Image

മാനിഷാദകള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 12 August, 2021
മാനിഷാദകള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
'മാനിഷാദകള്‍' മാറ്റൊലിക്കൊണ്ട,
ത്രേതായുഗത്തിലെ കാറ്റേ,
ശോകമുരുവിട്ട ശ്‌ളോകത്തിര,
കാതോര്‍ക്കയാണാര്‍ഷഭൂമി.
കാവ്യമരച്ചില്ലയേറിയാദ്യം,
വാല്മീകി കോകിലം ക്രകി;
"രാമായണം....രാമായണം' രഘു-
രാമന്റെ അയനം "രാമായണം'.
വ്യത്യസ്ത ഭാഷയിലേറ്റുപാടി,
എത്ര കവിപുംഗവന്മാര്‍!
"രാമായണം....രാമായണം' രാമ-
ദേവന്റെ അയനം "രാമായണം'.
ശ്രീരാമെന്ന പുരുഷോത്തമന്‍-
പുത്രധര്‍മ്മത്തിലൊന്നാമന്‍;
വീരേതിഹാസ കഥാനായകന്‍,
ധര്‍മ്മസ്വരൂപനാം രാജന്‍;
സീത- മനസ്വിനി ധര്‍മ്മപത്‌നി-
സ്ത്രീകളിലാരാധ്യ, ദേവി;
ഭര്‍ത്തൃപാദങ്ങളെ പിന്തുടര്‍ന്ന-
പാതിവ്രത്യത്തിന്‍ മകുടം.
ത്യാഗമൊരുക്കിയ വീഥികളില്‍,
ഏതോ നിയോഗമാം യാത്ര....
താപസതുല്യരീ ദമ്പതിമാര്‍,
കാനനം കൊട്ടാരമാക്കി,
രാജസംവെന്നിക്കൊടിയുയര്‍ത്തി,
താമസ ശക്തിയകറ്റി,
കീര്‍ത്തിമാനാമരചന്റെ ചിത്രം,
ഭാരതം നെഞ്ചിലേറ്റുമ്പോള്‍,
ജാനകിയമ്പേ, ദുരന്തമൂര്‍ത്തി
ഭൂമിക്കവള്‍ ദു:ഖപുത്രി;
ഗര്‍ഭിണിയായ പ്രിയതയ്ക്ക്,
നിര്‍ഭയം ശിക്ഷാവിധിയോ?
നിത്യവിരഹത്തീത്തീച്ചൂളയെന്നോ?
സത്യധര്‍മ്മാദികളെങ്ങ്?
രാജാധികാരത്തിന്‍  ഭദ്രതയ്ക്ക്,
കാട്ടുനീതി നടപ്പാക്കി,
തെറ്റുചെയ്യാത്തവളെ ത്യജിച്ച ,
ക്രൂരതേ, നീയെത്ര കേമന്‍?
കാലാന്തരങ്ങളായീവിധത്തില്‍,
ആലംബമറ്റവരെത്രേ?
നാരിതന്‍ നേര്‍ക്ക് വിലക്കുകളാല്‍,
ചങ്ങല തീര്‍ക്കുന്നവരെ,
ആദി കവിതന്‍ കഥാകഥനം,
സീതായനം തന്നെ, യോര്‍ക്ക;
ഊര്‍മ്മിള തന്‍ നെടുവീര്‍പ്പുകളും,
ഉള്‍ത്തടം നീറ്റുന്നതല്ലേ?




Join WhatsApp News
Sudhir Panikkaveetil 2021-08-12 14:09:07
"രാജാധികാരത്തിന്‍ ഭദ്രതയ്ക്ക്, കാട്ടുനീതി നടപ്പാക്കി," നടപ്പാക്കിയവനെ പുരുഷമേധാവിത്വം ഉത്തമൻ എന്ന് വിളിക്കുന്നു.കാട്ടുനീതി എന്ന് എഴുതിയ ധൈര്യത്തിന് ഒരു കൂപ്പുകൈ. സംഘികൾ വായിക്കുന്നുണ്ട്. ഹ..ഹാ.. "തെറ്റുചെയ്യാത്തവളെ ത്യജിച്ച , ക്രൂരതേ, നീയെത്ര കേമന്‍?" കവികൾ ഇങ്ങനെ പ്രതികരിക്കണം. അഭിനന്ദനം ടീച്ചർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക