Image

അബുദാബി മാര്‍ത്തോമ ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും

Published on 12 August, 2021
 അബുദാബി മാര്‍ത്തോമ ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും


അബുദാബി : അജഗണ പരിപാലന ശുശ്രൂഷയുടെ അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ അബുദാബി മാര്‍ത്തോമ ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.

ആഘോഷ പരിപാടികള്‍ ഓഗസ്റ്റ് 13 വെള്ളിയാഴ്ച വൈകിട്ട് ആറിന് ഇടവകയിലും ഓണ്‍ലൈനിലുമായി നടക്കും. മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. റാന്നി നിലക്കല്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമൊഥെയൊസ് അധ്യക്ഷത വഹിക്കും. യുഎഇ സഹിഷ്ണത കാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം.എ. യൂസഫ് അലി , ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ സണ്ണി വര്‍ക്കി, ഇടവക മുന്‍ വികാരി റവ. പി.ടി. തോമസ്, റവ. റോജി മാത്യു എന്നിവര്‍ ആശംസ സന്ദേശങ്ങള്‍ നല്‍കും.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലയോര മേഖലയായ കോന്നിയില്‍ പുതുതായി സ്ഥാപിതമായ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചു ഒരു ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍ ആരംഭിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്.

പഠിക്കാന്‍ സമര്‍ത്ഥരായ നിര്‍ധനരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഭവനനിര്‍മാണം , പ്രവാസികളായ ഇടവകാംഗങ്ങള്‍ക്ക് വിവിധ സഹായ പദ്ധതികള്‍ തുടങ്ങിയ ജീവകാരുണ്യ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. സുവിശേഷ യോഗങ്ങള്‍, ഗാനസന്ധ്യ , ഓര്‍മ്മകളുടെ പൂക്കളം, ഇടവകയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ എന്നിവയും ജൂബിലിയോടനുബന്ധിച്ചു നടക്കും. ജൂബിലി സുവനീറും പുറത്തിറക്കും.

റവ . ജിജു ജോസഫ് (വികാരി), റവ. അജിത് ഈപ്പന്‍ തോമസ് (സഹവികാരി), സജി തോമസ് ( ജനറല്‍ കണ്‍വീനര്‍), ടി.എം. മാത്യു ( സെക്രട്ടറി), നോബിള്‍ സാം സൈമണ്‍ (പബ്ലിസിറ്റി കണ്‍വീനര്‍), ബിജു മാത്യു, റിനോഷ് മാത്യു വര്‍ഗീസ് ( ട്രസ്റ്റിമാര്‍), സാമുവേല്‍ സഖറിയ, റെജി ബേബി (ആത്മായ ശുശ്രൂഷകര്‍) എന്നിവരടങ്ങുന്ന അന്പതംഗ പ്രവര്‍ത്തക സമിതിയാണ് ജൂബിലി പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

എണ്ണ ഖനനത്തിന്റെ ആദ്യ നാളുകളില്‍ അബുദാബിയില്‍ എത്തിയ പ്രവാസി വിശ്വാസ സമൂഹം 1971 ജനുവരി 12 ന് ഒരു പ്രാര്‍ഥനാ കൂട്ടമായി ഒത്തു ചേര്‍ന്ന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ അംഗീകാരം ലഭിച്ചതോടെയാണ് അബുദാബി മാര്‍ത്തോമ്മ ഇടവക രൂപീകൃതമായത്.

ആദ്യ കാലങ്ങളില്‍ കോര്‍ണിഷില്‍ ക്രൈസ്തവര്‍ക്ക് പൊതുവായി നല്‍കിയ ആരാധനാ കേന്ദ്രമായ സെന്റ് ആന്‍ഡ്രൂസ് ആംഗ്ലിക്കന്‍ ഇടവകയിലായിരുന്നു ആരാധന നടത്തിയിരുന്നത്. 1984 മുതല്‍ മുഷ്രിഫില്‍ സെന്റ് ആന്‍ഡ്രൂസ് സെന്ററില്‍ ആരാധന നടത്തിയിരുന്ന ഇടവകയ്ക്ക് 2004 മാര്‍ച്ച് 28 നാണ് മുസഫയില്‍ സ്വന്തം ദൈവാലയം നിര്‍മിക്കുവാന്‍ സ്ഥലം അനുവദിച്ചു കിട്ടിയത്. 2006 മാര്‍ച്ച് 30ന് പുതിയ ദൈവാലയം കൂദാശ ചെയ്തു. 1500 കുടുംബങ്ങള്‍ ഉള്‍പ്പെടെ 6000 അംഗങ്ങള്‍ ഉള്ള അബുദാബി ഇടവക ആഗോള മാര്‍ത്തോമ സുറിയാനി സഭയിലെ ഏറ്റവും വലിയ ഇടവകളില്‍ ഒന്നാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക