Image

​ഒരു കുഞ്ഞാറ്റക്കിളി: കഥ, (നാരായണൻ രാമൻ)

Published on 12 August, 2021
​ഒരു കുഞ്ഞാറ്റക്കിളി: കഥ, (നാരായണൻ രാമൻ)


കാൽമുട്ടിനൽപ്പം വേദനയുള്ളതുകൊണ്ട് ബസ്സിൽ നിന്ന്
ചാടിയിറങ്ങാനൊന്നും വയ്യ. സാവധാനം ഓരോ പടി ചവിട്ടിയാണ്
ഇറങ്ങിയത്. മലമ്പനിക്കാരനെന്ന പോലെ ബസ്സിൽ നിന്നിറങ്ങി
തുള്ളിത്തുള്ളി നിൽക്കുന്ന കിളിയുടെ വക ശകാരത്തിൽ പൊതിഞ്ഞ
പരിഹാസവാക്കുകൾ പിന്നാലെയെത്തി.

''ഞ്ഞ് വേം എറങ്ങ്, ഇതെന്നാ നെയ് സേവിച്ചോണ്ടിരിക്ക്വാണോ?''
എന്നോടാണോ, ആണെങ്കിൽ ഇവനോട് രണ്ടു പറഞ്ഞിട്ടു കാര്യമെന്ന്
കരുതി തിരിഞ്ഞു നോക്കിയപ്പോൾ എടുത്താൽ പൊങ്ങാത്ത
ചാക്കുകെട്ടുമായി എന്‍റെ പുറകെ ഇറങ്ങാൻ ബദ്ധപ്പെടുന്ന ഒരു
കാർന്നോരോടാണ്‌.  വാർദ്ധക്യത്തിന്റെ അവശത പേറുന്ന മുഖം കണ്ട്
ഒരു സഹതാപത്തിര ഉയർന്നു വന്നതാണ്. പക്ഷെ വൃദ്ധന്റെ മറുപടി
''അതു നിന്റപ്പനോട് ചോദീരെടാ''
കാർന്നോരുടെ തെറിക്കുത്തരം മുറിപ്പത്തൽ സ്വഭാവത്തിനെ
പ്രായത്തിനൊട്ടും തളർത്താൻ കഴിഞ്ഞിട്ടില്ല. അതങ്ങിഷ്ടപ്പെട്ടു.

വൃദ്ധനെ മനസ്സാ അഭിനന്ദിച്ച് ഫുട്ട് പാത്തിലേക്ക് കയറുമ്പോഴാണ്
മുൻവാതിലിലെ കിളിയുടെ ഉച്ചത്തിലുള്ള വിളിയും ചോദ്യവും
ശ്രദ്ധയാകർഷിച്ചത്. 
''ഈ കൊച്ച് ആരുടേയാ? ശ്ശോ,  ഇതു പണിയായല്ലോ. ഈ കൊച്ചിന്
ഒടമസ്സരൊണ്ടോാാന്നു്?''
ചുറ്റും കൂടിയ ചെറുകൂട്ടത്തിലേക്ക്  നുഴഞ്ഞു കയറിയ ഞാൻ കണ്ടു
നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന ഒരു പഞ്ചവർണ്ണക്കിളിയുടെ
കൈപിടിച്ചാണു കിളി ഓരിയിടുന്നത്. ചുവപ്പും പച്ചയും ഇടകലർന്ന
ഫ്രില്ലുള്ള ഫോക്ക് അവൾക്ക് നന്നേ ചേരുന്നുണ്ട്. പക്ഷെ കുഞ്ഞിന്റെ
ഓമനത്തിങ്കൾ മുഖം  ആശങ്കയും പരിഭ്രമവും കൊണ്ട്
വാടിയിരിക്കുന്നു.   താമരപ്പൂവിനകത്തെ കരിംകൂവളപുഷ്പമെന്ന
കവിഭാവന ശരിവയ്ക്കുന്ന പോലെ നീർമിഴിപ്പീലി 'കൾക്കിടയിൽ
നക്ഷത്ര ശോഭയുള്ള മിഴികൾ.

കുട്ടിയെ ഫുട്പാത്തിലേക്ക് കയറ്റി നിർത്തി എന്തൊക്കെയോ
പുലമ്പിയും ശപിച്ചും തിരിഞ്ഞു നോക്കിയും കിളി ബസ്സിൽ
ചാടിക്കയറി. ണിം ണീം. ബസ് ഒന്നു് വിറച്ച് മുന്നോട്ട് ഇരച്ചു
പാഞ്ഞു. ചുറ്റും കൂടിയവർ  പലതും പറഞ്ഞ് പതുക്കെ
പിരിയുകയാണു. ഒടുവിൽ ഞാനും ഒരമ്മൂമ്മയും ബാക്കിയായി.
അമ്മൂമ്മയാണെങ്കിൽ ഇപ്പോഴത്തെ തള്ളമാരുടെ
ഉത്തരവാദിത്വരാഹിത്യത്തെക്കുറിച്ച് ഉറക്കെ ക്ളാസെടുക്കുന്നു.
''എന്റെ ദൈവേ, പൊന്നുങ്കൊടം പോലുള്ള ഈ കൊച്ചിനെ ഇട്ടേച്ചു
പോയവളൊരു തള്ളയാണോ?''
ദൈവത്തിനോട് നേരിട്ടെന്ന പോലെയാണ് ആയമ്മയുടെ ചോദ്യം.
ദൈവത്തിനെ ചുരുങ്ങിയപക്ഷം ഞാനെങ്കിലും അവിടെയെങ്ങും
കണ്ടില്ല. ഒരു അതിസാധാരണ  വഴിയോരക്കാഴ്ചയെന്ന പോലെ
നിസ്സംഗതയോടെ കടന്നുപോകാനും കഴിയുന്നില്ല. വീടെത്തിയാലുടൻ
എന്റെ അങ്കതലം കളിത്തട്ടാക്കുന്ന കൊച്ചുമക്കൾ മനതാരിലൊന്നെത്തി
നോക്കുക കൂടിയായപ്പോൾ സ്വയമറിയാതെ ഞാനവളെ ചേർത്തു
പിടിച്ചു.  തൂവാല ചെടുത്ത് മിഴിനീർ തുടച്ച് ഞാൻ ചോദിച്ചു. 
''മോൾടെ പേരെന്താ?''
അവൾ സാകൂതം ഓമനത്തമാർന്ന മുഖമുയർത്തി എന്നെ നോക്കി.
മുട്ടിൽ നിന്ന് നെറ്റി മറഞ്ഞു കിടന്ന മുടി മാടിയൊതുക്കി ചേർത്ത്
പിടിച്ച് ചോദ്യമാവർത്തിച്ചപ്പോൾ ഉയർന്നു  വന്ന തേങ്ങലടക്കി
അവൾ പറഞ്ഞു. 
 ''ലൈച്ചമോൾ''
ഒന്നു നിർത്തി പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ മുഖമുയർത്തി
ലേശമൊരു കൊഞ്ചലോടെ തുടർന്നു. ''പച്ചേങ്കി, പപ്പാ വിളിച്ചണത്
കുഞ്ഞാറ്റാന്നാ'' 
ഇപ്പോൾ ഭയാശങ്കകളുടെ കാർമേഖങ്ങൾ ഓടിയൊളിച്ച മുഖത്ത്
കുസൃതി കലർന്ന ഒരാശ്വാസ ഭാവമാണ്
ലൈസമോളുടെ കൂടെയാരാ വന്നത്?
''അമ്മച്ചി''
എന്നട്ട് അമ്മച്ചിയെവിടെ മോളേ? 
''ആ, കാണാനില്ല.''
 വിതുമ്പലിനിടയിൽ ഇരു കൈകളും ഇരുവശത്തേക്കും
നിഷ്കളങ്കമായി അവൾ മലർത്തിക്കാട്ടി.
ഇട്ടിട്ടുപോകാനും കൊത്തിക്കൊണ്ടു പറക്കാനും വയ്യാത്ത
അവസ്ഥയിലായി ഞാൻ. സമീപകാലങ്ങളായി പിഞ്ചു പൈതങ്ങൾക്ക്
നേരെ പോലും നടക്കുന്ന അതിക്രമ  വാർത്തകൾ കൂടി മനസ്സിൽ
മിന്നിത്തെളിഞ്ഞതോടെ ഞാൻ കൂടുതൽ അസ്വസ്ഥനായി.
അമ്മുമ്മയാണെങ്കിൽ മൈതാന പ്രസംഗത്തിനിടെ വന്നു കിട്ടിയ
തൊടുപുഴ ബസ്സിൽ കയറി വീടു പറ്റാൻ നോക്കുന്നു. പോകുന്ന
പോക്കിൽ എനിക്കൊരുപദേശം തരാനും അവർ മറന്നില്ല. 
''കൊച്ചിനെ തന്നെ വിടരുതുട്ടോ സാറേ, വല്ലാത്ത കാലമാ''!!
''ഓ!'' ഞാനൊന്നു മൂളി. കുഞ്ഞുമോളാണെങ്കിൽ ഒരു കൈ കൊണ്ട്
എന്റെ കാലിൽ ചുറ്റിപ്പിടിച്ച് മറുകരം അലസമായി ചലിപ്പിച്ച്
റോഡിലൂടെ അനുസ്യൂതം ഒഴുകുന്ന വാഹനങ്ങളെ നോക്കി ടാറ്റ
പറയുന്നു.
റോഡിനു നടുവിൽ ഡ്യൂട്ടിയിലായിരുന്ന  ട്രാഫിക് പോലീസുകാരിയെ
സമീപിച്ചു ഞാൻ വിവരം ധരിപ്പിച്ചു. 
''ഈ കുട്ടിയെ എന്തു ചെയ്യും? ഒരു പരിഹാരം വേണമല്ലോ.''
ഇടതു സൈഡിലൂടെ വായു ഗുളിക വാങ്ങാൻ നല്ല വേഗതയിൽ
കയറി വന്ന ഒരു ഫ്രീക്കനെ തടഞ്ഞു നിർത്തി കൈകാര്യം ചെയ്തു
കൊണ്ടിരുന്ന പോലീസുകാരി എന്നെയൊന്ന് നോക്കി. തുടർന്ന്
പൈതലിനേയും.  പോലീസ് യൂണിഫോമിനു പോലും
ഊതിക്കെടുത്താൻ കഴിയാത്ത അമ്മ മനസ്സുണർന്നു കാണണം. പയ്യനെ
വെറുതെ വിട്ട്  അവർ ഫുട്ട് പാത്തിൽ വന്നു് കുട്ടിയുടെ കൈപിടിച്ച്
ചേർത്തു നിർത്തി അവളെ നോക്കി വാത്സല്യത്തോടെ ചിരിച്ചു.
''മോള് പേടിയ്ക്കണ്ടാട്ടോ, ആന്റി മമ്മീടടുത്ത് കൊണ്ടാക്കിത്തരാം''

 വാഹനങ്ങളിൽ നിന്നു് ശ്രദ്ധമാറ്റി പുതിയ വേഷത്തെ അവൾ നെറ്റി
ചുളിച്ച് സംശയത്തോടെ ഒന്നു് നോക്കി. പിന്നീട് ഒരുറപ്പിനെന്ന പോലെ
എന്നേയും. ഞാനും അതു തലയാട്ടി ശരിവച്ചപ്പോൾ
അവൾക്ക് വിശ്വാസമായതു പോലെ തോന്നി. ഭീതിയുടെ കരിനിഴൽ
പോയ്മറഞ്ഞു നക്ഷത്ര മിഴികൾ വീണ്ടും പ്രകാശിക്കുന്നു.
കവിളുകളിൽ നുണക്കുഴി വിരിയിച്ച് ഒന്നു് പുഞ്ചിരിച്ച് അവൾ
തന്റെ പുതിയ ആന്റിയെ തലയുയർത്തി ഒന്നു നോക്കി
അവരോട് ചേർന്നു നിന്നു.

പെട്ടെന്നവിടെയൊരു ബഹളം. പൂതനയോട് ജാതകവശാലും ആകൃതി
കൊണ്ടും  സാമ്യമുള്ള ഒരു സ്ത്രീരൂപം രംഗത്ത് ചാടി വീണു.
വന്നപാടെ കുട്ടിയുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് തുടയ്ക്കും
ചുമലിലും രണ്ടടി!! ഓർക്കാപ്പുറത്തുള്ള പ്രഹരത്തിന്റെ ഞെട്ടലിലും
വേദനയിലും ഭീതിപൂണ്ട്  വാവിട്ടു കരയുന്ന കുഞ്ഞ്. അട്ടഹസിക്കുന്ന
കാളി. പകച്ചു നോക്കുന്ന പോലീസാന്റി.
അടിക്കുന്നതിനിടയിൽ ആ സത്വം ചീത്ത വിളിക്കുന്നുണ്ട്.
''നിന്നോട് പറഞ്ഞിട്ടില്ലേടീ വണ്ടീന്നിറങ്ങുമ്പോ വായില് നോക്കി
നിക്കരുതെന്നു്. ഇന്നു നിന്നെ ഞാൻ.......''
 വീണ്ടും തല്ലാനോങ്ങിയ കൈ തടഞ്ഞ് പോലീസാന്റി തൽ സ്വരൂപം
പൂണ്ട് ശബ്ദമുയർത്തി അവരെ നേരിട്ടു.
''കൊച്ചിനെ മറന്നിട്ടേച്ചു പോയിട്ട്, ഇപ്പോ തല്ലുന്നോ? നീയാരാടീ ഈ
കൊച്ചിന്റെ?
തന്നേക്കാൾ ഉഗ്രതയുള്ള മൂർത്തിയാണു യൂണിഫോമിലുള്ള
കാളിയെന്നു ബോധ്യമായ ഒറിജിനൽ പൂതന പെട്ടെന്നു് ദംഷ്ട്രകളടക്കി
വേഷപ്പകർച്ച പൂണ്ട് ദാസ്യഭാവത്തിലായി.
''ഇതെന്റെ കൊച്ചാ''
 എത്ര വിനീതമായ സ്വരം!!
പോലീസാന്റിയിലെ  അന്വേഷണാത്മകത ഉണർന്നു. 
''അതുതോന്നൂലാലോ നിന്റെ അടീം ചീത്തേം കേട്ടാൽ. നിക്ക്, ഇപ്പോ
വണ്ടി വരും. സ്റ്റേഷനിൽ ചെന്നു് സാറിനെ കണ്ടിട്ട് പോയാമതി''
ആ ബ്രഹ്മാസ്ത്രത്തിനു മുന്നിൽ മോഹിനി രൂപം പൂണ്ട പൂതന
അടങ്ങി.. 

എന്റെ റോൾ ഏതാണ്ട് അവസാനിച്ചുവെന്നു തോന്നിയ ഞാൻ
 പോലീസാന്റിയോട് വിടുതൽ വാങ്ങി. അവരാവശ്യപ്പെട്ട ഫോൺ
നമ്പർ, ഔദ്യോഗിക മേൽവിലാസം എന്നിവ നൽകി ബസ്
സ്റ്റാന്റിലേക്ക് പോകാനായി തിരിഞ്ഞു.

നടക്കുന്നതിന് മുൻപ്  തങ്കക്കുടത്തിനെയൊന്നു നോക്കി. പൂങ്കവിളിൽ
മൃദുവായി തട്ടി പറഞ്ഞു.
''ടാറ്റാ''
അവൾ മെല്ലെ തലയാട്ടി. കൈതവം കാണാ കണ്ണുനീർ തടാകത്തിൽ  
ചൊടികളിൽ വിരിഞ്ഞ പാതി മന്ദഹാസം പ്രതിബിംബിക്കുന്നതു
ഞാൻ കണ്ടു. പക്ഷെ ആഹ്ളാദിപ്പിക്കുന്നതിനു പകരം അത് എന്നിൽ
ഒരു തരം അസ്വസ്ഥതയാണു് പടർത്തിയതെന്നു മാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക