Image

ഒളിയമ്പ് (കവിത: ധന്യ. പി.ജെ)

Published on 16 August, 2021
ഒളിയമ്പ്  (കവിത: ധന്യ. പി.ജെ)
അറിഞ്ഞും തീരാതെ പോയ പുതുമയേറും,
മോഹഭംഗത്തിൻ ചേതോഹാരത്തെ;
നിന്നിലെ മൗനമാം വാചാലതയിൽ ചാലിച്ച്,
അനുരാഗ നിനവിലെ ബാക്കിപത്രമായി,
രാഗ സാന്ദ്രമായ് അലിഞ്ഞു ചേരാനുണർന്നപ്പോൾ;

മയങ്ങിക്കിടന്നൊരാ നെഞ്ചകത്തിലെ,
അറിയാതെയുറങ്ങിയ അർത്ഥ സങ്കൽപ്പങ്ങളെ,
ഇരുമെയ് കുലുക്കി തലോടിയുണർത്തി,

പിൻവിളിയിലെ കള്ളക്കടക്കണ്ണുമായ്,
തെല്ലിടം ചാരി ഒളിയമ്പെയ്ത്,
അരങ്ങിനു പിന്നിലെ, ആ മൂന്നാമിടത്തിലെ,
പുഞ്ചിരിയാർന്ന ലാസ്യ-സൗമ്യ ഭാവത്തിലേക്ക്,
പൈതലായ് ഞാനണഞ്ഞപ്പോൾ,

മറക്കില്ലെന്നവകാശത്തെ ചോദ്യം ചെയ്ത്,
അർഹതയെന്നധികാരത്തെ മാറ്റി നിർത്തി,
അറിഞ്ഞിട്ടും അറിയാതെ പോയ
ഞാനെന്ന സ്വത്വത്തിന്നനന്വയ ത്തെ,
അർപ്പിക്കുന്നു നിൻ പാദതാരിൽ ...

എന്നോർമ്മകളിലെ, തെളിഞ്ഞു നിൽക്കും  കെടാവിളക്കിലെ ,
കത്തിനിൽക്കും മെഴുതിരി ജ്വാലയായെന്നും
എരിഞ്ഞടങ്ങാനായിരുന്നെങ്കിൽ....
തോഴാ ,
ഈ ജൻമം എത്രയോ സഫലം .....!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക