Image

നടപ്പാതയിലെ നാട്ടുവിശേഷങ്ങൾ - 2 (ബാബു പാറയ്ക്കൽ)

Published on 20 August, 2021
നടപ്പാതയിലെ നാട്ടുവിശേഷങ്ങൾ - 2 (ബാബു പാറയ്ക്കൽ)

"എന്താ മാഷേ, നല്ല മഴക്കാറുണ്ടായിട്ടും നടക്കാൻ ഇറങ്ങിയോ?"
"മഴക്കാറുണ്ടെങ്കിലും മഴ പെയ്യാൻ സാധ്യത കുറവാണ്."
"ചെറിയ കാറ്റുള്ളതുകൊണ്ടു പെയ്യത്തില്ലാരിക്കും. ഫോർകാസ്റ്റിൽ മഴ പറഞ്ഞിട്ടില്ല."
"എടോ, ഫോർകാസ്റ്റ് എപ്പോഴും ശരിയാകണമെന്നില്ല."
"ഇവിടെ അങ്ങനെ തെറ്റാറില്ല മാഷേ."
"ഇപ്പോൾ ഞാൻ അത് വിശ്വസിക്കുന്നില്ല. അഫ്‌ഗാനിസ്‌താനെപ്പറ്റി പ്രവചിച്ചതൊന്നും ശരിയായില്ലല്ലോ. പിന്നെയല്ലേ മഴ പെയ്യുമോ ഇല്ലയോ എന്ന കാര്യം."
"അതെന്താ, അങ്ങനെ?"
"മഴ പെയ്താലും വെള്ളം കുത്തിയൊലിച്ചു വന്നാലും കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ചൈനയെപ്പോലെ കഴിയണം."
"ചൈന ഏതു കലക്ക വെള്ളത്തിൽ മീൻ പിടിച്ച കാര്യമാണ് മാഷ് പറയുന്നത്?"
"എടോ, താലിബാൻ അഫ്‌ഗാനിസ്‌താൻ പിടിച്ചെടുത്തിട്ട് 24 മണിക്കൂർ ആയപ്പോൾ തന്നെ ചൈന അവരുമായി ചങ്ങാത്തം കൂടിക്കഴിഞ്ഞു. എന്താ കാര്യം?"
"എന്താ?"
"മുന്നോട്ടു വിശാലമായ സാധ്യതകളല്ലേ അവർക്കു തുറന്നു കിട്ടിയത്!"
"ഈ സാധ്യതകളൊക്കെ ഇന്ത്യക്കു മുൻപിൽ കഴിഞ്ഞ 20 വർഷമായി കിടക്കുകല്ലാരുന്നോ. എന്നിട്ടെന്തേ ഉപയോഗിക്കാഞ്ഞേ?"
"ഇന്ത്യ ബുദ്ധിപരമായി ഒരു ലോങ്ങ് പ്ലാനിങ് ആണ് നടത്തിയത്."
"എന്തു ബുദ്ധിപരം? മണ്ടത്തരമല്ലേ കാണിച്ചത്? കഴിഞ്ഞ 20 കൊല്ലമായി എഴുപതിനായിരം കോടി ഡോളറാണ് ഇന്ത്യ ചെലവഴിച്ചത്. പാർലമെൻറ് മന്ദിരവും ഏറ്റവും വലിയ അണക്കെട്ടും സ്‌കൂളുകളും പാലങ്ങളും ഒക്കെ പണിതു കൊടുത്തു."
"ഇയാൾ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ, അമേരിക്ക കയ്യിൽ സുരക്ഷിതമായി വച്ചിരിക്കുന്ന രാജ്യം ഇത്രയും പെട്ടെന്ന് തീവ്രവാദികളുടെ കയ്യിൽ പെടുമെന്നാരു കണ്ടു!"
"അവിടെ ഇന്ത്യക്ക് കാര്യമായ ഇൻറ്റെലിജൻസ് ഒന്നുമില്ലേ? ഇക്കാര്യമെന്തേ ഇന്ത്യ അറിയാതെ പോയത്?"
"ഇന്ത്യയിൽ തന്നെയുള്ള കാര്യങ്ങൾ അവർ മുൻകൂട്ടി അറിയുന്നില്ല. അന്നേരമാണ് അഫ്ഗാനിലെ കാര്യം. അവിടെ ഇന്ത്യ അമേരിക്കയെ ആണ് ഇന്റലിജൻസിന് ആശ്രയിച്ചിരുന്നത്. അപ്പോൾ ഊഹിക്കാവുന്നതല്ലേയുള്ളൂ. ഇപ്പോൾ ചൈന അവരുടെ രാഷ്ട്ര നിർമ്മാണം ഏറ്റെടുത്തു. ഇയാൾക്കറിയുമോ, അഫ്‌ഗാനിൽ താലിബാൻ വന്നതുകൊണ്ട് എട്ടിന്റെ പണി കിട്ടിയാതാർക്കാണെന്ന്?"
"അവർക്കു തന്നെ. അല്ലതാർക്കാ?"
"അല്ല.ഇതാണു വിശാലമായി ചിന്തിക്കണമെന്നു പറയുന്നത്."
"എന്നു പറഞ്ഞാൽ?"
"എടോ, ഈ താലിബാൻകാർ മുഴുവനും പാക്കിസ്ഥാന്റെ വളർത്തു മക്കളാണ്. ഇനി പാക്കിസ്ഥാനി മിലിട്ടറിയും താലിബാനും ഭായി ഭായി ആണ്. ചൈന അവർക്കു വേണ്ട വിഭവങ്ങൾ എല്ലാം നൽകാൻ തയാറായി നിൽക്കുന്നു. ഇപ്പോൾ അടുത്തു കിടക്കുന്ന ഇറാനും റഷ്യയും അവരെ അനുകൂലിക്കുന്നു."
"നമുക്കു പ്രശ്നമാകുമോ?"
"സംശയമെന്താ?"
"കാശ്മീർ സ്വതന്ത്രമായ ഒരു ഇസ്ലാമിക് രാഷ്ട്രമാക്കും എന്നത് അവർ പണ്ടേ പറഞ്ഞിട്ടുള്ളതാണ്."
"അപ്പോൾ നമുക്ക് പണിയാകുമല്ലോ! ഇത്രയും പിന്തുണയോടെ അവർ കാശ്മീരിൽ കയറിയാൽ നമുക്കെന്തു ചെയ്യാൻ കഴിയും മാഷേ?"
"കഴിയും. കാരണം റഷ്യയും ഇറാനും നമ്മൾക്കെതിരായി ഒരു പരസ്യ പിന്തുണ അവർക്കു നൽകുമെന്നു ഞാൻ വിചാരിക്കുന്നില്ല. കാരണം ഈ രാജ്യങ്ങളുമായി നമുക്കു നല്ല ബന്ധമേയുള്ളൂ. റഷ്യയെ കുറച്ചൊക്കെ പിണക്കിയിട്ടുണ്ടെങ്കിൽ പോലും. കാര്യമതല്ല. ചൈനയും പാകിസ്ഥാനും അവരെ പിന്തുണച്ചാലും നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ അവർക്കു കാശ്മീരിൽ ഒരു ചുക്കും ചെയ്യാനാവില്ല."
"പിന്നെ എവിടെയാണ് പ്രശ്നം?"
"പ്രശ്നം നമ്മുടെ ഉള്ളിൽ തന്നെയാണ്. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മതാധിഷ്ഠിതമായ തീവ്രവാദം വളർത്താൻ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും കൂട്ടുനിൽക്കുകയോ അവരുടെ രാജ്യദ്രോഹനടപടികൾക്കു നേരെ കണ്ണടക്കുകയോ ആണു ചെയ്യുന്നത്. ഇന്ന് കാശ്മീർ മുതൽ കന്യാകുമാരി വരെ ഈ തീവ്രവാദികളെ പിന്തുണക്കുന്നവരുണ്ട്. ഇവർക്കു വേണ്ടി മരിക്കാൻ നമ്മുടെ കൊച്ചു കേരളത്തിൽ പോലും എത്ര പേരുണ്ടെന്നറിയാമോ?"
"എങ്കിൽ പിന്നെ എന്താ സർക്കാർ നടപടിയൊന്നും എടുക്കാത്തത്?"
"അത് തന്നെയാണു പറഞ്ഞത്. ആ ഒരു വിഭാഗത്തിന്റെ വോട്ടു കിട്ടാൻ വേണ്ടി സത്യത്തെ വളച്ചൊടിച്ചുള്ള പ്രചാരണമാണ് ഭരണപക്ഷം നടത്തുന്നത്. ആരു ഭരിക്കുന്നു എന്നത് വിഷയമല്ല. പ്രതിപക്ഷവും ഭരണപക്ഷവും ഇക്കാര്യത്തിൽ ഒന്നാണ്. കേന്ദ്രം നൽകുന്ന ഇന്റലിജൻസ് ഇൻഫർമേഷൻ എടുത്തു ചവറ്റുകൊട്ടയിൽ ഇട്ടിട്ടു പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തും. വിഷയം ചർച്ചക്കിട്ടാലോ, അപ്പോൾ വരും കുറെ ആക്ടിവിസ്റ്റുകൾ. ഇതൊരുതരം ഫോബിയ ആണെന്ന് മുദ്രകുത്തും. ഇവരുടെ ആധിപത്യം കാരണം മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം തന്നെ മിണ്ടാതിരിക്കും."
"പിന്നെ നമുക്ക് എന്തു ചെയ്യാനാവും?"
"ചെയ്യാനാവും. ഇപ്പോൾ ചെയ്‌താൽ രക്ഷ പെടും. അമാന്തിച്ചാൽ നാം വലിയ വില കൊടുക്കേണ്ടി വരും.രാഷ്ട്രീയ കക്ഷി ഭേദമെന്യേ ജാതിമത ഭേദമെന്യേ പ്രധാനമന്ത്രിയുടെ കീഴിൽ ഇക്കാര്യത്തിന് വേണ്ടി അണിചേരുക. സംസ്ഥാനങ്ങൾ പൂർണ പിന്തുണ നൽകി തീവ്രവാദത്തെ പിഴുതെറിയുക. രാജ്യത്തിന് വേണ്ടി അത്രയുമെങ്കിലും ചെയ്യാൻ ധൈര്യപ്പെടുക. അതിന്റെ പേരിൽ കുറെ വോട്ടുകൾ പോയെങ്കിൽ പോകട്ടെ. സ്വാതന്ത്ര്യത്തിനു വേണ്ടി ഭഗത്‌സിംഗിനെ പോലെ ധാരാളം പേരുടെ ജീവൻ ബലിയർപ്പിച്ച നാടല്ലേ ഭാരതം!"
"നമുക്കാശിക്കാനല്ലേ പറ്റൂ മാഷേ."
"ആശിക്കാൻ പിശുക്കു വേണ്ടല്ലോ."
"മഴക്കാറു നീങ്ങിയിരിക്കുന്നു. എന്നാൽ പിന്നെ കാണാം."
"അങ്ങനെയാവട്ടെ."
____________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക