Image

ഭയം (കവിത: അശോക് കുമാർ. കെ)

Published on 17 August, 2021
ഭയം (കവിത: അശോക് കുമാർ. കെ)
പലായനത്തിന്റെ
നിറത്തിന്
എന്നുമൊരു നിറം മാത്രം.
ഭയത്തിന്റ  നിറം....

കുഞ്ഞുവാവ ഉറങ്ങിയ
തൊട്ടിലറുത്ത്
ചുമലിൽ തൂക്കി
ഒരു മാതാവ്
ഓടിയകലുമ്പോൾ,
ഭയം,
ഉള്ളിൽ തിളച്ചു പറഞ്ഞു:
എന്റെ കുഞ്ഞേ ......

സ്വരാജ്യത്തിന്റെ
കാവൽ ഭടൻ ....
വെടിയുണ്ട തടഞ്ഞ
കാലുകളുമായി
അബോധനാകുമു,മ്പവൻ
പറഞ്ഞു:
രാജ്യ ക മാതാ .
ഇന്ന്
കണ്ണുപൂട്ടാതെ മാത്രമായൊരു
വൃദ്ധൻ....
മെത്തയുടെ
കുപ്പായത്തോളിൽ
മക്കൾ,ചുമടായി കൊണ്ടുപോകുമ്പോൾ ...
ദേശമക്കളൊരുമിച്ചു
വിതുമ്പി ...
നമ്മളെങ്ങോട്ട്
കൊണ്ടുപോകാൻ .....

ഒരു കുഞ്ഞുപെങ്ങൾ,
പ്രിയ സോദരന്റെ
കണ്ണുകൾ തെരഞ്ഞു
എസ്ക്കേപ് വാനിന്റെ
തോളിൽ ,
നോക്കി നോക്കി അലഞ്ഞ് ..
ഭയം, മൊട്ടിട്ടു വിളഞ്ഞു
ഞാനെങ്ങോട്ട്
ഒറ്റയായി പോകാൻ .....

കളിയരങ്ങിന്റെ
നൃത്തച്ചുവടിൽ
ഒരു കുഞ്ഞു നൃത്തത്തിൻ
ചിലങ്കയിൽ ,
കരഘോഷം ചെയ്തവർ ചേർന്ന്
ഒരുമിച്ചോടിയോടിയലഞ്ഞ്
നമ്മളെങ്ങോട്ടു പോകാൻ .....

നാളെ ഞങ്ങളുടെ
കല്യാണമെന്ന് യുവ മിഥുനങ്ങൾ ...
ആട്ടുതൊട്ടിലിലൊരുമിച്ചു
പാട്ടുപാടുന്നതു സ്വപ്നം
വിതച്ചവർ ...
പലായനത്തിന്റെ
പെരുമ്പറയിൽ
ഇണപിരിഞ്ഞും
ഇരുവാഹനമേറിയവർ...

ഭയമെഴുതിയ
കവിതകൾ പാടി
നമ്മളെങ്ങോട്ട്
പോയൊളിക്കാൻ.......

പലായനത്തിന്റെ
പൊത്തിൽ
ഏതു സർപ്പങ്ങൾ
നമ്മെ , കാത്തിരിപ്പൂ ........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക