Image

അരുണകിരണംപോലെയൊരു യുവകവി (അഭിമുഖംതയ്യാറാക്കിയത് |ഡോ. അജയ് നാരായണൻ)

Published on 14 August, 2021
അരുണകിരണംപോലെയൊരു യുവകവി (അഭിമുഖംതയ്യാറാക്കിയത് |ഡോ. അജയ് നാരായണൻ)
ഒരുപിടികവിതകളുമായി വായനക്കാരുടെ മുന്നിൽ വരുന്ന അരുൺ കൊടുവള്ളി എന്നുകേൾക്കുമ്പോൾ വായനക്കാരനുതോന്നുക, ഇതാ ഒരു പ്രഭാതം പടികടന്നെത്തുന്നു എന്നാവാം.
അരുണിന്റെ കവിതകളിൽ കാണുന്ന ഒരു ദാർശനികഭാവം വായനക്ക് ഒരു പുതിയ മാനം നൽകുന്നതായും കാണാം. എന്നാലും അന്തർലീനമായിരിക്കുന്നത് നോവുകൾ തന്നെ! അരുൺ എന്ന യുവകവിയെ കൂടുതലായി അറിയേണ്ടത് ഒരനിവാര്യതയായി എനിക്കു തോന്നുന്നു.
 
അജയ് നാരായണൻ -  നേരിട്ടു ചോദ്യത്തിലേക്കു വരാം. അരുൺ നടന്നുതീർത്ത ജീവിതവഴികളെക്കുറിച്ച് വിശദീകരിക്കാമോ?
 
അരുൺ കൊടുവള്ളി - കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് ജനനം. അവിവാഹിതൻ .
അമ്മ/അച്ഛൻ (കൂലിപ്പണി). പെങ്ങൾ (വിവാഹിത) ഇത്രയും പേരടങ്ങുന്ന റേഷൻ കാർഡിലാണ് എന്റെ താമസം. വിദ്യാഭ്യാസം ഡിഗ്രി (BCom - സപ്ലിയുണ്ട്). ജോലി കൂലിപ്പണി. അൽപ്പം രാഷ്ട്രീയം. ജീവിതം സുന്ദരം എന്ന് പറയുന്നിൽ, ഏത് ദിവസമായിരിക്കും സുന്ദരമാവുന്നത് എന്നറിയാൻ ഓരോ പ്രഭാതങ്ങളെയും ജീവിതം ഏറ്റുവാങ്ങുന്നു.
 
അജയ് നാരായണൻ – അരുണിന്റെ ജീവിതാനുഭവങ്ങൾ ഊതിക്കാച്ചിയ പൊന്നുപോലെ എഴുത്തിനെ പല വികാരവിചാര തലങ്ങളിലേക്കുയർത്തിയിട്ടുണ്ടെന്നു കണ്ടിട്ടുണ്ട്. താങ്കളുടെ എഴുത്തുരീതിയെക്കുറിച്ചൊന്നു വിശദീകരിക്കാമോ?
 
അരുൺ കൊടുവള്ളി - പത്താം ക്ലാസിൽ പഠിക്കുമ്പോൾ കവിതയെ കുറിച്ചറിയാതെ യൂത്ത് ഫെസ്ററിവെലിൽ ഒരു കവിത അവതരിപ്പിച്ചാണ് തുടക്കം. ഡിഗ്രി 2nd year ൽ നിന്ന് കവിതാ രചന മത്സരത്തിൽ വെച്ചാണ് ആദ്യമായി ഒരു കവിതയെ തൊടുന്നത്. 2014 ൽ നാലുവരിയുമായി സോഷ്യൽ മീഡ്യയിൽ രംഗപ്രവേശനം ചെയ്തു, ആ തറക്കല്ലിനുമേൽ എന്റെ ഗതികേട് എന്നെക്കൊണ്ട് കവിത എന്ന വീട് വെപ്പിച്ചു. ആറു വർഷത്തെ പാരമ്പര്യമാണ് ഞാനും കവിതയും തമ്മിൽ. അന്നും ഇന്നും ബാങ്ക്ബാലൻസ് പൂജ്യം ഡിഗ്രിയിലായതുകൊണ്ട് എന്റെ കവിതാസമാഹാരം ഇന്നും ഗ്രീൻ റൂമിലാണ്. എന്റെ പോരായ്മകളാണ് എന്റെ കവിത.
പേരും നാളും ജാതിയും നോക്കി കവിത തിരഞ്ഞെടുക്കുന്ന എഡിറ്റോറിയൽ രംഗത്തുള്ളവർക്ക് മാറ്റമില്ലാത്ത കാലത്തോളം കവിത തലക്കനമുള്ള ആനുകാലികങ്ങളിലേക്ക് അയക്കില്ല. (2020/21 ൽ ആ രംഗത്തുള്ളവർക്ക് മാറ്റം വരുന്നതായി കാണുന്നു).
 
അജയ് നാരായണൻ –അനുബന്ധമായി ചോദിക്കട്ടെ, അരുൺ. പോരായ്മകൾ എന്ന് പറയുമ്പോൾ എന്താണുദ്ദേശിച്ചത്? എന്തുകൊണ്ട് അത് പോരായമായെന്ന് കരുതുന്നു? ഈ പോരായ്മകളെ ഒരു കവിയെന്ന നിലയിൽ എങ്ങനെ മറികടക്കുന്നു താങ്കൾ?
 
അരുൺ കൊടുവള്ളി - ജീവിതത്തിൽ ധാരാളം പോരായ്മകളുണ്ട്, കവിതയിലും. കവിതയിലെ പോരായ്മകൾ കണ്ടെത്തി തുറന്ന് പറയുന്നവരുണ്ടാവുമെങ്കിൽ ആ പോരായ്മകളെ ഒന്നുകൂടെ ശരിയാക്കി ആ വാക്ക് കവിതയിൽ നിന്ന് ഒഴിവാക്കിയേക്കും.
ജീവിതത്തിലെ പോരായ്മ തന്നെയാണ് എന്റെ കവിതയിലും. അതും കവിതയിലെ പേരായമയും വായനക്കാർക്ക് കണ്ടെത്താൻ കഴിയുന്ന തരത്തിലാണ്  ഞാൻ കവിത എഴുതുന്നത്.
ജീവിതത്തിലെ പോരായ്മ ഞാൻ കവിതയെഴുതി മറികടക്കുന്നു. പോരായ്മകൾ എന്നാൽ, ഞാനെന്ത് നേടി ജീവിതംകൊണ്ട്, കവിത കൊണ്ട് എന്നതാവാം ഞാനുദ്ദേശിക്കുന്നതും.
ജീവിതം കൊണ്ടു ഒന്നും നേടാൻ കഴിയാത്ത കാലത്തോളം അതെന്റെ പോരായ്മയായ് ഞാൻ കാണുന്നു.
 
അജയ് നാരായണൻ – അരുണിൽ കവിത ജനിക്കുന്നത് ഒരു അസുലഭമുഹൂർത്തത്തിൽ ഒരു നിശാഗന്ധി വിരിയുന്നത് പോലെയെന്നു തോന്നുന്നു. സൂകരപ്രസവം പോലെ കവിതകൾ ജനിക്കുന്ന ഈ കാലഘട്ടത്തിൽ അരുണിന്റെ ഓരോ കവിതയ്ക്കുമിടയിൽ ഒരു സ്വപ്നത്തിന്റെ ദൈർഘ്യം കാണുന്നു. എന്തുകൊണ്ടാണ് ഇത്രയും സമയം എടുക്കുന്നത് താങ്കൾ?
 
അരുൺ കൊടുവള്ളി – എന്നെ സംബന്ധിച്ചിടത്തോളം ഒരു കവിത ജനിക്കുന്നത് എൻറെ ഏറ്റവും മോശമായ സിറ്റുവേഷനിൽ ആയിരിക്കും. ഒരു ഉമിത്തീയിൽ നിന്ന് കരയുന്നു ചിരിക്കുന്നു അട്ടഹസിക്കുന്നു. അതായിരിക്കും കവിത.
അനന്തകോടി സൗഭാഗ്യങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി ഞാനെൻറെ കൊച്ചുകൊച്ചു സങ്കടങ്ങളും വ്യഥകളും വിട്ടുകൊടുക്കാൻ ഒരുക്കമല്ല, ഖലീൽ ജിബ്രാൻ പറഞ്ഞതാണ്.
അവിടെ ആ വാക്കുകൾ ഞാനും കടമെടുക്കുന്നു. ആ സങ്കടങ്ങളും വ്യഥകളും ഞാൻ കവിതയാക്കുന്നു. എൻറെ ജീവിതമാണ് എൻറെ കവിത.
എല്ലാ നിമിഷവും  ഓരോ മുറിവിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. ഒരു മുറിവിനെക്കുറിച്ച് കവിത എഴുതുമ്പോൾ അതിന് ധാരാളം സമയമെടുക്കുന്നു. എഴുതിത്തുടങ്ങുമ്പോൾ മറ്റു ചുറ്റുപാടുകളിലേക്ക് കടന്നുപോകുന്നു. അതിനു ദൈർഘ്യം വരുന്നു. എഴുതിക്കഴിഞ്ഞാൽ പത്തും പതിനഞ്ചും പ്രാവശ്യമൊക്കെ  വായിച്ചു നോക്കുന്നു. അതായിരിക്കും  സമയമെടുക്കുന്നത്. ആ കവിത കഴിഞ്ഞാൽ അടുത്ത നോവിനെ കാത്തിരിക്കുന്നു.
 
അജയ് നാരായണൻ - അരുണിനെ വായിക്കുന്ന ഒരുകൂട്ടം യുവകവികൾ ഉണ്ടെന്നു ഞാൻ കരുതുന്നു. അവർക്കായി ഒരാശയം പങ്കുവയ്ക്കാമോ? അതിലൂടെ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ യുവസാഹിത്യകാരന്മാർക്ക് പ്രചോദനമാകുമെന്ന് ഞാൻ കരുതുന്നു.
 
അരുൺ കൊടുവള്ളി - വായനക്കാർ അങ്ങനെ ഒരു വിഭാഗം ഉണ്ടെന്നന്ന് ശ്രദ്ധിച്ചിട്ടില്ല.
ഉണ്ടെങ്കിൽ അവരോട് പറയാൻ
നല്ല വായനകൾ സൃഷ്ടിക്കുക.
വായിച്ചാൽ വളരും എന്നല്ലേ.
നല്ല വാക്കുകൾ, പ്രയോഗം ശൈലി, മികച്ച രചനകളിലൂടെ വായനക്കാർക്ക് നൽകാം.
സ്ഥിരം കണ്ടുവരുന്ന എഴുത്തിൽ നിന്ന് അൽപം വ്യതസ്തത പുലർത്താം. കാലം മാറി കവിതയും മാറ്റപ്പണിയിലേർപ്പെടുക.
 
അജയ് നാരായണൻ -
സ്വന്തം നോവുകളെ, വ്യഥകളെ കവിതയിലൂടെ ആവിഷ്‌കരിക്കുന്ന എഴുത്തുകാരാ, നിന്റെ കവിതയ്ക്ക് നീയൊരു വ്യാഖ്യാനം ഈ നോയമ്പുകാലത്ത് കൊടുത്തിരുന്നു. ഇന്ന് ചർച്ചയ്ക്കുവയ്ക്കുന്ന ഈ എഴുത്തിലേക്കെത്തിയ വഴിയെ ഒന്നുപരിചയപ്പെടുത്തുമോ?
 
അരുൺ കൊടുവള്ളി - കോവിഡ് തരംഗം എന്നതും ഒരുതരത്തിൽ നോയമ്പു തന്നെ. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പല വേദന/വ്യഥകളിലൂടെയും കടന്നുപോവുന്ന കാലം.
ഒരു എഴുത്തുകാരന് ഇതേ സമയം എന്നും നോയമ്പാണ്. അതിനെ കുറിച്ച് എഴുതാൻ ഈ സമയം നല്ലതാണെന്ന് തിരിച്ചറിഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ എന്റെ കവിതക്ക് എന്നും റമളാൻ കാലമാണ്. കവിത എന്നത് കവിയുടെ ജീവിതമാണ് എന്ന് വായനക്കാർ മനസിലാക്കിയത് തന്നെയാണ് വായനക്കാർ അവസാനം വരെ കവിത വായിച്ചു പോയകാലവും.
തൊഴിലിനെ കുറിച്ച് പറയുന്നുണ്ട് അതിൽ ഈ നോയമ്പുകാലത്ത് കോവിഡ് കാലത്ത് ഏത് ജോലിക്കും തയ്യാറാണ് എന്റെ കവിത എന്നു പറയുന്നു. ഒരു തരത്തിൽ തൊഴിലില്ലായ്മയെ കാണിക്കുന്നു.
ഇതൊക്കെ തന്നെയാണ് ആ കവിത ജനിക്കാൻ കാരണം. ഒരു മതത്തിന്റെ  ഒരു വിശുദ്ധ നാളിന്റെ പുണ്യ നിമിഷങ്ങളിലെ അനുഭവം/ആചാരത്തെ കവിതയാക്കി ആരും മാറ്റിയിട്ടില്ലെന്ന ഉറപ്പിലാണ് ഞാനീ പരീക്ഷണം നടത്തിയത്. നോയമ്പുകാലത്തുള്ള ഒരാളുടെ ഒരു ദിനത്തിലൂടെ പ്രവർത്തികളിലൂടെ ഞാനും നടന്നുനീങ്ങി.
 
അജയ് നാരായണൻ – ഇതുവരെ ചോദിച്ചതിൽ നിന്നും കടകവിരുദ്ധമായൊരു ചോദ്യം ചോദിക്കട്ടെ, ഞാൻ. എഴുത്തിൽ അരുണിന് കടപ്പാടുള്ള വ്യക്തികളോ പ്രസ്ഥാനമോ ഉണ്ടോ? വിശദീകരിക്കാമോ?
 
അരുൺ കൊടുവള്ളി – ഒരു രാജ്യത്തിനെതിരെ ഞാൻ യുദ്ധത്തിനിറങ്ങി എന്നതാണ് എന്റെ കവിത. എന്റെ കവിതയുടെ പടത്തലവനും തേരാളിയും ഞാൻ തന്നെയായത് കൊണ്ട് എനിക്ക് മുന്നിൽ മറ്റൊരാളില്ല. കടപ്പാട് എന്ന് പറയാനും ആളുകളില്ല.
എല്ലാവരും സ്വാർത്ഥ ചിന്തകന്മാരാണ് അങ്ങനെ ഒരു കാലഘട്ടത്തിലാണ് നമ്മൾ (എഴുത്ത്). അവനവൻ ബുദ്ധനാവുന്ന കാലം. ‘എനിക്ക് ഒരു കൈ തന്ന് സഹായിക്കാൻ ഇതു വരെ ആരുംവന്നിട്ടില്ല. അവിടെ എന്റെ എഴുത്തിനെ ഒരു പരിധി വരെ വായനക്കാർ നെഞ്ചിലേറ്റി എന്നതാണ് അവരോടുള്ള എന്റെ കടപ്പാട്. പിന്നെ വരിയോരം എന്റെ എഴുത്തിന് പിന്തുണ തന്നിട്ടുണ്ട്. പ്രത്യേകിച്ച് സഫീന ചങ്ങനാശ്ശേരി, എന്റെ എഴുത്തിനെ അംഗീകരിച്ചിട്ടുമുണ്ട്.
 
അജയ് നാരായണൻ – അരുണിന്റെ എഴുത്തുകൾ നോവുകളുടെയും വ്യഥകളുടെയും നേർക്കാഴ്ചകളാണ് എന്നു പറയുകയും, കവിതകളിലൂടെ അതെല്ലാം രേഖപ്പെടുത്തുകയും ചെയ്യുന്നൊരു കവിയുമാണ്. ഇവിടെ ഒരു ക്ലിഷേയുടെ ഭീഷണിയോ പരിമിതിയോ കടന്നുവരുന്നതായി ഒരു വായനക്കാരൻ ആരോപിച്ചാൽ ആ വൃത്തത്തിനുള്ളിൽ നിന്നും കടക്കാനുള്ള ശ്രമം എന്താവാം?
 
അരുൺ കൊടുവള്ളി - ഈ ചോദ്യത്തിനുത്തരം  ഞാൻ നേരത്തെ പറഞ്ഞുപോയ ഉത്തരങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്.
ആ ആരോപണം പൊതുവേ വന്നിട്ടില്ല. അങ്ങനെ വരാതിരിക്കാൻ ശ്രമിക്കും. ഒരു ശൈലിയിൽ തന്നെ രണ്ട് രചനകൾ ഉണ്ടാവാറുണ്ട്. പിന്നെ ഒരു കവിത എഴുതി തീർന്നാൽ 10 പ്രാവശ്യം ഞാൻ വായിക്കാറുണ്ട് , അവിടെ ആദ്യ വായനക്കാരൻ ഞാൻ തന്നെയാവും.
അതിന് മറ്റൊരാളില്ലാത്തത് കൊണ്ടാവും എന്റെ ആദ്യ വായനക്കാരൻ ഞാനാവാം എന്ന് തീരുമാനിച്ചത്.
പൊതുവെ തുറന്ന് പറയുന്നവർ കുറവാണ്. പോരായ്മ/ക്ലീഷേ ഇതൊക്കെ തുറന്ന് പറയുന്നവർ കടന്നുവരട്ടെ എന്ന് ഞാൻ പറയുന്നു.
അങ്ങനെ വന്നാൽ സന്തോഷത്തോടെ ആ അഭിപ്രായം സ്വീകരിച്ച് കവിത തിരുത്തി അത് മറികടക്കാൻ ഞാൻ ശ്രമിക്കും.
 
അജയ് നാരായണൻ – അരുൺ, താങ്കളുടെ ഭാവി പദ്ധതികൾ എന്തെന്ന് വിശദീകരിക്കാമോ? എന്നാണ് ഞങ്ങൾക്ക് താങ്കളുടെ ഒരു പുസ്തകം വായിക്കുവാൻ ഇടവരിക? എന്താവാം ആ സംരംഭം വായനക്കാരോട് സംവദിക്കുക?
 
അരുൺ കൊടുവള്ളി - നല്ല വായനകൾ തേടണം. ഇനിയും കവിതകൾ എഴുതാൻ ശ്രമിക്കണം. കവിതയിലൂടെ ജീവിക്കണം.
വൈകാതെ എന്റെ പുസ്തകം പുറത്തിറങ്ങും. അങ്ങനെ ഒരു ചിന്ത ഏറ്റെടുത്തിട്ടുണ്ട്.
 
അജയ് നാരായണൻ - അരുണുമായി സംവദിക്കുക എന്നത് ഒരു ശ്രമം തന്നെയായിരുന്നു എനിക്ക്. ഒരു സാധാരണ എഴുത്തുകാരനോടല്ല സംവദിക്കുന്നത് എന്നബോധം എന്നെ കുഴപ്പിച്ചു. അതോടൊപ്പംതന്നെ ഒരു ഔൽസുക്യം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. നന്ദി അരുൺ ഈ അവസരം എനിക്ക് തന്നതിൽ.
വായനക്കാരുമായി ഇവിടെ പങ്കുവയ്ക്കുന്ന കവിത, പെരുന്നാള്. എല്ലാരും വായിക്കട്ടെ. ആശംസകൾ.
 
പെരുന്നാള്

അരുൺ കൊടുവള്ളി
 
ഒരു തരത്തിൽ പറഞ്ഞാൽ
എന്റെ കവിതക്ക്
എന്നും റമളാൻ കാലമാണ്.
 
വെളുപ്പിന് കുടിക്കുന്ന
ഒറ്റയിറക്ക് വെള്ളത്തിലാണ്
കവിതയുടെ നിലനിൽപ്പ്
 
തുപ്പലു പോലും
നുണയാതെയാണ്
കവിത തൊരത്തിന്
ഇറങ്ങുന്നത്
 
മുക്കുവൻ
കിണറുകുത്തി
കടത്തുകാരൻ
ചുമട്ടുകാരൻ
മോർച്ചറിയിലെ സെക്ക്യൂരിറ്റി
കൈനോട്ടക്കാരൻ
അങ്ങനെയങ്ങനെ
എല്ലാ ജോലികൾക്കും
സന്നദ്ധനായതാണ്
എന്റെ കവിത.
 
അഞ്ചിലേറെ തവണ
മുറിവുകളിൽ
കവിത നിസ്ക്കരിക്കുന്നു…
 
ഏകാന്തതയിലിരുന്ന്
ബാങ്ക് വിളിക്കുന്നു.
 
സുന്നത്ത് ചെയ്തില്ലെങ്കിലും
ലിംഗം കഴുകി
വൃത്തിയാക്കുന്നു.
 
മഗ് രിബ് ബാങ്ക് കേട്ടാൽ
കണ്ണീര് കുടിച്ച്
നോമ്പ് തുറക്കുന്നു.
 
എന്നോ എടുത്തു വെച്ച
ഒരു ചുംബനം കൊണ്ട്
തരി കാച്ചുന്നു
 
ഓർമ്മകളെ
അന്നമാക്കുന്നു
 
എല്ലാ രാത്രിയിലും
ആകാശത്തേക്ക് നോക്കി
മാസം തിരഞ്ഞ് l
പെരുന്നാള്
സ്വപ്നം കാണുന്നു.
 
ഉറങ്ങാൻ കിടക്കുമ്പോൾ
ഒരു പുഞ്ചിരി
അടർന്നു വീഴുന്നു
 
എന്റെ കവിതയിലേക്ക്
നബി കടന്നുവരുന്നതാണത്
 
ഉടനടി കവിത
ഉറക്കം കളഞ്ഞ്
 
പ്രണയ
വരികളിലൂടെ നടന്ന്
ഒരു പള്ളിക്കാട്ടിലെത്തും
 
ഒരു കബറിനടുത്തിരുന്ന്
ദുആ ഇരക്കും
 
ഒരു ജഢവും ചുമന്ന്
തിരിച്ചു വരും
മൗനം കൊണ്ട്
ഉച്ചത്തിൽ
ഖുറാൻ വായിക്കും
 
ഖുറാനിൽ നിറയെ
കഴുത്ത് ഞെരിച്ച്
കൊല്ലാനിട്ട പൂക്കളുടെ
കലഹമാണ്
 
പൂക്കളിൽ നിന്ന്
ചോര പൊടിയും,
കവിത എന്നോട്
കയർത്തുറങ്ങും.
 
ശരിയാണ്!
എന്റെ കവിതക്ക്
എന്നും റമളാൻ കാലമാണ്
 
നാളിതു വരെയായിട്ടും
എന്റെ കവിത
നോമ്പ് മുറിച്ചിട്ടില്ല
 
ഒരു തുറയുണ്ടെന്നു പറഞ്ഞ്
ജീവിതത്തിലേക്ക്
ആരും കവിതയെ
ക്ഷണിച്ചിട്ടുമില്ല.
അരുണകിരണംപോലെയൊരു യുവകവി (അഭിമുഖംതയ്യാറാക്കിയത് |ഡോ. അജയ് നാരായണൻ)
അരുണകിരണംപോലെയൊരു യുവകവി (അഭിമുഖംതയ്യാറാക്കിയത് |ഡോ. അജയ് നാരായണൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക