Image

എന്തൊക്കെയാകും ഇനി? (കവിത: സോയ നായർ , ഫിലാഡൽഫിയ)

Published on 12 August, 2021
 എന്തൊക്കെയാകും ഇനി? (കവിത: സോയ  നായർ , ഫിലാഡൽഫിയ)
ഒരു മരണം കൊണ്ട്‌ നീ
എത്ര പെട്ടെന്നാണു എന്നിൽ
നിന്നുമകന്നത്‌.
ആ മരണദിവസം കൂടി നമ്മൾ
മിണ്ടിക്കഴിഞ്ഞതും
തൊട്ട്‌ അടുത്തനിമിഷം
ഞാൻ കേട്ടത്‌ നീ ഇല്ല
എന്ന വാർത്ത..!
നീ ഇല്ലാതെയായതും
അന്നു വരെ അറിയാതിരുന്ന
ആരൊക്കെയോ
നിന്നെ അറിയുവാൻ തുടങ്ങി.
ആദരങ്ങൾ കൊണ്ട്‌ ഇമോജികൾ അയച്ചു
ഫോൺ വിളികൾ കൊണ്ട്‌
"സ്നേഹം" അഭിനയിച്ച്‌
വീട്ടുകാരെ ബുദ്ധിമുട്ടിച്ചു.
"നല്ലവൻ നല്ലവൻ " എന്ന്
പുകഴ്‌ത്തി പറഞ്ഞ്‌
ഓർമ്മകൾ അയവിറക്കി.
അവരിൽ,
വാക്കുകളാൽ
പിന്നിൽ നിന്നും നിന്നെ കുത്തിയവരും
നിന്നെ വെറുത്തിരുന്നവരും
നീ കാരണം ബുദ്ധിമുട്ടനുഭവിച്ചവരും
എല്ലാവരും ഉണ്ടായിരുന്നു.
ഈ മരണത്തിനും മുന്നേ നീ
ജീവനോടെ ഉണ്ടായിരുന്നു എന്ന്
മറക്കാതെ അറിയാവുന്ന
 ഈ ആളുകളെല്ലാവരും
ഇത്രയുംസ്നേഹത്തോടെ
നിന്നോട്‌ മിണ്ടിയത്‌
നീ അന്നു വരെ കണ്ടിട്ടുണ്ടോ?
കേട്ടിട്ടുണ്ടോ?
അത്‌ കാണാൻ അവസരങ്ങൾ
ഉണ്ടായിരുന്നിട്ടും
എന്തേ! നിന്റെ മരണം വരെ
അവർ കാത്തിരുന്നു?
അതാണു ജീവിതം.
ഒരു മരണം വരുമ്പോൾ
ആ ആളോട്‌
അതു വരെ ഇല്ലാതിരുന്ന സ്നേഹം
എത്ര പെട്ടെന്ന്
വാക്കുകളാൽ ഇരട്ടിയാകും, ഇരട്ടിയാക്കും.
ഓരോ മരണം വരുമ്പോഴും
കാണുമ്പോഴും, കേൾക്കുമ്പോഴും
എനിക്ക്‌ ഭീതിയാണു.
നിന്നെപ്പോലെ എന്റെ മരണശേഷവും
എന്തൊക്കെയാകും എന്നെ
പറ്റി പറയുന്നുണ്ടാകുക എന്നോർത്ത്‌?


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക