Image

പുതിയ പാഠങ്ങൾ (മീനു എലിസബത്ത്)

Published on 14 August, 2021
പുതിയ പാഠങ്ങൾ (മീനു എലിസബത്ത്)
ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള  നിന്റെ  നീണ്ട യാത്രകളിൽ സമയം കൊല്ലാൻ നീ  വിളിക്കും. എന്റെ എല്ലാ  തിരക്കുകളും മാറ്റി വെച്ച് ഞാൻ നിന്നെ കേൾക്കും.  ചിലപ്പോൾ ഓരോന്നൊക്കെ പതം പറഞ്ഞു നീ കരയും. നിന്റെ പല കൂട്ടുകാരികളും സ്വാർത്ഥമതികളും താൻപോരിമക്കാരുമാണെന്നു നീ സമര്ഥിക്കും. ആശ്വാസ വാക്കുകളാൽ നിന്നെ ഞാൻ സാന്ത്വനിപ്പിക്കും. എന്റെ കൂട്ടുകെട്ട് നീ വിലമതിക്കുന്നുവെന്നും എന്നെപ്പോലെ ആത്മാർത്ഥ സുഹൃത്തുക്കൾ നിനക്കധികമില്ലന്നും ഭംഗി വാക്കു പറയും. ഞാൻ മൂളും. നിന്റെ സ്വരത്തിൽ സന്തോഷത്തിന്റെ അലകളടിക്കുമ്പോഴേക്കും നിന്റെ വീടെത്തും..നീ ഫോൺ വെയ്ക്കും. ഞാനെന്റെ ജോലികൾ തുടരും .

എന്നാൽ ഞാൻ ഒരാവശ്യത്തിന്  വിളിക്കുമ്പോൾ നീ  എപ്പോഴും  തിരക്കിലായിരിക്കും. പിന്നെ  വിളിക്കാമെന്ന് മെസ്സേജ് അയക്കും. ആ -പിന്നെ- ചിലപ്പോൾ രണ്ടു ദിവസമോ അതിലപ്പുറമോ കഴിഞ്ഞാവും. ചിലപ്പോഴൊക്കെ നീ തിരികെ വിളിക്കാറേയില്ല ! എനിക്ക് പരിഭവമില്ലല്ലോ !

ഉണ്ടെങ്കിൽ ഞാനതൊരിക്കലും കാണിക്കാറില്ലല്ലോ! നീ തിരക്കിലായിരിക്കുമെന്നു  ഞാൻ സമാധാനിക്കും. നിനക്ക് എന്നെക്കൊണ്ടെന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ നീ ധ്രുതി വെച്ച് വിളിക്കും. ചില പാചകക്കുറിപ്പുകൾ വാങ്ങാനോ, ചില കാര്യങ്ങളിൽ അഭിപ്രായം ചോദിക്കാനോ,  നിന്റെ ചെറിയ കുട്ടിയെ സ്‌കൂളിൽ നിന്നും വിളിച്ചു കൊണ്ട് വരാനോ, ചില വാർത്തകൾ അറിയിക്കാനോ ചില പരദൂഷണങ്ങൾ പറയാനോ  ഒക്കെയാവും ആ വിളി ! 

നീ പറയുന്ന ഓരോ രഹസ്യങ്ങളും എന്റെ ഉള്ളിൽ ഭദ്രമാണെന്ന് നിനക്കറിയാം. കാരണം എനിക്കധികം കൂട്ടുകാരൊന്നുമില്ലല്ലോ! എന്റെ അഭിപ്രായങ്ങൾ നിനക്കാവശ്യമില്ലന്നും  എന്റെ ചെവിയും സേവനങ്ങളും മാത്രമേ നിനക്ക്  വേണ്ടുവെന്നു മനസിലാക്കിയതിനാൽ ഞാൻ മൂളിക്കേൾക്കും. മുന്നവസരങ്ങളിൽ എന്തെങ്കിലും നിനക്കിഷ്ടമില്ലാതെ പറഞ്ഞാൽ നീ എന്റെ തലയിൽ തീ കോരിയിടാറുള്ളതിനാൽ ഞാൻ വെറും കേൾവിക്കാരിയാകുവാൻ  ശ്രമിക്കും..എന്നെ നേരിൽ കാണുവാനോ  ഒരു സായാഹ്നം പങ്കിടാനോ, ഒരുകാപ്പി കുടിക്കാൻ പോകുകാനോ നിനക്ക് താൽപ്പര്യമില്ല.. സമയവുമില്ല. വാരാന്ത്യങ്ങളിൽ നീ വിളിക്കാറില്ല ! ഞാൻ നിന്റെ വിളികൾ പ്രതീക്ഷിക്കാറുമില്ല ..

തിങ്കളാഴ്ചകളിലെ വിളികളിൽ  നീ നടത്തിയ  വാരാന്ത്യപ്പാർട്ടികളെക്കുറിച്ചു വാ തോരാതെ വാചാലയാകും! അതിഥികളെക്കുറിച്ചും വിളമ്പിയ  വിഭവങ്ങളെക്കുറിച്ചുമെല്ലാം നീ വിവരിക്കും ! എന്റെ ചില പാചകവിധിയിൽ നീ ചമച്ച വിഭവങ്ങൾ കൊതിയൂറുന്നവയായിരുന്നെന്നും നീ നന്ദി പറയും!

ഓരോ പാർട്ടികളെക്കുറിച്ചു കേൾക്കുമ്പോഴും എന്താണ് നീ എന്നെ ഒരു പാർട്ടിക്കും 
വിളിക്കാത്തതെന്നു ഞാൻ സങ്കടത്തോടെ ഓർക്കും ! 

എന്റെ ചിന്തകൾ മനസിലാക്കിയത് പോലെ നീ ഇടയ്ക്കു ചില പ്രസ്താവനകൾ പുറപ്പെടുവിക്കും

നിന്റെ പാർട്ടികളെല്ലാം നീയുൾപ്പെടുന്ന ഒരു പ്രത്യേക മത വിഭാഗത്തിന്റെയാണെന്നും, അതിലെ ചില പ്രത്യേക  ഗ്രൂപ്പുകാരുടെയാണെന്നും   ഇടയ്ക്കിടയ്ക്ക് നീഎന്നെ ഓർമ്മിപ്പിക്കും 

 നിന്റെ പള്ളിക്കൂട്ടങ്ങളുടെയും  അയൽക്കൂട്ടങ്ങളുടെയും വാട്ട്സ് ആപ്പ് കൂട്ടങ്ങളുടെയും  ഫേസ് ബുക്ക് കൂട്ടായ്‍മയുടെയും പാർട്ടി നീ വെയ്ക്കും. അതിലൊന്നും ഞാനുണ്ടാവാറില്ല. നീ പഠിച്ച കലാലയങ്ങളിലെ പഴയ  കൂട്ടായ്മകളും  നിന്റെ ജോലിയിലെ കൂട്ടുകാരുടെ പാർട്ടികളും നീ നടത്തും. ഇതിലൊന്നിലും ഞാൻ പെടില്ലന്നറിയാമെങ്കിലും ഞാൻ സങ്കടപ്പെടും ! 

ഞാൻ നിന്റെ അതിഥികളുടെ ലിസ്റ്റിൽ എങ്ങുമുണ്ടാകാറില്ല. പക്ഷെ ഫോൺ വിളിയിൽ ഞാൻ നിന്റെ അടുത്ത കൂട്ടുകാരിയെന്നു നീ ധ്വനിപ്പിക്കും. 

ഞാൻ  വിധവ! വിമോചിത. 
വിധവകൾക്കുള്ള ചെറു  കൈപ്പുസ്തകം തയ്യാറാക്കുന്നവൾ. നിന്നെപ്പോലെയുള്ള സ്വാർത്ഥമതികൾ വിവാഹമോചിതരെയും വിധവകളെയും എങ്ങിനെ അകറ്റി നിർത്താമെന്നുള്ള   പ്രബന്ധം തയ്യാറാക്കുന്നവൾ! 

താലിച്ചരട് അറുക്കുന്നതിനു മുൻപ് വരെ  ഉൾക്കൊണ്ടിരുന്നവർ തന്നെ ഓരോരോ കാര്യങ്ങൾ പറഞ്ഞു  അകറ്റി നിർത്തുമ്പോൾ ! 

ഓരോ വിധവയും വിവാഹമോചിതയും   പുതിയ പാഠങ്ങൾ പഠിക്കുകയാണ്. ക്രുരരും സ്വാർത്ഥരുമായ ചില സ്ത്രീകളിൽ നിന്നും അവരുൾപ്പെടുന്ന മതത്തിൽ നിന്നും സമൂഹത്തിൽ നിന്നും. 
Join WhatsApp News
abdul punnayurkulam 2021-08-15 21:03:43
I like the writers sincere view to expressing human beings thinking. Carry on.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക