Image

കൊമ്മാട്ടങ്ങളുടെ ദേശാടനങ്ങൾ (അമൽ അബ്രഹാം, കഥാമത്സരം -185)

Published on 10 August, 2021
കൊമ്മാട്ടങ്ങളുടെ ദേശാടനങ്ങൾ (അമൽ അബ്രഹാം, കഥാമത്സരം -185)

ചാമൻ വരണ്ടുണങ്ങിയ മണ്ണിലേയ്ക്ക് കാലൂന്നി നടക്കുമ്പോൾ, ഉച്ച സൂര്യൻ്റെ ചൂടിൽ ധൂളി തിരകൾ പോലെ ഉയർന്ന് പൊങ്ങി പിന്നെ അടങ്ങിയും അവൻ്റെ കാലിലെ വിയർപ്പുതുള്ളികളിൽ തടഞ്ഞു ചേർന്നു. താമര കഴിഞ്ഞാണ്ടിലെ നെല്ല്  ഒന്നൂടെ അളന്ന് നെടുവീർപ്പെട്ടു.

''അടുത്താണ്ട് മലയിടിഞ്ഞ് വെള്ളമിറങ്ങും. മണ്ണിൻ്റെ കൂറ് പുഴയിലേയ്ക്ക് വലിച്ചോണ്ട് പോകും. പിന്നെത്താണ്ട് വേനലും.. ഇബ്ടെ നന്നാവില്ലാടി താമരേ.. കൊല്ലമൊന്ന് കഴിഞ്ഞിട്ടിയാ മതിയാരുന്നു'' 

നിരാശയുടെ ഉച്ച സൂര്യൻ ചാമൻ്റെ തലയ്ക്ക് മീതേ നിന്നു. കുട്ടികളില്ലാത്തത് നന്നായി. വിശപ്പ് കത്തുന്ന ഒരു ചാൺ വയറ് കുറഞ്ഞുവല്ലോ എന്നോർത്ത് ഒരാശ്വാസം. കൊല്ലം പതിനാറ് കഴിഞ്ഞു. തിയ്യൻ തന്നില്ല. മറ്റൊരുത്തിയെ പൊറുപ്പിക്കാൻ ചാമന് മനസ്സ് വന്നില്ല. "തിയ്യ പറഞ്ഞില്ലല്ലോ " എന്നാ ചാമൻ പറയ്യാ. അത്രയ്ക്ക് വിശ്വാസമാണ്.

ഇളം വെയിലിൽ തിണ്ണയിൽ കിടന്ന് മയങ്ങുമ്പോഴാ കൊമ്മാട്ട കിലുക്കം കേട്ടത്. കറുത്തിരുണ്ട രൂപങ്ങൾ.. 

കണ്ണുകളിൽ രുധിര നനവ്. മഞ്ഞളും ചുവപ്പും കവിൾത്തടങ്ങൾ കീറിയൊലിച്ച വിയർപ്പിൽ പടർന്ന് ഒന്നായിരിക്കുന്നു. കഴുത്തിൽ തൂവലുകൾ, വെള്ളാരം കല്ലുകൾ, കിലുക്കങ്ങൾ ചേർത്ത് മാലകൾ.. താഴേയ്ക്ക് പാൽ നിറമാർന്ന ഒറ്റമുണ്ട്. അതിൽ മണ്ണിൻ്റെ തരികളില്ലായിരുന്നു. ഇലകളുടെയും വള്ളികളുടേയും വരകളില്ലായിരുന്നു. കാട്ടുചോലകളുടെ മണമില്ലായിരുന്നു. മലയിൽ നിന്ന് ഇറങ്ങി വരും. മരങ്ങൾക്കിടയിൽ മിന്നാമിന്നിയെ പോലെ പറന്ന് മറയും. ആർക്കുമറിയില്ല അവർ എവിടെ നിന്ന് വരുന്നുവെന്ന്. എങ്ങോട്ട് പോകുന്നുവെന്ന്. തിയ്യൻ്റെ ആൾരൂപങ്ങൾ.. അതാണ് വിശ്വാസം.

" മലകൾ താണ്ടി പുഴകൾ താണ്ടി തെക്കോട്ട്.. "

ചാമനൊന്ന് അന്ധാളിച്ചു. എങ്ങനെയാ പെട്ടെന്ന്.

" അച്ഛനുണ്ടിവിടെ. അച്ഛന്മാർ കാടിറങ്ങിയതിവിടെയാണ് " 

" നിൻ്റെ ദേശമിവിടയല്ല. സമൃദ്ധിയുടെ കാലം മുന്നിലുണ്ട്. ഭാരം അധികമാവേണ്ട. പിറക്കാൻ പോകുന്നത് അരുമകളാണ്. 

ഇനിയെനിക്കൊരു കുഞ്ഞോ എന്ന് താമര നിരീച്ചെങ്കിലും കുമ്മാട്ടങ്ങളുടെ നോട്ടത്തിൽ അവളൊന്ന് ചഞ്ചലപ്പെട്ടു.

"കാറ്റിൻ്റെ പേച്ച് കേൾക്ക! പക്ഷിയുടെ കുറുകൽ നിലച്ചാൽ ഭയയ്ക്കുക. ചോലയുടെ ഒഴുക്കിനേക്കാൾ വേഗത. അരവയർ അന്നം"

കൊമ്മാട്ടങ്ങൾ മറഞ്ഞു.നിശബ്ദത നിറഞ്ഞു.

മനുഷ്യനെ അസ്ഥിരത വല്ലാതെ വലയ്ക്കും. അവന് മരമായി വളരണം. അവൻ്റെ വേരുകൾ മാത്രം വെള്ളം തേടി അലയണം. തിരികെ കടയ്ക്കലേയ്ക്ക് എത്തണം.എന്നാൽ അവനൊരു ഏകാകിയായ നാടോടിയാണെന്ന് അന്ത്യത്തിലേ അറിയൂ. അതു വരെ ആളുകൾക്കിടയിൽ ഏകനായി ജീവിക്കും.

ചാമനും താമരയും അന്നോളം ആ മലയിറങ്ങിയിട്ടില്ല. മറ്റൊരു ദേശം , ആളുകൾ അവരെ മോഹിപ്പിച്ചിട്ടില്ല.
കൊമ്മാട്ടങ്ങൾ കഥ പറയുന്നവരല്ല. മുൻപ് ചാമൻ്റെ അച്ഛൻ കുടിയിറങ്ങിയപ്പോഴാണ് വന്നത്. തിയ്യൻ്റെ മുൻപിൽ നെഞ്ചത്തടിച്ച് നിലവിളിച്ച ചാമനോട്  " നീയാ നാഥൻ, എല്ലാർക്കും " എന്ന് പറഞ്ഞ് ചരട് കെട്ടി മഞ്ഞള് തൂവി നടന്നകന്നു. ഒരൊറ്റ ഇടിവെട്ടലിൽ മഴയാർത്ത് പെയ്ത് ഒഴുകി തീർന്ന പോലെ, ചാമൻ്റെ വേദന നിലച്ചു. പത്തു വയസ്സുകാരൻ പെട്ടെന്ന് വേരു വളർന്ന് ഒരു വൻമരമായി മാറി. 

ചാമൻ്റെ ഓർമ്മകൾ നീരു വലിച്ചു ജീവൻ വച്ചു.

പിറ്റേന്ന് വെളുപ്പിനെ തിയ്യൻ്റെ പക്കൽ നേർച്ച നടത്തി.

"മണ്ണിൻ്റെ തിയ്യാ, മണ്ണായ തിയ്യാ
കനവും കിനാവും കതിരായ് തായോ
മയങ്ങും നേരം തണുപ്പായ് പുതയ്ക്കാൻ
മഴയായ് പുഴയായ് നീരായ് വായോ"

ഉച്ചത്തിൽ ആർത്തലച്ച് കൈകളുയർത്തി പാടി . തിയ്യൻ്റെ പാദത്തിലേയ്ക്ക് തുള്ളിയായ് വീഴുന്ന എണ്ണയൽപമെടുത്ത് ശിരസ്സിൽ പൂശി.
താമര, ചേരൻ, വല്ലി, ചിമുത, കുഞ്ഞി ചാമ, തിയ്യ പെണ്ണ് എന്നിവർക്കും തേച്ചു കൊടുത്ത്, ഭക്തിയോടെ വണങ്ങി.

മലയിറങ്ങുമ്പോൾ, ഉപേക്ഷിച്ച കുടിയിലേയ്ക്ക് നോക്കി, വേദനയോടെ. കാടിൻ്റെ ശബ്ദം, പുഴയുടെ ആരവം അതായിരുന്നു അവരെ കൊള്ളക്കാരിൽ നിന്നും മൃഗങ്ങളിൽ നിന്ന് രക്ഷിച്ചിരുന്നത്. കൊടും തണുപ്പിൽ മരങ്ങളിൽ ഉറങ്ങി. പെണ്ണുങ്ങൾക്ക് കഠിനമായിരുന്നു യാത്ര. പകൽ അല്പം മയക്കം. ഭക്ഷണം പലപ്പോഴും ഒരു നേരമായിരുന്നു. ഒരിടത്തും അധികനേരം തങ്ങാനാവുമായിരുന്നില്ല.
ഇരുപത്തിനാലാം നാൾ അവർ കണ്ടു. തീ പന്തങ്ങൾ. കുതിര പുറത്തേറിയ ഇരുമ്പന്മാരെ. ശ്വാസം വിടാതെ മരത്തോട് ചേർന്ന് താമര കണ്ടു.ചെങ്കണ്ണനെ.

 കറുത്തിരുണ്ട ദേഹം. ചാമൻ്റെ ഇരട്ടി വലുപ്പം.തീ പന്തങ്ങളുടെ മഞ്ഞയിളക്കങ്ങൾ അവൻ്റെ തൊലി പുറത്ത് തിളങ്ങി. ബലിഷ്ഠമായ കരങ്ങളിൽ ഒരു കാട്ടുപോത്തിനെ ചുമക്കാനുള്ള കരുത്ത് ഉറച്ചു കിടന്നിരുന്നു, വേരുകൾ പോലെ. അവൾ ഭയത്താൽ അടിമുടി വിറച്ചു.

പിന്നീടുള്ള പകലുകൾ വളരെ ശ്രദ്ധയോടെയായിരുന്നു യാത്ര. പത്ത് നാൾ കഴിഞ്ഞപ്പോൾ വിശപ്പും ദാഹവും അവരെ വിഴുങ്ങി തുടങ്ങിയിരുന്നു. ഇരുമ്പന്മാരെ പേടിച്ച് കാട്ടു വഴികൾ തേടിയായിരുന്നു യാത്ര. അത് അവരുടെ വേഗത കുറച്ചു. നീര് തേടി അലയേണ്ടി വന്നു. അന്ന് പകലിന് പതിവിലേറേ ദൈർഘ്യമുണ്ടായിരുന്നുവെന്ന് തോന്നി. ചാമൻ വിശ്രമിക്കാനൊന്ന് തല ചായ്ച്ചു. പൊട്ട കിണറ്റിലേയ്ക്ക് വീഴുന്ന പോലെ, അഗാധ നിദ്രയിലേയ്ക്ക് ബോധം മറഞ്ഞു. കഴുത്തിൽ മുള്ളുപോലെന്തോ ആഴ്ന്നിറങ്ങുന്നു. താമരയുടെ വിങ്ങി കരച്ചിൽ. 

അവസാന ഉയിരിൽ ഒന്ന് പൊന്തിച്ചെഴുന്നേൽക്കാനും ചെറുക്കാനും ആഞ്ഞു. കൈകൾ ബന്ധിച്ചിരിക്കുന്നു. ചാമന് നേരേ ഓടിയടുക്കാനാഞ്ഞ താമരയെ അരയിൽ ചുറ്റിപിടിച്ച് കുതിര പുറത്തേയ്ക്ക് വലിച്ചിട്ടു.

"നിൻ്റെ പെണ്ണാണോ "

"അല്ല, ഉട പിറന്നോളാ" ചാമൻ്റെ മറുപടി താമരയെ ഞെട്ടിച്ചു. തന്നെ അവർ വധിക്കുമോ എന്ന ഭയമായിരുന്നു ചാമന്. അവർക്ക് പെണ്ണുങ്ങളെ വേണമെന്ന് അറിയാം. 

പെറാത്ത പെണ്ണാണ് താമര. ഉടവു തട്ടാത്ത മേനി. ദൃഢമായ ഉരുണ്ടു തുടുത്ത മാറിടങ്ങൾ. അരയൊതുങ്ങി അടിവയറൽപം വണ്ണിച്ച് നിന്നിരുന്നു. ഗോതമ്പു നിറവും മിനുത്ത തൊലിയും തുടുത്ത കവിളുകളും അവളുടെ പ്രായത്തേക്കാൾ ഇളപ്പം തോന്നിപ്പിച്ചു. അവളെ ഒന്നു നോക്കാൻ ത്രാണിയില്ല. തെറ്റാണ് പറഞ്ഞത്. പലരുടേയും ജീവൻ രക്ഷിക്കണം. അതേ ഓർത്തുള്ളു. ചാമൻ്റെ ഉള്ളു വിങ്ങി.

പെണ്ണുങ്ങളെ വലിച്ചു കുതിര പുറത്ത് കയറ്റി. ആണുങ്ങളെ കെട്ടി വലിച്ചു. എത്ര കാതം നടന്നുവെന്നറിയില്ല. കുറ്റാകൂരിരുട്ടിൽ ഇലകളും മരങ്ങളും കറുത്ത രൂപങ്ങൾ മാത്രം. കല്ലുകൾ പാദങ്ങളെ മെതിച്ചു കൊണ്ടിരുന്നു.
ദൂരെ തീ പന്തങ്ങൾ കണ്ടു തുടങ്ങി. കൂടാരങ്ങളിൽ വെളിച്ചമുണർന്നു.

അന്നത്തെ നായാട്ടിൻ്റെ ഇരകളെ കാണാൻ നിഴലുകൾ തിങ്ങി. അമ്പതിലേറേ ആളുകൾ. ആയുധധാരികൾ. സ്ത്രീകൾ, കുട്ടികൾ ചിരിച്ചും കളി പറഞ്ഞും ചൂണ്ടി കാണിച്ചും നിൽക്കുന്നു. ഇവിടുന്ന് രക്ഷപെടുന്നത് ദുഷ്കരമെന്ന് ചാമന് മനസ്സിലായി.

താമരയെ ചെങ്കണ്ണൻ്റെ ദാസികൾ കൂട്ടികൊണ്ടു പോയി. ഒറ്റ നോട്ടത്തിൽ അവൾ ഒത്തരുത്തിയായി അവന് തോന്നി. അവളുടെ മെഴുപ്പിൽ അവൻ അല്പം ചഞ്ചലനായിരുന്നു. 

താമരയെ ദാസികൾ കുളിപ്പിച്ചു, സുഗന്ധദ്രവ്യങ്ങൾ മുടിയിൽ പൂശി, മുല കച്ചയണിയിച്ച്, മുട്ടുമറച്ച് ചേല ചുറ്റിച്ചു.  അരഞ്ഞാണചുറ്റ് അവളുടെ അരയ്ക്ക്  അല്പം കൂടി വലിപ്പം തോന്നിപ്പിച്ചു. മാലയിലെ നീണ്ട ഏലസ്സ് അവളുടെ കുഴിഞ്ഞ പുക്കിൾ കുഴിയെ ചുംബിച്ചാടി. പൂക്കളുടെ മണം അവളിൽ പരിഭ്രാന്തി പരത്തി. മറ്റൊരാണിൻ്റെ അറയിലേയ്ക്ക് ആനയിക്കപ്പെടുകയാണെന്ന് അവൾക്കറിയാം. ചെങ്കണ്ണൻ്റെ ബലിഷ്ഠമായ കരങ്ങളിൽ വേദനയോടെ പിടയുമെന്ന ഭയം അവളെ തളർത്തി.
താലത്തിലെ വെള്ളത്തിൽ മിന്നായം പോലെ തൻ്റെ രൂപം കണ്ട് താമരയൊന്നമ്പരന്നു.അത് അവളിൽ ഒരു പെണ്ണിനെ ഉണർത്തി.

ചെങ്കണ്ണൻ്റെ രൂക്ഷ ഗന്ധം, അവൻ്റെ വരവ് അറിയിച്ചു.അവളുടെ അടുക്കൽ വന്ന് തൊളിൽ കൈവച്ചു. പേടിച്ചരണ്ട അവളെ , ഇരയെ കീഴടക്കാനുള്ള ആവേശത്തോടെ കീഴടക്കാൻ അവനായില്ല. അവളെ പോലെ ഒരു പെണ്ണിനെ അവൻ കണ്ടിട്ടില്ല. അവളുടെ നെഞ്ചിലെ ചൂടിൽ തന്നോടുള്ള കാമം നിറയുമ്പോൾ , അതിൽ അവന് നീരാടണം. പ്രണയത്തിൻ്റെ ഗന്ധം പരക്കുമ്പോൾ അവൻ അവളിൽ നിറയണം. അവളുടെ കണ്ണിൽ നിർവൃതിയുടെ നനവ് ഇറ്റിറ്റ് വരണം. കരിങ്കല്ലിലെ ഉറവ പോലെ ചെങ്കണ്ണൻ്റെ ഹൃദയം അവളിലേയ്ക്ക് ഒഴുകി തുടങ്ങി.

ആ രാത്രി മുഴുവൻ അവൻ കഥകൾ പറഞ്ഞു. നായാട്ടിൻ്റെ കഥ, ഒറ്റ കൊമ്പൻ്റെ കഥ, പെണ്ണുങ്ങളുടെ കഥ പിന്നെ ദാരിദ്രത്തിൻ്റെ കഥ, അടിമത്തത്തിൻ്റെ കഥ, അനാഥരുടെ കഥ. അവൾ അവനെ കേട്ടു കേട്ടു മയങ്ങി. അവളുടെ മടിയിൽ തല വെച്ച് അവനും ആദ്യമായി പ്രണയവശനായി ഉറങ്ങി.

ഒരു മലവെള്ളപാച്ചിൽ വിഴുങ്ങുമെന്ന് കരുതിയ താമരയെ കരുണയുടെ ചാറ്റൽ മഴ നനച്ചു. അവൾക്ക് അവനോട് അലിവ് തോന്നി.
പിന്നീടുള്ള ദിനങ്ങളിൽ കഥകൾ കളി പറച്ചിലുകളായി. രതിയുടെ നിലാവ് അവരുടെ കൂടാരത്തിൽ വെളിച്ചം നിറച്ചു. അറിയാത്ത ലോകത്ത് തുഴഞ്ഞു തുഴഞ്ഞ് തളർന്നുറങ്ങി. നിർവൃതിയുടെ പാരമ്യത്തിൽ അവൾ പ്രാവിനെ പോലെ കുറുകി. അവനിൽ അത് ആവേശം നിറച്ചു.

ദിനങ്ങൾ മാസങ്ങൾ കടന്നു പോയി. ചെങ്കണ്ണൻ്റെ ഭാര്യമാരിൽ അതൃപ്തി വർദ്ധിച്ചു. ഗർഭിണികളായ അവർ ചാപിള്ളകളെ പ്രസവിച്ചു. അറയിലെ ധാന്യവും നാണയങ്ങളും കുറഞ്ഞു വന്നു. താമരയിൽ ഒരു വാരിസ്സിനായ് കൊതിച്ച ചെങ്കണ്ണൻ , മാറാവ്യാധികൾ കണ്ടു. തൻ്റെയാളുകൾ ദുർബലരാകുന്നത് കണ്ടു. 

"കാട്ടുമാടൻ കോപിച്ചിരിക്കുന്നു. അനിഷ്ടങ്ങൾ മാത്രം. ദുരാഗ്രഹികളുടെ മുതല് എടുക്കാം. ശുദ്ധൻ്റ പെണ്ണാണ് നിമിത്തം "
കോമരങ്ങൾ ഉറിഞ്ഞു തുള്ളി ഓതി.

ചെങ്കണ്ണൻ താമരയെ നോക്കി. അവൾ തളർന്ന് നിലത്തിരുന്നു.

"ചാമാ , കേട്ടത് നേരാണോ?"

'' അതേ " സ്വന്തം പെണ്ണിനെ നോക്കാൻ കെൽപ്പില്ലാതെ അവൻ പറഞ്ഞു.

"കൊണ്ടു പൊയ്ക്കൊള്ളു എൻ്റെ മുന്നീന്ന് " ഹൃദയം തകർന്നാണ് ചെങ്കണ്ണൻ അത് പറഞ്ഞത്. അവളോടുള്ള ലഹരിയാർന്ന രാവുകൾ അവനെ വിലങ്ങണിയിച്ചു. അവളെ കൊല്ലുവാൻ അവനാവില്ല. ആദ്യമായി കണ്ണു നിറഞ്ഞു.

താമരയുടെ ഹൃദയം വിങ്ങിപൊട്ടി. മനസ്സിൽ വലിയ യുദ്ധമായിരുന്നു. മനസ്സറിഞ്ഞ് സ്നേഹിച്ച പുരുഷനും, തന്നെ തന്നെ മറന്ന് സ്നേഹിക്കാൻ പഠിപ്പിച്ച പുരുഷനും തമ്മിലുള്ള യുദ്ധം. ചാമന് അവളേയും അവൾക്ക് ചാമനെയും നോക്കുവാനായില്ല. പെണ്ണിൻ്റെ കണ്ണീർച്ചാലുകൾ പ്രളയം വിതയ്ക്കുമെന്ന് അവനറിയാമായിരുന്നു.
വീണ്ടുകീറിയ മണ്ണിലൂടെ ചൂടുപിടിച്ചു കല്ലുകളുടെ മുള്ളുകൾ നിറഞ്ഞ കാട്ടുവഴികളിലൂടെ വേദനയോ , പൊള്ളലോ , ചോര പൊടിയുന്നതോ അറിയാതെ താമര നടന്നു. അവളുടെ നിശബ്ദത അവനെ തളർത്തി. 

ചാമനിലേയ്ക്ക് തിരിച്ചു പോകാനാവാതെ താമര, തിയ്യപെണ്ണിനോട് അവൻ്റെ കൂടെ പൊറുക്കാൻ പറഞ്ഞു. താമരയുടെ അഭാവത്തിൽ അവളാണ് ചാമനെ കരുതിയിരുന്നത്. ചാമൻ എതിർത്തില്ല. അതും താമരയിൽ ഒരു മുള്ളു കുത്തുന്ന വേദനയുണ്ടാക്കി. താനാണ് യജമാനത്തി എന്ന് അവൾ ഉറപ്പിച്ചു. തിയ്യപെണ്ണിൽ കുഞ്ഞുണ്ടാകും. കഴിഞ്ഞ രണ്ടാണ്ട് ചെങ്കണ്ണനുമൊത്ത് കഴിഞ്ഞിട്ടും മാസാമാസം ചുവപ്പു തീണ്ടുന്നത്, തൻ്റെ കുറവാണെന്ന് അതിനോടകം അവൾ തിരിച്ചറിഞ്ഞിരുന്നു. കുഞ്ഞുണ്ടായാൽ തിയ്യയെ ഒഴുവാക്കാം. അത്രേയുമാണ് അവൾ അപ്പോൾ കരുതിയിരുന്നത്.

തിയ്യ പെറ്റു. ആൺകുഞ്ഞ്. പേറു കഴിഞ്ഞ് അവൾ രാജ്ഞിയെപോലെ വാണു. ചാമന് അവളുടെ അടുത്ത് നിന്ന് മാറാൻ പാറ്റാത്ത വിധം അവൾ കുഞ്ഞിനെ അവൻ്റെ കൈകളിൽ വച്ചു കളിപ്പിച്ചു. തിയ്യയുടെ മനം മാറ്റവും ചാമൻ്റെ നിസ്സഹായതയും താമരയെ അരിശം കൊള്ളിച്ചു.

ഒരു കുഞ്ഞിനെ നൽകാൻ കഴിവില്ലാത്ത യജമാനത്തിയെന്ന് തിയ്യ പറയുന്നത് കേട്ട് താമര വെന്തു നീറി. വയറ്റിൽ നിന്ന് തീക്കനലുകൾ പൊന്തി ആളി കത്തി.

അന്നു രാത്രി അവൾ ഒരുങ്ങി. മുടി അഴിഞ്ഞാടി. അതിൽ നിന്ന് സുഗന്ധമൊഴുകി. മാറിടങ്ങൾ മുറുക്കി കച്ച വലിച്ചു കെട്ടി. ചുണ്ടിൽ ചുവന്ന ചാറണിഞ്ഞു. പുഴയിൽ നീരാടുന്ന ചാമൻ്റെ അരുകിൽ പതിയെ നടന്നടുത്തു. അവളിലെ സൗന്ദര്യം വെള്ളത്തിലലിഞ്ഞ നിലാവു പോലെ തിളങ്ങി. വെള്ള പരപ്പിലേയ്ക്ക് താഴ്ന്ന് പൊങ്ങി അവൾ ചാമൻ്റെ അരികിലേയ്ക്ക് പതിയെ അടുത്തു. മുടി നനഞ്ഞ് ഇളകിയയഞ്ഞ കച്ചയിലൊട്ടി കിടന്നു. ചാമൻ്റെ നെഞ്ചിലേയ്ക്ക് തളർന്നു കിടന്നു. നിധി തേടി കിട്ടിയ ആർത്തിയോടെ അവർ മത്സരിച്ചു. കിതച്ചു. തളർന്നു.. നിശബ്ദത മുറിഞ്ഞു. താമരയുടെ കണ്ണുകൾ തിളങ്ങി. അധികാരം പിടിച്ചടക്കിയ രാജാവിനെ പോലെ അവളുടെ ഉള്ള് നിറഞ്ഞു സന്തോഷിച്ചു.
തിയ്യയെ പറഞ്ഞയക്കാൻ ചാമനോട് താമര പറഞ്ഞു. എന്നാൽ അവൾ കുഞ്ഞിനേയും എടുത്ത് ഓടി കളഞ്ഞു. രണ്ടു നാൾ കഴിഞ്ഞ് വിശന്ന് വലഞ്ഞ, അവളെ ചാമൻ കണ്ടെത്തി.അവൾ ചോദിച്ച പണം മുഖത്തേയ്ക്ക് എറിഞ്ഞ് കുഞ്ഞിനേയും കൂട്ടി ചാമൻ തിരികെയെത്തി. തെറ്റു പറ്റിയോ എന്ന് ശങ്കിച്ചു. കൊമ്മാട്ടങ്ങളുടെ പ്രവചനങ്ങൾ തെറ്റാറില്ലല്ലോ.

മാസമൊന്നു കഴിഞ്ഞപ്പോൾ, താമരയ്ക്ക് തളർച്ച.യാത്ര തുടരാനാവാതെ ചാമൻ പലയിടങ്ങളിലും തങ്ങി. അവളുടെ മുഖം വിളറിയിരുന്നു. അടിവയറ്റിൽ ഒരു തടുപ്പ്. മുഖം പ്രകാശമാനമായിരിക്കുന്നു. മുടിയിഴകൾ തിരയിളകുന്ന പോലെ നെറ്റിയിൽ ഓടി കളിച്ചു.
അവൾക്ക് വയറ്റിലുണ്ടായിരിക്കുന്നു.

കൊമ്മാട്ടങ്ങൾ പറഞ്ഞത് സത്യമായിരിക്കുന്നു.
ചാമൻ തിയ്യനോട് മാപ്പിരന്ന് നെഞ്ചത്തടിച്ച് നിലവിളിച്ചു. അന്നാണ് അവൻ തീരുമാനിച്ചത്. ഇനിയൊരു ഇടത്താവളം ഇല്ല. ഇനിയൊരു പെണ്ണ് തനിക്കില്ല. താമര മാത്രം. 

തെക്കിൻ്റെ മലച്ചെരുവിൽ തൻ്റെ മക്കൾ ഓടി കളിക്കും. അവരുടെ കാലിൽ നനവാർന്ന ചേറ് പറ്റും. അവരുടെ ഒരു ചാൺ വയറ് നിറയ്ക്കാൻ ഒരു പത്തായം നിറയെ അരിയുണ്ടാകും.
താമരയെ താങ്ങി അവൻ നടന്നു തുടങ്ങി.

കാറ്റിനെതിരെ കുതിച്ചാലെ പക്ഷിയ്ക്കു പറക്കാനാവൂ. വെയിലിനെതിരെ നടന്നാലെ നിഴലുകൾ പിൻചെല്ലുകയുള്ളു. നൂലുപോലുള്ള നിർച്ചാലുകൾ ചേർന്നാലെ പുഴയാകു. ചെങ്കണ്ണൻ്റെ പ്രണയം അവളെ ചിലപ്പോഴെങ്കിലും ഉലയ്ക്കാറുണ്ട്. അവളിലെ പുതുനാമ്പ് , ആ പ്രണയം കൂടി വലിച്ചെടുത്തു. അവളുടെ മുൻപിൽ കല്ലുകൾ തണുത്തതും മിനുസമുള്ളതുമായി. മുള്ളുകൾക്കത്ര മൂർച്ചയില്ലാതായിരിക്കുന്നു. പുഴ മണലിൻ്റെ ചൂട് അവളുടെ നനഞ്ഞ പാദങ്ങളെ പൊള്ളിക്കാറില്ല. ചാമൻ്റെ നിഴലിൽ  നീരുള്ള മണ്ണ് തേടി , വയറും താങ്ങി, കുഞ്ഞി ചാമൻ്റെ കൈയ്യും പിടിച്ചവൾ നടന്നു, കൊമ്മാട്ടങ്ങളുടെ ദേശം തേടി .
--------------------------
അമൽ അബ്രഹാം  (ജോസഫൈൻ അബ്രഹാം എന്ന പേരിൽ ബ്ലോഗുകൾ എഴുതുന്നു). സ്വദേശം :കോട്ടയം. കമ്പ്യൂട്ടർ സയൻസിൽ എം.ടെക് എടുത്ത്,  ടി.സി.എസ് എന്ന അന്താരാഷ്ട്ര കമ്പനിയിൽ എട്ടര വർഷത്തെ സേവനത്തിന് ശേഷം ,ജോലി ഉപേക്ഷിച്ചു ശിശു പരിപാലനത്തിൽ മുഴുകി.
വായന, തന്നിലേയ്ക്ക് ആഴ്ന്നിറങ്ങി വളരാനുള്ള നനവും എഴുത്ത് മറ്റൊരാളുടെ ചിന്തകളിലേയ്ക്ക് പടരാനുള്ള സഞ്ചാരവഴിയുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക