Image

ഒഴുകിമറഞ്ഞ സ്വപ്നം ( കഥ : രമണി അമ്മാൾ)

Published on 16 August, 2021
ഒഴുകിമറഞ്ഞ സ്വപ്നം ( കഥ : രമണി അമ്മാൾ)
ഗ്രില്ലു തുറന്ന് മുകളിലേക്കുളള സ്റ്റെപ്പുകൾ കയറിത്തുടങ്ങിയപ്പോൾ 
ഒരു അരുതായ്കയുടെ ലക്ഷണം..
ഉളളിലുളളതെന്തോ ഉരുകിയൂറുന്നതുപോലെ അടിവയറ്റിൽ ഒരു പിടച്ചിൽ. 
കഴിഞ്ഞ ദിവസങ്ങളിലും
ചെറിയ നടുവുവേദനയൊക്കെ തോന്നിച്ചിരുന്നു..
ഈ അവസരത്തിൽ ഇങ്ങനെയൊക്ക സാധാരണയാണുപോലും...
ഒരു കുഞ്ഞു ജീവന്റെ തുടിപ്പ്, വയറിന്റെ വലതറ്റം 
തോന്നിച്ചു തുടങ്ങിയതേയുളളു.
പ്രതീഷ് ഓഫീസീന്നു വരാൻ ഇനിയും സമയമെടുക്കുമായിരിക്കും.
ഓഫീസിലേക്ക് നടന്നുപോകാനുളള ദൂരമേയുളളു.
അതുകൊണ്ടുതന്നെ
ബൈക്ക് മിക്കദിവസങ്ങളിലും  മൂടിപ്പൊതിഞ്ഞുതന്നെയിരിക്കും.  അടുപ്പിച്ച ദിവസങ്ങളിൽ രാത്രിമുഴുവനും നിന്നു പെയ്യാറുണ്ടായിരുന്ന മഴ രാവിലത്തെ നടപ്പിന് ഭംഗംവരുത്തിയിരുന്നു...
കൂടാതെ തന്റെ ഇപ്പോഴത്തെ ശാരീരിക അസ്വസ്ഥതകളും.. 
പ്രതീഷിന്റെ ഓഫീസിലേക്കുളള നടന്നുപോക്കും വരവും..
ഒരു ചെറിയ പരിഹാരം..
തനിക്കാണെങ്കിൽ 
വീടിന്റെ ഗേറ്റിനുമുന്നിൽത്തന്നെയാണ്  ബസ് സ്റ്റോപ്പ്... 
പത്തുമിനിറ്റ് സിറ്റി ബസ്സിലിരുന്നാൽ
മതി, ഓഫിസ് കവാടമെത്തും...
           സാരിയൊക്കെ 
മാറി ഒന്നു
ഫ്രഷായിട്ട് ചായയിടണം..
അപ്പോഴേക്കും പ്രതീഷെത്തും...
അടിപ്പാവാടപ്പുറകിൽ വട്ടമിട്ട് ചുവപ്പ്..
സാരിയിലുമുണ്ട് ചെറുതായി.
പ്രതീഷിനെ വിളിക്കുംമുൻപ് സീനത്ത്
മാഡത്തിനെ
വിളിക്കാനാണു തോന്നിയത്..
പരീക്ഷാഭവനിൽ
ജോലിയുളള ഭർത്താവ്. ജോലികഴിഞ്ഞ് ഓഫീസുവഴി വന്നു ഭാര്യയെ വിളിച്ചുകൊണ്ടു പോകുന്നതുകൊണ്ടു
നേരത്തെ വീടെത്തിക്കാണും..
 പേടിക്കുകയൊന്നും വേണ്ട...
ഹസ്ബന്റു വന്നിട്ട് ഡോക്ടറെയൊന്നു കണ്ടേക്ക്...എന്തേലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കേണ്ട...."
സഹപ്രവർത്തകയെന്നതിലുപരിയുള്ള അടുപ്പമാണവരോട്. 
മത്സ്യമില്ലാതെ ആഹാരം കഴിക്കുന്നതിനേക്കുറിച്ചു ചിന്തിക്കാനേ കഴിയാത്ത അവരുടെ ഭർത്താവും രണ്ടു മക്കളും.
പാളയം മാർക്കറ്റിലെ
തുണ്ടംമീൻ തേങ്ങയരച്ചുണ്ടാക്കുന്ന കറി ഒരു ചോറ്റുപാത്രത്തിൽ 
തനിക്കായെടുത്തു
മാറ്റിവയ്ക്കും..
മുറ്റത്തെ പിച്ചിയിലെ 
വിടരാൻ തുടങ്ങുന്ന പൂമൊട്ടുകൾ ചെറിയ ബൗളിൽ  ഇറുത്തെടുത്തു
കൊണ്ടുവരും.
അതിന്റെ മൂടിതുറക്കുമ്പോഴുളള മണം...!. ഉച്ചവരെയത് ഓഫീസ്
കാബിനിൽ നിറഞ്ഞു നില്ക്കും..

പുറത്ത് പ്രതീഷിന്റെ 
സംസാരം .
ജന്നൽകർട്ടൻ വകഞ്ഞുമാറ്റി താഴേക്കുനോക്കി..
ആരോടോ കാര്യമായെന്തോ സംസാരിച്ചു നിൽക്കുകയാണ്. .
ഡോക്ടറെ കണ്ടേക്കാം..
തയ്യാറായി നിന്നേക്കാം..
വിവരമറിഞ്ഞപ്പോൾ
ചൂടാറിയ ചായ ഒറ്റമോന്തിൽ അകത്താക്കി
പ്രതീഷ് ബൈക്കിന്റെ താക്കോലു
കയ്യിലെടുത്തു...
"സന്ധ്യക്കുമുൻപ് പോയിവരാം.."
നഗരത്തിന്റെ തിരക്കിലൂടെ
വളരെ സാവധാനത്തിൽ..

മെഡിക്കൽകോളേജിലെ 
ഐ സ്പെഷ്യലിസ്റ്റ് കണ്ണൻ 
ഡോക്ടർ പ്രതീഷിന്റെ ക്ലാസ്മേറ്റായിരുന്നു. അദ്ദേഹത്തിന്റെ.
ഭാര്യ 
സിറ്റി ഹോസ്പ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ.ഭാമിനിയെയാണ് രണ്ടുവട്ടമായി
കണ്ടുകൊണ്ടിരിക്കുന്നത്.
അവരുടെ വീട്ടിൽ കൺസൾട്ടിംഗ് ഇല്ല.
വിളിച്ചിരുന്നതിനാലാവാം 
ഡ്യൂട്ടി കഴിഞ്ഞിട്ടും അവർ
ഞങ്ങൾക്കുവേണ്ടി വെയ്റ്റു ചെയ്തത്..
ബൈക്കിലാണു വന്നതെന്നറിഞ്ഞപ്പോൾ
അവർ വഴക്കുപറഞ്ഞു...
"ഇത്രബോധമില്ലാതായോ
രണ്ടു പേർക്കും.. "
"വളരെപ്പതുക്കെ സൂക്ഷിച്ചാണു വന്നതു മാഡം.."
അടുത്ത ഷിഫ്റ്റിലെ 
ഡോക്ടറും
പരിശോധനാ മുറിയിലേക്കു കയറിവന്നു.
"മറ്റുപ്രശ്നമൊന്നുമില്ല..
ബഡ്റസ്റ്റു 
നിർബന്ധം. രണ്ടുദിവസത്തേക്ക്
അഡ്മിറ്റുചെയ്യുകയാണ്..
നോക്കട്ടെ..."
ഭാമിനി ഡോക്ടർ ഇറങ്ങി.
അബോർഷനാവാതിരിക്കാനുളള മുൻകരുതൽ..
കുത്തിവയ്പുകൾ, മരുന്നുകൾ...ഒരേകിടപ്പ് കിടക്കണം....
വളരെ ശ്രദ്ധിച്ചേ കിടക്കയിൽനിന്ന് എഴുന്നേൽക്കാവൂ...
അഡ്മിറ്റാകാൻ  കരുതിയല്ലല്ലോ വന്നത്..
"ഡ്രസും 
ഫ്ളാസ്ക്കും..മറ്റുമൊക്കെ
ഞാൻ വീട്ടിൽ പോയി 
എടുത്തുകൊണ്ടുവരട്ടെ "
പ്രതീഷ് ഇറങ്ങി..
ചെറിയ തൊണ്ടകാറലും തുമ്മലും നവംബർ ഡിസംബർ മാസം പതിവുളളതാണ്...
കാര്യമാക്കാറില്ല...പക്ഷേ..
തൊണ്ടകുത്തിയൊരു ചുമ..നില്ക്കാതെ തുടരെത്തുടരെ..
ദേഹമാകെ ഉലയ്ക്കുന്ന ചുമ..
കണ്ണു നിറയ്ക്കുന്ന ചുമ.
"എന്തുപറ്റീ.?."
സിസ്റ്റർ ഓടിവന്ന് പതുക്കെ എഴുന്നേല്പിച്ചിരുത്തി.
മനസ്സിലാവുന്നുണ്ടായിരുന്നു ഓരോ ചുമയ്ക്കുമൊപ്പം 
ഉളളിൽനിന്നു വീണ്ടും.. 
പാഡുകൾ പലവട്ടം മാറ്റേണ്ടിവരുന്നു.. 
കുരുന്നു ജീവൻ പിടഞ്ഞുരുകുകയാണോ..
ഭാമിനി ഡോക്ടറുടെ നിർദ്ദേശങ്ങൾ വന്നുകൊണ്ടിരുന്നു.. 
രാവിലെ വരെ വെയ്റ്റ് ചെയ്യാം..

മഴയോടൊപ്പമാണ് പ്രതീഷ്
വന്നത്..
ഡ്രിപ്പും സ്റ്റാന്റുമൊക്കെ
കണ്ടാവും 
പാവത്തിനു പരിഭ്രമം..
അരമണിക്കൂറുകൊണ്ട് എന്താണു സംഭവിച്ചത്..
ബൈക്കിൽ വന്നതിന് ഡോക്ടർ വഴക്കു പറഞ്ഞതോർത്തു.. ദൈവമേ...
ഔഫീസിലേക്കുപോലും
ബൈക്കങ്ങനെ സ്ഥിരമായി എടുക്കാത്ത താൻ ഈ അവസ്ഥയിൽ
ഭാര്യയേംകൊണ്ട് ബൈക്കിൽ വന്നതിന്റെ ഔചിത്യത്തെക്കുറിച്ചോർത്തായിരിക്കും...
"ഇനിയും വെയിറ്റു ചെയ്യേണ്ടതില്ല...
അബോർട്ടു ചെയ്തേക്കാം... 
രണ്ടാൾക്കും വിഷമമൊന്നും വേണ്ട.. നിങ്ങൾ ചെറുപ്പമല്ലേ. "
പ്രത്യേകിച്ചു വികാരമൊന്നും തോന്നിയില്ലെങ്കിലും 
പ്രതീഷിന്റെ ആശ്വസിപ്പിക്കലിൽ താൻ തളർന്നുപോയി..
അബോധത്തിന്റെ കാണാച്ചുരങ്ങളിലൂടെ എത്രനേരമെന്നറിയില്ല, കണ്ണുകളിൽ കുറച്ചു നിഴലുകൾ..
അമ്മ, ഇതെപ്പോൾ വന്നു..സീനത്തു മാഡവും പ്രതീഷും..
കുഞ്ഞു ജീവന്റെ തുടിപ്പൊഴിഞ്ഞു ശൂന്യമായ
അടിവയർ.. 
നിമിഷമാത്രകളും വേണ്ടിവന്നില്ലല്ലോ..
കടിഞ്ഞൂൽക്കണ്മണീ
അമ്മയുടെ ഉദരത്തിൽവച്ചേ യാത്ര പറഞ്ഞുപോകാൻ...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക