Image

തുടക്കമാവണം (കവിത: മഞ്ജുള ശിവദാസ്)

Published on 08 August, 2021
തുടക്കമാവണം (കവിത: മഞ്ജുള ശിവദാസ്)
സ്വരങ്ങൾതാഴ്ത്തിയും മറഞ്ഞുനോക്കിയും,
അകത്തിരിയ്ക്കേണ്ടവളല്ലെന്റെ കണ്മണി.
ഉറക്കെതന്നെ നിൻ ഉറച്ചചിന്തകൾ
ഭയപ്പെടാതെന്നുമുരച്ചുകൊള്ളുക.

പരന്റെ ഇച്ഛയ്ക്കു വിധേയരായ്,
തന്റെ പകൽവെളിച്ചവും പറിച്ചുനൽകാതെ.
തനിയ്ക്കു തന്നെക്കാളുറച്ച വിശ്വസ്ഥ-
രുലകിലില്ലെന്നുമറിഞ്ഞുകൊള്ളുക.

സ്വയമെരിഞ്ഞു പ്രകാശമേകുമൊരു-
മെഴുകുതിരിയായിടേണ്ട നിൻ ജീവിതം,
സ്വയമൊടുങ്ങാതെ പ്രഭ ചൊരിഞ്ഞീടുവാൻ-
ജ്ഞാനമാർജ്ജിച്ചൊരർക്കനായീടണം.

നമ്മെയീലോകമെങ്ങിനെക്കാണണം,
നമ്മളാദ്യമേ നിശ്ചയിച്ചീടണം.
സ്വന്തബന്ധങ്ങളേതുമനർത്ഥമായ്-
വന്നുചേരാമിടയ്‌ക്കെപ്പൊഴെങ്കിലും,

അപ്പൊഴാവേശമേറിടും നേരത്ത്-
വാക്കുകൾകൊണ്ടെറിഞ്ഞുടയ്‌ക്കാതെയും,
തങ്ങളിൽ നിന്നടർത്തിമാറ്റാതെയും,
നേരുകൾ നല്ല വാക്കാൽ പൊതിഞ്ഞേകി-

തന്നിടത്തെ വിശാലമാക്കീടുവാൻ-
ജ്ഞാനികൾക്കേ കഴിഞ്ഞിടൂ മന്നിതിൽ.
ജ്ഞാനമാർജ്ജിച്ചൊരർക്കനായീടുക,
സ്വയമൊടുങ്ങാതെ പ്രഭചൊരിഞ്ഞീടുക..

അബദ്ധചിന്തയാൽ സ്വയം വിലങ്ങിട്ടു-
പാരതന്ത്ര്യം വിലയ്ക്കുവാങ്ങുവോർ,
സ്വതന്ത്രരല്ലെന്നു തപിച്ചിടുമ്പൊഴും,
പൊതു ഇടങ്ങളിലുരിഞ്ഞാടി സമരവും.

തുടർന്നുപോന്നതിൻ ക്ഷതങ്ങളപ്പൊഴും,
നിണംപൊടിഞ്ഞിടും തുടർച്ചതന്നെയായ്.
സ്വയം കനിഞ്ഞിടാതസാധ്യമാണിനി-
തുടർച്ചയിൽനിന്നു നമുക്കു മുക്തിയും.

പഴങ്കഥക്കെട്ടിലുടക്കിയിട്ട, നിൻ-
കിനാക്കളെ സ്വയം സ്വതന്ത്രമാക്കണം,
പലർ നടന്നതിൻ തുടർച്ചയായല്ല,
പലർക്കു മുൻപിലെ തുടക്കമാവണം....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക