്ട് പണവും പ്രതാപവുമുള്ളവർക്ക് സുഖം അതായത് യജമാനന്മാർക്. അടിമകൾ കഷ്ടപ്പെടും. ഭൂരിഭാഗം ജനങ്ങളും ഞങ്ങൾ സന്തുഷ്ടരാണെന്നു ചിന്തയിലാണ്. കഷ്ഠവും അനീതിയും അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മോചനമില്ല. ശ്രീ ബാബു പാറക്കൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ ഒരു ചലനം ഉണ്ടാകും. അത് തന്നെ ഭാഗ്യം.
G. George 2021-08-07 16:11:52
I don't think so Indian politic and the cast system never end even India send the satellite to Mars, these people narrow minded never improve, also the animals are better than humans they kill only for there food, even 21st century even like India the generation even going with cast and religious retribution, OMG it's never going to end in India, so horrible when I heard the news.
abdul punnayurkulam 2021-08-08 12:47:27
Babu, if any country has no democracy, there is chaos. If administration doesn't respect public safety, that is dictatorship. Hope for best.
Babu Parackel 2021-08-09 14:41:46
ലേഖനം വായിച്ചവർക്കും കമെന്റുകൾ പോസ്റ്റ് ചെയ്തവർക്കും നേരിട്ടയച്ചവർക്കും എല്ലാം ഹൃദയംഗമായ നന്ദി അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക