Image

മഴയുടെ ഗ്യാലറി ( കവിത : ശിവദാസ് . സി.കെ)

Published on 10 August, 2021
മഴയുടെ ഗ്യാലറി ( കവിത : ശിവദാസ് . സി.കെ)
നീയിപ്പോൾ
ജനശതാബ്‌ദിയുടെ
ജാലക സീറ്റിലിരുന്ന്
ഷഹബാസ് അമന്റെ
ഗസലിലലിഞ്ഞു 
ഏതോ മഴയോട്   സല്ലപിക്കുന്നുണ്ടാകും

ഞാനപ്പോൾ
ഒറ്റമുറിയുടെ ആകാശത്തിലെ
കാറ്റു കടഞ്ഞെത്തുന്ന
നിന്റെ ചന്ദനഗന്ധം  ഓർത്തെടുക്കുന്നുണ്ടാകും

വെറുതെയെങ്കിലും
മൈഗ്രെയ്ൻ പൂത്തു വിടരുന്ന
നിന്റെ നെറ്റിയുടെ ഉഷ്ണ മണൽ കാടുകളിൽ
മഴച്ചുണ്ടുകൾ കൊണ്ട്
പെയ്തു നിറയുന്നത്  കിനാവ് കാണും

പനിപ്പുതപ്പിനടിയിൽ
അതിർത്തി നിർണയിക്കാത്ത
രണ്ട് നാട്ടുരാജ്യങ്ങളിലെ 
ഇണ ചേരുന്ന നാഗങ്ങളാണെന്നു കരുതും 

മഴവിൽ ജന്മം
മാത്രം  ആയുസ്സുള്ള
ശലഭ ജന്മങ്ങളാണെന്നറിയാം
എങ്കിലും
എന്റെ സ്വപ്നങ്ങളുടെ നീലവേരുകൾ
നിന്നോടുള്ള 
ഇഷ്ടത്തിന്റെ പുഴയെ
തേടി വരാറുണ്ട്

ഒരിക്കലും കണ്ടുമുട്ടാത്ത 
രണ്ട് സമാന്തര പാതകളിലെ
ട്രെയിനുകൾ പോലെ നാം
കണ്ണുനീരുപ്പിട്ട കവിത മാത്രം രുചിച്ചു
കടന്നു പോകുന്നവർ

ഒരു മഴ
ഒരു മാനത്തുകണ്ണി
ഒരു സൂര്യകാന്തിപ്പൂവ്
കവിതയുടെ ഒരു പുൽനാമ്പ്

മതി
നിന്നിലേക്കുള്ള യാത്ര 
മനോഹരമാണ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക