Image

സർവ്വവിഘ്നോപശാന്തയേ..(കഥ: ഷാജി കോലൊളമ്പ)

Published on 10 August, 2021
സർവ്വവിഘ്നോപശാന്തയേ..(കഥ: ഷാജി കോലൊളമ്പ)
അവസാനത്തെ ബന്ധുവും എത്തിയതോടെ തറവാട്ട് കാരണവര്‍ ചാരുകസാലയില്‍നിന്നെഴുന്നേറ്റ് എല്ലാവരോടുമായി പറഞ്ഞു, "ഇനി വൈകിക്കേണ്ട, ഇന്ന് രാഹുകാലത്തിന് മുന്നെ ഇന്നത്തെ പൂജ തുടങ്ങിയില്ലെങ്കില്‍പ്പിന്നെ നാളത്തെ രാത്രി കഴിഞ്ഞേ പൂജകളവസാനിപ്പിക്കാന്‍പ്പറ്റൂ, അങ്ങനെയാ രാവിലെ പ്രശ്‌നംവെപ്പില് തെളിഞ്ഞത്.." വൈകിവന്ന ബന്ധുവിനെ നോക്കി അയാള്‍ തുടര്‍ന്നു,
"താന്‍ വരാന്‍ വൈകിയപ്പോ ശങ്കിച്ചു.  ഇപ്പോഴെങ്കിലും എത്തീലോ, ദൈവാധീനം; കരിങ്കുട്ടിക്ക് ബലിയിടുമ്പോള്‍ എല്ലാവരും അടുത്ത് വേണേ. ബന്ധങ്ങളുടെ അവസാനകണ്ണിയുടെ വരെ സാമീപ്യം നിര്‍ബന്ധാന്നാ കുഴിമന നമ്പൂരി പറഞ്ഞത്. ചങ്ങലക്കണ്ണികള്‍പോലെയല്ലേ ബന്ധങ്ങളങ്ങനെ നീണ്ടുനിവര്‍ന്ന് കിടക്കണത്..ആരൊക്കെ എവിടൊക്യാന്ന് വല്യ നിശ്ചയല്യാര്‍ന്നു. എന്നാലും എല്ലാകണ്ണികളും കൂട്ടിയോചിപ്പിക്കാന്‍പറ്റീന്നാ ഞാന്‍ കരുത്ണത്. ഇന്നത്തോടെ അകത്തെ പൂജാകര്‍മ്മങ്ങള് കഴിഞ്ഞാല്‍ നാളെ ത്രയോദശി വൃശ്ചികത്തിന് മുന്നെ അതായത് അതിപുലര്‍ച്ചെ കരിങ്കുട്ടിക്കുള്ള കോഴിബലിയും കാരണവര്‍മാര്‍ക്കുള്ള വെച്ചുകൊടുക്കലുമായാല്‍ എല്ലാം ശുഭം.
എന്നാ കാര്യങ്ങള് നടക്കട്ടെ.... കാവലുണ്ടാവണേ ദൈവങ്ങളേ......."

മുകളിലേക്ക് ദൃഷ്ടിയുയര്‍ത്തി, പ്രാര്‍ത്ഥനയോടെ വലത് കൈ നെഞ്ചില്‍ ചേര്‍ത്ത് ദൈവങ്ങളോട് യാചിച്ച് കസാലകൈപ്പിടിയില്‍ തൂങ്ങിക്കിടന്നിരുന്ന മേല്‍മുണ്ടെടുത്ത് തോളിലിട്ട്,  കാരണവര്‍ തറവാടിന്റെ അകത്തേക്ക് നടന്നു. നൂറ്റാണ്ടുകളുടെ കഥകള്‍ ഹൃദയത്തിലേറ്റി തളര്‍ന്നുനില്‍ക്കുന്ന, എത്രയോ
തലമുറകളുടെ പിറവികണ്ട തറവാട്, ഏറെക്കാലത്തിന് ശേഷം ആളനക്കം കണ്ട് തലയെടുപ്പുള്ള ആനയെപ്പോലെ നിവര്‍ന്നു നിന്നു.  ചേര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങള്‍ തറവാട് വീട്ടിലേക്ക് ചാഞ്ഞു നിന്ന് വെഞ്ചാമരം വീശി. വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെയും  ചന്ദനത്തിരികളുടെയും കര്‍പ്പൂരത്തിന്റെയും മണം ചുറ്റും പരന്നു.

തലമുറകളുടെ പുനസമാഗമം. ദുരന്തങ്ങളുടെ നീര്‍ച്ചുഴികളില്‍പ്പെട്ട് നട്ടം തിരിയുന്നവര്‍, ശാപങ്ങളുടെ നൂല്‍ക്കെട്ടുകളില്‍ ബന്ധിക്കപ്പെട്ടവര്‍. മോക്ഷംകിട്ടാന്‍  കുലദൈവങ്ങളുടെ പ്രീതിതേടി വന്നവര്‍. തമ്മില്‍
അറിയുന്നവരും, അറിയാത്തവരുമായ ബന്ധങ്ങള്‍, കൂടിചേരലിന്റെ വിശേഷങ്ങളുമായി തറവാടിന്റെ വിവിധയിടങ്ങളില്‍ കൂട്ടംക്കൂടിയിരിക്കുമ്പോള്‍ മുകളില്‍ മച്ചിലെ ദൈവങ്ങള്‍ക്കുള്ള പൂജ തുടങ്ങിക്കഴിഞ്ഞിരുന്നു. മൂന്ന് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ദീര്‍ഘമേറിയ കര്‍മ്മങ്ങളാണ്. പൂജയുടെ അവസാനം കരിങ്കുട്ടിക്ക് കലശം. ബലിക്കല്ലില്‍ രക്തതര്‍പ്പണം. കല്ലില്‍ ബലിജീവന്റെ ചുട്ചോര വീഴുന്നതോടെ ദൈവങ്ങള്‍ കനിഞ്ഞുതുടങ്ങും. അതോടെ പൂജാകര്‍മ്മങ്ങള്‍ അവസാനിക്കും. ഗതകാലശാപങ്ങളില്‍ നിന്ന് മോക്ഷം കൈവരും. കര്‍മ്മങ്ങള്‍, മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായ പകലും സന്ധ്യയും പിന്നിട്ട് രാത്രിയിലേക്കെത്തി. കര്‍ക്കടകം അടുത്തിട്ടും മഴയില്ലാത്ത, കാറ്റ്
വീശാത്ത, മരങ്ങളുറങ്ങിയ നിശബ്ദമായ രാത്രി.  മഞ്ഞള്‍പ്പൊടിയും,അരിപ്പൊടിയും,കരിയുംക്കൊണ്ട് പൂജാരിയുടെ പരികര്‍മ്മികള്‍ തറവാടിന്റെ ഇടനാഴികയില്‍ കളംവരച്ചു. കളത്തിന് നടുവില്‍ ചെറിയൊരു അഗ്നികുണ്ഡം എരിഞ്ഞുതുടങ്ങി. ചുവന്ന പട്ടുടുത്ത തറവാട്ട് കാരണവരെ കളത്തിന്
നടുവിലേക്ക് പൂജാരി ആനയിച്ചു. മൂന്നുദിവസത്തെ ആലസ്യവും മടുപ്പും മുഖത്തെഴുതിയ ബന്ധുജനങ്ങള്‍ ഇടനാഴികയില്‍ നിരന്നു, സ്ഥലം ലഭിക്കാത്തവര്‍ മറ്റുമുറികളിലും അടുക്കളയിലും തിങ്ങിനിന്നു. തലമുറകളെ പെറ്റ് വളര്‍ത്തിയ തറവാടിന്റെ, നിലവിലെ കാരണവര്‍ ആ സ്ഥാനപ്രൗഡിയുടെ ഗരിമയില്‍ കളത്തിന്
നടുവിലെ പലകയില്‍ ഭക്തിയോടെ ചമ്രംപടിഞ്ഞിരുന്നു. കൈകളിലും, നെഞ്ചിലും,
നെറ്റിയിലും, ഉന്തിനില്‍ക്കുന്ന വയറിലും വരച്ച ഭസ്മക്കുറിയുടെ പൊടിപടലങ്ങള്‍ അയാളുടെ രോമാഗ്രങ്ങളില്‍ തങ്ങിനിന്നു. പൂജാരി ഉരുവിടുന്ന മന്ത്രങ്ങള്‍ കാരണവര്‍ അക്ഷരശുദ്ധിയോടെ ഏറ്റുച്ചൊല്ലി,
" ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം:
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ "
ഇതളഴിച്ചിട്ട ചെമ്പരത്തിയും അരളിയും, നെല്ലും, ഓരോപിടിവാരി നെഞ്ചോട് ചേര്‍ത്ത് പ്രാര്‍ത്ഥനകളുരുവിട്ടുഅയാള്‍ കളത്തിലേക്കെറിഞ്ഞുതുടങ്ങി. എരിയുന്ന എണ്ണയുടെ ഗന്ധം കാറ്റുവഴികളിലൂടെപ്പരന്നു. മുന്നിലിരിക്കുന്ന നിലവിളക്കിലെ തിരിനാളങ്ങള്‍ കാരണവരുടെ ശ്വാസനിശ്വാസങ്ങള്‍ക്കനുസരിച്ച് ദിശകള്‍ മാറി മാറി ചാഞ്ഞും ചരിഞ്ഞും കത്തി.  പൂജാരി ബലിക്കോഴിയുടെ കാലിലെ കെട്ടഴിച്ചു വെള്ളം കൊടുത്തു. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന പൂവന്‍ക്കോഴി
നാല്ദിക്കും തലയുയര്‍ത്തി നോക്കി, ഉറക്കെ ശബ്ദമിട്ടു. ബലിക്കോഴിയുടെ ശബ്ദം രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചു. പൂജാരി കോഴിയുടെ കൊക്ക് കൂട്ടിപ്പിടിച്ചു. അയാളുടെ വിരലുകളില്‍ കുടുങ്ങിപ്പോയ ശബ്ദം ഒരു
ഞരക്കമായിമാറി. പരികര്‍മ്മി  കത്തി കാരണവരുടെ കയ്യില്‍ കൊടുത്തു..
"ബലി കല്ലിനടുത്തേക്ക് നടന്നോളൂ..."

പൂജാരി കാരണവരെ കരിങ്കുട്ടിയുടെ പ്രതിഷ്ഠക്കടുത്തേക്ക് ക്ഷണിച്ചു. കോഴിയുമായി പൂജാരി മുന്നില്‍ നടന്നു. പിന്നില്‍ കാരണവര്‍, അയാള്‍ക്ക് പിന്നില്‍ പൂജാരിയുടെ പരികര്‍മ്മികള്‍, അവര്‍ക്ക് പിന്നില്‍ തറവാടിന്റെ
ജന്മജന്‍മാന്തര ശ്രേണികള്‍...തറവാടിന്റെ തെക്കെകോണില്‍, കാഞ്ഞിരമരങ്ങളും കൂവളമരങ്ങളും പേരറിയാമരങ്ങളും അവയുടെ അഗ്രങ്ങളില്‍ നിന്ന് നിലംതൊട്ട് തൂങ്ങി നില്‍ക്കുന്ന കാട്ട് വള്ളികളും തിങ്ങി നില്‍ക്കുന്ന കാവില്‍ സ്ഥാപിച്ച കരിങ്കുട്ടിയുടെ പ്രതിഷ്ഠയ്ക്ക് മുന്നിലെ ബലിക്കല്ലില്‍ പൂജാരി
കോഴിയെവെച്ചു മന്ത്രങ്ങള്‍ ഉരുവിട്ടു, കല്‍വിളക്കിലെ തിരിതെളിഞ്ഞു. കാരണവരുടെ കൈയ്യിലെ സ്റ്റീല്‍ക്കത്തി, തിരിയുടെ വെട്ടത്തില്‍ ചുവന്ന് തിളങ്ങി..കാലുകള്‍ ബന്ധിക്കപ്പെട്ട കോഴി മരണം മുന്നില്‍ കണ്ടു. ബന്ധനത്തില്‍നിന്ന് രക്ഷനേടാന്‍ കോഴി പിടഞ്ഞുകരഞ്ഞു. പിന്നെ
സര്‍വ്വശക്തിയുമെടുത്ത് അവസാനത്തെ കൂവല്‍ക്കൂകി ബലിക്കല്ലില്‍ അനക്കമറ്റുകിടന്നു. പൂവന്‍ക്കോഴിയുടെ  കൂവല്‍പോയ വഴികളിലെ കോഴികളെല്ലാം ഉറക്കമുണര്‍ന്നു. അസമയത്തെക്കൂവലിലെ അപകടം അവര്‍ തിരച്ചറിഞ്ഞു, കോഴികളെല്ലാം ചിറക് വീശിയടിച്ച് കൂവി.  അവയുടെ ചിറകടികള്‍
കടല്‍ത്തിരകളുടെ  ആരവംപോലെ ഉയര്‍ന്നു. ആ പ്രകമ്പനത്തില്‍ മഴമേഘങ്ങള്‍
തമ്മില്‍ ഇടിച്ചു മിന്നല്‍പ്പിണരുകളുണ്ടായി. മിന്നല്‍പ്പിണരിന്റെ ഒരുമാത്ര വെളിച്ചത്തില്‍ വെള്ളവസ്ത്രംധരിച്ച് ചുറ്റുംനില്‍ക്കുന്ന ബന്ധുജനങ്ങളെ പ്രേതങ്ങളെപ്പോലെ തോന്നിച്ചു. കാരണവരുടെ ഭയം വിയര്‍പ്പായി പൊടിയാന്‍ അനുവദിക്കാതെ തണുത്തകാറ്റ് പിടിഞ്ഞാറുനിന്ന് രൗദ്രതയോടെ
വീശിയടിച്ചു.  ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന മരങ്ങള്‍ കാറ്റില്‍ മുടിയഴിച്ചിട്ടാടിയുലഞ്ഞു. ബലിക്കല്ലിലെ തിരിനാളംകാറ്റില്‍ കെടാതെ കൈക്കൊണ്ട് മറച്ചുപിടിച്ച് പരികര്‍മ്മി പറഞ്ഞു,
"പടിഞ്ഞാറന്‍ കാറ്റാണ്, കര്‍ക്കടകത്തിന്റെ തുടക്കം. മഴ പെയ്യും, വിരല്‍വെച്ചാല്‍ മുറിഞ്ഞുപോവുന്ന മഴയാവും...!"

തണുപ്പില്‍ മോക്ഷം തേടിയവര്‍ അടുത്തടുത്ത് ചേര്‍ന്ന് നിന്നു. അവരുടെ തലക്ക് മുകളില്‍, ആകാശത്ത് കറുത്ത മഴമേഘങ്ങളുടെ കുതിച്ചോട്ടം.

"കോഴിയെ അറത്തോളൂ..." പൂജാരി പറഞ്ഞു.

കാരണവര്‍ കോഴിയുടെ കഴുത്തിലേക്ക് കത്തിയിറക്കി. പൂവന്റെ ചോരവീണകല്ല് ചുവന്നു..തലയറ്റക്കോഴി മണ്ണില്‍ കിടന്ന് പിടഞ്ഞു, ബലിച്ചോര മോക്ഷംതേടിയവരുടെ ദേഹത്തേക്ക് തെറിച്ചു. അവര്‍ രണ്ടടി പിറകോട്ട് വെച്ചു. തലയില്ലാത്ത കോഴി നിവര്‍ന്നു നിന്ന് ചിറകുകള്‍ ആഞ്ഞു വീശി.. രക്തത്തില്‍
കുതിര്‍ന്ന ചിറകടിയുടെ ശബ്ദം പൂര്‍വ്വജന്മബന്ധങ്ങളുടെ കല്ലറകളില്‍ ചെന്നലച്ചു.  അകലെയെവിടെയോനിന്ന് മഴയൊച്ച കേള്‍ക്കാന്‍ തുടങ്ങി. മഴക്ക് മുന്നെ വീണ്ടും തണുത്ത കാറ്റ്, കാറ്റിന് പിറകെ അലറിവരുന്ന ഭീകര മൃഗം പോലെ മഴ ആര്‍ത്തലച്ചുവന്നു. നിഷ്‌കരുണംപെയ്ത മഴയിലെകാറ്റ് കല്ലിലെ തിരിക്കെടുത്തി.. മഴവെള്ളത്തില്‍ ബലിച്ചോരച്ചേര്‍ന്നൊഴുകി.
ജീവനറ്റ്‌പോവുന്ന നിമിഷം കോഴി മഴയില്‍ നൃത്തം ചവിട്ടിപ്പിടഞ്ഞു. കബന്ധങ്ങളുടെ നൃത്തം പോലെ മഴ കാറ്റിലുലഞ്ഞാടി.

"കാര്യങ്ങള്‍ ശുഭമല്ലല്ലോ...!പന്തിക്കേടുണ്ടല്ലോ ദൈവങ്ങളേ...!''

പൂജാരിയുടെ രോദനം തറവാടിന്റെ തൊടിയിലാകെ മുഴങ്ങി. മിന്നല്‍പ്പിണരുകള്‍ക്ക് പിറകെവന്ന ഇടിമുഴക്കങ്ങളില്‍ തറവാട് കുലുങ്ങിവിറച്ചു. മഴ പേമാരിയായി. ബന്ധുക്കളും പൂജാരിയും പരികര്‍മ്മികളും
തറവാട്ടിലേക്ക് ഓടിക്കയിറി. കര്‍മ്മഫലങ്ങളുടെ കെട്ടുവള്ളികളില്‍ക്കുടുങ്ങി കാരണവര്‍ കൈക്കാലുകള്‍
ബന്ധിക്കപ്പെട്ടവനായി. അയാള്‍ ബലിക്കല്ലിനരികില്‍ ഒറ്റപ്പെട്ടു. കാറ്റ്
കാരണവരെ ഉണക്കയിലപോലെ ചുഴറ്റിക്കളിച്ചു. അയാള്‍ ബലിക്കല്ലിലേക്ക് വീണു. കോഴിയുടെ തല കാരണവരോട് ചോദിച്ചു,
"എന്തിനാണ് എന്നെ ഉടലില്‍ നിന്ന് അറുത്ത് മാറ്റിയത് ?"
"നിന്റെ കര്‍മ്മ ഫലം !"
"എന്റെ കര്‍മ്മങ്ങള്‍ ശുദ്ധമായിരുന്നു. "
"എന്റെയും..!"
"പിന്നെവിടെയാണ് പിഴച്ചത്?''
"സുകൃതക്ഷയം...ഞാനും നീയും അതനുഭവിക്കുന്നു..."

സുകൃതങ്ങളെ അന്യമാക്കിയവര്‍ ആരാണ്?

മഴ പ്രവാഹമായി. പ്രവാഹം കാരണവരെ കൈകളില്‍ചുറ്റിപ്പിടിച്ച് ദിക്കറിയാതെ ഒഴുകിയൊഴുകി  പുഴയായി മുന്നോട്ട് കുതിച്ചു. കാതങ്ങള്‍ക്കകലെ ചിലങ്കകളഴിച്ചുവെച്ച് പുഴയാത്രഅവസാനിപ്പിച്ചു. പുഴയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന അരയാല്‍ മരത്തിന്റെ കൊമ്പില്‍പിടിച്ച് കാരണവര്‍
കരയിലേക്ക് കയറി. ചെരിയൊരു ദ്വീപ്. അത് ചതിക്കപ്പെട്ട് ശവങ്ങളായവരുടെ
സ്മശാനമായിരുന്നു. കറുത്തപുഷ്പങ്ങള്‍ തളിരിട്ട കല്ലറകള്‍ക്ക് ചുറ്റും കബന്ധങ്ങള്‍ നൃത്തം ചെയ്തിരുന്നു. ദ്വീപിലെ കാഴ്ചകളെല്ലാം അമൂര്‍ത്തമായിരുന്നു. അയാള്‍ചുറ്റും നോക്കി.
"ഞാനെവിടെയാണ്...?''
"ഇത് ദുരിതങ്ങളുടെ തുരുത്താണ്. കര്‍മ്മഫലങ്ങളുടെ ശിക്ഷകളനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ഇവിടെയാണ് എത്തിപ്പെടാറ്..." അരയാല്‍ പറഞ്ഞു.. വട്ടമിട്ടകലേക്ക് പറന്നുപോകുന്ന പക്ഷികള്‍ അരയാലിന്റെ വാക്കുകളെ ശരിവെച്ചു. കബന്ധങ്ങള്‍ അയാളുടെ ചുറ്റുനിരന്ന് നൃത്തംചെയ്തുതുടങ്ങി,
തലയില്ലാത്ത മനുഷ്യര്‍, തലയില്ലാത്ത കോഴികള്‍, തലയില്ലാത്ത മൃഗങ്ങള്‍..!
എല്ലാറ്റിനും  ഒരേ താളമായിരുന്നു.അരയാല്‍ പുഴയിലേക്ക് ചാഞ്ഞ കൊമ്പ് മുകളിലേക്കുയര്‍ത്തി പറഞ്ഞു,
 "കാലത്തിന്റെ ഒഴുക്കിനൊപ്പം തേടിവരുന്ന കര്‍മ്മഫലങ്ങള്‍ അനുഭവിച്ചേ മതിയാവൂ....."

ആര് ചെയ്ത കര്‍മ്മഫലങ്ങള്‍ !

പെട്ടെന്ന് അയാള്‍ക്ക് ചിറകുകള്‍ മുളച്ചു. വാര്‍ത്തമാനത്തില്‍ നിന്ന് ഭൂതകാല ത്തിലേക്ക് അയാള്‍ പറന്നു. ക്രൂരതകള്‍ക്ക് കടിഞ്ഞാണില്ലാതിരുന്ന പൂര്‍വികരുടെ ചെയ്തികളെയോര്‍ത്ത് അയാള്‍ വിതുമ്പി.
പൂര്‍വ്വപാപപഥങ്ങളില്‍നിന്ന് പിന്‍തലമുറ കളാരും മാറിനടന്നിട്ടില്ല. പാപം തുടര്‍ന്നുകൊ ണ്ടേയിരിക്കുന്നു. പശ്ചാത്താപത്തിന്റെ കണ്ണുനീരില്‍ ഹൃദയശുദ്ധിനേടിയ കാരണവരോട് കബന്ധങ്ങള്‍ പറഞ്ഞു,
"ഒരു കോഴിയുടെ ചോരയില്‍ കഴുകിക്കളയാന്‍ പ്പറ്റുന്നതല്ല കര്‍മ്മഫലങ്ങള്‍, ഒരു തുള്ളി കണ്ണുനീര്‍മതി
ശതകോടിപാപങ്ങളലിയാന്‍..ഇപ്പോള്‍നിങ്ങള്‍പ്പൊഴിച്ചക്കണ്ണുനീരില്‍
മുക്തിയുടെ ഫലമുണ്ട്. ഞങ്ങള്‍ക്കാത്തിരുന്നതും ഈ കണ്ണുനീരിനെയാണ്..മഴ
തീരും, പ്രവാഹങ്ങള്‍ അവസാനിക്കും..ഒഴുകിവന്ന വഴിയിലൂടെ നിനക്ക് തിരിച്ചുനടക്കാം......"

അയാളുടെ കണ്ണുനീര്‍ പുഴയിലേക്ക് ഒഴുകിച്ചേര്‍ന്നു. ആല്‍മരം കറുത്തപുഷ്പങ്ങള്‍വിരിഞ്ഞുനില്‍ക്കുന്ന കല്ലറകള്‍ക്കിടയിലൂടെ നടന്നുപോയി. കബന്ധങ്ങള്‍ വീണ്ടും നൃത്തംചവിട്ടി.
അടിയാളക്കുടിലുകളില്‍നിന്ന് കേട്ടിരുന്ന ചവിട്ടുകളിയുടെ താളവും  ഈണവും കബന്ധങ്ങളുടെ നൃത്തങ്ങള്‍ക്കുണ്ടായിരുന്നു.അവരുടെ ചുവടുകള്‍ തലമുറകളായി കൈമാറിപോരുന്ന നോവുകളാല്‍ ചിട്ടപ്പെടുത്തിയതായിരുന്നു.

മഴ,കാറ്റ്, പ്രവാഹം; എല്ലാം ശമിച്ചു...അറുത്ത് മാറ്റപ്പെട്ട കോഴിയുടെ തല ഉടലില്‍ ചേര്‍ന്നു. കോഴി ചിറക് കുടഞ്ഞു തലയുയര്‍ത്തി സര്‍വ്വശക്തിയുമെടുത്ത് കൂവി. കാലം രാത്രിയില്‍നിന്ന് പകലിലേക്കുള്ള
പ്രയാണത്തിലാണ്. കാരണവര്‍ കണ്ണ് തുറന്നു. കരിങ്കുട്ടിയുടെ ബലിക്കല്ലിനരികെ അയാള്‍ എണീറ്റിരുന്നു. മഴയൊഴുകിയ വഴികളില്‍ ചളിയും കല്ലുകളും കുമിഞ്ഞു കൂടി. ചെറു പാമ്പുകളെപോലെ ബാക്കി വെള്ളം അപ്പോഴും ഒഴുകിയിരുന്നു. മഴ തോര്‍ന്നതറിയാതെ മരം പെയ്തുക്കൊണ്ടിരുന്നു.കാരണവര്‍
തലയുയര്‍ത്തി നോക്കി. മഴയിലും കാറ്റിലും തകര്‍ന്ന തറവാടിന്റെ ഒഴുകിപ്പോവാതെ ബാക്കിയായ അവശിഷ്ടങ്ങളിലേക്ക് അയാള്‍ തല ഉയർത്തി നോക്കി..കാലത്തിന്റെ ഒഴുക്കിനൊപ്പം തകര്‍ന്നുവീണ കര്‍മ്മ ഫലങ്ങള്‍ ! എന്തിനാണ് ബന്ധങ്ങളുടെ സൂചിയില്‍, കാലം ഓര്‍മ്മകളുടെ നൂല് കോര്‍ത്ത്
ദുരന്ത ചിത്രങ്ങള്‍ തുന്നിയെടുക്കുന്നത് ? അറിയില്ല.  കാറ്റില്‍പെട്ട ഇലയെപ്പോലെ അയാളുടെ ഓര്‍മ്മകള്‍ ചിതറിപറന്നുകൊണ്ടിരുന്നു.  തറവാടിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഒരു പാമ്പ് തലയുയര്‍ത്തി നോക്കി.. അത് ബലിത്തറയിലേക്ക് ഇഴഞ്ഞു. കാരണവരെ തൊടാതെ, കൂട് തേടി കൂട് കിട്ടിയ
സന്തോഷത്തില്‍ പാമ്പ് ബലിക്കല്ലിനടിയിലെ മാളത്തിലേക്ക് ഇഴഞ്ഞുപ്പോയി..കാരണവര്‍ പകലിനെക്കാത്ത് കിടന്നു. ഇടവിട്ട്‌പോവുന്ന അയാളുടെ ഓര്‍മ്മച്ചിത്രങ്ങള്‍ക്ക് മീതെ കനത്തവെള്ളത്തുള്ളികളിറ്റിച്ച് മരം പെയ്തുക്കൊണ്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക