Image

കടൽത്തീരത്ത്.. (കവിത : രേണു ശ്രീവത്സൻ)

Published on 08 August, 2021
കടൽത്തീരത്ത്.. (കവിത : രേണു ശ്രീവത്സൻ)
പടിഞ്ഞാറൻ ചക്രവാളത്തിൽ,
പകലും രാത്രിയും കണ്ടുമുട്ടുന്ന സമയത്തു വേണം,
കടൽത്തീരത്ത് പോവാൻ..

മേലെ;
പൊന്നുരുക്കിയൊഴിച്ച്, 
വെള്ളി വിതാനിച്ച്,
കുങ്കുമപ്പരവതാനിയിൽ
വർണ്ണമേഘപ്പൂക്കൾ വാരി വിതറി
അരുണ-ചന്ദ്രൻമാർക്കൊരുമിച്ചൊരു  യാത്രയയപ്പും വരവേൽപ്പുമൊരുക്കുന്ന തിരക്കിലാണാകാശം...!

താഴെ മണൽവിരിയിൽ,  
മുന്നോട്ടോ പുറകോട്ടോ പോകാനാവാതെ
ഇടയിലെങ്ങോ കുരുങ്ങിപ്പോയ ബോധാബോധങ്ങളെ ചേർത്തുപിടിച്ച്
കാലുമടക്കിയിരുന്നാ-
വിസ്മയത്തിലേക്ക്
പതറുന്ന നോട്ടത്തെ  പണിപ്പെട്ടുയർത്തിയ- 
വിടെയിരിക്കണം. 

മുന്നിൽ, 
ഒഴുകിവന്ന നോവുനദികളെ
തൊട്ടിലാട്ടിയൊരു- 
താരാട്ടായ് അലയാഴി..
കൂടെ .. സാന്ത്വനമായ് 
ചുറ്റിപ്പിടിച്ചൊരു കടൽക്കാറ്റ്..

...തിരക്കിലാണവർ..!
ഒഴുകിയെത്തുന്ന
വ്യഥകളരിച്ചെടുത്തും,
അവയെ മേഘങ്ങളിലേക്ക് പറത്തിയും, അനസ്യൂതം..അവിരാമംം.. 

.... ഇപ്പോഴല്ലെങ്കിൽ,
പിന്നെപ്പോഴാണ് കടൽത്തീരത്ത് പോവേണ്ടിയിരുന്നത്? 

അതുകൊണ്ടു മാത്രമാണല്ലോ
തിരിഞ്ഞു നോക്കാതെ 
നടന്നകന്ന കാലം  
മനസ്സിൽ ബാക്കി വെച്ച 
ഇരുണ്ട ഇടനാഴിയിൽ 
കടലും കാറ്റും നക്ഷത്രങ്ങളും 
ചേർന്ന് വീണ്ടും തിരി കൊളുത്തിയതും,
മിഴികളിൽ നിറം ചാലിച്ചതും, കാതുകളിൽ സംഗീതം നിറച്ചതും,
ഹൃദയതാളം വീണ്ടെടുത്തതും , 
പ്രജ്ഞക്ക് ദിശയായതും..!!

അതെ,
പടിഞ്ഞാറൻ ചക്രവാളത്തിൽ,
പകലും രാത്രിയും കണ്ടുമുട്ടുന്ന സമയത്തു വേണം,
കടൽത്തീരത്ത് പോവാൻ..!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക